Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി ​ബോളിവുഡിൽ സം​ഗീത സാമ്രാജ്യം തീർത്ത അതുല്യ ഗായകൻ; ഹിന്ദി സിനിമാ ലോകത്തിന്റെ അഹന്തയെ എസ്‌പി.ബി കീഴടക്കിയത് സ്വന്തം പ്രതിഭ കൊണ്ട്

ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി ​ബോളിവുഡിൽ സം​ഗീത സാമ്രാജ്യം തീർത്ത അതുല്യ ഗായകൻ; ഹിന്ദി സിനിമാ ലോകത്തിന്റെ അഹന്തയെ എസ്‌പി.ബി കീഴടക്കിയത് സ്വന്തം പ്രതിഭ കൊണ്ട്

മറുനാടൻ ഡെസ്‌ക്‌

കൈവെച്ച സകലമേഖലകളും പൊന്നാക്കിയ സകലകലാ വല്ലഭനാണ് എസ്‌പി ബാലസുബ്രമണ്യം. ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ചലച്ചിത്ര നിർമ്മാതാവ്,.. ആ ലിസ്റ്റ് നീളുകയാണ്. ഹിന്ദി സിനിമാ ഗാനരംഗത്ത് ദക്ഷിണേന്ത്യൻ പാരമ്പര്യവുമായി അടക്കിവാഴാൻ ഭാഗ്യം ലഭിച്ച ഒരേയൊരാളാണ് എസ്‌പി. ബാലസുബ്രഹ്മണ്യം. പ്രതിഭകളുടെ ചിറകരിയുന്ന ബോളിവുഡിൽ എസ്‌പി.ബി എന്ന ത്രൈയക്ഷരിയുടെ മാർ​ഗം മുടക്കാൻ പക്ഷേ ആർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. ആർ.ഡി. ബർമനും മുഹമ്മദ് റാഫിയും കിഷോർകുമാറും നിറഞ്ഞുനിന്ന അരങ്ങിൽ ബാലസുബ്രഹ്മണ്യം സ്വന്തം സം​ഗീത സാമ്രാജ്യം തീർത്തു.

ഒരു ദക്ഷിണേന്ത്യൻ ശബ്ദത്തിനൊപ്പം ഉത്തരേന്ത്യൻ തലമുറ വിതുമ്പിയത് ഈ ഗാനത്തിലായിരുന്നു. കമൽഹാസനെ ഹിന്ദിയിൽ താരമാക്കിയ ഏക് ദൂജെ കേലിയെ..., കമൽഹാസനെയും പാടിയ എസ്‌പിബിയെയും പിന്നെ ബോളിവുഡിന്റെ കൊട്ടകകളിൽ ചിരപ്രതിഷ്ഠയായി. പിന്നെ മാധുരി ദീക്ഷിതിനോട് സൽമാൻ ഖാന് പ്രണയം പറയാനുള്ള ശബ്ദമായി എസ്‌പി.ബി. അത് ഹം ആപ്‌കേ ഹേ കോനിൽ മാത്രമായിരുന്നില്ല, സാജനിൽ സൽമാന് പാടാൻ ഇതിനപ്പുറം വേറെ ഏതു ശബ്ദം ഇണങ്ങും?

ദിൽ ദീവാനാ എന്നു ഹിന്ദി സിനിമ എക്കാലത്തേക്കുമായി പാടിയതും ആ ശബ്ദത്തിലായിരുന്നു. ആതേ ജാതേ ഹസ്‌തേ ഗാതേ മേനേ പ്യാർ കിയാ... ആടിയും പാടിയും സ്‌നേഹിച്ചവർക്കെല്ലാം ആ സ്വരമായിരുന്നു. ഹിന്ദിയിൽ ബാലസുബ്രഹ്ണ്യമുണ്ടാക്കിയ ഗാനങ്ങൾ അനശ്വരമാണ്. ഏക് ദൂജേ കേലിയേയിലെ ഹം ബനേ തും ബനേ എന്ന ​ഗാനവും ഇപ്പോഴും സം​ഗീത പ്രേമികൾ ഓർക്കുകയും മൂളുകയും ചെയ്യുന്നതും അതിനാലാണ്.

ദക്ഷിണേന്ത്യൻ ഗായകർ എത്ര സമർത്ഥർ ആണെങ്കിലും അവർക്കുനേരെ മുഖം തിരിക്കുന്ന സമ്പ്രദായം പൊതുവെ ബോളിവുഡിൽ നിലനിൽക്കുന്നതായി ആക്ഷേപം ഉണ്ട്. അത് യേശുദാസിനുപോലും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവിടെയും എസ്‌പിബി വേറിട്ടു നിന്നു. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ ആകും അദ്ദേഹം എന്നും റിപ്പോർട്ടുകൾ പറയുന്നു.

1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിൽ ജനിച്ചു. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്.

ചെറുപ്പം മുതൽക്കു തന്നെ സംഗീതവാസന പ്രകടിപ്പിച്ചിരുന്ന എസ് പി ബി സ്‌കൂൾ സംഗീതമത്സരങ്ങളിലും പങ്കെടുത്തിരുന്നു. എഞ്ചിനീയറിങ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എൻ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പഠനത്തിനിടയിലും സംഗീതപഠനം തുടർന്ന അദ്ദേഹം ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

1966ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി പാടിയത്.

1980ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കർണാടക സംഗീതവുമായി വളരെ അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. 'ശങ്കരാഭരണവും' ചിത്രത്തിലെ 'ശങ്കരാ' എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.

ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥൻ, ഉപേന്ദ്രകുമാർ, ഇളയരാജ, കെ വി മഹാദേവൻ, തുടങ്ങിയ മുൻകാല സംഗീതസംവിധായകർ മുതൽ വിദ്യാസാഗർ, എം എം കീരവാണി, എ ആർ റഹ്മാൻ, തുടങ്ങിയ പുതുതലമുറയോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗായകനെന്നതിലുപരി അദ്ദേഹം മികച്ച നടനായും വെള്ളിത്തിരയിൽ തിളങ്ങിയിരുന്നു. എസ് പി ബി പാടി അഭിനയിച്ച 'കേളടി കൺമണി' എന്ന ചിത്രത്തിലെ 'മണ്ണിൽ ഇന്ത കാതൽ' തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിൽ ഒന്നാണ്. രജനീകാന്ത്, കമൽഹാസൻ, ജെമിനി ഗണേശൻ, അനിൽ കപൂർ, അർജുൻ സർജ, രഘുവരൻ തുടങ്ങി നിരവധി നായകന്മാർക്ക് ശബ്ദമേകിയിരുന്നു.ഭാര്യ സാവിത്രി. മകൻ എസ് പി ബി ചരൺ പ്രശസ്ത ഗായകനാണ്. പല്ലവി എന്നൊരു മകളുമുണ്ട്. എസ് പി ബിയുടെ അമ്മ ശകുന്തളാമ്മ 2019ലാണ് മരണമടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP