Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഗോള തീവ്രവാദത്തിന്റെ ബിംബമായ സലഫിസം എന്ന വാക്ക് മുജാഹിദ് പ്രസ്ഥാനം വെടിയണമെന്ന് കെഎൻഎം മർസ്സുദ്ദവ; പകരം ഇസ്ലാഹി എന്ന് ഉപയോഗിക്കണം; പൂർവ്വ സൂരികൾ മാതൃകയായി കാണിച്ചു തന്ന സലഫിസം വിട്ട് ഒരു കളിക്കും ഒരുക്കമല്ലെന്ന് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെഎൻഎം ഔദ്യോഗിക വിഭാഗം; സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ല; മുജാഹിദ് പ്രസ്ഥാനത്തിനുള്ളിൽ വീണ്ടും പിളർപ്പിന് സമാനമായ ഭിന്നത

ആഗോള തീവ്രവാദത്തിന്റെ ബിംബമായ സലഫിസം എന്ന വാക്ക് മുജാഹിദ് പ്രസ്ഥാനം വെടിയണമെന്ന് കെഎൻഎം മർസ്സുദ്ദവ; പകരം ഇസ്ലാഹി എന്ന് ഉപയോഗിക്കണം; പൂർവ്വ സൂരികൾ മാതൃകയായി കാണിച്ചു തന്ന സലഫിസം വിട്ട് ഒരു കളിക്കും ഒരുക്കമല്ലെന്ന് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെഎൻഎം ഔദ്യോഗിക വിഭാഗം; സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ല; മുജാഹിദ് പ്രസ്ഥാനത്തിനുള്ളിൽ വീണ്ടും പിളർപ്പിന് സമാനമായ ഭിന്നത

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദ്ദീനിൽ വീണ്ടും ആശയപരമായ പൊട്ടിത്തെറി. സലഫിസത്തെ ചൊല്ലിയാണ് പുതിയ വിവാദം. സലഫിസം ആഗോള തീവ്രവാദത്തിന്റെ സിംമ്പലായെന്നും ഇനി സലഫിസം വേണ്ടെന്നും കേരള നദ്വത്തുൽ മുജാഹിദ്ദീനിൽ നിന്ന് അടുത്തിടെ വിഭജിച്ച് രൂപംകൊണ്ട കെഎൻഎം മർസ്സുദ്ദവ പറയുന്നത്. എന്നാൽ പൂർവ്വ സൂരികൾ മാതൃകയായി കാണിച്ചു തന്ന സലഫിസം വിട്ട് ഒരു കളിക്കും ഒരുക്കമല്ലെന്ന് മറുവിഭാഗം. ഇതോടെ മുജാഹിദുകൾക്കിടയിൽ സലഫിസം ചൊല്ലിയുള്ള തർക്കം മുറുകുകയാണ്. കെഎൻഎം മർക്കസുദ്ദവ സലഫിസം എന്ന വാക്ക് ഇനി മുജാഹിദ് പ്രസ്ഥാനം വെടിയണമെന്നാണ്് പറയുന്നത്. പകരം ഇസ്ലാഹി എന്ന് ഉപയോഗിച്ചാൽ മതിയെന്ന് മർക്കസുദ്ദവ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറയുന്നു. ഇസ്ലാഹി എന്ന വാക്കാണ് നമ്മൾ നേരത്തെ മുതൽ ഉപയോഗിച്ചിരുന്നത്. സലഫിസം ആഗോള മുസ്ലിം തീവ്രാവാദത്തിന്റെ സിംബലായാണ് ഇപ്പോൾ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇസ്ലാഹി എന്ന വിശേഷണം മതി മുജാഹിദുകൾക്കെന്ന് ഉമർ സുല്ലമി പറയുന്നു.മർക്കസുദ്ദവയുടെ പുതിയ സംസ്ഥാന കൗൺസിൽ അടു്ത്ത ദിവസം നിലവിൽ വരും. പുതിയ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ഉമർ സുല്ലമി പറഞ്ഞു.

എന്നാൽ സലഫിസത്തെ വെടിഞ്ഞുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് ഭക്തരായ പ്ര പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ലെന്ന ഉറച്ച നിലപാടിലാണ് അബ്ദുള്ളക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെഎൻഎം

കേരളത്തിൽ നിന്ന് സിറിയയിലും അഫ്ഗാനിസ്ഥാനിലുമെത്തി ഐഎസിൽ ചേർന്നവരിൽ ഭൂരിഭാഗവും സലഫികളായിരുന്നു. ചിലർ കെഎൻഎമ്മുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരും. സലഫിസത്തിൽ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള തീവ്രവാദ ആശയങ്ങൾ ഉടലെടുത്തതെന്നും ആരോപണങ്ങളുണ്ട്. ആഗോള തലത്തിൽ സലഫിസം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സലഫിസം വെടിഞ്ഞ് സലഫികൾ എന്നറിയപ്പെടുന്നതിനു പകരം ഇസ്ലാഹികൾ എറിയപ്പെടുന്നതാണ് നല്ലതെന്ന് ഉമർ സുല്ലമിയും കൂട്ടരും പറയുന്നത്. മുജാഹിദ്ദുകൾക്കിടിയിൽ വീണ്ടും വിഘടിപ്പിന്റെ അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് സലഫിസം.

ഗൾഫിലെ സലഫിസവും കേരളത്തിലെ മുജാഹിദ്ദ് പ്രസ്ഥാനവും തമ്മിൽ ബന്ധമില്ലെന്നും സൗദി അറേബ്യ വഴിയല്ല ഈജിപ്ത് വഴിയാണ് ഇസ്ലാമിക നവോത്ഥാനം കേരളത്തിലേക്ക് വന്നത് എന്നുമുള്ള വാദം ഹുസൈൻ മടവൂർ ഉയിച്ചതോടെയാണ് 2002ൽ കെഎൻഎം പിളരുന്നത്. ഹുസൈൻ മടവൂരിന്റെ ചിന്താ ധാരകളെ അബ്ദുള്ളക്കോയ മദനി ശക്തമായി എതിർത്തു. എന്നാൽ മടവൂർ തന്റെ വാദത്തിൽ ഉറച്ചു നിന്നു. ഇസ്ലാഹി നവോത്ഥാനം ഈജിപ്ത് വഴിയാണ് കേരളത്തിൽ വന്നതെന്നായിരുന്നു ഹുസൈൻ മടവൂരിന്റെ വാദം. എന്നാൽ സൗദി പണ്ഡിത സഭ പറയുന്നതാണ് ശരിയെന്ന് അബ്ദുള്ളക്കോയ മദനിയും നിലപാടെടുത്തു.

കെഎൻഎം 1950ൽ പെട്ടൊന്നൊരു ദിവസം മുളച്ചുപൊന്തിയ ഒരു പ്രസ്ഥാനമല്ല. അതിന്റെ രൂപീകരണത്തിന് ഏതാണ്ട് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ തന്നെ കേരളത്തിൽ സജീവമായി നിലനിന്നിരുന്ന ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെയും ചലനങ്ങളുടെയും സംഘടനാ രൂപത്തിലുള്ള ഒരു തുടർച്ച മാത്രമാണെന്നായിരുന്നു മടവൂരിന്റെ വാദം. 1920കൾക്ക് മുമ്പുതന്നെ കേരളത്തിൽ മുസ്ലിം നവോത്ഥാനം ശക്തിപ്പെട്ടിരുന്നു. സയ്യിദ് സനാഉല്ലാ മക്തിതങ്ങളെയും(1847-1912) ഹമദാനി തങ്ങളെയും വക്കം മുഹമ്മദ് അബ്ദുൽഖാദിർ മൗലവിയെയും(1873-1932) പോലെയുള്ള മഹാന്മാരുടെ കൈകളിലൂടെ പിറന്നുവീണതാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനം. 1922ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ കേരള മുസ്ലിം ഐക്യസംഘത്തിലൂടെയും മറ്റു പല പ്രാദേശിക സംഘടനകളിലൂടെയും, 1924ൽ രൂപീകരിക്കപ്പെട്ട, കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസംഘടനയുടെയും നേതൃത്വത്തിലൂടെയുമാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ വഴികൾ. അത് 1950ൽ കോഴിക്കോട് വെച്ച് രൂപീകൃതമായ കേരള നദ്വത്തുൽ മുജാഹിദീൻ (കെഎൻഎം) എന്ന ബഹുജനസംഘടനയായി മാറുകയാണുണ്ടായത്. അല്ലാതെ സൗദി സലഫികളും കേരളത്തിലെ മുജാഹിദ്ദ് പ്രസ്ഥാനവുമായി ബന്ധമില്ലെന്നായിരുന്നു അന്ന് ഹുസൈൻ മടവൂർ വാദിച്ചിരുന്നത്. സത്രീ വിദ്യഭ്യാസം, ഇംഗ്ലീഷ് വിദ്യഭ്യാസം എന്നിവ സാധ്യമായത് ഇവിടെയുണ്ടായ നവേത്ഥാനത്തിന്റെ ഭാഗമായാണ്. ആശയപരമായ വിയോജിപ്പ് ശക്തമായതോടെ കെഎൻഎം 2002ൽ പിളരുകയും മടവൂർ വിഭാഗം, അബ്ദുള്ളക്കോയ മദനി വിഭാഗം എന്നിങ്ങനെ രണ്ടായി പ്രവർത്തിക്കുകയും ചെയ്തു.

പതിനാല് വർഷത്തിനു ശേഷം 2016 ഡിസംബറിലാണ് ഹുസൈൻ മടവൂരും അബ്ദുള്ളക്കോയ മദനിയും അശയപരമായ സമവായത്തിലെത്തി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും കെഎൻഎം ഒന്നാകുന്നതും. ലയനം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴേക്കും സലഫിസത്തെചൊല്ലി വീണ്ടും വിവാദം ഉയരുകയാണ്. സലഫ് എന്നാൽ പൂർവ്വികർ എന്നാണ് അറബി ഭാഷയിൽ അർത്ഥം. മുഹമ്മദ് നബി മുതലുള്ള മൂന്ന് തലമുറയെയാണ് സലഫ് ആയി കാണുന്നത്. ഖുർആനിനെയും സുന്നത്തിനെയും മുഹമ്മദ് നബിയുടെ അനുയായികളായ ആദ്യ തലമുറക്കാർ മനസിലാക്കിയപോലെ മനസിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് തങ്ങളെന്നാണ് സലഫികൾ പറയുന്നത്. ആ സലഫിസമാണ് മുജാഹിദ് മുറുകെ പിടിക്കേണ്ടതെന്ന് അബ്ദുള്ളക്കോയ മദനി വിഭാഗം പറയുമ്പോൾ സലഫിസം ഇനിയും ഉയർത്തിപ്പിടിച്ചാൽ മുജാഹിദ് പ്രസ്ഥാനം തെറ്റായി ചിത്രീകരിക്കപ്പെടുമെന്നും സലഫിസത്തെ വെടിയണമെന്നുമാണ് ഉമർ സുല്ലമി പറയുന്നത്.

സലഫിസം വെടിയേണ്ടതിനെക്കുറിച്ച് ഉമർ സുല്ലമി മറുനാടൻ മലയാളിയോട് സംസാരിച്ചത്:

സലഫിസം എന്നാൽ ഇന്ന് പലതാണ്. ശരിയായ സലഫിസം കുഴപ്പമൊന്നുമില്ല. എന്നാൽ ഇന്ന് സലഫിസത്തിന്റെ പേരിൽ പലതുമുണ്ട്. സലഫിസം ഇന്ന് തെറ്റിദ്ധാരണ പരത്തുന്ന പേരാണ്. അതുകൊണ്ട് ഇസ്ലാഹ് എന്നപേര് നല്ലതാണെന്ന് അഭിപ്രായമുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഈ അഭിപ്രായമുണ്ട്. മർക്കസുദ്ദവയുടെ സെക്രട്ടറിയേറ്റ് ഇന്നലെ നടന്നു. പുതിയ സ്റ്റേറ്റ് കൗൺസിൽ ഉടൻ നിലവിൽ വരും എന്നിട്ടേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.

ശരിയായ സലഫികൾ എന്നു പറഞ്ഞാൽ പൂർവികരാണ്. സലഫികൾ എന്നു പറയുന്നതിൽ പല ആശയക്കാരുമുണ്ട്. അതിൽ ചിലതിലാണ് ഇങ്ങനെ ഭീകരതയിലേക്കു പോകുന്നവരൊക്കെയുള്ളത്. ശരിയായ സലഫ് എന്നാൽ പ്രവാചകന്റെയും പിന്നീടുള്ള രണ്ടു തലമുറയുമാണ്. അവലിലേക്ക് ചേർക്കപ്പെടുന്നവരും പറയപ്പെടുന്നവരുമാണ് സലഫികൾ എന്ന് അറിയപ്പെടേണ്ടത്. എന്നാൽ ഇന്ന് ഈ രീതികളിലൊന്നും പ്രവർത്തിക്കാത്തവർ സലഫികൾ എന്നറിയപ്പെടുന്നുണ്ട്. അവരോട് നമ്മൾക്ക് യോജിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഇസ്ലാഹ് എന്നറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇസ്ലാഹ് എന്നാൽ നവോത്ഥാനം വെളിച്ചം എന്നൊക്കെയാണ് അർഥം. ആനിലക്ക് നമുക്ക് പ്രവർത്തിക്കുന്നതല്ലെ നല്ലത്. അങ്ങിനെയാവുമ്പോൾ സലഫികൾ എന്ന പേരിൽ ചിലർ ഉണ്ടാക്കിവെച്ച പേരു ദോഷങ്ങൾ പേറേണ്ടിയും വരില്ല. സലഫികൾ എന്നാൽ ഐഎസ് ആശയം വച്ചു പുലർത്തുന്നവരാണെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ മുജാഹിദ്ദുകൾ ആപേര് ഉപയോഗിച്ച് പേരുദോഷം ഉണ്ടാക്കേണ്ടതില്ല. അതുകൊണ്ട് സലഫി എന്നപേർ ഉപേക്ഷിക്കാൻ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. അവിടെ ഒരു തടസമുള്ളത് സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങൾ എന്താവും എന്ന ആശങ്കയാണ്. സലഫി എന്ന പേരുകൾ നൽകിയ സ്ഥാപനങ്ങളാണ് ഏറെയും ഉള്ളത്. അതിനാൽ സലഫിസം വേണ്ടെന്നു വയ്ക്കുമ്പോൾ സ്ഥാപനങ്ങളെ അത് എങ്ങിനെ ബാധിക്കുമെന്നതിന്റെ നിയമവശം പരിശോധിച്ചു വരികാണ്. എന്നിട്ടായിരിക്കും ഇക്കാര്യത്തിൽ ഉറച്ച തീരുമാനത്തിലേക്കു പോകുക.

മുമ്പ് സലഫികൾ എന്നു കേരളത്തിൽ പറഞ്ഞിരുന്നില്ല. ഇസ്ലാഹി, അല്ലെങ്കിൽ മുജാഹിദ് ഇസ്ലാമി എന്നേ കേരളത്തിൽ പറഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരത്ത് തുടക്കത്തിൽ ഞങ്ങൾക്ക് ഒരു സെന്ററുണ്ടായിരുന്നു. അതിന് ഇസ്ലാമിക് സെന്റർ എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടത് സലഫി സെന്ററാക്കി മാറ്റി. അങ്ങിനെ പേരുമാറ്റേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. പഴയ കാലത്ത് ഞങ്ങളുടെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും ഓരോ പ്രത്യേക പേർ ആയിരുന്നു. അല്ലാതെ സലഫി എന്നു ചേർത്തായിരുന്നില്ല പേരുകൾ.

അങ്ങിനെ വിളിക്കുന്ന ഒരു സമ്പ്രദായം ഇവിടെയുണ്ടായിരുന്നില്ല. സലഫി എന്നുചേർത്ത് എല്ലാ സ്ഥാപനങ്ങൾക്കും പേരിട്ടു തുടങ്ങിയപ്പോൾ അന്നേ ഞാൻ എതിർത്തതാണ്. അങ്ങിനെ പോകാൻ പറ്റില്ലെന്നും പോകുന്നത് ശരിയല്ലെന്നും പറഞ്ഞിരുന്നു. ഇപ്പോൾ സലഫി എന്ന ഒരു വിഭാഗമായി മാറുന്ന അല്ലെങ്കിൽ ഒരു ജാതിയായി മാറുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത്. സലഫി അല്ല നമുക്കു വേണ്ടത്. സലഫിന്റെ ആശയമാണ്. സലഫ് എന്നാൽ പൂർവ്വികന്മാരാണ്. അതിലേക്ക് ചേർക്കപ്പെടുന്നവർ എന്നാണ് സലഫി എന്നു പറയുന്നതിന്റെ അർത്ഥം. പൂർവ്വികരുടെ മാർഗത്തിലേക്കു ചേർത്തു പറയുന്നവരാണ് സലഫികൾ. അങ്ങനെ പറയുന്നവർ നല്ലതു പറയാതെ പലതും ചേർത്തിപ്പറയും. അതാണ് പ്രശ്‌നം. അതുകൊണ്ടാണ് സലഫികൾക്കിടയിൽ വിഭിന്ന സ്വഭാവം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP