Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രക്ഷോഭം; മഹാരാഷ്ട്രയിലും ഗുജറാത്തിലും പായിപ്പാട് മോഡൽ പ്രതിഷേധം അരങ്ങേറിയത് എങ്ങനെ നേരിടും എന്നറിയാതെ സർക്കാറുകൾ; കോവിഡ് ഹോട്ട്‌സ്‌പോട്ടായ ധാരാവിയിൽ പണിയെടുത്ത് തൊഴിലാളികൾ നാട്ടിലേക്ക് പോയാൽ രോഗവ്യാപന സാധ്യതകൾ ഏറെ; കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിന് മലയാളികളും; പ്രത്യേക ട്രെയിൻ ആവശ്യം ഉയരുമ്പോഴും നിരാകരിച്ച് കേന്ദ്രം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രക്ഷോഭം; മഹാരാഷ്ട്രയിലും ഗുജറാത്തിലും പായിപ്പാട് മോഡൽ പ്രതിഷേധം അരങ്ങേറിയത് എങ്ങനെ നേരിടും എന്നറിയാതെ സർക്കാറുകൾ; കോവിഡ് ഹോട്ട്‌സ്‌പോട്ടായ ധാരാവിയിൽ പണിയെടുത്ത് തൊഴിലാളികൾ നാട്ടിലേക്ക് പോയാൽ രോഗവ്യാപന സാധ്യതകൾ ഏറെ; കേരളത്തിലേക്ക് വരാൻ കാത്തിരിക്കുന്നത് ആയിരക്കണക്കിന് മലയാളികളും; പ്രത്യേക ട്രെയിൻ ആവശ്യം ഉയരുമ്പോഴും നിരാകരിച്ച് കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡിനെതിരെ ഇന്ത്യ പോരാട്ടമുഖം തുറക്കുമ്പോൾ തന്നെ ഏറ്റവും വലയി വെല്ലുവിളിയാകുന്നത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്. കേരളത്തിലെ പായിപ്പാട് മോഡലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. മുംബൈയിൽ തൊഴിലാളികൾ നാട്ടിൽ പോകണം എന്ന ആവശ്യവുമായി രംഗത്തിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന നിലയിലാണ്. രാജ്യത്ത് കോവിഡ് ഏറ്റവും സാരമായി ബാധിച്ച സംസ്ഥാനമാണ് മഹരാഷ്ട്ര. ഇവിടെ മുംബൈയിൽ തന്നെയാണ് പ്രധാനപ്പെട്ട ഹോട്ട്‌സ്‌പോട്ട്. ഇവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഇപ്പോൾ നാട്ടിലേക്ക് പോയാൽ രോഗവ്യാപനത്തിന് അത് ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. ലോക്ക്ഡൗൺ വീണ്ടും നീട്ടിയതോടെയാണ് ആളുകൾ തെരുവിലേക്ക് എത്തിയത്. നാട്ടിലേക്ക് പോകാൻ കാത്തിരുന്ന പലരും ലോക്ക് ഡൗണ് അവസാനിച്ചു എന്ന ധാരണയിലും തെരുവിലെത്തി.

മുബൈയ്ക്ക് പുറമേ ഗുജറാത്തിലും കുടിയേറ്റ തൊഴിലാളികൾ തെരുവിൽ എത്തിയിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയ്ക്ക് പിന്നാലെ സൂറത്തിലും തൊഴിലാളികൾ തെരുവിൽ ഇറങ്ങിയിരുന്നു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ലോക്ഡൗൺ വീണ്ടും 19 ദിവസം കൂടി നീട്ടാൻ തീരുമാനിച്ചതോടെ കുടിയേറ്റ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം പടരുന്നു. മുംബൈയിലെ ബാന്ദ്രയിൽ തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനു പിന്നാലെ ഇപ്പോൾ ഗുജറാത്തിലെ സൂറത്തിലും ഇതര സംസ്ഥാന തൊഴിലാളികൾ നിരത്തിലിറങ്ങിയത്. സൂറത്തിൽ കഴിഞ്ഞയാഴ്ചയും സമാനമായ സാഹചര്യമുണ്ടായിരുന്നു.

ദി ഹിന്ദു ലേഖകൻ മഹേഷ് ലാംഗയാണ് സൂറത്തിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 500-ഓളം കുടിയേറ്റ തൊഴിലാളികൾ സൂറത്തിലെ വരച്ചാ എന്ന പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സൂറത്തിലെ വസ്ത്ര എംബ്രോയ്ഡറി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇവർ. തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകണം എന്നതാണ് ഇവരുടെ ആവശ്യം. പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. റിപ്പോർട്ടുകളനുസരിച്ച് ബാന്ദ്രയ്ക്കും സൂറത്തിനും പുറമേ, ഗുജറാത്തിലെ അഹമ്മദാബാദ്, തെലങ്കാനയിലെ ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ട് നിരത്തിലിറങ്ങി. ഇത് നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ കൈവിട്ടു പോകുമോ എന്ന ആശങ്ക ശക്തമാണ്. കേരളത്തിലും വലിയ തോതിൽ കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. ഇവരെ തിരിച്ചു കൊണ്ടുപോകാൻ ട്രെയിൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മുംബൈ ബാന്ദ്ര സ്റ്റേഷനിൽ തടിച്ചുകൂടുകയും പൊലീസ് ലാത്തിച്ചാർജ് നടത്തി ഇവരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഭരണകക്ഷിയായ ശിവസേന നടത്തിയിരിക്കുന്നത്. ഇപ്പോൾ മുംബൈയിലുണ്ടായതും മുമ്പ് സൂറത്തിൽ കലാപസമാനമായ രീതിയിൽ കാര്യങ്ങളെത്തിയതിനും കാരണം, ഈ കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് പോകുന്നതിന് കേന്ദ്ര സർക്കാർ സൗകര്യമൊരുക്കാത്തതു കൊണ്ടാണെന്നാണ് മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ ആരോപിച്ചത്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ബന്ധപ്പെട്ട് വിഷയത്തിലുള്ള തന്റെ ആശങ്ക അറിയിച്ചു.

ദിവസക്കൂലിക്കും മറ്റും മുംബൈയിൽ പലവിധ ജോലികൾ ചെയ്യുന്നവരാണ് ഈ കുടിയേറ്റ തൊഴിലാളികളിൽ ഭൂരിഭാഗവും. പലരുടേയും കൈയിൽ പൈസയില്ലാത്തതും ചിലർ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നതുമാണ് ഇവർ സ്വന്തം വീടുകളിലേക്ക് പോകണമെന്ന് ആവശ്യപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. മൂന്നു നേരം ഭക്ഷണവും വെള്ളവും സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പലർക്കും ഇത് ലഭിക്കുന്നില്ലെന്നും ആരോപണങ്ങളുണ്ട്.

കഴിഞ്ഞ മാർച്ച് 24 മുതൽ നിലവിൽ വന്ന 21 ദിവസത്തെ ലോക്ഡൗൺ ഇന്ന് അവസാനിച്ചെങ്കിലും മെയ് 3 വരെ ഇത് നീട്ടുകയാണെന്ന് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നീട്ടുകയല്ലാതെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്നങ്ങൾ പരിഗണിക്കാനോ അവ പരിഹരിക്കാനോ ഒരക്ഷരം പോലും മോദി മിണ്ടിയിട്ടില്ലെന്ന് കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നിരവധി പേർ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിലായുള്ള ക്യാമ്പുകളിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 14 ദിവസത്തെ ക്വാറന്റൈൻ സമയം കഴിഞ്ഞാൽ ഇവരെ സ്വദേശത്തേക്ക് മടക്കി അയ്ക്കുന്നതിന് എന്തെങ്കിലും വഴി സ്വീകരിച്ചുട്ടോ എന്നു പോലും മോദി പറഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

സമാനമായ ആരോപണമാണ് മുഖ്യമന്തി ഉദ്ദവ് താക്കറെയുടെ മകനും കൂടിയായ ആദിത്യ താക്കറെയും ഉന്നയിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവുമല്ല വേണ്ടത്, അവർക്ക് അവരുടെ വീടുകളിലേക്ക് തിരികെ പോകണമെന്നാണ് ആവശ്യമെന്ന് താക്കറെ ചൂണ്ടിക്കാട്ടി. നിരവധി തവണ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ തങ്ങൾ കേന്ദ്രത്തെ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിതരായി പോകാൻ ആവശ്യമായ സംവിധാനമുണ്ടാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മാത്രം ആറു ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് വിവിധ ഷെൽട്ടർ ക്യാമ്പുകളിൽ കഴിയുന്നതെന്നും താക്കറെ പറയുന്നു. ഗുജറാത്തിലെ സൂറത്തിൽ ഒരാഴ്ച മുമ്പ് കുടിയേറ്റ തൊഴിലാളികൾ നിരത്തിലിറങ്ങുകയും ഇത് കലാപസമാനമായ സാഹചര്യമുണ്ടാക്കുകയും ചെയ്തിരുന്നു. തൊഴിലാളികൾ വാഹനങ്ങൾ കത്തിക്കുക വരെ ചെയ്തു. ഇപ്പോൾ ബാന്ദ്രയിലുണ്ടായിട്ടുള്ളതും സമാനമായ സാഹചര്യമാണെന്ന് താക്കറെ പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനമുണ്ടാകാത്തത് പ്രശ്നം വഷളാക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

ഇപ്പോൾ മുംബൈയിൽ ഉണ്ടായ പ്രശ്നവും മുമ്പ് സൂറത്തിൽ ഉണ്ടായതും കണക്കിലെടുത്ത് കൂടുതൽ മനുഷ്യത്വപരമായ ഒരു സമീപനം കേന്ദ്രം സ്വീകരിക്കുമോയെന്ന് ശിവസേന രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദിയും ചോദിക്കുന്നു. കഴിഞ്ഞ മൂന്നു മാസവും വലിയ തോതിൽ തന്നെ സഹകരിച്ചവരാണ് ഈ കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്ര സർക്കാർ മറന്നു പോകരുത്. പക്ഷേ, അവർ അക്ഷമരാണ്. അതകൊണ്ടു തന്നെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യ, സാമ്പത്തിക കാര്യങ്ങളിൽ മാത്രം പരിഗണന നൽകാതെ കൂടുതൽ സാമൂഹികവും മനുഷ്യത്വപരവുമായ രീതിയിൽ കൂടി കാര്യങ്ങൾ കാണാൻ കേന്ദ്രം തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ആറ് ലക്ഷത്തോളം പേർ മഹാരാഷ്ട്രയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കൂലിത്തൊഴിലുകളെടുത്ത് കഴിയുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലും ഇതര സംസ്ഥാന തൊഴിലാളികൾ നിരത്തിലിറങ്ങിയിരിക്കുകയാണ്. സൂറത്തിൽ കഴിഞ്ഞയാഴ്ചയും സമാനമായ സാഹചര്യമുണ്ടായിരുന്നു. ബാന്ദ്രയ്ക്കും സൂറത്തിനും പുറമേ, ഗുജറാത്തിലെ അഹമ്മദാബാദ്, തെലങ്കാനയിലെ ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പോകണമെന്നാവശ്യപ്പെട്ട് നിരത്തിലിറങ്ങിയിട്ടുണ്ട്.

സമാനമായ സംഭവങ്ങൾ ഡൽഹിയിലും യുപിയിലും നേരത്തെ നടന്നിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യദിവസങ്ങളിലാണ് ഇവിടങ്ങളിൽ നിന്നുള്ള പലായനങ്ങൾ തുടങ്ങിയത്. അന്തർദ്ദേശീയമായി ഈ പലായനങ്ങൾ ചർച്ചയായതോടെ വാഹനങ്ങൾ ഏർപ്പാടാക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മഹാരാഷ്ട്രയിൽ കൊറോണ കേസുകളിൽ വൻ വർധനയാണ് വന്നിരിക്കുന്നത്. ആയിരത്തഞ്ഞൂറോളം കൊറോണ കേസുകൾ സംസ്ഥാനത്തു മാത്രം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ സ്വന്തം നിലയിലും തൊഴിലാളികൾ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ബിഹാറിലേക്ക് 50 ഓളം കുടിയേറ്റ തൊഴിലാളികളുമായി പോയ ട്രക്ക് അസമിൽ അധികൃതർ തടഞ്ഞു. അസമിലെ തിൻസുകിയ ജില്ലയിൽവച്ചാണ് ഇവർ പിടിയിലായത്. നിയന്ത്രണങ്ങൾ ലംഘിച്ച് കുടിയേറ്റ തൊഴിലാളികൾ യാത്ര ചെയ്യുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തിൻസുകിയ പട്ടണത്തിലെ മാർവാഡി ധർമ്മശാലയിലേക്ക് പൊലീസ് ഇവരെ മാറ്റി. ബിഹാറിലേക്കുള്ള യാത്രയ്ക്ക് കുടിയേറ്റ തൊഴിയാളികളിൽ നിന്ന് ട്രക്ക് ഉടമ 1,400 രൂപ വീതം വാങ്ങിയതായി പൊലീസ് പറഞ്ഞു. മാർച്ച് 22 ന് ശേഷം ജോലി ലഭിക്കാത്തതിനാൽ ഗ്രാമത്തിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. എവിടെ നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും അതിനാലാണ് പോകാൻ തീരുമാനിച്ചതെന്നും മറ്റൊരു തൊഴിലാളി പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാൻ കാത്ത് മുംബൈയിലെ മലയാളികളും

പതിനായിരക്കണക്കിന് മലയാളികളാണ് മുംബൈയിൽ നിന്നും നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നത്. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കുമെന്ന് കുരുതി കാത്തിരിക്കുന്നവർ ഇപ്പോൾ കടുത്ത നിരാശയിലാണ്. ഇവിടെ ജോലിയും കച്ചവടവും ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരാണ് ഇപ്പോൾ ശരിക്കും കുടുങ്ങിയ അവസ്ഥയിൽ ഉള്ളത്. നാട്ടിലേക്ക് തിരിച്ചു വരണമെന്ന ആവശ്യം ഇവരും ഉയർത്തുന്നുണ്ടെങ്കിലും ആരും കേൾക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്.

ഇതിനിടെ മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവിയിൽ മരണം ഏഴായി. പുണെയിൽ നാല് മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 165 ലേക്ക് ഉയർന്നു. 2515 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് 11 കോടി ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കടന്നുപോകുന്നത്. മുംബൈയിൽ മാത്രം കോവിഡ് മരണം 100 കടന്നു. മഹാനഗരത്തിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവർത്തകരിലെ രോഗവ്യാപനം തുടരുകയാണ്. ഭാട്യ ആശുപത്രിയിൽ ആറ് മലയാളി നഴ്‌സുമാർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്‌സുമാർ നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. മുംബൈയിൽ മാത്രം 70 മലയാളി ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

പൊലീസുകാരിലും രോഗം കണ്ടെത്തുന്നത് ആശങ്കവർധിപ്പിക്കുന്നു. മുമ്പ്ര സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരെ നിരീക്ഷണത്തിലാക്കി. എൻസിപി മന്ത്രി ജിതേന്ദ്ര അവാഡിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 5 പൊലീസുകാരും പോസിറ്റീവായി. മന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു. ധാരാവിയിൽ സ്ഥിതി രൂക്ഷമാണ്. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്ത ചേരിയിൽ ശനിയാഴ്ച മരിച്ച 52കാരന്റെ ഫലവും പോസീറ്റവായി. ചേരിയിൽ 55 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താമസക്കാരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ചേരിനിവാസികൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വീൻ മരുന്ന് നൽകി തുടങ്ങി. അതേസമയം, സംസ്ഥാനത്താകെ 248 പേർ ഇതുവരെ രോഗമുക്തരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP