Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ; 142 അടിയിലേക്ക് വെള്ളം ഉയർന്നതോടെ 9 ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്; ഇത്തവണയും ഷട്ടറുകൾ ഉയർത്തിയത് മുന്നറിയിപ്പിലാതെ എന്ന് ആക്ഷേപം; വീടുകളിൽ വെള്ളം കയറിയതോടെ പരാതി പ്രവാഹം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ; 142 അടിയിലേക്ക് വെള്ളം ഉയർന്നതോടെ 9 ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്; ഇത്തവണയും ഷട്ടറുകൾ ഉയർത്തിയത് മുന്നറിയിപ്പിലാതെ എന്ന് ആക്ഷേപം; വീടുകളിൽ വെള്ളം കയറിയതോടെ പരാതി പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയർന്നതോടെ പെരിയാറിൽ ആശങ്ക ശക്തം.ഇതോടെ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകൾ ഉയർത്തി. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുലർച്ചെ ഷട്ടറുകൾ തുറക്കുന്ന പതിവ് ഇന്നും തമിഴ്‌നാട് തുടർന്നു. 142 അടിയായി ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിൽ നിന്നും ഇഷ്ടപോലെ വെള്ളം തമിഴ്‌നാട് പുറത്തേക്ക് വിടുകയാണ്.

കഴിഞ്ഞ ദിവസം പെരിയാർ ടൈഗർ റിസർവിൽ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയിൽ നീരൊഴുക്കുണ്ടായത്. 141.9 അടി വരെയായിരുന്നു ഇന്നലെ രാത്രിയിലെ ജലനിരപ്പ്. 142 അടിയിലെത്തിയതോടെ തമിഴ്‌നാട് ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷട്ടറുകൾ തുറന്നു. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെയാണ് ഉയർത്തിയത്. നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്.

ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറന്നതിൽ പെരിയാറിന്റെ തീരത്തുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഷട്ടർ തുറന്നതോടെ പെരിയാറിൽ ജലനിരപ്പ് നാല് അടിയിലേറെ ഉയർന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്. തമിഴ്‌നാടിന്റെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഇന്ന് പുലർച്ചെയോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയതെന്നും വീട്ടുസാധനങ്ങൾ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഷട്ടറുകൾ ഉയർത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നതെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇന്ന് പുലർച്ചയോടെ വീടുകളിലേക്ക് വെള്ളം കയറി.എന്നാൽ ഒമ്പത് മണിയോടെയാണ് ജാഗ്രതാ മുന്നറിയിപ്പ് വന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ഷട്ടറുകൾ തോന്നും പോലെ ഉയർത്തുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയാണ്.

''ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയർത്തി. എപ്പോഴാണ് ഷട്ടറുകൾ ഉയർത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടറ് ഉയർത്തിയ വിവരമറിയുന്നത്. അപ്രതീക്ഷിച്ചതായി വെള്ളം കയറുന്ന സാഹചര്യത്തിൽ ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും'' പെരിയാറിന് തീരത്ത് താമസിക്കുന്നവർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP