Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടണമെന്ന പിണറായിയുടെ ആവശ്യത്തിന് പുല്ലുവില; അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി; നീരൊഴുക്കിൽ മാറ്റമില്ല; തമിഴ്‌നാട് കൊണ്ടു പോകുന്നത് വെറും 2200 ഘനയടി വെള്ളം; സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ...; മുല്ലപ്പെരിയാറിൽ മലയാളിയുടെ ഈ കണ്ണുനീർ കാണാതെ മുഖ്യമന്ത്രി സ്റ്റാലിൻ

തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടണമെന്ന പിണറായിയുടെ ആവശ്യത്തിന് പുല്ലുവില; അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി; നീരൊഴുക്കിൽ മാറ്റമില്ല; തമിഴ്‌നാട് കൊണ്ടു പോകുന്നത് വെറും 2200 ഘനയടി വെള്ളം; സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ...; മുല്ലപ്പെരിയാറിൽ മലയാളിയുടെ ഈ കണ്ണുനീർ കാണാതെ മുഖ്യമന്ത്രി സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിണറായിയുടെ കത്തിന് സ്റ്റാലിൻ നൽകുന്നത് പുല്ലുവില. മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്ക അറിയിച്ച് കത്തയച്ചിട്ടും തമിഴ്‌നാടിന് കുലുക്കമില്ല. കേരളത്തിന്റെ ആശങ്കമാറ്റാൻ അവർ ഇനിയും ഒന്നും ചെയ്യുന്നില്ല. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. തമിഴ്‌നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 1800 ഘനയടി 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്.

അടിയന്തര സാഹചര്യമുണ്ടായാൽ 300 ഘനയടി വെള്ളം കൂടിയേ തമിഴ്‌നാടിനു കൊണ്ടുപോകാൻ കഴിയൂ. ഇതിൽ കൂടുതൽ അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കണമെങ്കിൽ സ്പിൽവേയിലെ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് ഒഴുക്കണം. അതിന് ഇനിയും തമിഴ്‌നാട് തയ്യാറാകുന്നില്ല. ലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു.

തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നാണ് തമിഴ്‌നാട് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കത്തിനോട് ഒരു അനുഭാവവും തമിഴ്‌നാട് പ്രകടിപ്പിക്കുന്നില്ല. 'സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ..'..... ഈ അഭ്യർത്ഥനയുമായി സ്റ്റാലിന്റെ പേജിലെത്തി മലയാളികൾ പോസ്റ്റും ചെയ്യുന്നു. എന്നാലും മുല്ലപ്പെരിയാറിൽ മൗനം തുടരുകയാണ് തമിഴ്‌നാട് സർക്കാർ.

മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ജലനിരപ്പ് 136 അടിയിലും താഴ്‌ത്തി നിർത്താൻ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. തുലാവർഷം ശക്തമായാൽ ആ കണക്കുകൂട്ടൽ തെറ്റും. ജലനിരപ്പ് 136 അടിയിൽനിന്ന് 142 ലേക്ക് ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയ ശേഷം മൂന്നു തവണ അത് 142 അടിയിലെത്തിയിരുന്നു 2014 നവംബർ 21 നും 2015 ഡിസംബർ ആറിനും 2018 ഓഗസ്റ്റ് 15 നും . പഴയ കണക്കുകൾ പരിശോധിച്ചാൽ ജലനിരപ്പ് അനുവദനീയ സംഭരണശേഷി പിന്നിട്ടത് അധികവും തുലാവർഷക്കാലത്താണെന്നു വ്യക്തം.

ഇടുക്കി ആർഡിഒ എം.കെ. ഷാജി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനു ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പെരിയാർ വില്ലേജിലെ വികാസ് നഗർ, ഇഞ്ചിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം തുടങ്ങിയ സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തി.

ഒക്ടോബർ 16 മുതൽ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുൾപൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് കേരളാ മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചത്. മുല്ലപ്പെരിയാറിൽ ഒക്ടോബർ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോൾ തമിഴ്‌നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസർവോയറിലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. അതിനു മുന്നോടിയായി ഇടമലയാർ അണക്കെട്ടും തുറന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽനില ഒക്ടോബർ 20ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും കത്തിൽ തമിഴ്‌നാടിനെ അറിയിച്ചു.

ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP