Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ നഗരങ്ങളെ യൂറോപ്യൻ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ മുകേഷ് അംബാനി കളത്തിലിറങ്ങുന്നു; മുംബൈയ്ക്ക് സമീപം സിംഗപ്പൂർ മാതൃകയിൽ മെഗാ സിറ്റി പണിയാൻ മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസ്; 4,300 ഏക്കർ ഭൂമി ഏറ്റെടുത്ത് 7,500 കോടി ഡോളറിന്റെ വൻ നിക്ഷേപമിറക്കി നിർമ്മിക്കുന്ന റിലയൻസ് സിറ്റി ഇന്ത്യൻ ധനാഢ്യരുടെ വിഹാരകേന്ദ്രമായി മാറും; തൊട്ടതെല്ലാം പൊന്നാക്കി മുകേഷ് അംബാനി ലോകത്തെ അമ്പരപ്പിക്കുന്ന ശതകോടീശ്വരനായി മാറുമ്പോൾ ഇന്ത്യൻ നഗരങ്ങളുടെ തലവര മാറ്റി മറിക്കുമോ?

ഇന്ത്യൻ നഗരങ്ങളെ യൂറോപ്യൻ നിലവാരത്തിലേക്ക് കൈപിടിച്ചുയർത്താൻ മുകേഷ് അംബാനി കളത്തിലിറങ്ങുന്നു; മുംബൈയ്ക്ക് സമീപം സിംഗപ്പൂർ മാതൃകയിൽ മെഗാ സിറ്റി പണിയാൻ മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസ്; 4,300 ഏക്കർ ഭൂമി ഏറ്റെടുത്ത് 7,500 കോടി ഡോളറിന്റെ വൻ നിക്ഷേപമിറക്കി നിർമ്മിക്കുന്ന റിലയൻസ് സിറ്റി ഇന്ത്യൻ ധനാഢ്യരുടെ വിഹാരകേന്ദ്രമായി മാറും; തൊട്ടതെല്ലാം പൊന്നാക്കി മുകേഷ് അംബാനി ലോകത്തെ അമ്പരപ്പിക്കുന്ന ശതകോടീശ്വരനായി മാറുമ്പോൾ ഇന്ത്യൻ നഗരങ്ങളുടെ തലവര മാറ്റി മറിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പണമെറിഞ്ഞ് പണം എങ്ങനെ കൊയ്യാം എന്ന കാര്യത്തിൽ അച്ഛൻ ധിരൂഭായി അംബാനിയെയും കടത്തിവെട്ടി ബുദ്ധികേന്ദ്രമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായ മകൻ മുകേഷ് അംബാനി. ഏത് സർക്കാർ ഭരിച്ചാലും അവരെയെല്ലാം കൈപ്പിടിയിൽ ഒതുക്കിനിർത്തി കാര്യങ്ങൾ നേടുന്ന മിടുമിടുക്കൻ. ടെലികോം രംഗത്തേക്ക് കൈവെച്ച് ചുരുങ്ങിയ നാളുകൾക്കകം അതിവേഗം വളർന്ന ബിസിനസ് സംരംഭമാക്കി മാറ്റിയ അംബാനി മാജിക്കിനോട് കിടിപിടിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. ഇത് കൂടാതെ ആമസോണും ഫ്‌ളിപ്പ്കാർട്ടും അടക്കമുള്ള വമ്പന്മാർ കളിക്കുന്ന ഓൺലൈൻ ബിസിനസ് രംഗത്തേക്കും ഈ ഇന്ത്യൻ കോർപ്പറേറ്റ്  ഭീമൻ കൈവെച്ചു കഴിഞ്ഞു. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ മറ്റൊരു ബിസിനസ് പ്ലാൻ ഇന്ത്യയെ നോക്കി ലോകത്തെ മോഹിപ്പിക്കാൻ ഇടയാക്കുന്നു.

റിലയൻസ് ജിയോയുടെ ഉജ്ജ്വല വിജയത്തിന് ശേഷം മുകേഷ് അംബാനി കൈവെക്കുന്നത് മറ്റൊരു വമ്പൻ പദ്ധതിയിലേക്കാണ്. മുംബൈയ്ക്ക് സമീപം സിംഗപ്പൂർ മാതൃകയിൽ മെഗസ്സിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് തയ്യാറെടുക്കുന്നത്. ദീർഘകാലമായി അംബാനിയുടെ മനസ്സിലുള്ള പദ്ധതിയാണിത്. അച്ഛൻ ധീരുഭായി അംബാനിതന്നെ സ്വപ്‌നം കണ്ട യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യൻ നഗരം എന്ന സ്വപ്‌നത്തിലേക്കാണ് മകൻ കാലെടുത്തു വെക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തങ്ങളിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് കടന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.

മുംബൈയിൽ പുതിയ നഗര വികസനത്തിന് റിലയൻസിന് സ്‌പെഷ്യൽ പ്ലാനിങ് അഥോറിറ്റി അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നഗര വികസനത്തിൽ ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാകുന്ന തരത്തിലാകും റിലയൻസ് സിറ്റിയുടെ നിർമ്മാണം. ഇന്ത്യയിലെ പണക്കാരുടെ വിഹാരകേന്ദ്രമാക്കിയുള്ള ആഡംബര നഗരമാണ് മുകേഷ് അംബാനിയുടെ മനസിൽ. ഇപ്പോൾ ലോകത്തിന് മുമ്പിൽ മുംബൈയുടെ മുഖത്തിൽ ഒരു വശത്ത് പണക്കാരുടെയും മറുവശത്ത് ചേരികളും നിറഞ്ഞതാണ്. ഈ ഇമേജ് മാറ്റുകയാണ് സിംഗപ്പൂർ മോഡൽ നഗത്തിലൂടെ മുകേഷ് അംബാനി ഉദ്ദേശിക്കുന്നത്.

പുതിയ വിമാനത്താവളം, ജവഹർലാൽ നെഹ്‌റു തുറമുഖം എന്നിവയുടെ സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 7,500 കോടി ഡോളറിന്റെ വൻ നിക്ഷേപമാണ് പദ്ധതിയുടെ നടത്തിപ്പിനായി പ്രതീക്ഷിക്കുന്നത്. ഇതിനായി 4,300 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടിയും വരും.പുതിയ നഗരത്തിനുള്ളിൽ റിലയൻസിന്റെ പദ്ധതികൾ മാത്രമല്ല ഉണ്ടാകുക, മറ്റ് കോർപ്പറേറ്റ് സംരംഭങ്ങളും നഗരത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും.

ഇന്ത്യയുടെ ഇൻ്ട്രാസ്ട്രക്ച്ചർ രംഗത്തേക്കുള്ള മുകേഷ് അംബാനിയുടെ മാസ് എൻ്ട്രി തന്നെയാകും പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ നഗര വികസത്തിൻ പുതിയ നാഴികകല്ല് എഴുതിചേർക്കാനാണ് ഉദ്ദേശം. റിലയൻസ് മെഗസ്സിറ്റിയുടെ വരവോടെ മുംബൈ നഗരത്തിന്റെ മൊത്തം പ്രതിച്ഛായ മാറുമെന്നാണ് വിലയിരുത്തൽ. അതേസമയം നഗരം വികസിപ്പിക്കുന്നതിന് അപ്പുറത്തേക്ക് ആ നഗരത്തിലെ എല്ലാം നിയന്ത്രിക്കുകയും റിലയൻസ് ഗ്രൂപ്പായിരിക്കും എന്നും വാർത്തകളിൽ പറയുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട നൂലാമാലകൾ ചില്ലറയൊന്നും ആയിരിക്കില്ല അംബാനി നേരിടേണ്ടി വരിക. സ്ഥലമെടുപ്പ് അടക്കം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന കാര്യമാണ്.

മുകേഷിന്റെ പിതാവ് ധീരുഭായി അംബാനിയാണ് നവി മുംബൈയ്ക്ക് സമീപം ലോക നിലവാരത്തിലുള്ള നഗരമെന്ന ആശയം മുമ്പ് പങ്കുവെച്ചത്. എൺപതുകളിൽ ഈ നഗരപദ്ധതിയെ കുറിച്ച് അദ്ദേഹം ആലോചിച്ചിരുന്നു. നവി മുംബൈ സെസ് പദ്ധതിയുടെ ഭാഗമയാണ് ഇപ്പോൾ പുതിയ പദ്ധതിയെ കുറിച്ച് മുകേഷ് അംബാനി ആലോചിക്കുന്നത്. എന്തായാലും മുകേഷിന്റെ സ്വപ്‌നം യാഥാർത്ഥ്യമായാൽ ലോകം ഉറ്റുനോക്കുന്ന ആഡംബര നഗരമായി മുംബൈ നഗരം മാറുമെന്നത് ഉറപ്പാണ്.

ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയിൽ ഈ ഇന്ത്യൻ വ്യവസായി വൻ കുതിപ്പാണ് നടത്തിയത്. ഫോർബ്‌സിന്റെ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മുകേഷ് അംബാനിയുടേത് 50 ബില്യൻ ഡോളാറാണ് അദ്ദേഹത്തിന്റെ ആസ്തി. അധികം വൈകാതെ അംബാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി സ്വന്തമാക്കിയാൽ അതിൽ ആരും അത്ഭുതപ്പെടേണ്ടതില്ല. അതിവേഗമാണ് മുകേഷ് സർവ്വതും വെട്ടിപ്പിടിച്ച് കുതിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ആറു സ്ഥാനം മുകളിലേക്ക് കയറിയാണ് അംബാനി ഈ സ്ഥാനത്തെത്തിയത്.

2018 ൽ അംബാനി 19ാം സ്ഥാനത്തായിരുന്നു. സമ്പത്ത് 40.1 ബില്ല്യൺ ഡോളർ ആയിരുന്നു. 2019 ൽ 13 ാം സ്ഥാനത്തേക്ക് ഉയരുമ്പോൾ അത് 50 ശതകോടി ഡോളറിലേക്ക് വർധിച്ചു. 4 ജി ഫോൺ സേവന ജിയോീ വിക്ഷേപണത്തോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായി റിലയൻസ് മാറി. ജിയോ, സൗജന്യ ആഭ്യന്തര വോയിസ് കോളുകൾ വാഗ്ദാനം ചെയ്ത് 280 ദശലക്ഷം ഉപഭോക്താക്കളിൽ ഒപ്പുവെച്ചു. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ സേവനങ്ങൾ ലഭ്യമാക്കി. ഫോബ്‌സിന്റെ പട്ടികയിൽ ഇന്ത്യയിൽ നിന്നും 106 കോടീശ്വരന്മാരിൽ മുന്നിട്ട് നിന്നത് അംബാനി ആണ്.

2017 ൽ ഫോബ്‌സിന്റെ പട്ടികയിൽ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടർച്ചയായി അദ്ദേഹം കുതിക്കുകയായിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓൺലൈൻ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാർക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓൺലൈൻ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നത് ഗുജറാത്തിലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്‌സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.

വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ-കൊമേഴ്‌സ് സ്വപ്നങ്ങൾ പങ്കുവച്ചത്. ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാവും റിലയൻസിന്റെ ഇ-കൊമേഴ്‌സ് അരങ്ങേറ്റം എന്നതും ഉറപ്പാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പണം വച്ച് ഇന്ത്യൻ സർക്കാരിന് 20 ദിവസം പ്രവർത്തിക്കാനാകുമെന്ന സ്ഥിതിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP