Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദർസ് വിദ്യാർത്ഥിയുടെ തൊപ്പി ഊരി വലിച്ചെറിഞ്ഞ് അദ്ധ്യാപിക; സ്‌കൂളിൽ കാര്യം തിരക്കിയപ്പോൾ തൊപ്പി അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഹെഡ്‌മാസ്റ്ററും ടീച്ചറും; മറ്റ് അദ്ധ്യാപകരും തൊപ്പി ധരിക്കുന്നതിന് ഭീഷണിപ്പെടുത്തുന്നതായി ആറാം ക്‌ളാസുകാരൻ; വൻ പ്രതിഷേധവുമായി ലീഗും ഇകെ സുന്നികളും; ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തിയും ബൈബിൾ വിതരണം ചെയ്തും മുമ്പും വിവാദങ്ങളിൽ പെട്ട പരപ്പനങ്ങാടി ബിഇഎം സ്‌കൂളിൽ കത്തിപ്പടർന്ന് തൊപ്പി വിവാദവും

ദർസ് വിദ്യാർത്ഥിയുടെ തൊപ്പി ഊരി വലിച്ചെറിഞ്ഞ് അദ്ധ്യാപിക; സ്‌കൂളിൽ കാര്യം തിരക്കിയപ്പോൾ തൊപ്പി അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഹെഡ്‌മാസ്റ്ററും ടീച്ചറും; മറ്റ് അദ്ധ്യാപകരും തൊപ്പി ധരിക്കുന്നതിന് ഭീഷണിപ്പെടുത്തുന്നതായി ആറാം ക്‌ളാസുകാരൻ; വൻ പ്രതിഷേധവുമായി ലീഗും ഇകെ സുന്നികളും; ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തിയും ബൈബിൾ വിതരണം ചെയ്തും മുമ്പും വിവാദങ്ങളിൽ പെട്ട പരപ്പനങ്ങാടി ബിഇഎം സ്‌കൂളിൽ കത്തിപ്പടർന്ന് തൊപ്പി വിവാദവും

എം പി റാഫി

മലപ്പുറം: പരപ്പനങ്ങാടി ബിഇഎം സ്‌കൂളിൽ ദർസ് വിദ്യാർത്ഥികൾക്ക് തൊപ്പി നിരോധനം. അദ്ധ്യാപിക തൊപ്പി ഊരിയെറിഞ്ഞതായി വിദ്യാർത്ഥി പരാതിപ്പെട്ടതായി ദർസ് അധികൃതർ. സംഭവം ചോദിക്കാനെത്തിയവരോടും തൊപ്പി അനുവദിക്കില്ലെന്ന ധിക്കാര സമീപനം സ്‌കൂൾ അധികൃതർ കൈക്കൊണ്ടതായി ആരോപിച്ച് പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫും, എം.എസ്.എഫും രംഗത്തെത്തി. സംഭവത്തിൽ ചൈൽഡ് ലൈൻ, ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കളും ദർസ് അധികൃതരും മറുനാടൻ മലയാളിയോടു പറഞ്ഞു.

പരപ്പനങ്ങാടിയിലെ നൂറ് വർഷത്തിലേറെ പഴക്കമുള്ള ബിഇഎം ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതരുടെ നടപടിയാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 90 ശതമാനവും മുസ്ലിം വിദ്യാർത്ഥികളാണുള്ളത്.

മുസ്ലിം സംസ്‌കാരത്തിന്റെ ഭാഗമായി പള്ളി ദർസ് വിദ്യാർത്ഥികൾ ധരിക്കുന്ന തൊപ്പിക്കാണ് സ്‌കൂളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചിറമംഗലം സൗത്ത് ദർസിൽ പഠിക്കുന്ന സ്‌കൂളിലെ ആറാം ക്ലാസിലെ വിദ്യാർത്ഥിയുടെ തലയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം സ്‌കൂളിലെ ഉറുദു ടീച്ചർ തൊപ്പി ഊരി കുട്ടിയുടെ കയ്യിലേക്കെറിഞ്ഞതെന്ന് ദർസ് കമ്മിറ്റി പറഞ്ഞു. മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ് ഇത് ചെയ്തതെന്നും തൊപ്പി ഊരിയത് മാനസികമായി പ്രയാസം സൃഷ്ടിച്ചെന്നും കുട്ടിയും അവരുടെ രക്ഷിതാക്കളും പറഞ്ഞതായും ദർസ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. വിദ്യാർത്ഥി ദർസിൽ തിരിച്ചെത്തിയ ശേഷം സംഭവം പള്ളിക്കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. മതപണ്ഡിതനാകാൻ പള്ളിയിൽ നടത്തുന്ന പഠനമാണ് ദർസ്.

തുടർന്ന് സ്‌കൂളിൽ ചെന്ന് അന്വേഷിച്ചപ്പോൾ തൊപ്പി ധരിക്കാൻ അനുവദിക്കില്ല എന്ന മറുപടിയാണ് സ്‌കൂൾ അധികൃതർ നൽകിയതെന്ന് ദർസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടീച്ചർ ധിക്കാരപരമായിട്ടാണ് തൊപ്പി ഊരിയതെന്നും സ്‌കൂളിൽ ക്ലാസ് തുടങ്ങിയത് മുതൽ കുട്ടിയെ പല അദ്ധ്യാപകരും തൊപ്പി ധരിച്ച് ക്ലാസിൽ വരരുതെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു. തൊപ്പി ധരിക്കുന്നതിന് സ്വന്തം ക്ലാസ് ടീച്ചർക്ക് പ്രശ്‌നമില്ലെങ്കിലും മറ്റു വിഷയങ്ങൾക്ക് വരുന്ന ചില അദ്ധ്യാപകർ മാത്രമാണ് തൊപ്പി ധരിച്ച് ക്ലാസിൽ വരുന്നതിനെതിരെ കുട്ടിയോടു സംസാരിച്ചിരുന്നത്. പ്രതിഷേധം അറിയിച്ച് സ്‌കൂളിൽ ചെന്നവരോട് മാനേജ്മെന്റിന്റെ തീരുമാനമാണെന്നു മാത്രമാണ് ഹെഡ്‌മാസ്റ്റർ പറയുന്നതത്രെ.

തൊപ്പി ഊരിമാറ്റിയ അദ്ധ്യാപികയോട് കാര്യം അന്വേഷിച്ചപ്പോൾ സ്‌കൂളിലെ നിയമം നടപ്പിലാക്കിയെന്നും വേറെയും രണ്ട് ദർസ് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെന്നും അവരെയും തൊപ്പി ധരിപ്പിക്കാതെ തന്നെയാണ് ക്ലാസിലിരുത്തുന്നതെന്നുമാണ് ടീച്ചർ പറയുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

നിങ്ങൾക്ക് തൊപ്പി ധരിപ്പിക്കൽ നിർബന്ധമാണെങ്കിൽ ടി സി വാങ്ങി മറ്റു സ്‌കൂളുകളിലേക്ക് പോകാമെന്നും തൊപ്പി ഊരിയയെറിഞ്ഞ ടീച്ചറും ഹെഡ് മാസ്റ്ററും ഒരേ സ്വരത്തിൽ പറയുകയാണുണ്ടായതെന്നും ഇവർ ആരോപിക്കുന്നു. തൊപ്പി ധരിച്ച് ക്ലാസിൽ ഇരുത്താൻ സാധ്യമല്ല എന്നത് രേഖാമൂലം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്നുമാണ് എച്ച് എം പറഞ്ഞതെന്നും ദർസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഈ സ്‌കൂളിൽ നേരത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തിയത് വിവാദമായിരുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് ബൈബിൾ വിതരണം ചെയ്തതും ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. തൊപ്പി വിലക്കിയ സംഭവത്തിൽ നിലവിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ്, മദ്രസാധ്യാപകരുടെ സംഘടന ജംഇയ്യത്തുൽ മുഅല്ലിമീൻ, മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് എന്നീ സംഘടനകൾ സംഭവത്തിൽ പ്രതിഷേധിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാർത്ഥിയുടെ തൊപ്പി അദ്ധ്യാപിക ബലമായി ഊരിയെറിഞ്ഞു പരസ്യമായി അപമാനിച്ച സംഭവത്തിൽ ചെയ്ത അദ്ധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്‌കൂളിൽ ദർസ് വിദ്യാർത്ഥികൾക്ക് തൊപ്പി ധരിക്കലിന് വിലക്കേർപ്പെടുത്താനുള്ള ഇത്തരം ധിക്കാരപരമായ തീരുമാനം പിൻവലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് ചെട്ടിപ്പടി മറുനാടൻ മലയാളിയോടു പ്രതികരിച്ചു. വിദ്യാർത്ഥിക്ക് മാനസിക പ്രയാസം സൃഷ്ടിച്ച അദ്ധ്യാപികക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് പരപ്പനങ്ങാടി മുനിസിപ്പൽ പ്രസിഡന്റ് ഹർഷാദ് ചെട്ടിപ്പടി പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ നിരവധി തവണ കുട്ടിയുടെ വീട്ടിലേക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും സ്‌കൂളിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. സംഭവം അന്വേഷിച്ച് ബി.ഇ.എം സ്‌കൂളിലേക്ക് വിളിച്ചപ്പോൾ ഹെഡ്‌മാസ്റ്റർ ദിവാകരൻ മറുനാടൻ മലയാളിയോടു പറഞ്ഞതിങ്ങനെ: ' യൂണിഫോം നിർബന്ധമായും ധരിക്കണമെന്നത് മാനേജ്‌മെന്റ് തീരുമാനമാണ്. തൊപ്പി യൂണിഫോമിൽപ്പെട്ടതല്ല, അതു കൊണ്ടാണ് തൊപ്പിയില്ലാതെ യൂണിഫോം മാത്രം ധരിക്കാൻ പറഞ്ഞത്. ഇത് മാനേജ്‌മെന്റിന്റെ തീരുമാനമാണ്. മറ്റു പ്രശ്‌നങ്ങളൊന്നും ഇവിടെയില്ല.- പ്രധാനാധ്യാപകൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP