Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോട്ട്‌സ്‌പോട്ടായി മാറിയതോടെ മൂന്നാർ ദുരിതത്തിൽ; അവശ്യ സാധനങ്ങളുടെ കടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന്; ടാറ്റാ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശം വന്നെങ്കിലും സാധനങ്ങളില്ല, ഉള്ളതിന് തീവിലയും; തമിഴ്‌നാട് ബന്ധം പറഞ്ഞാണ് നിയന്ത്രണങ്ങൾ എങ്കിലും അതിർത്തി ജില്ലകളിലെ ഇളവുപോലും മൂന്നാറിലില്ലെന്നു നാട്ടുകാർ; നിയന്ത്രണം അത്യാവശ്യമെന്ന് മൂന്നാർ എസ്‌പി മറുനാടനോട്

ഹോട്ട്‌സ്‌പോട്ടായി മാറിയതോടെ മൂന്നാർ ദുരിതത്തിൽ; അവശ്യ സാധനങ്ങളുടെ കടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന്; ടാറ്റാ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശം വന്നെങ്കിലും സാധനങ്ങളില്ല, ഉള്ളതിന് തീവിലയും; തമിഴ്‌നാട് ബന്ധം പറഞ്ഞാണ് നിയന്ത്രണങ്ങൾ എങ്കിലും അതിർത്തി ജില്ലകളിലെ ഇളവുപോലും മൂന്നാറിലില്ലെന്നു നാട്ടുകാർ; നിയന്ത്രണം അത്യാവശ്യമെന്ന് മൂന്നാർ എസ്‌പി മറുനാടനോട്

എം മനോജ് കുമാർ

 മൂന്നാർ: കൊറോണയിൽ ഹോട്ട്‌സ്‌പോട്ടായി മാറിയതോടെ നിയന്ത്രണങ്ങളിൽ കുരുങ്ങി മൂന്നാർ ശ്വാസംമുട്ടുന്നു. ആളനക്കമില്ലാതെ ടൗണയി മൂന്നാർ മാറിക്കഴിഞ്ഞു. കഴിഞ്ഞ പതിനാറ് മുതൽ മൂന്നാർ ടൗണിൽ പെട്രോൾ പമ്പ്, എടിഎം, മെഡിക്കൽ ഷോപ്പുകൾ ഒഴികെ ഒരു കടയും തുറക്കുന്നില്ല. മറ്റു ജില്ലകളിൽ അനുവദിക്കപ്പെട്ട അവശ്യസാധനകടകൾ പോലും മൂന്നാറിലില്ല. എന്തുകൊണ്ടാണ് ഈ രീതിയിൽ മുന്നാർ മുന്നോട്ടു പോകുന്നതെന്ന് കാര്യത്തിൽ ജനങ്ങൾക്ക് ഒരു പിടിയുമില്ല. പതിനായിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികളുടേയും അയ്യായിരത്തോളം വരുന്ന ജനങ്ങളുടെയും ഏക ആശ്രയമാണ് മൂന്നാർ ടൗൺ.

ഇടുക്കി ജില്ല ഗ്രീൻ സോണിൽ തുടരുമ്പോഴും മൂന്നാറിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്യാതിരുന്ന സമയത്തും മൂന്നാർ ടൗണിന്റെ സ്ഥിതി ഇതാണ്. വലിയ ആശങ്കയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. സാമാന്യം വലിയ, സാധനങ്ങൾ സ്റ്റോക്കുള്ള കടകൾ തുറക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ടാറ്റായുടെ കടകളിൽ പോയി വാങ്ങാൻ പറയും. ഈ കടകൾ തന്നെ തുറക്കുന്നില്ല. തുറന്ന കടകളിൽ വൻ തിരക്ക്. സാധനങ്ങൾക്ക് തീപ്പിടിച്ച വിലയും. ഇതുവരെയില്ലാത്ത അനുഭവങ്ങളിൽ പകച്ചു നിൽക്കുകയാണ് മൂന്നാർ ടൗൺ. തുടർന്നു വ്യാപകമായ പ്രതിഷേധം വന്നപ്പോൾ അവശ്യസാധനകടകൾ തുറക്കാൻ പൊലീസ് അനുമതി നൽകി. അങ്ങനെ തുറന്നത് രണ്ടു ദിവസം മാത്രം. ഏപ്രിൽ 29 നു കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൂന്നാർ ഹോട്ട് സ്‌പോട്ടായി. തുടർന്നു സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് അമരുകയും ചെയ്തു. ടാറ്റാ ടീ എസ്റ്റേറ്റ് കടകളിൽ സാധനങ്ങൾ തീർന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാർ ടൗണിൽ നിന്നാണ് ടാറ്റായുടെ ഷോപ്പുകളിലേക്ക് സാധനങ്ങൾ എത്തുന്നത്. മൂന്നാർ ടൗൺ ലോക്ക് ഡൗണിലാണ്. ഇതോടെ സാധനങ്ങൾക്ക് ക്ഷാമവും തീവിലയുമായി മാറിയിരിക്കുകയാണ്.

ഇടുക്കിയിൽ പൊതുവേ ഇളവുകൾ വന്നെങ്കിലും ഒന്നും മൂന്നാറിൽ ബാധകമാക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നും ജനങ്ങൾ എത്തുന്നത് മൂന്നാറിലേക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാർ കടുത്ത നിയന്ത്രണങ്ങളിൽ തുടരുന്നത്. അതുകൊണ്ട് തന്നെ ഒരു ഇളവും മൂന്നാറിന് ബാധകമാക്കുന്നുമില്ല. ഇതോടെ ജനങ്ങൾ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. വിചിത്രമായ കാര്യം തമിഴ്‌നാടുമായി മൂന്നാർ അതിർത്തി പങ്കിടുന്നില്ല എന്നാണ്. കുമളി, കരുണാപുരം, ഉടുമ്പൻചോല, മറയൂർ എന്നിവയാണ് തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നത്.

എന്നാൽ ഇവിടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കരുണാപുരം ഹോട്ട് സ്‌പോട്ട് മേഖല കൂടിയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മൂന്നാറിൽ തുറന്നു കൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതിനു ഇതേവരെ ഉത്തരവുമായിട്ടില്ല. മൂന്നാറിനെക്കാൾ കൊറോണ കൂടുതലുള്ള കോട്ടയത്ത് വരെ ഇളവുകളുണ്ട്. ഈ ഇളവുകൾ എന്തുകൊണ്ട് മൂന്നാറിൽ മാത്രം നടപ്പാക്കുന്നില്ലാ എന്നാണ് നാട്ടുകാരുടെ ചോദ്യം. എംഎൽഎയും എംപിയും അടക്കമുള്ള ജനപ്രതിനിധികളും മൗനം പാലിക്കുന്നതിൽ നാട്ടുകാർക്ക് രോഷമുണ്ട്. തങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ഹോട്ട്‌സ്‌പോട്ട് മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സമയബന്ധിതമായാണ് ഇവ തുറക്കുന്നത്. ഇതേ സൗകര്യം മാത്രം മൂന്നാരിനും നൽകിയാൽ മതി-നാട്ടുകാർ പറയുന്നു.

എന്നാൽ ലോക്ക് ഡൗൺ ആയതിനാലും മൂന്നാർ ഹോട്ട്‌സ്‌പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ കൂടിയേ തീരൂ എന്നാണ് ഇടുക്കി എസ്‌പി പി.കെ.മധു മറുനാടനോട് പറഞ്ഞത്. നിലവിലെ നിയന്ത്രണങ്ങൾ തുടരും. ഹോട്ട്‌സ്‌പോട്ട് തീരുമാനിക്കുന്നത് അതാത് ദിവസത്തെ കൊറോണ രോഗികളുടെ അവസ്ഥയും രോഗികളുടെ കണക്കുമൊക്കെ നോക്കി തിരുവനന്തപുരത്ത് നിന്നാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പൊലീസിന് റോളില്ല. ലോക്ക് ഡൗൺ ആയതിനാലും ഹോട്ട് സ്‌പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ തുടരും. ഹോട്ട്‌സ്‌പോട്ട് മാറിയാൽ അതിനനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും മൂന്നാറിലും നൽകും-ഇടുക്കി എസ്‌പി പറയുന്നു.

മൂന്നാറിലെ മിക്ക വ്യാപാരികളും ടൂറിസം മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരാണ്. ടൂറിസം നിലച്ചതിനാൽ കടകൾ തുറക്കാൻ അവർ താത്പര്യം കാട്ടുന്നുമില്ല. പക്ഷെ അവശ്യസാധനങ്ങളുടെ കടകൾ തുറക്കാത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ടൂറിസം ജീവവായുവായ ഈ മേഖലയിൽ നിന്ന് ടൂറിസം അകന്നു പോയിട്ട് തന്നെ രണ്ടു മാസത്തോളമായി. റ്റീ കൗണ്ടി റിസോർട്ടിലെത്തിയ ബ്രിട്ടീഷ് സ്വദേശിക്ക് മാർച്ച് പതിനാറിന് കൊറോണ സ്ഥിരീകരിച്ചതോടെ മൂന്നാറിൽ നിന്നും ടൂറിസം അകന്നു. ഇതോടെയാണ് മൂന്നാർ കൊറോണ ഹോട്ട്‌സ്‌പോട്ടിന്റെ രീതി കൈവരിച്ചത്. ജീവവായുവായ ടൂറിസം അകന്നതോടെ വന്ന അമ്പരപ്പിൽ നിന്ന് മൂന്നാർ ജനത ഇപ്പോഴും കരകയറിയിട്ടില്ല. ബ്രിട്ടീഷ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച് ശേഷം മൂന്നാർ ഗ്രീൻ സോണിലേക്ക് വന്നതായിരുന്നു. മൂന്നാറിലും ദേവികുളത്തും കൊറോണ സ്ഥിരീകരിച്ചതോടെയാണ് മൂന്നാർ കർശന നിയന്ത്രണങ്ങളിലേക്കും ഹോട്ട്‌സ്‌പോട്ടിലേക്കും വന്നത്. ഇതോടെ മൂന്നാറിന് അപരിചിതമായ കർശന നിയന്ത്രണങ്ങൾ തലങ്ങും വിലങ്ങും വന്നു. അവശ്യ സാധനകടകൾ കൂടി തുറക്കാൻ അനുമതി ലഭിക്കാത്ത അവസ്ഥയായി. പുതുക്കിയ ഹോട്ട് സ്‌പോട്ട് പട്ടികയിലുള്ളത് ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകളാണ്. എസ്റ്റേറ്റ് മേഖലകളിൽ നിന്ന് നിർദ്ദേശങ്ങൾ പാലിക്കാതെ മൂന്നാർ ടൗണിലെത്തിയവരെ പൊലീസ് ഇടപ്പെട്ട് മടക്കി അയക്കുകയാണ്. കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മൂന്നാറിന്റെ ടൂറിസം നിലച്ചു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന റിസോർട്ടുകളും കോട്ടേജുകളും പൂർണമായി അടച്ചു. പ്രധാന ടൂറിസ്റ്റ് മേഖലയായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ കച്ചവടക്കാരും മൂന്നാർ ടൗണിലെ വ്യാപാരികളും എല്ലാം ദുരിതത്തിൽ തുടരുകയാണ്.

മൂന്നാറിലെ ചിന്നക്കനാൽ, ദേവികുളം, പള്ളിവാസൽ, ആനച്ചാൽ, ചെങ്കുളം, വട്ടവട, മാങ്കുളം, പോതമേട് എന്നിവടങ്ങളിൽ 1800 ലധികം ചെറുതും വലുതുമായ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയുണ്ട്. സുഗന്ധവ്യജ്ഞനകടകൾ, തേയില, ചോക്ലേറ്റ് കടകൾ, കരകൗശല ഉത്പന്ന ശാലകൾ തുടങ്ങിയവയുമുണ്ട്. എല്ലാം അടഞ്ഞു കിടക്കുകയാണ്. ഇവയിലെല്ലാം പതിനായിരത്തിലധികം ജീവനക്കാരുമുണ്ട്. കൂടാതെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ, വഴിയോര കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങി എല്ലാവരും ദുരിതത്തിൽ തുടരുകയാണ്. നിപ്പായും രണ്ടുവർഷത്തെ പ്രളയവും കാരണം തകർന്ന മൂന്നാറിലെ ടൂറിസം പച്ച പിടിച്ചു വരുന്നതിനിടയിലാണ് കൊറോണ പടർന്നത്. ഇനി എന്ന് തിരിച്ചുവരവുണ്ടാവുകയെന്ന് ആർക്കും നിശ്ചയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP