Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രവാസ ജീവിതത്തിനു താൽക്കാലിക വിരാമമിട്ടു ഫൈസൽ നാട്ടിലെത്തി; വിധി കാത്തുവച്ചത് ഭാര്യയുടെ കൈകൊണ്ടുള്ള മരണം: പൊന്നാനിയിലെ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രവാസ ജീവിതത്തിനു താൽക്കാലിക വിരാമമിട്ടു ഫൈസൽ നാട്ടിലെത്തി; വിധി കാത്തുവച്ചത് ഭാര്യയുടെ കൈകൊണ്ടുള്ള മരണം: പൊന്നാനിയിലെ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

എം പി റാഫി

മലപ്പുറം: ഭാര്യയെ ചികിത്സിച്ച് ഭേദമാക്കാൻ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഗൾഫിൽ നിന്നു ലീവെടുത്ത് നാട്ടിലെത്തിയ ഫൈസലിന് ഭാര്യയുടെ കൈകൊണ്ട് വെട്ടേറ്റ് അന്ത്യശ്വാസം വലിക്കാനായിരുന്നു വിധി. ഉറങ്ങിക്കിടന്ന ഫൈസലിനെ മരിക്കുവോളം വെട്ടിയശേഷം എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി സലീന കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

പത്ത് വർഷം മുമ്പായിരുന്നു പൊന്നാനി മാറഞ്ചേരി അവിണിത്തറ പെരുമ്പുള്ളി ഫൈസൽ എടപ്പാൾ സ്വദേശിനിയായ സലീനയെ വിവാഹം കഴിക്കുന്നത്. സ്‌നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒരു കുഞ്ഞെന്ന സ്വപ്‌നം വർഷങ്ങളായി ഉണ്ടായിരുന്നു. ഏറെ നാളത്തെ പ്രാർത്ഥനയുടെ ഫലമെന്നോണം എട്ട് മാസം മുമ്പ് ഫഹീം എന്ന ആൺകുഞ്ഞിനു സലീന ജന്മം നൽകി.

ഇതിനിടെ ഫൈസൽ പ്രവാസ ജീവിതവും ആരംഭിച്ചു. ഭാര്യയുമായോ വീട്ടിലോ ഒരു പ്രശ്‌നവും ഫൈസലിന് ഉണ്ടായിരുന്നില്ല. നാട്ടുകാർക്കെല്ലാം ഫൈസലിനെ കുറിച്ച് നല്ലതു മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ.

എന്നാൽ പ്രവാസ ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു വീട്ടിൽ നിന്നും വിളി വരുന്നത്. മാനസികാസ്വസ്ഥ്യമുള്ള സലീനയുടെ അസുഖം മൂർഛിച്ച വിവരമായിരുന്നു അത്. ഭർത്താവിന്റെ സാന്നിദ്ധ്യമുണ്ടായാൽ സലീനയുടെ അസുഖം ഭേദമാകുമെന്ന് ഡോക്ടറുടെ നിർദ്ദേശം വീട്ടുകാർ ഫൈസലിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഫൈസൽ നാട്ടിലേക്ക് തിരിച്ചു.

ബലിപ്പെരുന്നാൾ പ്രമാണിച്ച് കുറച്ച് ദിവസം അവധിയുണ്ടായിരുന്ന ഫൈസൽ ജോലി സ്ഥലത്ത് നിന്നും ഏതാനും ദിവസങ്ങൾ കൂടി അധികം ചോദിച്ച് നാട്ടിലേക്ക് പുറപ്പെട്ടു. ഈ മാസം ഇരുപതിന് ജോലി സ്ഥലത്തേക്ക് തിരിച്ച് പോകണമെന്ന് കരുതി റിട്ടേൺ ടിക്കറ്റ് എടുക്കാനുള്ള നടപടിയും തുടങ്ങിയിരുന്നു. എന്നാൽ ഫൈസലിന്റെ കാര്യത്തിൽ വിധി മറിച്ചായിരുന്നു.

മൂന്ന് മാസം മുമ്പ് കട്ടിലിൽ നിന്നും വീണ് ഫഹീമിന് നിസാര പരിക്ക് പറ്റിയിരുന്നു. ഇതിനു ശേഷമായിരുന്നു സലീനയിൽ മാനസിക പ്രശ്‌നം പ്രകടമായി കണ്ടിരുന്നത്. മരിക്കണമെന്ന തോന്നൽ ഇടക്കിടെ സലീന പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിനു മൊഴിനൽകി. മാനസികാസ്വസ്ഥ്യവുമായി ബന്ധപ്പെട്ട് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു സലീന. ഇവിടെ നിന്നും മരുന്നു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു സലീന.

ഇടക്കാലത്ത് അസുഖം മൂർഛിച്ചു. ഇതോടെ ഭർത്താവ് ഫൈസലിനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് വരുത്തുകയായിരുന്നു. എന്നാൽ മരിക്കണമെന്നുള്ള ചിന്ത എപ്പോഴും ഉണ്ടാകുന്നതായി സലീന പറഞ്ഞിരുന്നു. എന്നാൽ ക്രൂര ക്രൃത്യം സലീന ചെയ്യുമെന്ന് വിട്ടിലുള്ളവരോ അടുപ്പക്കാരോ കരുതിയിരുന്നില്ല.

ഇന്ന് പുലർച്ചെ അഞ്ചരക്ക് ഫൈസലിന്റെ പിതാവ് സുബ്ഹി നമസ്‌കാരത്തിനായി അടുത്തുള്ള പള്ളിയിലേക്കു പോയിരുന്നു. ഈ സമയം രക്തത്തിൽ കുളിച്ച സലീന അട്ടഹസിച്ച് കൈകുഞ്ഞുമായി മുറിയുടെ പുറത്തേക്ക് ഓടി വരുന്നതായാണ് മാതാവ് കണ്ടത്. എന്നാൽ മാതാവിന് പിടികൊടുക്കാതെ ഇവർ നേരെ വീട്ടുവളപ്പിലെ കിണറ്റിലേക്ക് കുഞ്ഞുമായി എടുത്തു ചാടുകയായിരുന്നു. വീട്ടുകാരും നിസ്‌കാരം കഴിഞ്ഞ് പോകുന്നവരെല്ലാം ചേർ്ന്ന് സലീനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.

തുടർന്ന് പൊന്നാനിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ഫൈസലും ഇവരോടൊപ്പം കിണറ്റിൽ ചാടിയെന്നാണ് കരുതിയിരുന്നത്. എന്നാൽ വീട്ടിൽ നടത്തിയ തെരച്ചിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രക്തത്തിൽ കളിച്ചായിരുന്നു ഫൈസലിനെ കണ്ടത്. ഉറങ്ങിക്കിടക്കുന്ന ഫൈസലിനെ നേരത്തെ കരുതിവച്ച വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളും ആറു മക്കളും അടങ്ങുന്നതാണ് സലീനയുടെ കുടംബം. രണ്ട് ആണും നാല് പെൺമക്കളുമായിരുന്നു. ഇതിൽ മൂത്ത സഹോദരി രണ്ട് വർഷം മുമ്പ്് തൂങ്ങി മരിച്ചിരുന്നു. ഇവരെയും ഇടക്കിടക്ക് മരിക്കണമെന്നുള്ള ചിന്തഅലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്നും സലീനയുടെ ആത്മഹത്യാ പ്രവണതയ്ക്കിടയാക്കിയ മാനസികാസ്വാസ്ഥ്യമായിരുന്നു മരണകാരണമെന്ന് തിരൂർ ഡി.വൈ.എസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. ഡി.വൈ.സെ്.പി ടി വേണുഗോപാൽ, പൊന്നാനി സി.ഐ രാധാകൃഷ്ണ പിള്ളൈ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് ദിവസം മുമ്പ് സമീപ പ്രദേശമായ വളാഞ്ചേരിയിലും ഭാര്യയുടെ ആസൂത്രണത്തിൽ ഭർത്താവിനെ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് പ്രദേശ വാസികൾ മറ്റൊരു ധാരുണ സംഭവത്തിനു കൂടി സാക്ഷിയായിരിക്കുന്നത്. സംഭവം പ്രദേശത്തെ ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP