Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ഇതിനെയാണ് കളക്ടർ ബ്രോ 'പ്രോജക്ട് ഷെറിൻ' എന്ന് പറഞ്ഞത്; തനിക്കുള്ള പരിമിതികളെ അംഗീകരിച്ചും ലക്ഷ്യങ്ങളിൽ നിന്ന് പതറാതെയും വിടാതെ പരിശ്രമിച്ചതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്; വീൽച്ചെയറിൽ ഇരുന്ന് പൊരുതി സിവിൽ സർവീസ് നേടിയ ഷെറിൻ ഷഹാനയുടെ പോസിറ്റീവ് കഥ പറഞ്ഞ് മുരളി തുമ്മാരുകുടി

ഇതിനെയാണ് കളക്ടർ ബ്രോ 'പ്രോജക്ട് ഷെറിൻ' എന്ന് പറഞ്ഞത്; തനിക്കുള്ള പരിമിതികളെ അംഗീകരിച്ചും ലക്ഷ്യങ്ങളിൽ നിന്ന് പതറാതെയും  വിടാതെ പരിശ്രമിച്ചതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്; വീൽച്ചെയറിൽ ഇരുന്ന് പൊരുതി സിവിൽ സർവീസ് നേടിയ ഷെറിൻ ഷഹാനയുടെ പോസിറ്റീവ് കഥ പറഞ്ഞ് മുരളി തുമ്മാരുകുടി

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ഷെറിൻ ഷഹാനയുടെ ജീവിതത്തിൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മഴ പെയ്ത് നനഞ്ഞ ടെറസിൽ നിന്ന് ഈർപ്പം മാറാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പോയതായിരുന്നു. അപകടം വരാൻ അധികം നേരം വേണ്ടല്ലോ. കാൽവഴുതി സൺഷെയ്ഡിൽ ഇടിച്ച് താഴേക്ക് വീണപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി. കാരണം നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും, രണ്ടുവാരിയെല്ലുകൾ പൊട്ടുകയും ചെയ്തതോടെ, ഡോക്ടർമാർ പോലും ശുഭപ്രതീക്ഷ വച്ചില്ല. എന്നാൽ, അവിടെ നിന്നാണ് വീൽച്ചെയറിൽ ഇരുന്ന് നെറ്റും, ഇപ്പോൾ സിവിൽ സർവീസും ഷെറിൻ ഷഹാന എഴുതിയെടുത്തത്. ആർക്കും പ്രചോദനമാകുന്ന, ജീവിതത്തോട് പോസിറ്റീവായി പ്രതികരിക്കാൻ തോന്നുന്ന, തൊട്ടാവാടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഷെറിന്റെ(25) ജീവിത കഥ.

ആറുവർഷം മുമ്പായിരുന്നു ഷെറിനെ വീൽച്ചെയറിലാക്കിയ അപകടം. ഇപ്പോൾ, രണ്ടാമതൊരു അപകടം സംഭവിച്ച് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയവേയാണ് മധുരം നുണയാൻ പാകത്തിൽ വാർത്തയെത്തിയത്. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിലെ പെൺകുട്ടി 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്.

22 ാം വയസിലെ അപകടത്തിൽ പൂർണമായി കിടക്കയിൽ കഴിയേണ്ട വന്ന ഷെറിന് ഇതൊരു വലിയ ഉയിർത്തെഴുന്നേൽപ്പാണെന്ന് പറയാതെ വയ്യ. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു. കിടക്കയിൽ നിന്നെണീക്കാൻ കഴിയാതിരുന്ന കാലത്ത് പത്രങ്ങളും പുസ്തകങ്ങളുമായിരുന്നു കൂട്ട്. ഷെറിൻ സിവിൽ സർവീസ് പാസായപ്പോൾ സഹോദരി ജാലിഷ ഉസ്മാൻ ഇട്ട കുറിപ്പിൽ, മുരളി തുമ്മാരുകുടിക്കും നന്ദി പറഞ്ഞിരുന്നു. തുമ്മാരുകുടിയാണ് ഷെറിനെ മോട്ടിവേറ്റ് ചെയ്തവരിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഷെറിന്റെ നേട്ടത്തിൽ, അനുമോദിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് വായിക്കാം.

ഷെറിൻ സിവിൽ സർവ്വീസിൽ എത്തുമ്പോൾ

വയനാട്ടിൽ നിന്നുള്ള ഷെറിൻ ഷഹാനക്ക് ഈ വർഷത്തെ സിവിൽ സർവ്വീസ് ലിസ്റ്റിൽ സ്ഥാനം ലഭിച്ച കാര്യം ഇപ്പോൾ വായനക്കാർ ഒക്കെ അറിഞ്ഞു കാണുമല്ലോ. ഇതിൽ ഏറെ സന്തോഷിക്കുന്ന ഒരാളെന്ന നിലയിൽ അന്ന് തന്നെ എഴുതേണ്ടതായിരുന്നു. പക്ഷെ യാത്രയിൽ ആയിരുന്നതുകൊണ്ട് അത് സാധിച്ചില്ല. ക്ഷമിക്കുമല്ലോ.

അഭിനന്ദനങ്ങൾ ഷെറിൻ

എന്റെ വായനക്കാർക്ക് എല്ലാം ഷെറിനെ അറിയാം. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി ഷെറിന്റെ യാത്രയിൽ നിങ്ങൾ ഒക്കെ കൂടെയുണ്ട്. അവർക്കെല്ലാം എന്റെ നന്ദിയും ഉണ്ട്.

പി ജി പഠനത്തിനിടക്ക് വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപെട്ട സമയത്താണ് ആദ്യമായി ഞാൻ ഷെറിനെ പറ്റി അറിയുന്നത്. സഹോദരി വഴി. പഠനം തുടരാൻ ഷെറിന് ഒരു ഇലക്ട്രിക് വീൽ ചെയർ വേണം എന്ന ഒരു ചെറിയ ആവശ്യം ഞാൻ വായനക്കാരുടെ മുന്നിൽ വച്ചു. രണ്ടു ദിവസത്തിനകം അതിനാവശ്യമായ പണം വായനക്കാർ അറിഞ്ഞു നൽകി.

അതൊരു തുടക്കമായിരുന്നു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ വയനാട്ടിൽ പോയി ഷെറിനെ കണ്ടു. തീരെ കിടപ്പാണ്.

പി ജി പഠനത്തിന് അപ്പുറം ഉന്നത വിദ്യാഭ്യാസം നേടണമെന്നും അങ്ങനെ ഒരു കരിയർ ഉണ്ടാകുമെന്നും ഷെറിൻ കാണിക്കുന്ന ആത്മവിശ്വാസം പിന്നീട് വരുന്ന അനവധി ആളുകൾക്ക് മാതൃകയാകുമെന്നും ഒക്കെ ഞങ്ങൾ ചർച്ച ചെയ്തു.

ഷെറിനെപ്പോലെ മാനസികവും ശാരീരികവും ഒക്കെയായി തളർന്നിരിക്കുന്നവരോട് ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒക്കെ എളുപ്പമാണ്. പക്ഷെ അതിന്റെയൊക്കെ പത്തിലൊന്ന് വെല്ലുവിളികൾ നേരിട്ടാൽ ഞാൻ ഉൾപ്പടെയുള്ള മോട്ടിവേറ്റേഴ്‌സ് ഒക്കെ തളർന്നു പോകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്. തനിക്ക് ഉള്ള പരിമിതികളെ അംഗീകരിച്ചും എന്നാൽ അതുകൊണ്ട് തന്റെ ലക്ഷ്യങ്ങളിൽ നിന്നും പിന്മാറാതെയും ഷെറിൻ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനും ഉള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു.

പിന്നീട് എപ്പോഴൊക്കെ നാട്ടിൽ പോകുമ്പോഴും ഷെറിനെ കാണാൻ ശ്രമിച്ചു. ചിലപ്പോൾ വയനാട്ടിൽ എത്തി, ചിലപ്പോൾ ഷെറിൻ എറണാകുളത്ത് വന്നു. ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ഒരു ബോക്‌സ് ചോക്കലേറ്റ് ഷെറിനും വാങ്ങി.

ഷെറിനെ സ്ഥിരമായി വിളിക്കുക, ഷെറിനിൽ നിന്നും ഞാനും സമൂഹവും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുക, ഷെറിന്റെ വിജയങ്ങളിൽ കൂടെ നിന്ന് സന്തോഷിക്കുക, എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ ഒക്കെ ചേർന്ന് നിൽക്കുക, ഇതൊക്കെയാണ് കഴിഞ്ഞ അഞ്ചു വർഷമായി ചെയ്തുകൊണ്ടിരുന്നത്.

ഇത്രയൊക്കെ ആണെങ്കിൽ പോലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ഷെറിന് മടിയാണ്. കോവിഡ് വന്നപ്പോൾ ഉൾപ്പടെ പലപ്പോഴും അങ്ങോട്ട് വിളിക്കുമ്പോൾ ആണ് കാര്യങ്ങൾ അറിയുന്നത്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിൻ ഏറെ ബുദ്ധിമുട്ടുന്നത്. ഷെറിന് എന്തെങ്കിലും ഒരു ആവശ്യം ഉണ്ടായാൽ ഉടൻ സഹായിക്കാനായി ഞാൻ എന്റെ സൗഹൃദ വലയത്തിൽ ഉള്ള ആരെയെങ്കിലും വിളിക്കും. നല്ല സൗഹൃദങ്ങൾ വലിയൊരു പ്രിവിലേജ് ആണ്. ഒറ്റ വാട്ട്‌സ്ആപ്പ് മെസ്സേജിൽ കാര്യം നടക്കും.

പതുക്കെ പതുക്കെ ഷെറിൻ ആത്മവിശ്വാസം വീണ്ടെടുത്തു. യു ജി സി പരീക്ഷ എഴുതി, പി എച്ച് ഡി ക്ക് അഡ്‌മിഷൻ വാങ്ങി.

സിവിൽ സർവ്വീസ് പരീക്ഷ എഴുതി, ഇന്റർവ്യൂവിന് ഡൽഹിയിൽ പോയി, ഇപ്പോൾ ഇതാ വിജയിച്ചു വന്നിരിക്കുന്നു.

ഇതിനെയാണ് കളക്ടർ ബ്രോ 'പ്രോജക്ട് ഷെറിൻ' എന്ന് പറഞ്ഞത്.

എത്രയോ ആളുകൾ ആണ് ചെറുതും വലുതുമായ കാര്യങ്ങൾക്ക് ഷെറിനെ ചേർത്ത് നിർത്തിയത്. പേരുകൾ പറയാൻ എനിക്ക് മടിയാണ്, കാരണം ഏപ്പോഴും ആരെയെങ്കിലും ഒക്കെ വിട്ടുപോകും. അവർക്ക് വിഷമമാകും. പിന്തുണച്ചവർക്കൊക്കെ അറിയാം, അവരാരും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി സഹായിച്ചതുമല്ല. നന്ദിപോലും അവർ പ്രതീക്ഷിക്കുന്നുമില്ല, പക്ഷെ അവർക്കെല്ലാവർക്കും ഏറെ നന്ദി.

ഷെറിന്റെ വിജയം ഷെറിന്റെ ആത്മവിശ്വാസത്തിന്റെ, കഠിനാധ്വാനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങൾ ഷെറിൻ. അറിഞ്ഞും അറിയാതെയും ഷെറിൻ ഒരു മാതൃകയിരിക്കുന്നു. ഒരു സംഭവവും !

ഷെറിനോടൊപ്പം എന്നും കൂടെ നിന്ന അമ്മയുടെ, സഹോദരിയുടെ, അടുത്ത ബന്ധുക്കളുടെ ഒക്കെ കണ്ണുനീരും പിന്തുണയും അതിന് പിന്നിൽ ഉണ്ട്. ഷെറിന്റെ വെല്ലുവിളികൾ ഇതോടെ അവസാനിക്കുന്നില്ല. അവരുടെ ഒക്കെ ഉത്തരവാദിത്തം എല്ലാക്കാലത്തേക്കും ആണ്. എന്നാലും ഇത്തരം വിജയങ്ങൾ എല്ലാ ബുദ്ധിമുട്ടുകൾക്കും ഒരു അർഥം നൽകുന്നു.

ഷെറിനെ പോലെ ഉള്ളവർ ഏറെ ഉണ്ട്. കഴിവുണ്ട്, പക്ഷെ മുന്നോട്ട് വരാനുള്ള സാഹചര്യമോ പിന്തുണയോ ഇല്ല. ഇവരിൽ പരമാവധി പേരെ കണ്ടെത്തുകയും പിന്തുണ നൽകുകയും ചെയ്യുകയാണ് നമുക്കെല്ലാവർക്കും ചെയ്യാവുന്ന കാര്യം. ഒരു നൂറ് വിജയങ്ങൾക്ക് ഇത് അടിസ്ഥാനമാകട്ടെ.

ഷെറിൻ ഇനിയും വിജയത്തിന്റെ പടവുകൾ കയറട്ടെ. അത് നമുക്ക് സന്തോഷത്തോടെ, അഭിമാനത്തോടെ, വാത്സല്യത്തോടെ, നോക്കി നിൽക്കാമല്ലോ.

മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP