Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്തു വില കൊടുത്തും സബ് കളക്ടറെ മാറ്റണമെന്ന വാശിയിൽ സി.പി.എം നേതാക്കൾ; മുഖ്യമന്ത്രി തന്നെ ശ്രീറാമിനെ വിളിച്ചുവരുത്തി ശാസിക്കുമെന്ന് സൂചന; ഒരു വിട്ടൂവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ച് റവന്യൂമന്ത്രി; മൂന്നാറിന്റെ പേരിൽ കുരിശുയുദ്ധം മുറുകി സിപിഎമ്മും സിപിഐയും

എന്തു വില കൊടുത്തും സബ് കളക്ടറെ മാറ്റണമെന്ന വാശിയിൽ സി.പി.എം നേതാക്കൾ; മുഖ്യമന്ത്രി തന്നെ ശ്രീറാമിനെ വിളിച്ചുവരുത്തി ശാസിക്കുമെന്ന് സൂചന; ഒരു വിട്ടൂവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ച് റവന്യൂമന്ത്രി; മൂന്നാറിന്റെ പേരിൽ കുരിശുയുദ്ധം മുറുകി സിപിഎമ്മും സിപിഐയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെച്ചൊല്ലി മന്ത്രിസഭയിലും ഇടതുമുന്നണിയിലും വിവാദം ആളിക്കത്തുമ്പോൾ ദേവികളും സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ സമ്മർദ്ദം ശക്തമാക്കി സി.പി.എം ഇടുക്കി നേതൃത്വം. വൈദ്യുത മന്ത്രി എംഎം മണിയാണ് നീക്കത്തിന് പിന്നിൽ. ശ്രീറാമിനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമാണ്. ഇടുക്കി ഘടകത്തിനൊപ്പം ഈ വിഷയത്തിൽ നിൽക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതോടെ ശ്രീറാമിനെ സ്ഥാനം നഷ്ടമാകാൻ സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാൻ സിപിഐയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുണ്ട്. റവന്യൂവകുപ്പിലെ ആരേയും മാറ്റാൻ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ പക്ഷം. എന്നാൽ ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ മുഖ്യമന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥനാണെന്നെന്നും അയാളെ എവിടെ ജോലിയെടുപ്പിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സിപിഎമ്മും പറയുന്നു.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കൽ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്നു കരുതേണ്ടെന്നും ജയചന്ദ്രൻ പറഞ്ഞിരുന്നു. സബ് കളക്ടർക്കെതിരായ നടപടി അനിവാര്യമാണെന്ന സൂചനയാണ് ഈ വാക്കുകളിലൂടെ ജയചന്ദ്രൻ നൽകിയത്. ഇത് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. അതേസമയം, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി ഇടക്കാല പ്രസിഡന്റ് എം.എം.ഹസൻ പറയുമ്പോൾ നേരെ എതിർപ്പുമായി പ്രദേശിക നേതൃത്വം രംഗത്തെത്തി. സമീപത്തെ സി.പി.എം കയ്യേറ്റമാണ് ആദ്യമൊഴിപ്പിക്കേണ്ടതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിൽ അതൃപ്തി പരസ്യമാക്കിയ മുഖ്യമന്ത്രി റവന്യൂ വകുപ്പിനെതിരേ രംഗത്തുവന്നിരുന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടായെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരം തെറ്റായ നടപടികളോട് വിട്ടുവീഴ്ചയില്ലെന്ന് മുന്നറിയിപ്പും നൽകി. കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിലൂടെ കുരിശിനെതിരെ യുദ്ധം ചെയ്യാനാണ് എൽ.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സിപിഐ തള്ളിക്കളയുന്നു. ജില്ലാഭരണകൂടത്തിനല്ല മുഖ്യമന്ത്രിക്കാണ് ജാഗ്രതക്കുറവുണ്ടായതെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പിണറായി പ്രതികരിച്ചതെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു തിരിച്ചടിച്ചു.

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ മന്ത്രി എം.എം. മണിയും സി.പി.എം. ഇടുക്കി ജില്ലാഘടകവും നിലയുറപ്പിക്കുകയും ഒഴിപ്പിക്കലിന് പ്രത്യക്ഷപിന്തുണ നൽകുന്ന നിലപാട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ.യും സ്വീകരിക്കുകയും ചെയ്തു. ഇതാണ് ശ്രീറാം വെങ്കിട്ടരാമന് ആത്മബലം നൽകിയത്. ഇത് ഇല്ലായ്മ ചെയ്യാനാണ് സി.പി.എം നീക്കം. വിവാദങ്ങൾ ഭയന്ന് ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കിയില്ലെങ്കിലും ഈ യുവ ഐഎഎസുകാരനെ മുഖ്യമന്ത്രി ശാസിക്കാൻ സാധ്യത ഏറെയാണ്. ഇതിനുള്ള സാധ്യത വ്യക്തമാക്കിയാണ് റവന്യൂവകുപ്പിനെ പേരെടുത്തുപറയാതെ, ജില്ലാഭരണകൂടത്തെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്. വ്യാഴാഴ്ച രാവിലെ ഇടുക്കി കളക്ടറെ ഫോണിൽവിളിച്ച് കുരിശുതകർത്ത് കൈയേറ്റം ഒഴിപ്പിച്ചതിലുള്ള അതൃപ്തി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

വെള്ളിയാഴ്ച സി.പി.എം.-സിപിഐ. ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് മൂന്നാർ കൈയേറ്റം വീണ്ടും ഇരുകക്ഷികൾക്കുമിടയിൽ അലോസരത്തിന് കാരണമാകുന്നത്. വെള്ളിയാഴ്ചചേരുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചർച്ചാവിഷയമാകുമെന്നാണ് സൂചന. സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തിയ നടപടിയാണ് റവന്യൂ വകുപ്പ് നടത്തുന്നത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ അതിന്റെ ഭാഗമാണ്. ഇത് മുഖ്യമന്ത്രി തന്നെ വിമർശിക്കുന്നു. ഇത് ആർക്കും മനസ്സിലാവാത്ത രാഷ്ട്രീയമാണെന്ന് സിപിഐ പറയുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും റവന്യൂമന്ത്രിയുടെ ഓഫീസ് കൈയേറ്റം ഒഴിപ്പിക്കലിൽ ജാഗ്രതക്കുറവുണ്ടായെന്ന വാദത്തെ തള്ളിക്കളയുകയാണ്.

ഒഴിപ്പിക്കൽ നടപടികൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം ശരിയല്ല. 45 അംഗ പൊലീസ്സംഘത്തിന്റെ സംരക്ഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടത്തിയത്. അതിരാവിലെത്തന്നെ ഒഴിപ്പിക്കൽ നടത്താനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്റ്സിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കില്ലെന്നും റവന്യൂമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയവിതരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ദേവികുളം സബ് കളക്ടറും എത്തുമെന്നാണ് സൂചന. കളക്‌റുടെ സാന്നിധ്യത്തിൽ സബ് കളക്ടറെ ശാസിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും സൂചനയുണ്ട്. എന്നാൽ റവന്യൂമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെയ്ത നടപടിയിൽ ഉദ്യോഗസ്ഥനെ ശാസിക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്ന് സിപിഐ പറയുന്നു.

മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ അനധികൃത കയ്യേറ്റങ്ങളാണ് അഡീഷണൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. റവന്യുഭൂമി കയ്യേറി സ്പിരിച്വൽ ടൂറിസത്തിന്റെ മറവിൽ സ്ഥാപിച്ചിരുന്ന ഭീമൻ കുരിശും പൊളിച്ചുനീക്കിയിരുന്നു. ഇതാണ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP