Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ല; വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം കളവാണ്; ഭാര്യയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്; വിവാഹമോചനം നിയമപ്രകാരം മാത്രമെന്ന് ഭാര്യാപിതാവിനെ അറിയച്ചതോടെ വൈരാഗ്യമായി; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമെന്നും ഉസാം; മുത്തലാഖ് കേസിൽ സംസ്ഥാനത്തെ ആദ്യഅറസ്റ്റ് വിവാദത്തിൽ; അറസ്റ്റിനെ എതിർത്ത് സിപിഎമ്മും മുസ്ലിം ലീഗും

ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ല; വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന ആരോപണം കളവാണ്; ഭാര്യയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്; വിവാഹമോചനം നിയമപ്രകാരം മാത്രമെന്ന് ഭാര്യാപിതാവിനെ അറിയച്ചതോടെ വൈരാഗ്യമായി; കള്ളക്കേസിൽ കുടുക്കാനാണ് ശ്രമെന്നും ഉസാം; മുത്തലാഖ് കേസിൽ സംസ്ഥാനത്തെ ആദ്യഅറസ്റ്റ് വിവാദത്തിൽ; അറസ്റ്റിനെ എതിർത്ത് സിപിഎമ്മും മുസ്ലിം ലീഗും

കെ വി നിരഞ്ജൻ

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ് ഉണ്ടായത് കഴിഞ്ഞ ദിവസം മുക്കത്താണ്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതു സംബന്ധിച്ച് യുവതി താമരശ്ശേരി കോടതിയിൽ നൽകിയ പരാതിയിൽ ഭർത്താവിനെ മുക്കം പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതേ സമയം അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളെ ചൊല്ലി പ്രദേശത്ത് വിവാദം പുകയുകയാണ്.

കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ചറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ കെ ഉസാം (32) പറയുന്നു. ഭാര്യയെ താൻ മൊഴി ചൊല്ലിയിട്ടില്ല. അവളെ സ്വീകരിക്കാൻ താൻ തയ്യാറാണ്. ഓഗസ്റ്റ് ഒന്നിന് വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം തീർത്തും കളവാണ്. ഭാര്യയാണ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത്. എന്നാൽ ബന്ധം വേർപെടുത്താൻ തനിക്ക് താത്പര്യമില്ലെന്ന് അവളെ അറിയിച്ചു. ജൂലൈ 29 ന് വിവാഹബന്ധം തുടരാൻ താത്പര്യമില്ലെന്നും അതുകൊണ്ട് ബന്ധം വേർപെടുത്തി തരണമെന്നും ആവശ്യപ്പെട്ട് ഭാര്യ വീണ്ടും രംഗത്തു വന്നു. എന്നാൽ വിവാഹ മോചനം നിർബന്ധമാണെങ്കിൽ നിയമപ്രകാരം വക്കീൽ മുഖാന്തിരമേ താനതിന് തയ്യാറുള്ളുവെന്നും ഭാര്യയെയും അവളുടെ പിതാവിനെ അറിയിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ തന്നെ കള്ളക്കേസിൽ കുടുക്കി സാമ്പത്തികമായി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഉസാം പറഞ്ഞു.

മുത്തലാഖ് നിയമത്തെ ദുരുപയോഗം ചെയ്താണ് അവർ കേസ് കൊടുത്തത്. അവരുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതുകൊണ്ടാണ് തനിക്ക് ജാമ്യം കിട്ടിയതെന്നും ഇയാൾ പറയുന്നു. ഉസാമിന്റെ ബന്ധുക്കളും ഇദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തുണ്ട്. യുവതിയെ ഉസാം പീഡിപ്പിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ പൂർണ്ണമായും കള്ളമാണെന്ന് ഇവരും വ്യക്തമാക്കുന്നു. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കി രംഗത്തുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിനെതിരെ രംഗത്തുള്ള സി പി എമ്മും മുസ്ലിം ലീഗും തങ്ങളുടെ ആശങ്ക ശരിവെക്കുന്ന തരത്തിലാണ് മുക്കത്തുണ്ടായ സംഭവത്തെ വിലയിരുത്തുന്നത്.

സി പി എമ്മും ഇടതുപക്ഷവും നിയമത്തിന്റെ കാര്യത്തിൽ നേരത്തെ തന്നെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഭയപ്പെട്ട അവസ്ഥയിലേക്ക് തന്നെയാണ് കാര്യങ്ങൾ പോവുന്നതെന്നാണ് മുക്കത്തുണ്ടായ സംഭവവും തെളിയിക്കുന്നതെന്ന് സി പി എം പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നു. ഇത്തരം കേസുകൾക്ക് നിലവിലുള്ള നിയമങ്ങൾ തന്നെ പര്യാപ്തമാണ്. എന്നാൽ ഒരു പ്രത്യേക സമുദായത്തെ കരിവാരിത്തേക്കാനാണ് നിയമത്തിന്റെ ദുരുപയോഗത്തിലൂടെ സാധ്യമാകുന്നതെന്നും സി പി എം നേതൃത്വം വ്യക്തമാക്കുന്നു. മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉള്ളത്. യുവാവിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇരുപാർട്ടികളും ഉയർത്തുന്നത്.

കുമാരനെല്ലൂർ തടപ്പറമ്പിലെ യുവതിയായിരുന്നു പരാതിക്കാരി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് യുവതിയുടെ വീട്ടിലെത്തിയ ഉസാം പിതാവിന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് ഒന്നിച്ച് മൂന്നു മൊഴിചൊല്ലിയെന്നാണ് ഭാര്യയുടെ പരാതി. ഇക്കാര്യം കാണിച്ച് താമരശേരി കോടതിയിലാണ് യുവതി പരാതി നൽകിയത്. കോടതി നിർദ്ദേശപ്രകാരമാണ് മുക്കം എസ് ഐ ഷാജിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് (മുത്തലാഖ് നിയമം) പ്രകാരമാണ് കേസ്. മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP