Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഒരിക്കൽ ടിപ്പുവിന്റെ പടയോട്ടത്തിൽ നിന്നും തിരുവിതാംകൂറിനെ രക്ഷിച്ച ചിറ; സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് നിർമ്മിച്ച അത്ഭുതത്തിന്റെ ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; വരണ്ടുണങ്ങിയ മധുരക്ക് ​ദാഹനീര് തേടിയുള്ള ബ്രിട്ടീഷുകാരുടെ യാത്രക്കൊടുവിൽ വിശാഖം തിരുനാൾ മഹാരാജാവ് കരാറിലൊപ്പിട്ടത് ഹൃ​ദയരക്തം കൊണ്ടും; കേരളത്തിന്റെ തലയ്ക്ക് മുകളിലെ ജലബോംബിന് ഇന്ന് 125 വയസ്; പോരാട്ടങ്ങൾക്ക് അവധി കൊടുക്കാതെ സേവ് കേരള ബ്രിഗേഡും

ഒരിക്കൽ ടിപ്പുവിന്റെ പടയോട്ടത്തിൽ നിന്നും തിരുവിതാംകൂറിനെ രക്ഷിച്ച ചിറ; സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് നിർമ്മിച്ച അത്ഭുതത്തിന്റെ ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; വരണ്ടുണങ്ങിയ മധുരക്ക് ​ദാഹനീര് തേടിയുള്ള ബ്രിട്ടീഷുകാരുടെ യാത്രക്കൊടുവിൽ വിശാഖം തിരുനാൾ മഹാരാജാവ് കരാറിലൊപ്പിട്ടത് ഹൃ​ദയരക്തം കൊണ്ടും; കേരളത്തിന്റെ തലയ്ക്ക് മുകളിലെ ജലബോംബിന് ഇന്ന് 125 വയസ്; പോരാട്ടങ്ങൾക്ക് അവധി കൊടുക്കാതെ സേവ് കേരള ബ്രിഗേഡും

മറുനാടൻ ഡെസ്‌ക്‌

മുല്ലപ്പെരിയാർ ഡാമിന് ഇന്ന് 125 വയസ്സ്. 1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരളത്തിന്റെ അഞ്ചു ജില്ലകളെ ഭീതിയിലാഴ്‌ത്തിയാണ് ഈ ജലബോംബ് നിലകൊള്ളുന്നത്. കിഴക്കോട്ട് ഒഴുകിയിരുന്ന വെള്ളത്തെ ചിറകെട്ടി ​ഗതിമാറ്റിയ പൂർവ്വികർ ഒരു പക്ഷേ അറിഞ്ഞിരിക്കില്ല ഇത് ഭാവിയിൽ ഒരു ജനതയുടെ ഉറക്കം കെടുത്തും എന്ന്. ഒരു ഭൂവിഭാ​ഗത്തെ മുഴുവൻ തുടച്ചുമാറ്റാൻ തക്ക ശക്തിയായി വളരുമെന്ന്.

1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും പെരിയാർ പാട്ടകരാർ ഒപ്പിടും മുമ്പേ മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുകിയിരുന്നു. ടിപ്പുസുൽത്താനും പട്ടാളത്തിനും തിരുവിതാംകൂറിൽ പ്രവേശിക്കാതെ മടങ്ങേണ്ടിവന്നത് പെരിയാറിന്റെ ഉൽഭവ സ്ഥാനത്തെ ചിറ തകർത്തത് മൂലമാണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്നുണ്ട്. 

വരണ്ടുണങ്ങിയ മധുരക്ക് ദാഹനീരു തേടിയുള്ള ബ്രീട്ടീഷുകാരുടെ അന്വേഷണമാണ് ഇന്ന് കേരളം നേരിടുന്ന മഹാവിപത്തിലേക്ക് കൊണ്ടെത്തിച്ചത്. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയർ അണക്കെട്ട് നിർമ്മിച്ചതോടെയാണ് പെരിയാർ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. അന്ന് മുല്ലപെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളുടെ പുതിയ തലമുറക്കാർ ഇപ്പോൾ തേക്കടിയിലെ മന്നാക്കുടിയലുണ്ട്.

കേരളാ തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ 68556 ഹെക്ടർ സ്ഥലത്തെ കൃഷിക്കും അഞ്ചു ജില്ലകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാണ് ഈ അണക്കെട്ട്. പെരിയാർ വന്യജീവി സങ്കേതത്തിലെയും പരിസരങ്ങളിലെയും 5398 ചതുരശ്ര കിലോമീറ്ററാണ് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. 1886 ൽ തിരുവിതാംകൂർ മഹാരാജാവും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം നിർമ്മാണം ആരംഭിച്ച മുല്ലപ്പെരിയാർ അണക്കെട്ട് പൂർത്തീകരിച്ചിട്ട് 125 വർഷം പൂർത്തിയാകുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാർക്ക് മുല്ലപെരിയാർ നിർമ്മാണ കാലത്തെ കഥകളും –കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്മാരിൽ നിന്ന് പകർന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിർമ്മാണത്തിലിരിക്കെ രണ്ട് തവണ തകർന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗർഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാർ തമിഴ്‌നാടിന് പൊന്മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങൾക്കിത് ദൈവമാണ്, എന്നാൽ കാലഹരണപ്പെട്ട ഈ പുരാതന നിർമ്മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.

ചരിത്രമൊഴുകുന്ന പെരിയാർ

ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയിൽ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റർ പിന്നിടുമ്പോൾ മുല്ലയാർ എന്ന ഒരു ചെറുനദികൂടി ഒപ്പം ചേരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാർ എന്ന പേര് ഈ നദിക്ക് ലഭിച്ചത്. ഇതിന് സമീപത്തായി സമുദ്രനിരപ്പിൽ നിന്ന് 873 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ അക്കാലത്ത് സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാനുള്ള നടപടികളൊന്നും തിരുവിതാംകൂർ ഗവൺമെന്റ് സ്വീകരിച്ചിരുന്നില്ല. അതേസമയം അയൽസംസ്ഥാനമായ മ്രദാസ് പ്രവിശ്യയിലെ മധുര, രാമനാട്, ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മദ്രാസ് സംസ്ഥാനം. പെരിയാറിലെ ജലം കെട്ടിനിറുത്തി മധുര, രാമനാട് ജില്ലകളിലൂടെഒഴുക്കിവിട്ടാൽ അവിടത്തെ കൃഷിക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികൾ അതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷർ 1862 സെപ്റ്റംബർ 22ന് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മാധവറാവുവിന്, പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു.തുടർന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ പദ്ധതിയെ സംബന്ധിച്ച് കരാറുണ്ടാക്കി. 1886 ഒക്ടോബർ 29ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിന് വേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ് ടണുമാണ് പാട്ടക്കരാറിൽ ഒപ്പുവച്ചത്.

വിശാഖം തിരുനാൾ ഹൃദയരക്തം കൊണ്ടെഴുതിയ കരാർ

1862ൽ മേജർ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി ( ആയിരം ദശലക്ഷം ഘനയടി ) വെള്ളം സംഭരിക്കാവുന്നതുമായ അണക്കെട്ട് നിർമ്മിച്ചതോടെയാണ് അയൽ രാജ്യത്തിന്റെ വെള്ളം ചോർത്തൽ തിരുവിതാംകൂർ ഭരണം അറിഞ്ഞത്. തുടർന്നാണ് ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത് .വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പെരിയാർ പാട്ടകരാർ ഒപ്പിടുന്നതിന് അനുമതി നൽകുമ്പോൾ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പുവെക്കുന്നുവെന്നാണ്.

മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടുന്നതിന് സൗകര്യമൊരുക്കുന്നതിനും തിരുവിതാംകൂറിൽ അയൽ രാജ്യത്തിന്റെ അണക്കെട്ട് നിർമ്മിക്കുന്നതിനും ആവശ്യമായ ഭൂമിയും വിട്ടുകൊടുക്കേണ്ടിവന്നു. നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പിൽ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കർ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കർ ഭൂമി മറ്റ് നിർമ്മാണ ആവശ്യങ്ങൾക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതൽ 999വർഷത്തേക്ക് പാട്ടത്തിന് നൽകി. ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നു വാർഷിക പാട്ടം. അന്നത്തെ മധുര, രാമനാഥപുരം പ്രദേശങ്ങളിൽ ജലസേചനാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.

ചുണ്ണാമ്പും ശർക്കരയുംചേർന്ന സുർക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിർമ്മിച്ചത്. തർക്കത്തിന്റെ തുടക്കം കരാർ ഒപ്പിട്ട ആദ്യ 40 വർഷം മുല്ലപ്പെരിയാർ ശാന്തമായിരുന്നു. ജലസേചനത്തിനായി നൽകിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനത്തിന് മദിരാശി സർക്കാർ പദ്ധതി തയ്യാറാക്കിയതോടെയാണ് തർക്കത്തിന് തുടക്കമായത്. ആദ്യ കരാർ ലംഘനവും ഇതാണ്.

ജോൺ പെന്നി ക്വിക്ക്: ഡാമിന്റെ ശില്പി

ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു ജോൺ പെന്നി ക്വിക്ക്. 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകി.1895-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.

ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്.

അപകടകരമായ നിസ്സം​ഗതയോടെ തമിഴ്‌നാട്

142 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിന്റെ ആദ്യകാല ജലസംഭരണം. ഇതിൽകൂടുതൽ ജലസംഭരണത്തിന് സുപ്രീംകോടതി അനുവാദം കൊടുത്തിരിക്കുകയാണിപ്പോൾ. ഒരു പ്രളയമോ ഉരുൾപ്പൊട്ടലോ ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിനെ അതിജീവിക്കുമെന്ന് ആരും കരുതുന്നില്ല- തമിഴ്‌നാട് ഒഴികെ. കേരള സർക്കാർ കൊണ്ടുവന്ന ഡാം സുരക്ഷാനിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. 'മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. മുല്ലപ്പെരിയാറിന് ഒരു ചെറിയ ഭൂകമ്പത്തെപ്പോലും താങ്ങാനുള്ള ശേഷിയില്ല. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാർ തകർന്നാൽ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കിഡാമിന്റെ തകർച്ചയ്ക്കുമത് കാരണമാകും. നിരന്തരം ചുണ്ണാമ്പുചോരുന്നതിനാൽ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതിന് പകരം പുതിയൊരു ഡാം നിർമ്മിക്കുകയാണ് ഒരേയൊരു പോംവഴി." വിദഗ്ദ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

മുല്ലപ്പെരിയാർ പ്രശ്നം മഴ കനക്കുമ്പോൾ മാത്രം എല്ലാവരുടെയും ഉറക്കം കെടുത്തുകയും വെയിൽ പരക്കുമ്പോൾ എല്ലാം ശാന്തമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായാണ് ഇപ്പോൾ നിലനിൽക്കുന്നത്. വലിയ സാങ്കേതിക വിദ്യകളില്ലാതെ, സിമന്റിനെക്കാൾ ബലം കുറഞ്ഞ ചുണ്ണാമ്പ് മിശ്രിതമായ സുർഖികൊണ്ട് നിർമ്മിച്ച ഇൗ അണക്കെട്ട് ഇത്രനാൾ നിലനിന്നത് തന്നെ അത്ഭുതമാണ്. ഏതുനിമിഷവും കൊടിയ നാശം വിതയ്ക്കാവുന്ന ഒരു കൂറ്റൻ ജലബോംബും നെഞ്ചിൽ വച്ചുകൊണ്ട് ഒരു ജനതയാകെ ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോഴും നിസ്സംഗത തുടരുന്ന തമിഴ്‌നാടിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും തീർത്തും മനുഷ്യത്വരഹിതവുമാണ്.

സമരങ്ങൾ അവസാനിക്കുന്നില്ല

മുല്ലപ്പെരിയാർ ഡാമിന് 125 വയസ് തികയുന്ന ഒക്ടോബർ 10 ന് പ്രതിഷേധ സമരവുമായി സേവ് കേരള ബ്രിഗേഡ്. 125 വർഷം പഴക്കമുള്ള ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം കേരളത്തിനും തമിഴ്‌നാടിനുമിടയിൽ പരിഹാരമില്ലാത്ത ഉഭയകക്ഷി പ്രശ്നമായി ഇപ്പോഴും നിലകൊള്ളുന്നു. മദ്ധ്യ കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഈ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു സമര രംഗത്തുള്ള, അഡ്വ:റസ്സൽ ജോയ് നേതൃത്വം കൊടുക്കുന്ന സേവ് കേരള ബ്രിഗേഡ്, ഇന്ന് കേരളം മുഴുവൻ വിവിധ രീതിയിലുള്ള പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നു. 

ഒക്ടോബർ 10 ന് എല്ലാ പഞ്ചായത്തിലും സംഘടനയിലെ അംഗങ്ങൾ വീടുകൾക്ക് മുൻപിൽ ബാനറുകൾ പ്രദർശിപ്പിക്കുന്നതോടൊപ്പം പ്രധാന ജംഗ്ഷനുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അഞ്ചു പേരിൽ കൂടാതെ പ്ലക്കാർഡുകൾ പിടിച്ചു പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചതായും ജനറൽ സെക്രട്ടറി അമൃതാപ്രീതം അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിന് 125 വർഷം തികയുന്ന വേളയിൽ ഈ വർഷം ഡിസംബർ 31 വരെ വിവിധ സമര പരിപാടികൾ നടത്തി സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. ആലുവ മുൻസിപ്പൽ ഓഫീസിനു മുൻപിൽ ഒക്ടോബർ 10 ന് രാവിലെ പ്രശസ്ത ചിത്രകാരൻ ഇബ്രാഹിം ബാദുഷ, മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുവാൻ ലൈവ് ചിത്രരചന പ്രദർശനം നടത്തും.

കൂടാതെ സമൂഹത്തിൽ ഡാം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സേവ് കേരള ബ്രിഗേഡ് 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഓൺ ലൈൻ ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.മുല്ലപ്പെരിയാർ ഡാം വിഷയത്തെ സംബന്ധിച്ചുള്ള കളർ പെയിന്റിങ് ചിത്രങ്ങൾ വരച്ചു സേവ് കേരള ബ്രിഗേഡിന്റെ ഫേസ്‌ബുക് പേജിൽ ഒക്ടോബർ 15 ന് മുൻപായി പോസ്റ്റ്‌ ചെയ്യുകയാണ് വേണ്ടത്. ആദ്യ 8 സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ 5 പേർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ചിത്രം പോസ്റ്റ്‌ ചെയ്യുന്നതോടൊപ്പം ചിത്രം വരച്ച കുട്ടിയുടെ ഫോട്ടോയും,പഠിക്കുന്ന ക്ലാസ്സ്‌,സ്കൂളിന്റെ പേര്,സ്ഥലം എന്നിവയും പോസ്റ്റ്‌ ചെയ്യേണ്ടതാണ്.

മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടുവാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് അഡ്വ. റസ്സൽ ജോയിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഒപ്പുശേഖരണവും സംഘടിപ്പിക്കുന്നു.ചുവടെയുള്ള ലിങ്ക് ഓപ്പൺ ചെയ്ത് നിങ്ങൾക്കും ഈ ഉ​ദ്യമത്തിൽ പങ്കാളികളാകാം. 

http://chng.it/855b4WND

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP