Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുതലാളിയുമായി ഒത്തുകളിച്ച് ജീവനക്കാരുടെ ബോണസിൽ കൈയിട്ടുവാരി തൊഴിലാളി നേതാക്കൾ പോക്കറ്റിലാക്കിയത് 75 ലക്ഷം രൂപ! ഒറ്റുകൊടുത്ത യൂദാസുമാരെ ഓടിച്ചിട്ടു തല്ലി തൊഴിലാളികൾ; ചർച്ചക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി: എസ്റ്റേറ്റ് ജീവനക്കാരുടെ പ്രക്ഷോഭത്തിൽ മൂന്നാറിൽ യുദ്ധാന്തരീക്ഷം

മുതലാളിയുമായി ഒത്തുകളിച്ച് ജീവനക്കാരുടെ ബോണസിൽ കൈയിട്ടുവാരി തൊഴിലാളി നേതാക്കൾ പോക്കറ്റിലാക്കിയത് 75 ലക്ഷം രൂപ! ഒറ്റുകൊടുത്ത യൂദാസുമാരെ ഓടിച്ചിട്ടു തല്ലി തൊഴിലാളികൾ; ചർച്ചക്കെത്തിയ ഉദ്യോഗസ്ഥരെ ബന്ദികളാക്കി: എസ്റ്റേറ്റ് ജീവനക്കാരുടെ പ്രക്ഷോഭത്തിൽ മൂന്നാറിൽ യുദ്ധാന്തരീക്ഷം

ഇടുക്കി: തൊഴിലാളി പ്രേമം പറഞ്ഞ് തൊഴിളാകളികളെ വഞ്ചിക്കുന്ന സംഘടനാ നേതാക്കളെ തല്ലിയോടിച്ചു ഓഫീസുകൾ തല്ലിത്തകർത്തും ഒരു വിഭാഗം തൊഴിലാളികളുടെ പ്രതിഷേധം. മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളാണ് ഒപ്പം നിന്ന് വഞ്ചിച്ച യൂദാസുമാരെ തല്ലി ഓടിച്ച് പ്രതിഷേധം അറിയിച്ചത്. തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ഓണം ബോണസ് വെട്ടിച്ചുരുക്കാൻ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും തൊഴിലാളി സംഘടനാ നേതാക്കൽ മുതലാളിയിൽ നിന്നും 75 ലക്ഷം രൂപ വാങ്ങിയെടുത്തതോടെയാണ് തൊഴിലാളികളുടെ രോഷം ഇരമ്പിയത്. രണ്ട്ദിവസമായി തുടർന്നു പോന്ന പ്രതിഷേധം കൊടുമ്പിരി കൊണ്ടപ്പോൾ ഇന്ന് മൂന്നാറിൽ യുദ്ധാന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നത്യ.

മൂന്നാർ കെഡിഎച്ച്പി ടീ കമ്പനിയിലെ പതിനായിത്തോളം തൊഴിലാളികളെയാണ് രക്ഷകർ ചമഞ്ഞ യൂണിയൻ നേതാക്കൾ വഞ്ചിച്ച് ലക്ഷങ്ങൾ സമ്പാദിച്ചത്. തങ്ങളെ ചൂഷണം ചെയ്തു ധനസമ്പാദനം നടത്തിയ നേതാക്കൾക്കെതിരെ തൊഴിലാളികളുടെ രോഷം പ്രത്യക്ഷ സമരത്തിലേക്കും നാടിനെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭത്തിലേക്കും വഴിമാറുകയായിരുന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ പ്രതിഷേധാഗ്നിയിൽ പുകയുകയാണ്. ഇന്ന് രാവിലെ ദേവികുളം ആർഡിഒ നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ തൊഴിലാളികൾ തെരുവിലിറങ്ങി കടകടൾ അടപ്പിച്ചു. ട്രേഡ് യൂണിയൻ ഓഫീസുകൾ അടിച്ചു തകർത്തു. റോഡുകൾ ഉപരോധിച്ചതോടെ ഇവിടേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. സ്ഥലത്ത് വൻ പൊലിസ് സന്നാഹം കാവലുണ്ട്. ബിജെപി പ്രവർത്തകരെ അടിച്ചോടിച്ചു.

മുൻവർഷത്തെ ബോണസ് തുകയായ 19.5 ശതമാനം ഇക്കുറി പത്ത് ശതമാനമായി വെട്ടിച്ചുരുക്കാൻ കെഡിഎച്ച് കമ്പനിക്ക് ഒത്താശ ചെയ്താണ് ഇതിനു പ്രതിഫലമായി മൂന്നു പ്രമുഖ നേതാക്കൾചേർന്ന് 75 ലക്ഷം രൂപ പ്രതിഫലം പറ്റിയത്. മൊത്തം ബോണസ് തുകയുടെ രണ്ട് ശതമാനമാണ് നേതാക്കൾ അടിച്ചു മാറ്റിയത്. തോട്ടം നഷ്ടത്തിലാണെന്നു തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ബോണസ് തുക ഒൻപത് ശതമാനം കുറയ്ക്കാൻ നേതാക്കൾ മാനേജ്‌മെന്റുമായി ഗൂഢാലോചന നടത്തിയത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി യൂണിയനുകളാണ് തോട്ടത്തിൽ പ്രവർത്തിക്കുന്നത്. ബിഎംഎസിന് ഇവിടെ വേരോട്ടമില്ല.

ഓണത്തിനു പതിവുപോലെ ബോണസിനു വേണ്ടി ആവശ്യമുയർത്തിയ തൊഴിലാളികളെ കബളിപ്പിച്ച്, കമ്പനിയുടെ നഷ്ടം ചൂണ്ടിക്കാട്ടി ബോണസ് വൈകിപ്പിക്കുകയായിരുന്നു യൂണിയൻ നേതാക്കളുടെ ആദ്യതന്ത്രം. തുടർന്ന് മാനേജ്‌മെന്റും യൂണിയൻ നേതാക്കളും തമ്മിൽ പലവട്ടം ചർച്ച നടത്തിയതായി വരുത്തി തീർത്തു. അതിനുശേഷം നഷ്ടത്തിലുള്ള കമ്പനിയെ സഹായിക്കാനും നിലനിർത്താനുമുള്ള തൊഴിലാളികളുടെ ബാധ്യതയും നേതാക്കൾ ഉദ്‌ബോധിപ്പിച്ചു. തൊഴിലാളികൾ തങ്ങളുടെ ചൊൽപടിക്കു വഴങ്ങുമെന്നു ധരിച്ച് പത്ത് ശതമാനം ബോണസ് നൽകിക്കൊള്ളാൻ നേതാക്കൾ കമ്പനിയോട് നിർദ്ദേശിച്ചു. ഇതുപ്രകാരം ബോണസ് വിതരണം നടത്താൻ കമ്പനി തയാറായെങ്കിലും 10 ശതമാനം ബോണസ് തങ്ങൾക്കു വേണ്ടെന്നു തൊഴിലാളികൾ ഉറപ്പിച്ചു പറഞ്ഞു. ബോണസ് വാങ്ങാൻ ഒരു തൊഴിലാളിയും തയാറായുമില്ല.

നേതാക്കൾക്കെതിരെ പരസ്യപ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തിറങ്ങി. ദേശീയ പണിമുടക്ക് ദിവസം മൂന്നാർ ടൗണിൽ ധർണ നടത്തിയ ഐക്യട്രേഡ് യൂണിയൻ നേതാക്കളുടെ സമപ്പന്തലിലേയ്ക്ക് നൂറുകണക്കിന് സ്ത്രീ തൊഴിലാളികൾ ഇരച്ചുകയറിയാണ് തങ്ങളുടെ രോഷം പ്രകടമാക്കിയത്. നേതാക്കൾ തങ്ങളെ വഞ്ചിച്ചുവെന്നും അർഹമായ ബോണസും ശമ്പള വർധനവും വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം.

നേതാക്കൾ തൊഴിലാളികളെ ഒറ്റുകൊടുത്തു പണം വാങ്ങിയെന്നു പരസ്യമായി ഉന്നയിച്ച് തൊഴിലാളികൾ ഇന്നലെ റോഡുപരോധം നടത്തി. തുടർന്നു എ. ഐ. ടി. യു. സി ഓഫീസിലേക്ക് മാർച്ച് നടത്തിയ തൊഴിലാളികൾ ഓഫീസ് തകർത്തു. തൊഴിലാളി നേതാക്കൾ ചമഞ്ഞെത്തിയവരെ ശരിക്കം കൈകാര്യം ചെയ്താണ് രോഷാകുലരായ ജനക്കൂട്ടം പറഞ്ഞയച്ചത്.

മൂന്നാർ ടൗണും പരിസരവും ഗതാഗത കുരുക്കിലമർന്നതോടെ ഡിവൈ.എസ്‌പി പ്രഫുല്ല ചന്ദ്രന്റെ നേത്വത്തിൽ സമരക്കാരുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും കമ്പനി എം.ഡിയോ, ജില്ലാ കലക്ടറോ എത്തി പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് നൽകിയില്ലെങ്കിൽ പിന്മാറില്ലന്ന നിലപാടിലായിരുന്നു സമരക്കാർ. തുടർന്ന് ഡെപ്യൂട്ടി കലക്ടർ സ്ഥലത്തെത്തി സമരരംഗത്തുള്ള തൊഴിലാളികളുമായി ചർച്ച നടത്തി. ഇന്ന് രാവിലെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളി പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്‌നം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് സമരം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഷേധം ഉച്ചകഴിഞ്ഞ് ദേശീയ പാത ഉപരോധത്തിലേക്ക് കടന്നതോടെ ടൂറിസ്റ്റുകളുൾപ്പടെയുള്ളവർ വലഞ്ഞു. വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. 2000ത്തോളം വരുന്ന വിവിധ എസ്‌റ്റേറ്റുകളിലെ തൊഴിലാളികളാണ് സമരരംഗത്തുണ്ടായിരുന്നത്. മൂന്നു മുതൽ വൈകിട്ട് ആറു വരെയാണ് കൊച്ചി ധനുഷ്‌കോടി ദേശീയ പാത ഉപരോധിച്ചത്.

ഇന്നു രാവിലെ കെഡിഎച്ച്പി കമ്പനി എം ഡി, നേതാക്കൾ, പഞ്ചായത്ത് അധികൃതർ, ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായാണ് ആർഡിഒ ചർച്ച നടത്തിയത്. നാളെ തിരുവനന്തപുരം ലേബർ കമ്മിഷണറുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കാമെന്നു ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും തൊഴിലാളികൾ തയാരായില്ല. ചർച്ചയിൽ പങ്കെടുത്തവരേയും മാദ്ധ്യമപ്രവർത്തകരെയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൊഴിലാളികൾ പൂട്ടിയിട്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആർഡിഒ അടക്കമുള്ളവരെ ബന്ദികളാക്കിയത്. തുടർന്നാണ് ഹർത്താൽ ആഹ്വാനമെന്നപോലെ കടകൾ അടപ്പിച്ചത്.

ഇതിനിടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് പിന്തുണയുമായി ബിഎംഎസ്-ബിജെപി പ്രവർത്തകർ പ്രകടനമായി എത്തിയെങ്കിലും തൊഴിലാളികൾ കൊടികൾ പിടിച്ചു വാങ്ങി അവരെ അടിച്ചോടിച്ചു. ഐഎൻടിയുസി ഓഫീസിലേക്ക് പ്രകടനം നടത്തിയ തൊഴിലാളികൾ അൽപം മുമ്പ് ഓഫീസ് തകർത്തു. നേരത്തെ സ്‌കൂളുകൾ വിട്ടെങ്കിലും വാഹനമില്ലാതെ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോൾ മൂന്നാറിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP