Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202204Tuesday

ലൈറ്റും ബ്രേക്കും ഇല്ലാത്ത കാർ രാത്രിയിൽ ഓടിക്കുപോലെയാണ് തമിഴ്‌നാട് ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയിരുന്നത്; ഇനി വേണ്ടത് സമഗ്രമായ സുരക്ഷാ പരിശോധന; വേണ്ടത് കേരള സർക്കാരിന്റെ ഉണർന്ന് പ്രവർത്തനം; സ്റ്റാലിനെ കാണുമ്പോൾ ഇനിയെങ്കിലും പിണറായി പറയേണ്ടതെന്ത്? ജോ ജോസഫിനും അഡ്വ സൂരജിനും പറയാനുള്ളത്

ലൈറ്റും ബ്രേക്കും ഇല്ലാത്ത കാർ രാത്രിയിൽ ഓടിക്കുപോലെയാണ് തമിഴ്‌നാട് ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയിരുന്നത്; ഇനി വേണ്ടത് സമഗ്രമായ സുരക്ഷാ പരിശോധന; വേണ്ടത് കേരള സർക്കാരിന്റെ ഉണർന്ന് പ്രവർത്തനം; സ്റ്റാലിനെ കാണുമ്പോൾ ഇനിയെങ്കിലും പിണറായി പറയേണ്ടതെന്ത്? ജോ ജോസഫിനും അഡ്വ സൂരജിനും പറയാനുള്ളത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന് അനുകൂലമായുള്ള സുപ്രീംകോടതി വിധി ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുഖ്യഹർജ്ജിക്കാരൻ കോതമംഗലം സ്വദേശി ഡോ.ജോ ജോസഫ്. ഡാമിന്റെ മേൽനോട്ടവും നടത്തിപ്പും സൂപ്പർവൈസറി കമ്മിറ്റിയുടെ നിയന്ത്രണത്തിലേയ്ക്ക് കോടതി കൊണ്ടുവന്നിരിക്കുകയാണ്.സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കണ്ടിരുന്നു. ഇത്തരം കൂടിക്കാഴ്ചകൾ മുല്ലപ്പെരിയാർ വിഷയം ചർച്ചയാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാറിന് വേണ്ടി നിയമ പോരാട്ടം നടത്തിയ ജോ ജോസഫ് ഇനി കേരളം ചെയ്യേണ്ടത് എന്തെന്ന് പറയുന്നത്.

അത് ഡാം സെയിഫ്റ്റി ആക്ട് പ്രകാരമുള്ള പരിശോധന സ്വതന്ത്ര സുരക്ഷാ വിദഗ്ധരക്കൊണ്ടാവും നടത്തുക.എന്തൊക്കെ പരിശോധിക്കണം എന്നതിനെപ്പറ്റി ആ ഈ വിദഗ്ദ്ധർക്കുമുമ്പിൽ അഭിപ്രായം പറയാൻ ഈ വിധിയിലൂടെ കേരളത്തിനും അവസരം ലഭിയക്കും.പരിശോധനയിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയാൽ പുതിയ ഡാം ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങളിലേയ്ക്ക് പോകേണ്ടിവരും.പുതിയ ഡാം നിർമ്മാണം, ജലനിരപ്പിന്റെ ക്രമീകരണം ഉൾപ്പെടെയുള്ള ഡാമിന്റെ എല്ലാകാര്യങ്ങളും തീരുമാനിക്കാനുള്ള അധികാരമാണ് സുപ്രീം കോടതി സൂപ്പർവൈസറി കമ്മിറ്റിക്ക് നൽകിയിരിക്കുന്നത്.

ഡാമിന്റെ കാര്യത്തിൽ ഇതുവരെ തമിഴ്‌നാട് പറയുന്നത് കേരളം കേൾക്കേണ്ട സ്ഥിതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്.ഈ വിധിയോടെ ആ സാഹചര്യം മാറും.ലീക്ക്, ലീച്ചിങ്, പ്രഷറർ തുടങ്ങിയ ഡാമിന്റെ ഡാറ്റ എല്ലാവിധ കാര്യങ്ങളും കേരളത്തിന്റെകൂടി പ്രതിനിധി ഉൾപ്പെടുന്ന സമിതിക്ക് പരിശോധിക്കാനുള്ള അവസരമാണ് വിധിയിലൂടെ ലഭിക്കുന്നത്.അദ്ദേഹം വ്യക്തമാക്കി.

2020 സെപ്റ്റംമ്പറിൽ ഡോ.ജോ ജോസഫ് മുഖ്യഹർജ്ജിക്കാരനായി നൽകിയ കേസിലാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഇപ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാന ഇടപെടൽ ഉണ്ടായിട്ടുള്ളത്.റൂൾക്കർവും, ഇൻസ്ട്രമെന്റേഷനും, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും നടപ്പാക്കണമെന്നാണ് ഈ മാസം 8-ന് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.ഡാമിന്റെ സുരക്ഷ കാര്യങ്ങളിലെ വീഴ്ച , സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, റൂൾക്കർവ് നടപ്പാക്കുന്നതിലെ വിമുഖത എന്നിവ ചൂണ്ടിക്കാട്ടിയും സൂപ്പർവൈസറി കമ്മിറ്റി ശക്തമാക്കണം,ഡാം സൂപ്പർവൈസറുടെ കീഴിൽ കൊണ്ടുവരണം എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടുമാണ് ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.2021 ൽ ഈ ഹർജ്ജിയിൽ ഒരു ഇന്ററിം ഓർഡർ കോടതി നൽകിയിരുന്നു.ഇതിന്റെ തുടർച്ചയായ ഓർഡർ ആണ് ഈമാസം 8-ന് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

ഭൂകമ്പങ്ങൾ അളക്കാനും അത് ഡാമിനെ എങ്ങനെ ബാധിക്കും എന്നു പഠിക്കാനുമുള്ള രണ്ട് ഉപകരണങ്ങളാണ് സേസ്മോഗ്രാഫും, ആക്സ്ലോഗ്രാഫും.1991 ൽ ഇവ ഡാമിൽ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായില്ല.കഴിഞ്ഞ 30 വർഷമായി തമിഴ്‌നാട് ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ തയ്യാറായില്ല.പല കാരണങ്ങളും പറഞ്ഞ് അത് മാറ്റിവച്ചു. പക്ഷെ ഈ കേസിലെ ആദ്യ കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ തമിഴ്‌നാട് ഈ ഉപകരണങ്ങൾ സ്ഥാപയ്ക്കാൻ നിർബന്ധിതരായി.ഇതും ഈ കേസിന്റെ നേട്ടത്തിൽ ഉൾപ്പെടും.ഡോ.ജോ ജോസഫ് വിശദമാക്കി.

തമിഴ്‌നാടിന്റെ തടസ്സവാദങ്ങളെ പൊളിച്ചടുക്കി,കേരളത്തിലെ ജനങ്ങളുടെ ആശങ്കയും ആവലാതിയും കോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴഞ്ഞതാണ് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന തരത്തിലേയ്ക്ക് മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി ഇടപെലുണ്ടായിട്ടുള്ളത്.കേസിൽ ഇടപെടുന്നതിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചും കേസ് നടത്തിപ്പിന്റെ നാൾവഴികളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഡോ.ജോ ജോസഫ് മറുനാടമായി പങ്കിട്ടു.

അനുകൂല സാഹചര്യം കേരളം പ്രയോജനപ്പെടുത്തിയില്ല

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള -തമിഴ്‌നാട് സർക്കാരുകൾ തമ്മിൽ നടന്നുവന്നിരുന്ന കേസിൽ 2014-ൽ ഉണ്ടായ സുപ്രീം കോടതിവിധിയിൽ കേരളത്തിന്റെ പ്രധാന ആവശ്യം നിരസിച്ചെങ്കിലും നമുക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടായിരുന്നു.സൂപ്പർവൈസറി കമ്മിറ്റി എന്നൊരു സമിതിയെ ഡാമിന്റെ സുരക്ഷ നോക്കാനായി കോടതി ഏൽപ്പിച്ചു. അതുവരെ ഈ ഡാമിന്റെ മുഴുവൻ കാര്യങ്ങളും തമിഴ്‌നാടാണ് തീരുമാനിച്ചിരുന്നത്.

സൂപ്പർവൈസറി കമ്മിറ്റി വന്നതോടെ കേരളത്തിനുംകൂടി നിയന്ത്രണമുള്ള ഒരു ഡാമായി മുല്ലപ്പെരിയാർ മാറി.എന്നാൽ സുപ്രീംകോടതി വിധിയെ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞില്ല.സൂപ്പർവൈസറി കമ്മിറ്റി വർഷത്തിലൊരിക്കൽ മാത്രമെ പലപ്പോഴും കൂടിയിരുന്നുള്ളു. ഈ കമ്മിറ്റി ഡാമിന്റെ പ്രവർത്തനങ്ങൾ തമിഴ്‌നാടിൽ നിന്ന് ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കാനോ അതിന് സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു ഓഫീസ് വേണമെന്ന് പറയാനോ കേരളം ശ്രമിച്ചില്ല. ഈ സാഹചര്യരം കണക്കിലെടുത്താണ് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

2006 മുതൽ 2014 വരെ സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ കേസ് നടന്നപ്പോൾ ജയിംസ് വിൽസൺ എന്ന ഡാം എക്സ്പേർട്ടിനെ പരിചയപ്പെട്ടു ഈ കേസ് നടത്താനുള്ള സാങ്കേതികമായ അറിവുകൾ അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. അതുകൂടാതെ കേസ് നടത്താനുള്ള തന്ത്രങ്ങളേക്കുറിച്ചും ആവശ്യമായ ഉപദേശം തന്നു. കോതമംഗലം സ്വദേശികൂടിയായ അഡ്വ.സൂരജ് .ടി ഇലഞ്ഞിക്കൽ നിയമപരമായുള്ള അറിവുകൾ പങ്കിട്ടു.

വിവരാവകാശ നിയമപ്രകാരം ഒരുപാട് രേഖകൾ പല ഓഫീസുകളിൽ നിന്നും എടുത്തു. മുല്ലപ്പെരിയാർ കേസിന്റെ ചരിത്രവും നാൾവഴികളും പഴയ കേസുകളുമെല്ലാം പഠിച്ചു.പുതിയ വിധിയിൽ ഒരു സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അത് ഡാം സെയിഫ്റ്റി ആക്ട് പ്രകാരം നടത്തുമ്പോൾ സ്വതന്ത്ര സുരക്ഷാ വിദഗ്ധരക്കൊണ്ട് നടത്തിക്കണം. എന്തൊക്കെ പരിശോധിക്കണം എന്നതിനെപ്പറ്റിയുള്ള കേരളത്തിന്റെ ആവശ്യങ്ങൾ ഈ വിദഗ്ദ്ധർക്കുമുമ്പിൽ പറയാൻ അവസരം കേരളത്തിനുണ്ടാകും.

പരിശോധനയിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയാൽ പുതിയ ഡാം ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങളിലേയ്ക്ക് പോകേണ്ടിവരും സൂപ്പർവൈസറി കമ്മിറ്റിക്ക് ഡാമിനേക്കുറിച്ചുള്ള എല്ലാകാര്യങ്ങളും തീരുമാനിക്കാനുള്ള (പുതിയ ഡാം നിർമ്മാണം, ജലനിരപ്പിന്റെ ക്രമീകരണം ഉൾപ്പെടെയുള്ളവ) അധികാരമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.

കേസ് നടത്തിപ്പിൽ തിമിഴ്‌നാടിനെ കണ്ട് പഠിക്കണം

തമിഴ്‌നാടിന്റെ അഭിഭാഷകരും എക്സ്പേർട്ടുകളും അടുക്കും ചിട്ടയുമായിട്ടാണ് ഈ കേസ് നടത്തിക്കൊണ്ടുപോകുന്നത്.തമിഴ്‌നാടിന്റെ ടീം വർഷങ്ങളായി ഡാമിന്റെ കാര്യങ്ങൾ പഠിച്ച് മാനേജ് ചെയ്യുന്നവരാണ്. കേരളത്തിൽ രണ്ട് വർഷം കൂടുമ്പോൾ എഞ്ചിനീയർ മാറിക്കൊണ്ടിരിക്കും, തുടർച്ചയില്ല. നമ്മൾ അടിയന്തിരിമായി മുല്ലപ്പെരിയാർ ഡാം മാനേജ്മെന്റിനായി ഒരു ടീം ഉണ്ടാക്കിയെ മതിയാവൂ. ഈ മന്ത്രിയോ സെക്രട്ടറിയോ ഒന്നും ആവശ്യമില്ല. കഴിവുള്ള, ആത്മാർത്ഥതയുള്ള, കാര്യങ്ങൾ പഠിക്കാൻ തയ്യാറായിട്ടുള്ള മൂന്നോ, നാലോ പേർ മാത്രം മതി.

അതിലൊരു സാങ്കേതിക വിദഗ്ധനും നിയമ നിദഗ്ധനും ഉണ്ടായിരിക്കണം. ഇങ്ങനെ ഡാമിനേക്കുറിച്ച് ആഴത്തിൽ അറിവുള്ള ഒരു ടീം ഇല്ലാത്തതിന്റെ ഒരുപാട് പാളിച്ചകൾ ഉണ്ടായി. സൂപ്പർവൈസറി കമ്മിറ്റി നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. കോടതി പലവട്ടം ചോദിച്ചിട്ടും ഈ കമ്മിറ്റി എല്ലാ അധികാരങ്ങളോടും കൂടി സ്ഥിരമായി നിലനിർത്തണമെന്ന് വ്യക്തതയോടെ പറയാൻ കേരളത്തിന്റെ അഭിഭാഷകന് സാധിച്ചില്ല.

അതുപോലെ തന്നെ സൂപ്പർവൈസറി കമ്മിറ്റിക്ക് ഓഫീസ് വേണമെന്ന കാര്യവും ആവശ്യപ്പെട്ടില്ല.നയത്തിന്റെ കാര്യത്തിലും പാളിച്ചകൾ ഉണ്ടായി.ഡാമിന്റെ സുരക്ഷിതത്വം മേൽ നോട്ടം വഹിക്കുന്നത് സൂപ്പർവൈസറി കമ്മിറ്റി ആണെങ്കിലും ഡാം സുരക്ഷ അഥോറിറ്റി ആണെങ്കിലും സെൻട്രൽവാട്ടർ കമ്മീഷന് വളരെ പ്രധാന പങ്കുണ്ട്. സെൻട്രൽ വാട്ടർ കമ്മീഷനെ പിണക്കേണ്ട കാര്യം നമുക്കില്ല. പക്ഷെ അക്കാരത്തിൽ കേരളത്തിന്റെ ടീമിന് ആവശ്യമായ കരുതൽ ഉണ്ടായിരുന്നില്ല.

ഒരു സ്വകാര്യ വ്യക്തിക്ക് കേസ് നടത്തുന്നതിന് ഒരുപാട് പരിമിതികളുണ്ട്. സർക്കാർ ചെയ്യേണ്ടകാര്യങ്ങൾ സർക്കാർ തന്നെ ചെയ്യണം. ഈ വിധി നമുക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ്. പക്ഷെ അത് ഫലപ്രാപ്തിയിലെത്തെണമെങ്കിൽ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. വിധി നടപ്പാക്കാനും, അത് നമുക്ക് ഉപകാരപ്രധമാകാനും കേരള സർക്കാർ വ്യക്തമായ തന്ത്രം മെനയുകയും അത് ഫലവത്താക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തേ മതിയാകൂ.ജോ ജോസഫ് കൂട്ടിച്ചേർത്തു.

പൊതുപ്രവർത്തനത്തിനിറങ്ങിയത് ജോലി രാജിവച്ച ശേഷം

എറണാകുളം മെഡിക്കൽ കോളേജിൽ അസോസീയേറ്റ് പ്രൊഫസർ ആയിരുന്നു ജോ ജോസഫ് ജോലി രാജിവച്ചാണ് പൊതുപ്രവർത്തനത്തിനിറങ്ങിയത്.മുൻ മന്ത്രി പി ജെ ജോസഫിന്റെ മകൾ അനു യമുനയാണ്് ഭാര്യ.കഴിഞ്ഞ നയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി കോതമംഗലത്ത് മൽസരിച്ചിരുന്നു.കൃഷിയെ ഏറെ ഇഷ്ടപ്പെടുന്ന ഡോക്ടർ,സാമൂഹിക വിഷയങ്ങളിൽ കഴിയുന്ന രീതിയിലുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

വിധി നടത്തിപ്പിൽ വീഴച ഉണ്ടായാൽ ഹർജ്ജി വീണ്ടും പരിഗണിക്കാൻ അവസരം

ഡോ.ജോ ജോസഫിന്റെ ഹർജ്ജിയിൽ ഇപ്പോൾ ഇടക്കാല ഉത്തരവാണ് ഉണ്ടായിട്ടുള്ളതെന്നും ഹർജ്ജി സുപ്രീംകോടതി ഇപ്പോഴും നിലനിർത്തിയിരിക്കുകയാണെന്നും ഏത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടായാലും വീണ്ടും ഇതെ കോടതിയെ തന്നെ സമീപിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കോതമംഗലം സ്വദേശി അഡ്വ. സൂരജ് ടി ഇലഞ്ഞിക്കൽ.

നിലവിലുള്ള 126 വർഷം പഴക്കമുള്ള ഡാം ഡീകമ്മീഷൻ ചെയ്യുകയും പുതിയ ഒരു ഡാം നിർമ്മിയുക്കുകയുമാണ് മുല്ലപ്പെരിയാർ ഡാം വിഷയത്തിലുള്ള പരിഹാരമാർഗ്ഗം എന്ന് നമുക്ക് എല്ലാവർക്കും അറിയാം.എന്നാൽ ഇത് നിയമപരമായും സാങ്കേതികമായും അത്ര എളുപ്പമുള്ള കാര്യമല്ലന്ന് 2014-ലെ കേരളം പരാജയപ്പെട്ട സുപ്രീം കോടതി വിധിയിൽ നിന്നും വ്യക്തമാണ്്.ഡാമിന്റെ അപകടകരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നു എന്നാണ് പരക്കെയുള്ള ആശങ്ക,ഇത് എന്തൊക്കെയാണെന്ന് പരിശോധനകളിലൂടെ മനസ്സിലാക്കി,അത് ഒഴിവാക്കി, ഡാം സംരക്ഷയ്ക്കപ്പെടുകയാണ് നമുക്ക് മുന്നിലുള്ള പ്രധാന ആവശ്യം.ഇക്കാര്യത്തിന് ഊന്നൽ നൽകിയാണ് ഡോ. ജോ ജോസഫ് കോടതിയിയെ സമീപിച്ചത്.

ഒരർത്ഥത്തിൽ പറഞ്ഞാൽ ലൈറ്റും ബ്രേക്കും ഇല്ലാത്ത കാർ രാത്രിയിൽ ഓടിക്കുപോലെയാണ് തമിഴ്‌നാട് ഈ ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയിരുന്നത്. എതിർകക്ഷികളായി കേരള-തമിഴ്‌നാട് സർക്കാരുകളെയും മേൽനോട്ടസമിതിയെയും സെന്ററൽ വാട്ടർ കമ്മിഷനെയും ചേർത്തിരുന്നു.മുല്ലപ്പെരിയാർ കേസിന്റെ ചരത്രത്തിലെ തന്നെ സുപ്രധാന വിധിയെന്ന് പറയാവുന്ന വിധിയാണ് ഈ മാസം 8-ന് ഉണ്ടായിട്ടുള്ളത്.ഈ കേസ് നടത്തിപ്പിൽ ഭാഗവാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് അഡ്വ. സുരജ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP