Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തങ്ങയിൽ വീണ തലശ്ശേരിക്കാരിയായ ഗർഭിണിയുടെ കണ്ണീരിന്റെ ആശ്വാസം ഇനി മലയാളിക്ക്; കേരളത്തിന് പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് കുടുങ്ങി കിടക്കുകയാണോ നിങ്ങൾ? എങ്കിൽ നാട്ടിലേക്ക് വരാൻ ലോക് ഡൗൺ വരെ കാത്തു നിൽക്കണമെന്ന് നിർബന്ധമില്ല; ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഗർഭിണികൾക്കും ചികിൽസയ്ക്കായി വരുന്നവർക്കും മരണാനന്തര ചടങ്ങുകൾക്കും ഇനി തടസ്സമില്ലാതെ എത്താം; അതിനുള്ള വഴികൾ അറിഞ്ഞു വയ്ക്കുക; ആപത്തിൽ തുണയായേക്കും

മുത്തങ്ങയിൽ വീണ തലശ്ശേരിക്കാരിയായ ഗർഭിണിയുടെ കണ്ണീരിന്റെ ആശ്വാസം ഇനി മലയാളിക്ക്; കേരളത്തിന് പുറത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് കുടുങ്ങി കിടക്കുകയാണോ നിങ്ങൾ? എങ്കിൽ നാട്ടിലേക്ക് വരാൻ ലോക് ഡൗൺ വരെ കാത്തു നിൽക്കണമെന്ന് നിർബന്ധമില്ല; ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഗർഭിണികൾക്കും ചികിൽസയ്ക്കായി വരുന്നവർക്കും മരണാനന്തര ചടങ്ങുകൾക്കും ഇനി തടസ്സമില്ലാതെ എത്താം; അതിനുള്ള വഴികൾ അറിഞ്ഞു വയ്ക്കുക; ആപത്തിൽ തുണയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ല! ഗൾഫിലെ മലയാളികളെ എല്ലാം നാട്ടിലേക്ക് എത്തിക്കാൻ എന്നും പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന മുഖ്യമന്ത്രി; രോഗികൾക്കൊപ്പം ഒരാളെ മംഗളൂരുവിലേക്ക് കർണ്ണാടക പോലും കാസർകോട്ട് നിന്ന് കടത്തി വിടും; ഒൻപതുമാസം ഗർഭിണിയായ യുവതിക്കൊപ്പം അതിർത്തി കടക്കാൻ മൂന്നു വയസ്സുള്ള കുട്ടിക്കും സഹോദരിക്കും അനുമതിയില്ല; ബംഗളൂരുവിൽ നിന്ന് നിറവയറുമായി സ്വന്തം നാട്ടിലേക്ക് വന്ന അമ്മയോട് മുത്തങ്ങയിൽ കേരളം കാട്ടിയത് ക്രൂരത തന്നെ- കഴിഞ്ഞ ദിവസം ഈ തലക്കെട്ടിൽ മറുനാടൻ നൽകിയ വാർത്ത ഫലം കണ്ടു. അതിവേഗ ഇടപെടലുമായി പിണറായി സർക്കാർ ഗർഭിണികളുടെ വേദന തിരിച്ചറിയുകയാണ്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികളെ അതിർത്തി കടത്തിവിടാൻ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങുമ്പോൾ അത് ഇതരസംസ്ഥാനത്തെ മലയാളികൾക്ക് ആശ്വാസമാണ്. ഗർഭിണികൾ, ചികിൽസയ്ക്കായി വരുന്നവർ, മരണം മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കായി എത്തുന്നവർ തുടങ്ങിയവർക്ക് സർക്കാർ നിർദേശങ്ങൾ അനുസരിച്ച് കേരളത്തിലേക്ക് എത്താം. റവന്യൂ ഉദ്യോഗസ്ഥർ അതിർത്തികളിൽ കടും പിടിത്തം തുടർന്നത് വിവാദമായിരുന്നു. ഇതാണ് മാറ്റത്തിന് കാരണം.

ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗർഭിണികളെയും ചെക്പോസ്റ്റുകളിൽ നിന്ന് കടത്തിവിടാൻ മാർഗനിർദേശങ്ങളായി. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തിൽ കടത്തിവിടും. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പലരും പ്രത്യേകിച്ചും കേരളീയർ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞദിവസം വയനാട്ടിൽ അതിർത്തിയിലെത്തിയ ഗർഭിണിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കടത്തിവിട്ടത്. എന്നാൽ ഗർഭിണിക്കൊപ്പം അവരുടെ മൂന്ന് വയസ്സുള്ള കുട്ടിയെ അതിർത്തി കടത്തി വിട്ടില്ല. ഇത് വിവാദമായിരുന്നു. ഇതാണ് നയ മാറ്റത്തിന് കാരണമായത്.

കേരളത്തിലേയ്ക്കെത്തുന്ന ഗർഭിണിക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. പ്രസവം പ്രതീക്ഷിക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാർഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം. വാഹനത്തിൽ മൂന്നുപേരിൽ കൂടുതൽ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗർഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും-ഇതാണ് പുതിയ ചട്ടം. അതായത് മുത്തങ്ങയിൽ യുവതിക്ക് നേരിട്ട ക്രൂരത ഇനി ആർക്കും നേരിടേണ്ടി വരില്ല.

ഗർഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടർക്ക് ഇ-മെയിലിലൂടെയോ വാട്സാപ്പിലൂടെയോ അപേക്ഷ നൽകണം. കേരളത്തിൽ പ്രവേശിപ്പിക്കാൻ അർഹയാണെങ്കിൽ തീയതിയും സമയവും കളക്ടർ അംഗീകരിക്കും. ഇതുകൂടി ചേർത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്പോസ്റ്റിലെ പരിശോധനയിൽ യാത്രക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യും.

ചികിത്സിക്കാൻ എത്തുന്നവർക്കും ഇനി ഇളവ് കിട്ടും. കേരളത്തിൽ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടർക്ക് അപേക്ഷ നൽകണം. കളക്ടർ നൽകുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരിൽ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മാത്രമേ രോഗിക്കൊപ്പം വാഹനത്തിൽ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തണം.

മരണത്തിനെത്തുന്നവർക്കും അതിർത്തി കടന്നെത്താം. അടുത്ത ബന്ധുക്കളുടെ മരണത്തിനോ മരണാസന്നരെ കാണാനോ എത്തുന്നവർ അവർ താമസിക്കുന്ന സംസ്ഥാനത്തുനിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പൊലീസ് നിജസ്ഥിതി പരിശോധിക്കും. യാത്രക്കാർ കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കണം.

മുത്തങ്ങയിലെ അമ്മയുടെ വേദന കേരളം ചർച്ചയാക്കിയിരുന്നു. ഇത് കേരളത്തിന് അപമാനവുമായി. വയനാട്-കർണാടക അതിർത്തിയിൽ കുടുങ്ങിയ പൂർണ ഗർഭിണിക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകുമ്പോഴും പകപോക്കൽ തുടർന്നു. മൂന്ന് വയസ്സുള്ള കുട്ടിയെ പോലും അമ്മയ്ക്കൊപ്പം അതിർത്തി കടത്തി വിട്ടില്ല. പകരം അവരെ കർണ്ണാടക അതിർത്തിയിൽ ക്വാറന്റൈനിലാക്കി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തലശ്ശേരിയിലേക്കുള്ള നിറഗർഭിണിക്ക് പോലും യാത്രാ അനുമതി നൽകിയത്. തിങ്കളാഴ്ച രാത്രിയിലാണ് മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം പൂർണ ഗർഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയ്ക്ക് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തു നിന്ന ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു. കണ്ണൂർ കളക്ടറേറ്റിൽ നിന്നും ഇവരെ ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ തുടർന്ന് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ഷിജിലയ്ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.

മറുനാടൻ അടക്കം വാർത്ത നൽകിയതോടെ കളക്ടറേറ്റിൽ നിന്നും ഷിജിലയ്ക്ക് വിളി വന്നു. അങ്ങനെ വീണ്ടും അതിർത്തിയിലെത്തി. ഒൻപത് മാസം പ്രായമുള്ള യുവതിയെ സർക്കാർ ഒരുക്കിയ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടു പോയി. എന്നാൽ മൂന്നു വയസ്സുള്ള കുട്ടിയെ പോലും അതിർത്തി കടക്കാൻ അനുവദിച്ചില്ല. കേരളത്തിന് പുറത്തുള്ള പ്രവാസികളെ നാട്ടിലേക്ക് എത്രയും വേഗം എത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് ദിവസവും കത്തെഴുതുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. എന്നാൽ കേരളത്തിലേക്ക് മലയാളികളായ രോഗികളെ പോലും കടത്തി വിടുന്നില്ല. ഇതിന് തെളിവാണ് ഗർഭിണിയുടെ ദുരവസ്ഥ. ഇവരുടെ കുട്ടിയേയും തലശ്ശേരിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കാം. കൂടെയുള്ള സഹോദരിയേയും സമാന രീതിയിൽ നിരീക്ഷണത്തിലാക്കാം. എന്നാൽ ഇതിനൊന്നും സർക്കാരോ വയനാട് ജില്ലാ ഭരണകൂടമോ തയ്യാറായില്ല.

കേരളവും കർണ്ണാടകവും കൈയൊഴിഞ്ഞതോടെ ഇന്നലെ രാത്രി പെരുവഴിയിലായ പൂർണ്ണ ഗർഭിണിയെ തിരികെ തലശേരിയിൽ എത്തിക്കുന്നതിൽ തുടക്കം മുതൽ അനിശ്ചിത്വമായിരുന്നു. ചീഫ് സെക്രട്ടറി തീരുമാനമെടുത്താലേ ഇവരെ അതിർത്തി കടത്തിവിടാനാവൂ എന്നാണ് ജില്ലാ കളക്ടർമാർ ആദ്യം മുതൽ വ്യക്തമാക്കിയത്. കണ്ണൂർ കളക്‌റ്റ്രേറ്റിൽ നിന്നും അനുമതി കത്ത് ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ ഇളവ് നൽകാനുള്ള സർക്കുലറിൽ പറയുന്ന പട്ടികയിൽ ഗർഭിണികൾ ഉൾപെട്ടിട്ടില്ലെന്നതാണ് അനുമതി നൽകുന്നതിന് തടസമായത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് എന്നും ടി വി സുഭാഷ് പറഞ്ഞിരുന്നു. ഈ വിഷയം മറുനാടൻ ചർച്ചയാക്കി. പിന്നാലെയാണ് തിരുത്തലുകൾ സർക്കാർ തലത്തിൽ വരുത്തുന്നത്. ഇതോടെ ആംബുലൻസിൽ എത്തുന്നവർക്ക് ഇനി രേഖകൾ കാട്ടി കേരളത്തിലേക്ക് കടക്കാനാകും.

കോവിഡ് വ്യാപനത്തെ തടയാൻ കടുത്ത നടപടികൾ എടുക്കുന്നവർ മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണുന്നില്ലെന്ന പരാതി സജീവമായിരുന്നു്. കൊറോണക്കാലത്ത് കൈക്കൂലിയുടെ സാധ്യതകളെല്ലാം അടച്ചു. അങ്ങനെ ആളുകളിൽ നിന്ന് മനുഷ്യത്വ രഹിതമായി കൈക്കൂലി വാങ്ങിയവർ തങ്ങളുടെ അമർഷം ഇത്തരം നടപടികളിലൂടെ തീർക്കുകയാണെന്ന വാദവും ചർച്ചയായി. മലയാളിയോട് മനുഷ്യത്വപരമായി കോവിഡ് കാലത്ത് കേരളം ഇടപെടുന്നില്ലെന്നതിന് തെളിവാണയിരുന്നു മുത്തങ്ങയിലെ സംഭവം. മുംബൈയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വന്തം നാടായ തൃശൂരിലേക്ക് ആംബുലൻസിൽ എത്തിയ യുവതിയെ ലോക്ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ രണ്ടു നാൾ കർണാടക അതിർത്തിയിൽ തടുത്തിട്ടതും വിവാദമായിരുന്നു. ആദ്യ ദിവസങ്ങളിൽ അനുമതി നൽകാതിരുന്ന ജില്ലാ ഭരണകൂടം ഒടുവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതും വാർത്തകൾ ചർച്ചയായതിന് പിന്നാലെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP