Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രതികൾക്കെതിര്; കേസിന് തുമ്പായത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ അണിയിച്ച ഓവർകോട്ട്; കഞ്ചാവ് നൽകി പീഡിപ്പിച്ച ശേഷം കൊല നടത്തിയത് തന്ത്രപൂർവ്വം കണ്ടൽക്കാട്ടിലെത്തിച്ചും; മരണം കഴുത്തുഞെരിച്ച് തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്; ലാത്വിയൻ യുവതിയുടെ കൊലപാതക കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക്

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രതികൾക്കെതിര്; കേസിന് തുമ്പായത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ അണിയിച്ച ഓവർകോട്ട്; കഞ്ചാവ് നൽകി പീഡിപ്പിച്ച ശേഷം കൊല നടത്തിയത് തന്ത്രപൂർവ്വം കണ്ടൽക്കാട്ടിലെത്തിച്ചും; മരണം കഴുത്തുഞെരിച്ച് തന്നെയെന്ന് ഉറപ്പിച്ച് ഫോറൻസിക് റിപ്പോർട്ട്; ലാത്വിയൻ യുവതിയുടെ കൊലപാതക കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക്

പി നാഗരാജ്

തിരുവനന്തപുരം: വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസ് വിചാരണക്കായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ജോൺ വർഗ്ഗീസ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി.പ്രതികൾക്ക് കുറ്റപത്ര പകർപ്പ് നൽകിയ കോടതി മുഴുവൻ കേസ് രേഖകളും കേസ് ലിസ്റ്റ് തയ്യാറാക്കി സെഷൻസ് കോടതിക്ക് കൈമാറി.2018 മാർച്ച് 14 ന് ആണ് ലാത്വിയൻ യുവതി ലിഗ സ്‌ക്രെമേനയെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം കാട്ടു വള്ളി കഴുത്തിൽ കുടുക്കി മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയത്.കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർടേക്കറായി ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ (24)എന്നിവരാണ് കേസിലെ പ്രതികൾ.

തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും കാണാതായ യുവതിയെ തെരയാൻ യാതൊന്നും ചെയ്യാതെ സഹോദരിയെ കളിയാക്കി മടക്കി അയക്കുകയായിരുന്നു. സ്റ്റേഷനതിർത്തിക്കുള്ളിലെ മയക്കുമരുന്ന് സംഘങ്ങളേയും കണ്ടൽക്കാടിനെയും കുറിച്ച് കൃത്യമായി അറിവുള്ള തിരുവല്ലം പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു.ഒടുവിൽ അന്വേഷണം എങ്ങുമെത്തില്ലെന്ന് ബോധ്യപ്പെട്ട യുവതിയുടെ ഭർത്താവും സഹോദരിയും ഡിജിപിക്ക് സമർപ്പിച്ച പരാതിയിലാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ചത്.മെയ് 4ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

മാർച്ച് 14 ന് കോവളത്തെ ഗ്രോ ബീച്ചിൽ കണ്ട വിദേശ വനിതയെ തന്ത്രപൂർവ്വം പ്രതികൾ ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ കണ്ടൽ കാട്ടിലെത്തിച്ചു. മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോൾ വീണ്ടും ബലപ്രയോഗം നടത്തി. യുവതി ബഹളം വയ്ക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കാട്ടുവള്ളികൾ ഉപയോഗിച്ച് മൃതദേഹം മരത്തിന്റെ വള്ളിയിൽ കെട്ടിത്തൂക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.കാട്ടുവള്ളിയിലും കൃത്യസ്ഥലത്തു നിന്നും ശേഖരിച്ച മുടിയിഴകൾ പ്രതികളുടേതാണെന്ന ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്തിയിട്ടുണ്ട്.

യുവതിയുടെ മൃതദേഹം കണ്ടൽ കാട്ടിൽ കണ്ടപ്പോൾ തന്നെ സഹോദരി ഇതുകൊലപാതകമാണെന്ന് മനസ്സിലാക്കി പൊലീസിനോട് സംശയം പ്രകടിപ്പിച്ചു.മൃതദേഹത്തിൽ കണ്ട ഓവർ കോട്ടാണ് സഹോദരിയുടെ സംശയത്തിനിടയാക്കിയത്.കാണാതാകുമ്പോൾ ഇത്തരത്തിലൊരു ഓവർകോട്ട് ലിഗ ധരിച്ചിരുന്നില്ലെന്നും കോട്ട് വാങ്ങാനുള്ള പണം കൈയിലുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.യുവതിയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറും യുവതി കോട്ട് ധരിച്ചി തന്നില്ലെന്ന് പൊലീസിന് മൊഴി നൽകി. തുടർന്ന് ഇത്തരം ഓവർകോട്ട് വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും സ്ഥിരമായി കോട്ട് ധരിക്കുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങി.ഇതിനിടെ സ്ഥലവാസികളടക്കമുള്ള നാട്ടുകാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികൾ ഉൾപ്പെടെ 375 പേരെ ചോദ്യം ചെയ്തു. ആയതിൽ നിന്നും പ്രതികൾ ഉൾപ്പെടെ ചിലരെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ഒരാളുടേതാണ് ഓവർകോട്ടെന്ന് സ്ഥിരീകരിച്ചതിലൂടെ അന്വേഷണം ഇവരിലേക്ക് എത്തി.

അതേസമയം കൃത്യ സ്ഥലത്ത് നിന്നും വള്ളിക്കുരുക്ക് പൊലീസിന് ലഭിച്ചു.കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ച് ഏറ്റു പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ യുവതിയുടെ അടിവസ്ത്രവും ചെരിപ്പും കാട്ടിൽ വലിച്ചെറിഞ്ഞത് പ്രതികളെ സ്ഥലത്തെത്തിച്ച് പൊലീസ് പ്രതികളെക്കൊണ്ട് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കി.അന്വേഷണം പൂർത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബർ 5ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 366 (തട്ടിക്കൊണ്ടു പോകൽ),342 ( അന്യായ തടങ്കലിൽ വെക്കൽ),328 ( വിഷ പദാർത്ഥമായ മയക്കുമരുന്ന് കൊടുത്ത ശേഷം ദേഹോപദ്രവം ഏൽപ്പിക്കൽ),376 ( ബലാൽസംഗം),302 ( കൊലപാതകം), 201(തെളിവ് നശിപ്പിക്കൽ),34 ( കൂട്ടായ്മ), നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 (ബി) ( മയക്കു മരുന്ന് കൈവശം വയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.

ഉമേഷിനെതിരെ പ്രകൃതി വിരുദ്ധ പീഡനം, ലഹരി മരുന്ന് വിൽപ്പന എന്നിവ ഉൾപ്പെടെ 13 കേസുകൾ നിലവിലുണ്ട്.ഉദയകുമാറിനെതിരെ ആറ് ക്രിമിനൽ കേസുകളും നിലവിലുണ്ട്. എന്നാൽ സംഭവം നടക്കുമ്പോൾ കണ്ടൽ കാട്ടിലേക്ക് മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചവരും യുവതി കൊല്ലപ്പെട്ട ശേഷം തെളിവ് നശിപ്പിക്കാൻ സഹായിക്കുകയും ചെയ്ത രണ്ട് പേർക്കായി അന്വേഷണം നടത്തുമെന്നും അവരെക്കൂടി പ്രതിചേർക്കുമെന്നും മെയ് 4ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ അന്വേഷണ സംഘം അവരെ ഒഴിവാക്കിയാണ് 2 പേരെ മാത്രം പ്രതിസ്ഥാനത്ത് ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP