Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

തേയിലത്തോട്ടങ്ങളുടെ നടുവിലെ പെട്ടിമുടി എസ്റ്റേറ്റ് ലയം; രണ്ടര കിലോമീറ്റർ അകലെയുള്ള ഇടമലക്കുടി വനാതിർത്തിയിലെ മലമുകളിൽ നിന്ന് ഉരുൾപൊട്ടി താഴേക്കു കുതിച്ചെത്തിയത് കൂറ്റൻ പാറകളും മലവെള്ളവും; ദുരന്തം മനസ്സിലാക്കി പുറത്തേക്ക് ഇറങ്ങി ഓടിവയർക്ക് മുമ്പിൽ സാധ്യതകൾ അടച്ചത് കനത്ത മഴ മൂലമമുള്ള പെട്ടിമുടി പുഴയിലെ ശക്തമായ കുത്തൊഴുക്കും; ഇനി കണ്ടെത്താനുള്ളത് 48 ജീവനുകളെ; രാജമലയിലെ രക്ഷാപ്രവർത്തനം തുടരും; മണ്ണിൽ കുടുങ്ങിയവർക്ക് വേണ്ടി പ്രാർത്ഥനയോടെ കേരളം

തേയിലത്തോട്ടങ്ങളുടെ നടുവിലെ പെട്ടിമുടി എസ്റ്റേറ്റ് ലയം; രണ്ടര കിലോമീറ്റർ അകലെയുള്ള ഇടമലക്കുടി വനാതിർത്തിയിലെ മലമുകളിൽ നിന്ന് ഉരുൾപൊട്ടി താഴേക്കു കുതിച്ചെത്തിയത് കൂറ്റൻ പാറകളും മലവെള്ളവും; ദുരന്തം മനസ്സിലാക്കി പുറത്തേക്ക് ഇറങ്ങി ഓടിവയർക്ക് മുമ്പിൽ സാധ്യതകൾ അടച്ചത് കനത്ത മഴ മൂലമമുള്ള പെട്ടിമുടി പുഴയിലെ ശക്തമായ കുത്തൊഴുക്കും; ഇനി കണ്ടെത്താനുള്ളത് 48 ജീവനുകളെ; രാജമലയിലെ രക്ഷാപ്രവർത്തനം തുടരും; മണ്ണിൽ കുടുങ്ങിയവർക്ക് വേണ്ടി പ്രാർത്ഥനയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: കരിപ്പൂരിലെ വിമാന ദുരന്തത്തിൽ രണ്ട് മണിക്കൂർ കൊണ്ട് കേരളം രക്ഷാപ്രവർത്തനം പൂർത്തിയാക്കി. നാടും നാട്ടുകാരും ഒരുമിച്ചതോടെയാണ് ഇത്. എന്നാൽ മൂന്നാറിലെ നയ്മക്കാട് എസ്റ്റേറ്റിൽ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്നും രക്ഷാപ്രവർത്തനം നടത്തും. ഇതുവരെ 18 മരണമാണ് സ്ഥിരീകരിച്ചത്. എട്ടു കുട്ടികളടക്കം കാണാതായ 48 പേർക്കായി തിരച്ചിൽ. 12 പേർ രക്ഷപ്പെട്ടു.

മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളിലയങ്ങൾക്കുമേൽ വീണാണ് ദുരന്തമുണ്ടായത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ നാമാവശേഷമാക്കിയ ദുരന്തത്തിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരമാണ്. ശബ്ദം കേട്ടിറങ്ങിയോടിയ ഒമ്പതുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായി.

Stories you may Like

കനത്ത മഴയും മൂടൽമഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നിരുന്നു. പിന്നീട് അസാധ്യമായി. ഇത് വീണ്ടും രാവിലെ തുടരും. വ്യാഴാഴ്ച രാത്രി 10.45-നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്. ഈ ദുരന്തത്തിൽ നടുങ്ങിയിരുന്ന കേരളത്തെ തേടിയാണ് രാത്രിയിൽ കരിപ്പൂരിലെ വിമാന ദുരന്തവുമെത്തിയത്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്കു പതിച്ചു. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. മൃതദേഹങ്ങൾ പെട്ടിമുടിക്കു സമീപമുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ മോർച്ചറിയോ മറ്റു സംവിധാനങ്ങളോ ഇല്ല. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇവിടെത്തന്നെ സംസ്‌കാരം നടത്തും. ഇതോടൊപ്പം രക്ഷാപ്രവർത്തനവും. അങ്ങനെ പെട്ടിമുടിയിൽ ദുരന്തകാഴ്ചകൾ മാത്രമാണ്.

വ്യാഴാഴ്ച രാത്രി 10.45നുണ്ടായ ഉരുൾപൊട്ടലിൽ 30 മുറികളുള്ള 4 ലയങ്ങൾ (എസ്റ്റേറ്റ് തൊഴിലാളികളുടെ പാർപ്പിടം) പൂർണമായി തകർന്നു. 78 പേരാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാവരും തമിഴ്‌നാട്ടിൽനിന്നെത്തി ജോലി ചെയ്യുന്നവരാണ്. മൂന്നാർമറയൂർ റോഡിലെ പെരിയവരൈ പാലം തകർന്നതും റോഡ് സൗകര്യം പരിമിതമായതും പ്രദേശത്ത് മൊബൈൽ കവറേജ് ഇല്ലാത്തതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. സർക്കാരിന്റെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥമൂലം എത്താനായില്ല. തേയിലത്തോട്ടങ്ങളുടെ നടുവിലാണ് പെട്ടിമുടി എസ്റ്റേറ്റ് ലയം. രണ്ടര കിലോമീറ്റർ അകലെ ഇടമലക്കുടി വനാതിർത്തിയിലെ മലമുകളിൽ നിന്നാണ് ഉരുൾപൊട്ടി താഴേക്കു കുതിച്ചെത്തിയത്.

കനത്ത മഴ മൂലം പെട്ടിമുടി പുഴയിൽ ശക്തമായ കുത്തൊഴുക്കായിരുന്നു. പുഴയിൽനിന്നു 100 മീറ്റർ മുകളിലായാണ് ലയങ്ങൾ. ആളുകൾ പുറത്തേക്കിറങ്ങി ഓടിയെങ്കിലും പുഴ കടക്കാനാകാതെ കുടുങ്ങി. ലയങ്ങളുടെ ഇരുവശങ്ങളിലൂടെയും ഉരുൾ പൊട്ടിയെത്തിയതിനാൽ അങ്ങോട്ടും ഓടി രക്ഷപ്പെടാൻ കഴിയാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മൂന്നാർ ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് പെട്ടിമുടി.

ഇതിൽ 11 കിലോമീറ്റർ അടുത്തു വരെ മാത്രമേ പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളൂ. ബാക്കി ദൂരം വനംവകുപ്പിന്റെ അധീനതയിലാണ്. പെട്ടിമുടി, ഇടമലക്കുടി നിവാസികളെ മാത്രം കടത്തിവിടുന്ന ഈ പാതയിൽ 2 ദിവസം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. വനംവകുപ്പും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണ്ണ് മാറ്റിയാണ് ഇന്നലെ ആംബുലൻസുകൾക്ക് വഴിയൊരുക്കിയത്.

ഈ പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് 4 ദിവസമായി. ഫോണുകളിൽ ചാർജ് ഇല്ലാത്തതും പുറംലോകവുമായുള്ള പെട്ടിമുടിയുടെ ബന്ധം വിഛേദിച്ചു. അപകടം നടന്ന ശേഷം ഇന്നലെ വൈകിട്ടോടെ ബിഎസ്എൻഎൽ പ്രത്യേക ടവർ സ്ഥാപിച്ചാണ് മൊബൈൽ കവറേജ് പുനഃസ്ഥാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP