Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി

അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അനിൽ അംബാനിക്കിപ്പോൾ പശ്ചാത്താപത്തിന്റെ നാളുകാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിലാക്ക് അംബാനി എത്തിയത് കരുതലുകൾ എടുത്തായിരുന്നു. മക്കളായ മുകേഷും അനിലും അച്ഛനിൽ നിന്ന് ബിസിനസ്സിലെ പാഠങ്ങളും പഠിച്ചു. എന്നാൽ അത് എന്തായിരുന്നുവെന്ന് അനിൽ അംബാനിക്ക് മാത്രം മനസ്സിലായില്ല. അച്ഛന്റെ മരണ ശേഷം സ്വത്തുക്കൾ വീതിച്ചെടുക്കുന്നതിൽ പോലും കടുംപിടിത്തം അനിലിനായിരുന്നു. എന്നാൽ എല്ലാം തകർന്നടിഞ്ഞു. എംപിയാകാൻ രാഷ്ട്രീയക്കാർക്ക് കോടികൾ കൊടുത്തും ധൂർത്ത് കാട്ടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസിൽ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നായിരുന്നു മുകേഷിന്റെ ലക്ഷ്യം. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയിൽ ഒതുക്കി മുകേഷ് മുന്നേറി. എന്നാൽ കെടുകാര്യസ്ഥത അനിലിനെ തകർത്തു. പക്ഷേ അനുജൻ തകർന്ന് വീഴുന്നത് കാണാൻ മുകേഷിന് കഴിഞ്ഞില്ല. അങ്ങനെ അനിലിനെ വീണ്ടും പിടിച്ചു കയറ്റുകയാണ് ചേട്ടൻ.

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനു നന്ദി പറഞ്ഞ് അനുജനായ 'വേദനിക്കുന്ന' കോടീശ്വരൻ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ സഹോദരൻ മുകേഷ് അംബാനി കൊടുത്ത 458 കോടി രൂപ കൊണ്ട് എറിക്‌സൻ കമ്പനിക്കുള്ള കുടിശ്ശിക തീർത്ത്, ജയിൽശിക്ഷയും മാനഹാനിയും ഒഴിവാക്കുകയാണ് അനിൽ അംബാനി,. റിലയൻസ് കമ്യൂണിക്കേഷൻ (ആർകോം) ചെയർമാൻ അനിൽ അംബാനിക്ക് കുറച്ചു കാലമായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ഇതിനിടെയാണ് എറിക്‌സൺ കേസിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പെത്തിയത്. പണം നൽകിയില്ലെങ്കിൽ ജയിൽ ശിക്ഷയെന്ന അന്ത്യശാസനം കോടതി നടത്തി. കൈയിൽ ഒന്നുമില്ലായിരുന്ന അനിൽ അംബാനി ഒടുവിൽ ചേട്ടന്റെ മുന്നിൽ കൈകൂപ്പി. പഴയ കഥകളെല്ലാം മറന്ന് അനുജനെ ചേട്ടൻ നെഞ്ചോട് ചേർത്തു. ഇതോടെ കുടുംബവും ഒന്നിച്ചു. അനുജൻ ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അനുജന് പുനർജന്മം നൽകുകയാണ് മുകേഷ്. മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ ഇടപെടലാണ് അനിലിനെ രക്ഷിച്ചത്.

നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യൻ വ്യവസായസാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്ലാൽ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയിൽ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയായിരുന്നു. കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങൾ തെറ്റിച്ചു കളിക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു. വഴിവാണിഭക്കാരന്റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി. ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോർവാട് എന്ന കുഗ്രാമത്തിൽ ജനിച്ചു വളർന്ന് സ്‌കൂളിൽ വച്ചു തന്നെ പഠിപ്പു നിർത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും തളരാത്ത പോരാട്ടവീര്യത്തിന്റെയും കഥയാണ് റിലയൻസിന് പറയാനുള്ളത്. ഈ പാരമ്പര്യത്തിൽ യാത്ര ചെയ്താണ് മുകേഷ് അംബാനി ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെത്തിയത്. എന്നാൽ അച്ഛന്റെ കാലശേഷം സ്വന്തം വഴിക്ക് നീങ്ങിയ രണ്ടാമത്തെ മകൻ അനിലിന് തൊട്ടതെല്ലാം പിഴച്ചു. ചേട്ടനെ തള്ളി പറഞ്ഞാണ് സ്വത്ത് വീതം വച്ചത്. ചേട്ടന്റെ ഭാര്യയേയും കളിയാക്കി. എന്നാൽ ആപത്തുഘട്ടത്തിൽ ചേട്ടനും ഭാര്യയുമാണ് അനിലിന് തുണയായി മാറിയത്.

കുടുംബ പോര് മുറുകിയപ്പോൾ അമ്മ കോകിലാ ബെൻ ഇടപെട്ട് അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി. ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോവുകയായിരുന്നു. എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാ അംഗമായതും അതിന് വേണ്ടി. അങ്ങനെ രാഷ്ട്രീയക്കാർക്കും കോടിക്കണക്കിന് രൂപ നൽകി. ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ സഹായിക്കാൻ ആരുമില്ല. പൊട്ടിക്കരഞ്ഞ് ചേട്ടനോട് സഹായം ചോദിച്ചു. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തനായി. മുകേഷിന്റെ ഭാര്യ നിതയാണ് എല്ലാം ശരിയാക്കിയത്. ഇനി എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി മുന്നോട്ട് പോകുമെന്നാണ് സൂചന. അതായത് അംബാനിയുടെ മക്കൾ വീണ്ടും ബിസിനസ്സിൽ ഒരുമിക്കാനാണ് സാധ്യത.

എറിക്‌സൺ കേസിൽ ആകെ 550 കോടിയുടെ കടമുണ്ടായിരുന്നത് അടച്ചു തീർത്തശേഷം അനിൽ ആദ്യം ചെയ്തതു നന്ദിപ്രസ്താവനയിറക്കുയായിരുന്നു. ഹ്രസ്വവും സാഹോദരസ്‌നേഹത്താൽ ദീപ്തവുമായ കുറിപ്പിൽ വാഴ്‌ത്തിയതെല്ലാം മുകേഷ് അംബാനിയെയും ഭാര്യ നിതയെയും. 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നതിനും തക്കസമയത്ത് സഹായിച്ചതിനും എന്റെ ജ്യേഷ്ഠസഹോദരൻ മുകേഷ് അംബാനിക്കും നിതയ്ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു. പഴയതെല്ലാം മറന്നു മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. ഈ സഹായം ഞങ്ങളെ വല്ലാതെ സ്പർശിച്ചു'-ഇങ്ങനെയാണ് അനുജൻ എഴുതുന്നത്. അതായത് ചേട്ടനുമായി പ്രശ്‌നമുണ്ടായിരുന്നുവെന്ന് സമ്മതിച്ചുള്ള മാപ്പപേക്ഷയാണ് ഇത്. ഇത് മുകേഷിന്റെ അനുജനോടുള്ള സ്‌നേഹത്തിന് കൂടെ തയ്യാറാണ്. അമ്മ കോകില ബെൻ ഒടുവിൽ മക്കളെ ഒരുമിപ്പിച്ചു. മുമ്പ് പലപ്പോഴും അടി തീർക്കാൻ അമ്മ ശ്രമിച്ചെങ്കിലും അനിൽ വഴങ്ങിയില്ല. ഇതോടെ അംബാനി കുടുംബം രണ്ടായി തുടർന്നു. ഇതാണ് ഇപ്പോൾ വഴിമാറുന്നത്.

ടെലികോം കമ്പനിയായ എറിക്‌സന് നൽകേണ്ട 550 കോടി രൂപ സമയത്തു നൽകാത്തതിന് അനിൽ അംബാനിക്ക് സുപ്രീം കോടതി ഒരു കോടി രൂപ പിഴ ചുമത്തിയതു ഫെബ്രുവരിയിലായിരുന്നു. 4 ആഴ്ചയ്ക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ അനിലും കൂട്ടുപ്രതികളും 3 മാസം തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. പണം കണ്ടെത്താനായി അനിൽ സ്വന്തം സ്ഥാപനങ്ങളിൽ ചിലതു മുകേഷിനു വിറ്റ് 17,000 കോടി സമാഹരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതും നിയമക്കുരുക്കിൽപെട്ടു. എറിക്‌സന്റെ കടം അടച്ചുതീർത്തയുടൻ, ജിയോയുമായി നിശ്ചയിച്ചിരുന്ന വിൽപനക്കരാറുകളെല്ലാം റദ്ദാക്കുകയാണെന്ന് പ്രഖ്യാപനം വന്നു. കടത്തിൽ മുങ്ങിയ സ്ഥാപനങ്ങൾ നിയമാസൃതം ലേലം ചെയ്ത് വിൽക്കുന്നതിനാണിത്. ഇവ മുകേഷ് ലേലത്തിൽ വാങ്ങുമെന്നാണു സൂചന. അനുജനെ കടത്തിൽ മുങ്ങാൻ സമ്മതിക്കില്ലെന്നാണ് മുകേഷിന്റെ നിലപാട്. ലേലത്തിൽ പിടിച്ചാലും എല്ലാം തിരിച്ച് നൽകും. എന്നാൽ തന്റെ കണ്ണും കാതും അനുജന്റെ ബിസിനസ്സിൽ ഉണ്ടാകും. ഇനിയൊരു പിന്നോട്ട് പോക്കിന് സമ്മതിക്കുകയുമില്ല.

അംബാനി കുടുംബത്തിലെ വഴക്കിനെ തുടർന്ന് 2005ലാണ് സഹോദരന്മാർ വേർപിരിയുന്നത്. എണ്ണ, ക്രൃതി വാതക ബിസിനസ് മുകേഷ് ഏറ്റെടുത്തപ്പോൾ, ടെലികോം, ഊർജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിന് ലഭിച്ചത്. 2016 സെപത്ംബറിൽ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചതോടെ ആർകോം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവിൽ ജിയോയ്ക്ക് 140 മില്യൺ ഇടപാടുകാരാണുള്ളത്. ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയൻസ് ഇൻഡസ്ട്രീസ് മാറുക എന്നതാവണം ഇനിയുള്ള ലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ലോകം മാറുന്ന സാഹചര്യത്തിൽ ഈ രംഗത്ത് കൂടുതൽ മുന്നേറുവാനും ആഗോളരംഗത്ത് തന്നെ മുൻനിരക്കാരായി മാറാനുമാണ് റിലയൻസ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമായ റിലയൻസ് ജിയോക്ക് വലിയ സാധ്യതകളാണുള്ളത്. ഇപ്പോൾ തന്നെ ഇന്ത്യയിലെ 15 കോടി ആളുകൾ റിലയൻസ് ജിയോയുടെ ഉപഭോക്താകളാണ്. സമ്പദ് വ്യവസ്ഥയുടെ ഏത് മേഖലയിലും അതിനാൽ തന്നെ ജിയോക്ക് സാധ്യതയുണ്ട്. വിനോദം, സാമ്പത്തികസേവനം, വാണിജ്യം, കൃഷി,വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഏത് മേഖലയിലേക്കും സേവനമെത്തിക്കാൻ ജിയോക്ക് സാധിക്കും. ഇതെല്ലാം മുതൽകൂട്ടാക്കാനാണ് അംബാനിയുടെ നീക്കം.

സ്വത്ത് വിഭജനം സംബന്ധിച്ച ഭിന്നതയെത്തുടർന്ന് വർഷങ്ങളായി മുകേഷും അനിലും അകന്നുകഴിയുകയായിരുന്നു. എന്നാൽ അനിൽ പ്രശ്‌നങ്ങളിലൂടെ പോകുന്നത് മുകേഷ് മനസ്സിലായിരുന്നു. നേരത്തെ തന്നെ പലവിധ സഹായവും നൽകി പിടിച്ചു നിർത്തി. ഇതിനിടെയാണ് എറിക്‌സൺ കേസ് വരുന്നത്. അമ്മ കോകിലാ ബെന്നാണ് മുകേഷിനെ കൊണ്ട് അനിലിന് അനുകൂലമായ തീരുമാനം എടുത്തത്. പഴയതെല്ലാം മറക്കാൻ മുകേഷിന്റെ ഭാര്യ നിതയും തയ്യാറായി. അനുജനെ ജയിലിലാക്കുന്നതിനെ നിതയും അംഗീകരിച്ചില്ല. ഇതോടെ പ്രതിസന്ധിഘട്ടത്തിൽ മുകേഷ് സഹോദരൻ അനിലിന് സഹായവുമായി എത്തി. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിന്നീട് മകൻ ആകാശ് അംബാനിയുടെയും വിവാഹച്ചടങ്ങിൽ സജീവമായിരുന്നു അനിൽ അംബാനിയും കുടുംബവും. അപ്പോൾ മുതൽ അനുജന്റെ കാര്യങ്ങളിൽ മുകേഷ് ഇടപെടൽ തുടങ്ങിയിരുന്നു.

2013- ലെ കരാർ അനുസരിച്ച് റിലയൻസ് കമ്യൂണിക്കേഷൻസ് എറിക്‌സനു നൽകാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസാണിത്. ഇതിൽ ബാക്കിയുണ്ടായിരുന്ന 458.77 കോടി രൂപ നാലാഴ്ചയ്ക്കുള്ളിൽ നൽകിയില്ലെങ്കിൽ അനിൽ അംബാനിയെയും ആർ. കോമിന്റെ യൂണിറ്റ് മാനേജർമാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരെയും മൂന്നു മാസം ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി ഫെബ്രുവരി 20-ന് ഉത്തരവിട്ടിരുന്നു. ഈ പ്രതിസന്ധിയാണ് തിങ്കളാഴ്ച മുകേഷ് അംബാനി പണം നൽകിയതോടെ നീങ്ങിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷന്റെ സ്വത്തുവകകൾ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ വിലയ്ക്ക് വാങ്ങിയേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അത് തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. മുകേഷ് അംബാനി നൽകിയ പണം കമ്പനിയുടെതാണോ അതോ സ്വന്തം പണമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP