Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തോട് കലിപ്പ് തീർക്കാൻ ഷട്ടറുകൾ തുറക്കുന്നത് വച്ച് താമസിച്ചത് കേരളത്തിന് വിനയായി; കുത്തൊഴുക്ക് തുടർന്നതോടെ ഷട്ടർ ഇനിയും ഉയർത്തിയാൽ ഇടുക്കിയിലേക്കുള്ള ജലപ്രവാഹം ഇരട്ടിയാക്കും; ചപ്പാത്ത് വണ്ടിപെരിയാർ പ്രദേശങ്ങളിൽ ഭീതി മാറുന്നില്ല; സുപ്രീംകോടതി നിർദ്ദേശങ്ങൾ പോലും പാലിക്കാതെ തോന്നിയ പോലെ പ്രവർത്തിച്ച് തമിഴ്‌നാട്; സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം

കേരളത്തോട് കലിപ്പ് തീർക്കാൻ ഷട്ടറുകൾ തുറക്കുന്നത് വച്ച് താമസിച്ചത് കേരളത്തിന് വിനയായി; കുത്തൊഴുക്ക് തുടർന്നതോടെ ഷട്ടർ ഇനിയും ഉയർത്തിയാൽ ഇടുക്കിയിലേക്കുള്ള ജലപ്രവാഹം ഇരട്ടിയാക്കും; ചപ്പാത്ത് വണ്ടിപെരിയാർ പ്രദേശങ്ങളിൽ ഭീതി മാറുന്നില്ല; സുപ്രീംകോടതി നിർദ്ദേശങ്ങൾ പോലും പാലിക്കാതെ തോന്നിയ പോലെ പ്രവർത്തിച്ച് തമിഴ്‌നാട്; സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

വണ്ടിപെരിയാർ: കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ച് ഈ അണക്കെട്ട് ഇന്ന് കേരളത്തിന് തീരാ തലവേദനയാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിലെ ദുരിതം അനുഭവിക്കുന്നതും കേരളത്തിലെ ആളുകൾ മാത്രമാണ്. ഡാം തകർന്നാലോ തുറന്നാലോ കൊച്ചി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. എന്നാൽ ഇതൊന്നും തമിഴ്‌നാടിന് പ്രശ്‌നമില്ല. കേരളത്തിലെ ഡാം നിയന്ത്രിക്കുന്നത് മുല്ലപ്പെരിയാറാണ്. ജനങ്ങളുടെ ദുഃഖം കാണാതെ തന്നിഷ്ട പ്രകാരം തമിഴ്‌നാട് പ്രവർത്തിച്ചതാണ് ഇപ്പോൾ ആലുവയും കൊച്ചിയും നേരിടുന്ന ദുരിതങ്ങളുടെ കാരണം.

കനത്ത മഴയിൽ ഇടുക്കി ഡാം നിറയുമ്പോൾ തന്നെ പ്രശ്‌നങ്ങളുടെ ഗൗരവം കേരളത്തിന് മനസ്സിലായിരുന്നു. ഇത് തമിഴ്‌നാടിനേയും അറിയിച്ചു. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടില്ല. എങ്ങനേയും 142 അടിയിൽ ജലനിരപ്പ് ഉയർത്താനായിരുന്നു അവരുടെ ശ്രമം. ഇതിനായി മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ കാലതാമസമുണ്ടാക്കി. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് കേരളവും. തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വമായിരുന്നു ഈ തീരുമാനം എടുത്തത്. കേരളത്തിൽ കാലവർഷം ശക്തമാണെന്നും മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്.

142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനായിരുന്നു ഇത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പതിമൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റർ ഉയർത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയർത്താൻ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകൾ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്‌സ് വെള്ളമാണ്. ഇത് താങ്ങാൻ മുല്ലപ്പെരിയാറിന് കഴിയില്ല, അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരും. ഇതെല്ലാം എത്തുന്നത് ഇടുക്കി ഡാമിലാണ്. നിറഞ്ഞു തുളുമ്പുന്ന ഡാമിൽ മുല്ലപ്പെരിയാർ വെള്ളമെത്തുമ്പോൾ ചെറുതോണിയിലെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. ഇത് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു.

കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് കൂടുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയപരിധിയായ 142 അടിയിൽ എത്തി. ഇതോടെ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് വിടേണ്ടി സ്ഥിതിയാണ്. ഇപ്പോൾ പുറത്തുവിടുന്ന 10,000 കുസെക്‌സ് 30,000 കുസെക്‌സിലേക്ക് ഉയരാമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച് തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുകയാണ്. അണക്കെട്ടിൽ വെള്ളം ഉയരുന്നതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട്. അങ്ങനെ വന്നാൽ കൂടുതൽ വെള്ളം വണ്ടിപെരിയാർ വഴി 44 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും. ഇത് കേരളത്തിലെ പ്രളയത്തെ ഇരട്ടിയാക്കും. അതായത് ഈ ഡാം കേരളത്തിലാണ്. പക്ഷേ നിയന്ത്രണം മാത്രം കേരളത്തിനില്ല. അതുകൊണ്ട് തന്നെ ദുരിതം കൂടും.

ഇടുക്കി അണക്കെട്ടിൽ 2399 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനത്തിനായി സുപ്രീംകോടതി നിർദേശ പ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേന്ദ്രജല കമ്മിഷനിൽ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എൻജിനീയർ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണ് സമിതി. അടിയന്തരഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിൽ ഷട്ടർ തുറക്കുമ്പോൾ ഇരു സംസ്ഥാനങ്ങളുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുമായിരുന്നു.

സുപ്രീംകോടതി നിർദേശമനുസരിച്ച് ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങൾ തമ്മിൽ കാണുന്നത് വർഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയിൽ നിർദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാൻ സമിതിക്ക് കഴിഞ്ഞില്ല. ഇതെല്ലാം പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്. 139 അടിയാക്കി കുറയ്ക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി നീരൊഴുക്ക് ശക്തമായിട്ടും ആവശ്യത്തിന് വെള്ളം തുറന്നുവിടാൻ തയാറാകാത്ത തമിഴ്‌നാടിന്റെ നടപടിക്കെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇടുക്കി കുട്ടിക്കാനം- കട്ടപ്പന പാതയിലെ പ്രധാന പാലമായ ഉപ്പുതറ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. രാവിലെ മുതൽ കനത്ത ജലപ്രവാഹമായിരുന്നു ഇവിടെ. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതോടെ വൈകുന്നേരം ആറുമണിയോടെയാണ് ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായത്. സമീപത്തുതാമസിച്ചിരുന്ന നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി. ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ കുട്ടിക്കാനം-കട്ടപ്പന പാതയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുന്നെങ്കിലും ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. നീരൊഴുക്കിന് അനുസരിച്ച് തമിഴ്‌നാട് ഇപ്പോൾ വെള്ളം തുറന്നുവിടുന്നുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഇപ്പോൾ ഒന്നരലക്ഷത്തിലേറെപ്പേർ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും തമിഴ്‌നാട് ആനുപാതികമായി വെള്ളം തുറന്നുവിടാത്തത് ആശങ്കയുണ്ടാക്കിയിരുന്നു. അപകടാവസ്ഥ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി ധരിപ്പിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആശയവിനിമയം നടത്തി. അവരുടെ കൂടി ഇടപെടൽ ആശങ്ക പരിഹരിക്കുന്നതിന് സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിൽ നിന്ന് ഒഴുക്കുന്നവെള്ളത്തിന്റെ അളവ് കൂട്ടേണ്ടിവരും. കൂടുതൽ വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ആലുവയിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കി. ഒന്നരലക്ഷംപേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. സ്‌കൂളുൾക്ക് പുറമെ കല്യാണമണ്ഡപങ്ങളിൽ ഉൾപ്പടെ ക്യാംപുകൾ പ്രവർത്തിക്കും. സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടു. പത്തനംതിട്ട് റാന്നിയിലുൾപ്പടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP