Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിന്ന് -സിഹ്റ് വിവാദ ചൂണ്ടയിൽ കൊത്തരുത്; വിചിന്തനം ലേഖനം ന്യായീകരിക്കേണ്ടെന്നും അസ്ഗറലിയുടെ രാജി സ്വീകരിക്കേണ്ടെന്നും തീരുമാനം; വിവാദ വിഷയങ്ങളിൽ വൈജ്ഞാനിക ചർച്ചകൾക്കായി ഏഴംഗ പണ്ഡിതർക്കു ചുമതല; അനൈക്യത്തിന്റെ വഴികൾ അടക്കാനും മുജാഹിദ് ഐക്യം ഫലവത്താക്കാനും ഇടപെടലുമായി കെ എൻ എം നേതൃത്വം

ജിന്ന് -സിഹ്റ് വിവാദ ചൂണ്ടയിൽ കൊത്തരുത്; വിചിന്തനം ലേഖനം ന്യായീകരിക്കേണ്ടെന്നും അസ്ഗറലിയുടെ രാജി സ്വീകരിക്കേണ്ടെന്നും തീരുമാനം; വിവാദ വിഷയങ്ങളിൽ വൈജ്ഞാനിക ചർച്ചകൾക്കായി ഏഴംഗ പണ്ഡിതർക്കു ചുമതല; അനൈക്യത്തിന്റെ വഴികൾ അടക്കാനും മുജാഹിദ് ഐക്യം ഫലവത്താക്കാനും ഇടപെടലുമായി കെ എൻ എം നേതൃത്വം

കോഴിക്കോട്: മുജാഹിദ് ഐക്യത്തിലുണ്ടായ ആദർശപരമായ വിള്ളലുകൾ തീർക്കാൻ കെ എൻ എം ശ്രമം തുടങ്ങി. സംഘടനയിൽ പൊട്ടലും ചീറ്റലുമില്ലാതിരിക്കാനും അനൈക്യത്തിന്റെ വഴികൾ അടക്കാനും നേതൃത്വത്തിന്റെ ഭാഗത്തുനിന്നും കർശന ഇടപെടലുകൾ ഉണ്ടായതായാണ് വിവരം. കഴിഞ്ഞദിവസം കോഴിക്കോട് സി ഡി ടവറിലെ മുജാഹിദ് സെന്ററിൽ പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സംഘടനയിൽ അടുത്തിടെയുണ്ടായ പൊട്ടിത്തെറി ഗൗരവപൂർവ്വം ചർച്ച ചെയ്തു.

ആധുനിക കലാരൂപങ്ങളോടുള്ള ഇസ്ലാമിക സമീപനം, ജിന്ന്-സിഹ്റ് വിഷയങ്ങളിലെ ആദർശപരമായ ഭിന്നതകൾ മറനീക്കുംവിധം വിചിന്തനം വാരികയിൽ വന്ന വിവാദ ലേഖനം യോഗത്തിൽ സജീവ ചർച്ചയായി. സംഘനയുടെ ആദർശ നയനിലപാടുകൾക്ക് വിരുദ്ധവും ഐക്യനിർദേശങ്ങളുടെ ലംഘനവുമാണ് വിചിന്തനം ലേഖനമെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറിമാരായ എം സലാഹുദ്ദീൻ മദനിയും അബ്ദുല്ലത്തീഫ് കരുമ്പുലാക്കലും യോഗത്തിൽ വ്യക്തമാക്കി. ഇതിന് സംസ്ഥാന ജനറൽസെക്രട്ടറി പി പി ഉണ്ണീൻകുട്ടി മൗലവിയും സെക്രട്ടറി എം അബ്ദുറഹ്മാൻ സലഫിയും വിശദീകരണം നൽകിയെങ്കിലും വിചിന്തനം ലേഖനം അനുചിതമായെന്നും പ്രസ്ഥാന പ്രവർത്തകരിൽ കടുത്ത ഭിന്നത മറനീക്കാനാണത് വഴിവച്ചതെന്നുമുള്ള പൊതു വിലയിരുത്തലാണുണ്ടായത്. വിചിന്തനത്തിലെയും ശബാബിലെയും വിവാദ ലേഖനങ്ങളോടൊപ്പം കെ എൻ എം സംഘടനാകാര്യ സെക്രട്ടറി എ അസ്ഗലിയുടെ രാജിയും ചർച്ചയായി. രാജി സ്വീകരിക്കേണ്ടതില്ലെന്ന
പൊതുവികാരത്തോടൊപ്പം അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാൻ യോഗം വിളിക്കാനും ധാരണയായി. പണ്ഡിതസഭയുടെ പരിഗണനയിലുള്ള അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ സംഘടന നിലപാട് വ്യക്തമാക്കും മുമ്പ് അത്തരം പ്രശ്നങ്ങളിൽ ഇനി ആരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവരുതെന്നും യോഗം നിർദേശിച്ചു. സംഘടനയുടെ പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണ വേദികളിലുമെല്ലാം കൂടുതൽ സൂക്ഷ്മതയും ജാഗ്രതയും ഉണ്ടാവണമെന്നും മുജാഹിദ് ഐക്യം കൂടുതൽ ഫലപ്രദമാക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനംചെയ്താണ് യോഗം പിരിഞ്ഞത്.

അബ്ദുറഹ്മാൻ സലഫിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും വിചിന്തനം തെറ്റ് തിരുത്തണമെന്നും അഭിപ്രായമുണ്ടായെങ്കിലും അതിന് സ്വീകാര്യത ലഭിച്ചില്ല. എന്നാൽ, വിചിന്തനം ലേഖനം വിശദീകരിക്കാനോ അതിനെ ന്യായീകരിക്കാനോ പോകേണ്ടതില്ലെന്നും അഭിപ്രായ സമന്വയമുണ്ടായി. ജിന്ന് സിഹ്റ് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമ (കെ ജെ യു) ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതുവരേയും വിവാദ വിഷയങ്ങൾ സംഘടനാ പ്രസിദ്ധീകരണങ്ങളിലും പൊതുവേദികളിലും പരസ്യ ചർച്ചയ്ക്ക് ഇടയാക്കരുതെന്നും പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി നിർദേശിച്ചു. ഉടനെ സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ച് ചേർക്കാനും ഭാരവാഹികളുടെ വകുപ്പ് വിഭജനം പൂർത്തിയാക്കി അതനുസരിച്ച് സംഘടനാ പ്രവർത്തനം കൂടുതൽ സുതാര്യവും കെട്ടുറപ്പുള്ളതുമാക്കി മുന്നോട്ടു കൊണ്ടുപോകാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒരുമയുടെയും നന്മയുടെയും ഓളം തീർത്ത് ഭിന്നതയുടെ കനലുകളെല്ലാം അറബിക്കടലിലേക്കൊഴുക്കി ഡിസംബർ 20-നാണ് ഇരു വിഭാഗം മുജാഹിദുകളും ഒന്നായത്. ഒന്നര പതിറ്റാണ്ട് കാലത്തോളം ആദർശപരവും സംഘടനാപരവുമായ ഭിന്നതകളാൽ പരസ്പരം പോരടിച്ചവർ, തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് പരസ്യപ്പെടുത്തിതിനു ശേഷമാണ് കോഴിക്കോട് കടപ്പുറത്ത് ഐക്യസമ്മേളനം നടത്തിയിരുന്നത്. എന്നാൽ ഐക്യപ്പെടൽ അസാധ്യമെന്നു തോന്നിയ ബാഹ്യബോധങ്ങളെയെല്ലാം അവിശ്വസനീയമാംവിധം തകർത്ത്, ഐക്യസമ്മേളനത്തിന്റെ അലയൊലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരവെയാണ് വിചിന്തനം വാരികയിലെ വിവാദ ലേഖനം സംഘടനയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ക്ഷണിച്ചുവരുത്തിയത്.

ഇതിന് മറുപടിയെന്നോണം കെ എൻ എം മുഖപത്രമായ അൽമാനാർ മാസികയിൽ 1982-ൽ പ്രസിദ്ധീകരിച്ച മൂസ വാണിമേലിന്റെ ഒരു ലേഖനം പുനപ്രസിദ്ധീകരിച്ച് ശബാബ് വാരികയും രംഗത്തുവന്നിരുന്നു. ഐക്യസമ്മേളനത്തിന്റെ മധുവിധു തീരും മുമ്പേ സംഘടനയിൽ വീണ്ടും ആദർശ പ്രശ്നങ്ങൾ തലപൊക്കിയത് ഇരുവിഭാഗം മുജാഹിദ് കേന്ദ്രങ്ങളിലെയും വലിയൊരു വിഭാഗത്തെ ഏറെ അസ്വസ്ഥമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് ചർച്ച ചെയ്യാനായി സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. യോഗത്തിൽ ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറിമാരായ എം മുഹമ്മദ് മദനി, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. പി പി അബ്ദുൽഹഖ്, ഡോ. സുൽഫീഖറലി, എം ടി അബ്ദുസ്സമദ് സുല്ലമി, കെ നാസർ സുല്ലമി എന്നിവരും പങ്കെടുത്തു. പ്രശ്നം മുജാഹിദുകളിലെ വിസ്ഡം ഗ്രൂപ്പും വിവിധ സുന്നി സംഘടനകളും സജീവ
ചർച്ചയാക്കിയിട്ടുണ്ട്. വിചിന്തനം ലേഖനവും അതിന് മറുപടിയായുള്ള ശബാബിലെ കുറിപ്പും അസ്ഗറലിയുടെ രാജിയുമെല്ലാം വരും ദിവസങ്ങളിലും ഈ വിഭാഗങ്ങൾ പ്രസിദ്ധീകരണങ്ങളിലും പ്രസംഗ വേദികളിലും കൊഴുപ്പിച്ച് നിർത്താനാണ് സാധ്യത.

അകൽച്ചയുടെയും ഭിന്നതയുടെയും വഴിദൂരങ്ങൾ കുറക്കുന്നതിനു പകരം അത് കൂട്ടാൻ ഇടയാക്കുന്ന അപകടരമായ നിലപാടുകളാണ് വിചിന്തനം ഉയർത്തിയതെന്നായിരുന്നു വിമർശം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്ലാമിക സമീപനം, അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ചില നിലപാടുതറകൾ എന്നിവയിൽ തട്ടിയാണ് പരസ്പരം ഒന്നായെന്നു പ്രഖ്യാപിച്ച മുജാഹിദ് സെന്റർ വിഭാഗവും മർകസുദ്ദഅ്വ വിഭാഗവും വീണ്ടും വാദമുഖങ്ങൾക്ക് മൂർച്ച കൂട്ടിയത്. ജനലക്ഷങ്ങൾ പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ ഐക്യസമ്മേളനത്തിലേക്ക് പതിനായിരക്കണക്കിന് സ്ത്രീകൾ ഒഴുകിയെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും മുജാഹിദ് നേതൃത്വം ഒരു പെൺതരിയെ പോലും വേദിയിൽ ഇരുത്താനോ പ്രസംഗിക്കാൻ അവസരം നൽകാനോ തയ്യാറാകാത്തതിൽ സംഘടനയിൽ കടുത്ത വിമർശങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ മുസ്ലിം പരിഷ്‌കരണ പ്രവർത്തനങ്ങൾക്കു മുമ്പിൽ നടന്ന വക്കം മൗലവിയുടെ പിൻഗാമികൾ മുന്നോട്ടല്ല, പിറകോട്ടാണ് നീങ്ങുന്നതെന്ന വിമർശം പല വിഷയങ്ങളിലും ശക്തമാണ്.

ആദർശപരമായും സംഘടനാപരമായും കേരളീയ മുസ്ലിംകൾക്ക് പരിചിതമല്ലാത്ത ഒരു തലത്തിലേക്ക് പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുന്നതിനുള്ള പ്രാഥമിക സൂചനകളായാണ് വിചിന്തനം ലേഖനം വിലയിരുത്തപ്പെടുന്നത്. വിശ്വാസം, കല സംസ്‌കാരം, സാമൂഹികത, നവോത്ഥാനം തുടങ്ങിയ വിവിധ മേഖലകളിൽ പ്രതിലോമകരമായ നിലപാടുകളാണ് ഇത് മുന്നോട്ടു വെക്കുന്നതെന്നാണ് വിമർശം. അത്തരം നിലപാടുകൾ പ്രസ്ഥാനത്തെ തന്നെ അപകടത്തിലാക്കുന്നതും നൂറ്റാണ്ടിലധികമായി അനുവർത്തിച്ചു പോരുന്ന ഇസ്ലാഹി നിലപാടുകളെയും പരിശ്രമങ്ങളെയും തുടച്ചുനീക്കുമെന്നും പറയുന്നു. ഈ രീതി തുടർന്നാൽ, കേരളീയ മുസ്ലിംക്രമത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാനം പിന്തള്ളപ്പെടുമെന്നും അത് സമൂഹത്തെ മൊത്തത്തിൽ ആധുനികമായ അന്ധകാരത്തിൽ തളച്ചിടുന്നതിന്
വഴിയൊരുക്കുമെന്നുമാണ് വിവിധ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെ ദീർഘദർശനം.

ജിന്ന്സിഹ്റ് വിഷയങ്ങളിൽ അത് ഫലിക്കുമെന്നും ഇല്ലെന്നുമുള്ള രണ്ടഭിപ്രായമാണ് സംഘടനയിലുള്ളത്. മർകസുദ്ദഅ്വ വിഭാഗം ജിന്ന്സിഹ്റ് ബാധ ഫലിക്കില്ലെന്നു വിശ്വസിക്കുമ്പോൾ മറുവിഭാഗത്തിൽ ബഹുഭൂരിപക്ഷവും അതിനു വിരുദ്ധമായ നിലപാടുള്ളവരാണ്. സിഹ്റ് ഫലിക്കുമെന്ന വിശ്വാസപരമായ അപകടം ലേഖനത്തിലുണ്ടെന്നും ഇത് അന്ധവിശ്വാസത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണെന്നുമാണ് പ്രധാന വിയോജിപ്പുകളിൽ ഒന്ന്. അതേ പോലെ പ്രബോധനത്തിന്റെ ജൈവികത നഷ്ടപ്പെടുത്തുന്ന ചില വികലവും വിചിത്രവുമായ പരമാർശങ്ങളും ലേഖനത്തിലുണ്ട്. 'അഭിനയം കടന്നുവരുന്ന ഡോക്യുമെന്ററികൾ, നാടകങ്ങൾ, ടെലിഫിലിമുകൾ തുടങ്ങിയവ ഒഴിവാക്കണ'മെന്നാണ് ലേഖനത്തിലെ മറ്റൊരു ആഹ്വാനം. 'സംഗീതം ഒരു ഭ്രാന്തു പോലെ പടർന്നുപിടിക്കുന്ന ഇക്കാലത്ത് അതിന്റെ പ്രചാരകരാവുന്നതിന് പകരം പ്രബോധന
പ്രവർത്തനങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും അനുവദനീയമായ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും' ലേഖനം നിർദേശിക്കുന്നു.

പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും നേരെയുള്ള കൊഞ്ഞനം കുത്തലാണിതെന്നും ആധുനികതയുടെ എല്ലാ മാർഗങ്ങളെയും പ്രബോധന സംസ്‌കരണ വീഥിയിൽ ന്യായമായും ഉപയോഗപ്പെടുത്തിയാണ് മുജാഹിദ് പ്രസ്ഥാനം മുന്നോട്ടുപോയതെന്നുമാണ് മർകസുദ്ദഅ്വ വിഭാഗത്തിന്റെ വാദം. അതുകൊണ്ടുതന്നെ ആധുനികതയോട് പുറം തിരിഞ്ഞുനിൽക്കുന്ന ഈ പ്രവണത അംഗീകരിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.

'സംഗീതം, നാടകം, അഭിനയം എന്നിവ സംബന്ധിച്ച് ലോക മുസ്ലിം പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും മതത്തിന്റെ പരിധിയിൽ നിന്ന് ഇവയെ ഉപയോഗപ്പെടുത്തണമെന്നാണ് ബഹുഭൂരിപക്ഷം മുജാഹിദുകളുടെയും നിലപാട്. സംഗീതം, കല തുടങ്ങിയവയോടുള്ള നിഷേധാത്മക സമീപനം പ്രസ്ഥാനത്തിനില്ലെന്നും സർഗാത്മകതയും കലകളുമെല്ലാം സന്ദേശ പ്രചാരണോപാധിയായിരിക്കെ ആ മാദ്ധ്യമങ്ങൾ രചനാത്മകമായി ഉപയോഗപ്പെടുത്തണമെന്നുമാണ് ഇവരുടെ നിലപാട്. അരനൂറ്റാണ്ട് മുൻപ്
മുജാഹിദ് പണ്ഡിതന്മാർ നോവലും നാടകവും പ്രസിദ്ധീകരിച്ചിരുന്നതും കാവ്യാത്മകമായി ഗാനങ്ങൾ പ്രചരിപ്പിച്ചതും അതിന്റെ ഭാഗമായിരുന്നുവെന്നും ഇവർ സമർത്ഥിക്കുന്നു. ആ നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നും അനുവദനീയമായ ഇത്തരം കാര്യങ്ങൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് രൂപപ്പെടുത്തുന്നതെന്നും മർകസുദ്ദഅ്വ വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ അത് മതവിരുദ്ധമാണെന്ന തലത്തിലാണ് മറുവിഭാഗത്തിലെ ഒരു പ്രബല വിഭാഗത്തിന്റെ വാദം.

2002-ലാണ് പ്രമുഖ മുജാഹിദ് നേതാക്കളും പണ്ഡിതന്മാരുമായ എ പി അബ്ദുൽഖാദർ മൗലവി, ടി പി അബ്ദുല്ലക്കോയ മദനി, പി പി ഉണ്ണീൻകുട്ടി മൗലവി, എം അബ്ദുറഹ്മാൻ സലഫി എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗിക വിഭാഗവും എ വി അബ്ദുറഹ്മാൻ ഹാജി, സി പി ഉമർ സുല്ലമി, ഡോ. ഹുസൈൻ മടവൂർ, എം സലാഹുദ്ദീൻ മദനി എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗവുമായി പ്രസ്ഥാനം രണ്ടായി പിളർന്നത്. ശേഷം ഇവരെ ഒരുമിപ്പിക്കാൻ മത, രാഷ്ട്രീയ, സമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖരും സംഘടനകളും ഒറ്റക്കും അല്ലാതെയും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ, ഇരു വിഭാഗം മുജാഹിദ് നേതൃത്വത്തിലെയും ഒറ്റപ്പെട്ട ചില വ്യക്തികൾ മുൻകയ്യെടുത്ത് നടത്തിയ ചർച്ചകളുടെ ഫലമായാണ് മുജാഹിദ് ഐക്യത്തിന് വേദിയൊരുങ്ങിയത്. ഇക്കാര്യം നേതൃത്വം 2016 ഡിസംബർ അഞ്ചിന് കോഴിക്കോട് സി ഡി ടവറിലെ മുജാഹിദ് സെന്ററിൽ വാർത്താസമ്മേളനം വിളിച്ച് അറിയിക്കുകയും ചെയ്തു.

സംഘടനാ പിളർപ്പിന് മുമ്പും ശേഷവും അതിന്റെ നയതന്ത്രജ്ഞരായി അനുയായികളും എതിരാളികളും ഒരുപോലെ നിരീക്ഷിക്കുന്ന എ അസ്ഗറലിയും എം അബ്ദുറഹ്മാൻ സലഫിയും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളാണ് മുജാഹിദ് ഐക്യമെന്ന ആശയം യാഥാർത്ഥ്യമാക്കിയത്. ഇരു ഗ്രൂപ്പുകളുടെയും തന്ത്രകുതന്ത്രങ്ങളുടെ ആശാന്മാരായി അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കപ്പെടുന്ന സലഫിയും അസ്ഗറലിയും നടത്തിയ ഈ നീക്കങ്ങൾക്ക് സംഘടനയ്ക്ക് അകത്തും പുറത്തും കലവറയില്ലാത്ത പിന്തുണയും  കാര്യതയുമാണുണ്ടാക്കിയത്. വെറും 11 ദിവസം കൊണ്ട് സംടനാപരമായ പ്രശ്നങ്ങളിലും 11 മാസം കൊണ്ട് ആദർശപരമായ
വിഷയങ്ങളിലും പരിഹാരമുണ്ടാക്കിയാണ് പരസ്പരം ഒന്നായതെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഇരുവിഭാഗത്തിനും സംഘടനാപരമായോ ആദർശപരമായോ യാതൊരു വ്യതിയാനവും ഇല്ലെന്നതായിരുന്നു അതിലെ മർമ്മം. ഖുർആനും സുന്നത്തുമാകുന്ന രണ്ട് വജ്രായുധങ്ങൾ മൂലപ്രമാണമാക്കി മുന്നോട്ടു പോകുന്ന സംഘം പോയ കാര്യങ്ങളൊന്നും പോസ്റ്റ്മോർട്ടം ചെയ്ത് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും അഭിപ്രായ ഭിന്നതയുടെ വിഷയങ്ങളിൽ നേതാക്കളോ അണികളോ പ്രസിദ്ധീകരണങ്ങളോ പരസ്യമായ അഭിപ്രായ പ്രകടനം നടത്താതെ സംഘടനാ ബോഡിയിൽ ഉന്നയിക്കാനും ശേഷം അത് പണ്ഡിതസഭയുടെ തീർപ്പിന് വിടാനുമായിരുന്നു ധാരണ.

ഐക്യസമ്മേളനത്തോടെ ഇരുവിഭാഗത്തിന്റെയും വിദ്യാർത്ഥി, വനിത, യുവജന, മാതൃസംഘടനകളിൽ തുല്യമായ അധികാര പങ്കാളിത്തം നൽകാനും തീരുമാനിച്ചു. എന്നാൽ കെ എൻ എം സംസ്ഥാന കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിന് കൂടുതൽ മേൽക്കൈ നൽകാനും ധാരണയുണ്ടായിരുന്നു. ഔദ്യോഗിക കെ എൻ എമ്മിൽ മറുവിഭാഗത്തിലെ 15 പേരെ നോമിനേറ്റ് ചെയ്ത് എക്സിക്യൂട്ടീവ് അംഗ സംഖ്യ അമ്പതാക്കുകയുമുണ്ടായി. ഭാരവാഹിത്വത്തിലും അപ്രകാരം പ്രാതിനിധ്യം നൽകി. ഇത് സംഘടനയുടെ അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ട മൂന്നു വർഷ കാലയളവ് വരെയാണ്. ശേഷം സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ സാരഥികളെ കണ്ടെത്തും. അതുവരെ സംസ്ഥാന കമ്മിറ്റിയിൽ ഒരു വിഷയത്തിലും ഐകകണ്ഠേനയുള്ള അഭിപ്രായമില്ലാതെ ഒന്നും തീരുമാനമാക്കില്ല.

എക്സിക്യൂട്ടീവിൽ ഒരു വ്യക്തി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയാലും ഇതാവും സ്ഥിതിയെന്നിരിക്കെ ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള ഒരു തീരുമാനവും സംഘടന കൈക്കൊള്ളില്ലെന്ന ഒരു ഉറപ്പാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ കെ എൻ എം ജില്ലാ കമ്മിറ്റികളിൽ ഇരുവിഭാഗത്തിനും തുല്യ പ്രാതിനിധ്യമാണ് എക്സിക്യൂട്ടീവിലും കൗൺസിലിലും ഉണ്ടാവുകയെന്നും വ്യക്തമാക്കിയിരുന്നു. യുവജന വിഭാഗമായ ഐ എസ് എം, വിദ്യാർത്ഥി വിഭാഗമായ എം എസ് എം, വനിതാ വിഭാഗമായ എം ജി എം എന്നി പോഷക ഘടകങ്ങളിലെ ഭാരവാഹിത്വത്തിലും എക്സിക്യൂട്ടീവിലുമെല്ലാം ഇരുവിഭാഗത്തിനും ഇപ്രകാരം തുല്യ പ്രാതിനിധ്യം നല്കാനും അതനുസരിച്ചുള്ള തീരുമാനങ്ങൾ നടപ്പിലാക്കുകയുമുണ്ടായി. ശേഷം ഐക്യസന്ദേശം താഴെ തട്ടിലേക്കു കൂടി വ്യാപിപ്പിച്ച് കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നീക്കങ്ങളിലായിരുന്നു നേതൃത്വം. എന്നാൽ 2002ൽ ഔദ്യോഗിക ചേരിയിൽനിന്നും വേർപ്പെട്ടുപോയ വിസ്ഡം ഗ്രൂപ്പിൽ മുജാഹിദ് ഐക്യം കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങളുണ്ടാക്കുകയും അവർ അത് പോസ്റ്റ്മോർട്ടംചെയ്ത് പരസ്യമായ ആദർശ ബോധവത്കരണങ്ങൾ നടത്തിവരികയുമാണ്. പ്രത്യേകിച്ചും ജിന്ന് സിഹ്റ് വിവാദ വിഷയങ്ങളിലും, കല സംഗീതം, സ്ത്രീകളുടെ പൊതുപ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ. (2002ലെ മുജാഹിദ് പിളർപ്പിൽ രണ്ടു വിഭാഗമാണുണ്ടായതെങ്കിലും പിന്നീട് ഔദ്യോഗിക ചേരിയിൽ രണ്ടു ചെറു ഭിന്നിപ്പടക്കം മൂന്നു പിളർപ്പുകളുണ്ടായിരുന്നു.

സുബൈർ മങ്കടയുടെ നേതൃത്വത്തിൽ വളരെ കുറച്ചാളുകൾ ആട് മെയ്‌ക്കലിന് ഊന്നൽ നൽകി ആത്മീയ പലായനം നടത്തി വേറിട്ടുപോയതാണ് ഇതിൽ ആദ്യത്തേത്. ശേഷം പ്രഭാഷകനും പണ്ഡിതനുമായ ഡോ. കെ കെ സകരിയ്യ സ്വലാഹി, വിവാദ പ്രാസംഗികൻ ശംസുദ്ദീൻ പാലത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ചിലർ സ്വന്തം രീതിയിൽ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. 2012ലാണ് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് എന്ന ബാനറിൽ ജിന്ന് വിഭാഗമെന്ന് വിമർശകർ വിശേഷിപ്പിക്കുന്ന മൂന്നാമത്തെ പിളർപ്പുണ്ടായത്.) ഔദ്യോഗിക വിഭാഗവും മർകസുദ്ദഅ്വ വിഭാഗവും തമ്മിലുള്ള മുൻകാല പ്രസ്താവനകളും വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും ഇവ്വിഷയങ്ങളിലെ പ്രസംഗ സിഡികളും ലേഖനങ്ങളും ആയുധമാക്കി വിസ്ഡം ഗ്രൂപ്പ് അടക്കമുള്ളവർ പ്രചാരണം കൊഴുപ്പിച്ചു വരികയാണ്. ഇത് ഔദ്യോഗിക ചേരിയിലെ ചില പ്രാസംഗികരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയതോടെയാണ് ഐക്യ ചേരിയിൽ കൂടുതൽ ഭിന്നതയുണ്ടാക്കുംവിധം വിവാദമായ പുതിയ വിചന്തനം ലേഖനത്തിന് വഴി തുറന്നതെന്നും ആരോപണമുണ്ട്. എന്നാൽ അതല്ല, ഐക്യനിർദേശങ്ങൾ പൂർണമായും ചർച്ചയിൽ പങ്കാളികളായവർ മറുപക്ഷത്ത് വിശദീകരിച്ചില്ലെന്നും ഇത് അണികളിലും മറ്റും കൂടുതൽ സംശയങ്ങൾ ജനിപ്പിച്ചതാണെന്ന് മർക്കസുദ്ദഅവ പക്ഷത്തെ കൂടുതൽ
പ്രകോപിപ്പിച്ചതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിശദീകരണം.

ഇസ്ലാമിന്റെ 14 നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തിൽ പിളർന്ന സംഘടനകൾ ഒന്നായ ചരിത്രമില്ലെങ്കിലും ഒന്നര പതിറ്റാണ്ട് കലയളവിലെ അന്ധമായ കക്ഷിത്വങ്ങളോട് വിടുതിയാകാൻ സാധിച്ച, ഐക്യസന്തോഷ നിമിഷങ്ങളിൽ പ്രവർത്തകരിലും നേതാക്കളിലും കടുത്ത വേദനയും പ്രഹരവുമാണ് വിവാദ ലേഖനമുണ്ടാക്കിയത്. മുജാഹിദ് ഐക്യത്തിന്റെ വഴിയെ, മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിലുള്ള ഇരുവിഭാഗം സുന്നികളും ഒന്നിക്കട്ടെ എന്ന നിലയിലുള്ള ആഗ്രഹങ്ങളും പ്രാർത്ഥനകളും വിവിധ കേന്ദ്രങ്ങളിൽനിന്ന് സജീവമായി ഉയർന്നിരുന്നു.

എന്തായാലും, സംഘടനാപരമായ കൂട്ടായ്മയ്ക്കപ്പുറം സാമൂഹ്യ പരിഷ്‌കരണത്തിൽ/നവോത്ഥാനത്തിൽ മുജാഹിദ് ഐക്യം എന്തു ചലനമാണുണ്ടാക്കുകയെന്ന ചോദ്യമാണ് അഭിപ്രായ അനൈക്യങ്ങൾക്കിടയിലും ഏറെ പ്രസക്തമായ ചോദ്യം. തീവ്രവാദത്തിനും മതരാഷ്ട്രവാദത്തിനും വേണ്ടി നിലമുഴുത മുസ്ലിംകളിലെ ചെറിയൊരു ന്യൂനപക്ഷത്തിന്റെ വഴിവിട്ട ചിന്തകളെയും അവിവേകങ്ങളെയും തുറന്നുകാണിച്ച മുജാഹിദ് വിഭാഗങ്ങളിൽ, ഗൾഫ് സലഫിസത്തിന്റെ ബാധകൾ ഏറിയും കുറഞ്ഞും ഇപ്പോഴും വേട്ടയാടുന്നുവെന്നതാണ് ഐക്യത്തിനിടയിലും രംഗം പ്രക്ഷ്ബ്ധമാക്കുന്നത്. മതപ്രമാണങ്ങളിൽ ഊന്നുമ്പോൾ തന്നെയും പുതിയ കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുന്ന ആധുനികവത്കരണ പ്രക്രിയകളിൽ ധിഷണാപരമായ ഇടപെടൽ വൈകിയെങ്കിലും തുടരാൻ ഇവർക്കാവുമോ എന്നതും കാലം തെളിയിക്കേണ്ടതുണ്ട്. ഏറെ ആറ്റുനോറ്റുണ്ടായ മുജാഹിദ് ഐക്യത്തിന് കോട്ടം തട്ടാതിരിക്കാനും സ്ഥായിയായ പ്രശ്നപരിഹാരത്തിനുമുള്ള തിരക്കിട്ട ആലോചനകളിലാണ് നേതൃത്വം. ഇനിയൊരു ഭിന്നിപ്പില്ലാതെ മുജാഹിദ് ഐക്യം താഴെ തലങ്ങളിൽ വരെ കൂടുതൽ ഫലപ്രദമാക്കാൻ ആവശ്യമായ ജാഗ്രത്തായ പ്രവർത്തനങ്ങളാണ് വരും നാളുകളിൽ ഉണ്ടാവുകയെന്നും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP