Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുല്ലപെരിയാർ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിടുന്നതിൽ തീരുമാനം എടുക്കുന്നതിന് സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണം എന്ന് കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ പറയുന്നു. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ സമിതി രൂപീകരിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം.

രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് വീതം അംഗങ്ങൾ ഉൾപെടുന്നതാകണം സമിതിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ കേരളം ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം എന്ന് മേൽനോട്ട സമിതിയോട് നിർദ്ദേശിക്കണമെന്നും കേരളത്തിന്റെ പുതിയ അപേക്ഷയിൽ പറയുന്നു. മുല്ലപ്പെരിയാർ കേസ് വെള്ളിയാഴ്‌ച്ച സുപ്രീം കോടതി പരിഗണിക്കും.

മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട് കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവുകൾ തമിഴ്‌നാട് സർക്കാരും മേൽനോട്ട സമിതിയും പാലിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാലാണ് അണക്കെട്ടിൽനിന്ന് ജലം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സാങ്കേതിക സമിതി രൂപവത്കരിക്കണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എത്ര അളവിൽ ജലം പുറത്തേക്കു വിടണം എന്ന് സമിതി നിശ്ചയിക്കണമെന്നും അപേക്ഷയിൽ ആവശ്യപെട്ടിട്ടുണ്ട്.

അണക്കെട്ടിൽ നിന്ന് പകൽ സമയത്ത് മാത്രമേ വെള്ളം തുറന്നുവിടാവൂ എന്ന് തമിഴ്‌നാടിനോട് നിർദേശിക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്കുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകാൻ തമിഴ്‌നാടിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാർ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ആ ആവശ്യം രേഖപെടുത്തിയിട്ടില്ല.

ഇതിനിടെ ജോ ജോസഫിന്റെയും സേവ് കേരള ബ്രിഗേഡിന്റെയും ഹർജികളിൽ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. മുല്ലപെരിയാർ അണകെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കാൻ കേരളം തടസ്സം നിൽക്കുന്നുവെന്ന് സത്യവാങ്മൂലത്തിൽ തമിഴ്‌നാട് ആരോപിച്ചിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്ന് രാത്രികാലങ്ങളിൽ വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നത്. വീടുകളിൽ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയിൽ നൽകുന്ന അപേക്ഷയോടൊപ്പം ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

അടിയന്തര ഇടപെടൽ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീംകോടതി നിർദ്ദേശം ഉണ്ടായിട്ടും മേൽനോട്ട ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താൻ മേൽനോട്ട സമിതി തയ്യാറായില്ല. കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വെള്ളിയാഴ്ച കേരളത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP