Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പവനായി വീണ്ടും ശവമായി! കൊട്ടിഘോഷിച്ച് ഐക്യകാഹളം മുഴക്കിയ മുജാഹിദ് സംഘടന വീണ്ടും പിളർന്നു; സംഘടനയിലെ പൊട്ടിത്തെറി പിളർപ്പിലേക്ക് എത്തിയത് മടവൂർ വിഭാഗം നേതാക്കളായ ഉമർ സുല്ലമിയെയും, ജമാലുദ്ദീൻ ഫാറൂഖിയെയും സംഘടനയിൽ നിന്നും പുറത്താക്കിയതോടെ; വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി മർകസുദ്ദഅവ വിഭാഗം

പവനായി വീണ്ടും ശവമായി! കൊട്ടിഘോഷിച്ച് ഐക്യകാഹളം മുഴക്കിയ മുജാഹിദ് സംഘടന വീണ്ടും പിളർന്നു; സംഘടനയിലെ പൊട്ടിത്തെറി പിളർപ്പിലേക്ക് എത്തിയത് മടവൂർ വിഭാഗം നേതാക്കളായ ഉമർ സുല്ലമിയെയും, ജമാലുദ്ദീൻ ഫാറൂഖിയെയും സംഘടനയിൽ നിന്നും പുറത്താക്കിയതോടെ; വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി മർകസുദ്ദഅവ വിഭാഗം

എം പി റാഫി

കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടന, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വീണ്ടും പിളർന്നു. ഐക്യത്തിനു ശേഷവും തൗഹീദ് (ഏക ദൈവ ആരാധന) , ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ നേരത്തെ പുലർത്തി വന്നിരുന്ന വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്നതോടെയാണ് ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ സംഘടന രണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര പൊട്ടിത്തെറി രൂക്ഷമായിരുന്നു. തുടർന്ന് രാജിയും പുറത്താക്കലുമെല്ലാം അരങ്ങേറുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങൾ വെവ്വേറെ സമ്മേളനങ്ങളും കാമ്പയിനുകളും സംഘടിപ്പിച്ചു.

ഒടുവിൽമർക്കസുദ്ദഅവ(മടവൂർ വിഭാഗം)യുടെ നേതാക്കളായ ഉമർ സുല്ലമി,ജമാലുദ്ദീൻ ഫാറൂഖി എന്നിവരെ പുറത്താക്കിയതോടെ പൊട്ടിത്തെറി പിളർപ്പിൽ എത്തുകയായിരുന്നു. ഐക്യ കെ.എൻ.എമ്മിന്റെ വർക്കിങ് പ്രസിഡന്റായിരുന്നു ഉമർ സുല്ലമി. ജമാലുദ്ദീൻ ഫാറൂഖി
സെക്രട്ടറിയുമായിരുന്നു. പിളർപ്പിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി വരികയാണിപ്പോൾ മർകസുദ്ദഅവ വിഭാഗം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംഘടന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഡോ.ഹുസൈൻ മടവൂരിന്റെ പേരിലായിരുന്നു മടവൂർ വിഭാഗം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇരു വിഭാഗം മുജാഹിദ് സംഘടനകൾ ഒന്നിച്ചതോടെ ഹുസൈൻ മടവൂർ ഒദ്യോഗിക (മൗലവി)പക്ഷത്ത് ഇരിപ്പുറപ്പിച്ചു. അതേസമയം ഹുസൈൻ മടവൂരിനൊപ്പമുണ്ടായിരുന്ന പ്രമുഖ
പണ്ഡിതരെല്ലാം ഐക്യ സംഘടന വിട്ട് പിളർപ്പിലേക്കു വന്നിരിക്കുകയുമാണ്. നിലവിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ കെ.എൻ.എം(മർക്കസുദ്ദഅവ)വിഭാഗത്തിന്റെ സംഘടനാ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പുതിയ തട്ടകത്തിലെത്തുമെന്നാണ് അറിയുന്നത്. മണ്ഡലം തലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്കു പിന്നാലെ മെമ്പർഷിപ്പ് കാമ്പയിൻ നടത്തിയായിരിക്കും സംഘടനാ പ്രഖ്യാപനമുണ്ടാകുക.

പുതിയ സംഘടന പ്രഖ്യാപിക്കുന്നത് വരെ പഴയ മർക്കസുദ്ദഅവ പുനരുജ്ജീവിപ്പിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സി.പി ഉമർസുല്ലമിയെ പ്രസിഡന്റായാണ് സംഘടന താൽക്കാലികമായി പുനരുജ്ജീവിപ്പിച്ചത്. അബ്ദുൽ അലി മദനിയെ ജനറൽ സെക്രട്ടറിയായും ഡോ.ഇ.കെ അഹ്മദ്കുട്ടി, കെ.പി സകരിയ്യ, അഹ്മദ്കുട്ടി മദനി എടവണ്ണ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ തുടങ്ങിയവരുൾകൊള്ളുന്ന സഹഭാരവാഹികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ സംഘടനാ സംവിധാനം അണികൾക്ക് പരിചയപ്പെടുത്തുന്നതിനു ഈമാസവും അടുത്ത മാസവുമായി 60 കേന്ദ്രങ്ങളിൽ ഏരിയ ലീഡേഴ്സ് അംബ്ലികൾ നടന്നു വരുന്നുണ്ട്. അതിനിടെ സംഘടനയുടെ ഔദ്യോഗിക പോസ്റ്റുകളിലും പ്രസിദ്ധീകരിണങ്ങളിലും കെ.എൻ.എം (മർകസുദ്ദഅവ) എന്ന് ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥി യുവജന സംഘടനകളും പഴയ രീതിയിലേക്ക് ഇതോടൊപ്പം പിളർന്ന് പുതിയ സംഘടനാ സംവിധാനം വരും.

കേരളത്തിലെ സലഫി സംഘടനായ മുജാഹിദിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ പിളർപ്പും ഭിന്നിപ്പും അണികളെ അങ്കലാപ്പിലാക്കുകയും ചിലർ പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൂസ്ലീംലീഗ് നേതാക്കളും ചില വ്യവസായ പ്രമുഖരും മുൻകൈയെടുത്ത് ഇരു വിഭാഗം മുജാഹിദുകളെ ഒന്നിപ്പിച്ചത്. 2002ൽ പിളർന്ന മുജാഹിദ് സംഘടന 2016 ഡിസംബറിലാണ് കോഴിക്കോട് നടന്ന സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഐക്യത്തിന്റെ ഓളങ്ങൾ അടങ്ങും മുമ്പേ ആശയപരമായ ഭിന്നിപ്പ് കൂടുതൽ പൊട്ടിത്തെറിയിലേക്കും പിളർപ്പിലേക്കും എത്തുകയായിരുന്നു. 'സിഹ്‌റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്(ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിലാണ് മുജാഹിദ് വിഭാഗങ്ങൽക്കിടയിലെ പ്രധാന തർക്ക വിഷയം. ഇതു സംബന്ധിച്ച് 2017 ജൂണ് 5ന് കെ.എൻ.എം നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കണം എന്നായിരുന്നു മർക്കസുദ്ദഅവ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മൗലവി വിഭാഗം അതിനു തയ്യാറായില്ല.

ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ ആരാധന), ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ അതേപടി തുടർന്നു വരികയായിരുന്നു. 'സിഹ്‌റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം(മർകസുദ്ദഅവ) ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.

പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം
സിഹ്‌റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ സിഹ്‌റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക
വിഭാഗം വിശ്വസിച്ചുവരുന്നത്.

മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം. നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്‌റ്' വിഷയത്തിൽ എന്ത്നിലപാടെടുക്കുമെന്ന് എല്ലാവരും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിഹിറ് വിഷയത്തിൽ നേരത്തേ സർക്കുലർ ഇറക്കിയതെങ്കിലും ഇപ്പോൾ സർക്കുലറും ഇതിനു ശേഷം നടന്ന കെ.എൻ.എം സമ്മേനവും പിളർപ്പിലെത്തിയിരിക്കുകയാണ്.

2017 ഡിസംബർ അവസാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ഒമ്പതാമത് മഹാ സമ്മേളനം മലപ്പുറം കൂരിയാട് നടന്നിരുന്നു. ഈ സമ്മേളനത്തിൽ മടവൂർ വിഭാഗം നേതാക്കൽ വിട്ടു നിന്നു. സമ്മേളനത്തിനു മുമ്പ് സിഹ്ര് (മാരണം) അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം
ഉണ്ടാകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ നേതാക്കൾ ഇടപെട്ട് അന്ന് സമ്മേളനം വരെ പിളർപ്പ് ഒഴിവാക്കുകയായിരുന്നു. ഈ സമ്മേനത്തിനു പിന്നാലെ കൂരിയാടു വെച്ച് മർകസുദ്ദഅവ വിഭാഗവും മറ്റൊരു സമ്മേനം നടത്തിയിരുന്നു. മാസങ്ങൽ പിന്നിട്ടപ്പോൾ പിർപ്പ് പൂർണതയിൽ എത്തി നിൽക്കുകയാണിപ്പോൾ.

പഴയ മർകസുദ്ദഅവ മടവൂർ വിഭാഗത്തിന്റെ നേതാക്കളായ ഹുസൈൻ മടവൂരും അസ്‌കറിലിയും ഇല്ലാതെയാണ് പുതിയ സംഘടന വരാനിരിക്കുന്നത്. ഉമർസുല്ലമിക്കും ജമാലുദ്ദീൻ ഫാറൂഖിക്കും പുറമെ അബ്ദുൽ ജലീൽ മദനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി
മൊറയൂർ, എൻ.എം ജലീൽ, റാഫി പേരാമ്പ്ര, ഇബ്രാഹീം ബുസ്താനി തുടങ്ങിയ നേതാക്കളാണ് പുതിയ സംഘടനക്കായുല്ല ചരടുവലി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP