Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

ബ്രിട്ടനും യൂറോപ്പും പിടയുമ്പോൾ സഞ്ചാരികളെ തേടി മന്ത്രി റിയാസ് ലണ്ടനിലെത്തി; കേരളം കാണാൻ ബ്രിട്ടീഷുകാർ മടിക്കുമ്പോളും എല്ലാ വർഷവും വഴിപാട് പോലെ കേരളത്തിൽ നിന്നും ടൂറിസം മന്ത്രിയെത്തും; ഇത്തവണയും പതിവിനു മുടക്കമില്ല, മന്ത്രിക്ക് പിന്നാലെ ട്രോളന്മാരും; മന്ത്രിയുടെ വരവും പരിപാടികളും ലോക കേരള സഭക്കാർക്കും പിടിയില്ലാത്ത മട്ടിൽ

ബ്രിട്ടനും യൂറോപ്പും പിടയുമ്പോൾ സഞ്ചാരികളെ തേടി മന്ത്രി റിയാസ് ലണ്ടനിലെത്തി; കേരളം കാണാൻ ബ്രിട്ടീഷുകാർ മടിക്കുമ്പോളും എല്ലാ വർഷവും വഴിപാട് പോലെ കേരളത്തിൽ നിന്നും ടൂറിസം മന്ത്രിയെത്തും; ഇത്തവണയും പതിവിനു മുടക്കമില്ല, മന്ത്രിക്ക് പിന്നാലെ ട്രോളന്മാരും; മന്ത്രിയുടെ വരവും പരിപാടികളും ലോക കേരള സഭക്കാർക്കും പിടിയില്ലാത്ത മട്ടിൽ

പ്രത്യേക ലേഖകൻ

ലണ്ടൻ: ടൂറിസം രംഗം ലോകത്തെല്ലായിടത്തും വൻകിട സ്വകാര്യ ഏജൻസികൾ കുത്തകയാക്കി വച്ചിരിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. ഇത്തരത്തിൽ കഴിഞ്ഞ നാൽപതു വർഷമായി ലണ്ടൻ കേന്ദ്രമാക്കി റീഡ് എക്‌സ്ബിഷൻ എന്ന സ്വകാര്യ കമ്പനി നടത്തുന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നും സംരംഭകർ എത്തുന്നത് പതിവാണ്. ഓരോ രാജ്യത്തേക്കും സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. പല സ്ഥലങ്ങളിൽ നിന്നും മന്ത്രിമാരും മറ്റും എത്തുന്നത് പതിവാണെങ്കിലും വഴിപാട് പോലെ മുടക്കം കൂടാതെ മന്ത്രിയും ഉദ്യോഗസ്ഥ തല സംഘവും എത്തുന്നതിൽ ഏറ്റവും മുന്നിൽ തന്നെയാണ് കേരളത്തിന്റെ സ്ഥാനം.

സർക്കാർ ചെലവിൽ ഒരാഴ്ചത്തെ സഞ്ചാരം തരപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല അവസരമായാണ് കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ നിന്നെത്തുന്ന സംഘത്തിന്റെ വരവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും ഇത്തവണയും അതിനൊന്നും മാറ്റമില്ല. അതിനിടെ കോവിഡിന് ശേഷം കേരളത്തിന് ഏകദേശം 12 ലക്ഷം സഞ്ചാരികളെയാണ് നഷ്ടമായതെന്ന് കണക്കുകൾ കാണിക്കുന്നു. ലോക സഞ്ചാര പാത പൂർണമായും തുറന്നിട്ടും അതിൽ പത്തു ശതമാനം മാത്രമാണ് കേരളത്തിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. ഇതിൽ എത്ര പേരെ ബ്രിട്ടനിൽ നിന്നും ലഭിക്കും എന്ന് പോലും അറിയാൻ സമയമായിട്ടില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഉറപ്പായിട്ടും മന്ത്രിയും സംഘവും ഇപ്പോൾ വേൾഡ് ട്രാവൽ മാർട്ടിന്റെ പേരിൽ ലണ്ടനിൽ എത്തിയിരിക്കുന്നത്.

കടകംപള്ളിയുടെ ആവർത്തനമായി റിയാസിന്റെയും ലോക സഞ്ചാരം

ഒന്നാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ മേളയിൽ പങ്കെടുത്ത ശേഷം കേരളത്തിന് ട്രാവൽ മാർക്കറ്റിൽ ഒന്നാം സ്ഥാനം കിട്ടിയെന്നു കേരളത്തിൽ എത്തി നടത്തിയ പ്രചാരണം വലിയ വിവാദമായി മാറിയിരുന്നു. ഏതാനും വർഷം മുൻപ് ട്രാവൽ മാർട്ട് നടക്കുമ്പോൾ ശബരിമല വിഷയം കൊടുമ്പിരി കൊള്ളുമ്പോൾ ലണ്ടനിൽ ഇരുന്നു കേരളത്തിലെ രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയ വഴി മന്ത്രി സമയം കളഞ്ഞപ്പോൾ ദക്ഷിണ ആഫ്രിക്ക ടൂറിസം മേളയിലെ അവാർഡ് സ്വന്തമാക്കിയാണ് മടങ്ങിയത്. പിന്നീട് നാട്ടിൽ എത്തിയപ്പോൾ സമാശ്വാസ സമ്മാനം കിട്ടിയതിനെ പ്രധാന സമ്മാനമാക്കി അവതരിപ്പിച്ചതിന് സോഷ്യൽ മീഡിയ അദ്ദേഹത്തെ നന്നായി ട്രോളുകളും ചെയ്തിരുന്നു.

തുടർന്ന് തൊട്ടടുത്ത വർഷമാണ് കൂടുതൽ ലോബിയിങ് നടത്തി കേരളം ഉത്തരവാദ ടൂറിസം എന്ന കാറ്റഗറിയിൽ അവാർഡ് നേടുന്നതും. സൗന്ദര്യ മത്സര വേദിയിലും മറ്റും ഒരു ജേതാവിനെ പ്രഖ്യാപിച്ച ശേഷം പങ്കെടുക്കുന്ന മറ്റുള്ളവർക്കു മികച്ച പുഞ്ചിരി, ബേസ്ഡ് ഹെയർ സ്റ്റൈൽ എന്നൊക്കെയുള്ള പേരുകളിൽ നൽകുന്ന ടൈറ്റിലുകളേക്കാൾ വലിയ പ്രാധാന്യമായൊന്നും സ്വകാര്യ മേളയിലെ ഇത്തരം അവാർഡുകൾക്ക് ഇല്ലെന്നത് പോലും തിരിച്ചറിയാതെയാണ് കേരളത്തിൽ നിന്നും ലണ്ടനിൽ എത്തുന്ന മന്ത്രിമാർ നടത്തുന്ന അവകാശവാദങ്ങൾ. കഴിഞ്ഞ മാസം പാരിസിൽ നടന്ന മറ്റൊരു ടൂറിസം മേളയിലും കാര്യമായ ഇടപെടൽ ഒന്നും നടത്താതെ മന്ത്രി റിയാസ് കേരള സ്റ്റാളിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ട്രോളുകൾ ആയി എത്തിയിട്ടും മികച്ച പ്രകടനം നടത്താൻ സാധിച്ചെന്നൊക്കെയാണ് കേരളത്തിൽ തിരിച്ചെത്തിയ മന്ത്രി പ്രസ്താവന നടത്തിയത്.

നാട് പിടയുമ്പോൾ ലോകം കാണാൻ ആർക്കു നേരം?

സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനും യൂറോപ്പും ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി ലോക സഞ്ചാരികൾ ടൂറിസം മാപ്പിൽ തിരിച്ചെത്താൻ വർഷങ്ങൾ എടുക്കും എന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ദ്ധർ ഒക്കെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ സഞ്ചാരികളെ ആകർഷിക്കാൻ ഉള്ള പ്രചാരണ പ്രവർത്തനങ്ങളും ലോകത്താകെ മന്ദഗതിയിലാണ്.

ഇതിനിടയിൽ യൂറോപ്പിനെയാകെ സാമ്പത്തിക ഇരുട്ടറയിൽ തള്ളിയിട്ട യുക്രൈൻ യുദ്ധവും കൂടി വന്നെത്തിയപ്പോൾ അവധിക്കാലത്തെ കുറിച്ച് ആലോചിക്കാൻ പോലും ഭയപ്പെടുകയാണ് തദ്ദേശ വാസികൾ. യൂറോപ്പിൽ തന്നെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും ഭയാനകമായതു ബ്രിട്ടനിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഇത്തരം കാര്യങ്ങൾ ഒന്നും അറിയാതെ ഉദ്യോഗസ്ഥരടക്കമുള്ള സംഘവുമായിട്ടാണ് സഞ്ചാരികളെ ആകർഷിക്കാൻ മന്ത്രി റിയാസിന്റെ വരവ്.

തിരിച്ചടിയായി ഇ വിസ, ഒരക്ഷരം മിണ്ടാതെ കേരള സർക്കാർ

കോവിഡിന് ശേഷം ഒട്ടുമിക്ക രാജ്യങ്ങളുടെയും ഇ വിസ സമ്പ്രദായം ഇന്ത്യ മടക്കി നൽകിയപ്പോൾ ബ്രിട്ടൻ ആ പാട്ടികയിൽ നിന്നും പുറത്താവുക ആയിരുന്നു. മാത്രമല്ല വിസ നടപടികൾ കടുപ്പിച്ചു യാത്രക്കാർ വി എഫ് എസ് സെന്ററുകളിൽ നേരിട്ട് ഹാജരാകണം എന്ന കടുത്ത നിർദേശവും ഡൽഹിയിൽ നിന്നും പുറത്തു വന്നു. ഇതിന് ഇളവ് നൽകണമെന്ന് ബ്രിട്ടനിൽ നിന്നും ആവശ്യം ഉയരുകയും ഓൺ ലൈൻ പരാതികൾ പോലും ആരംഭിച്ചിട്ടും കേരള ടൂറിസത്തിനു കനത്ത തിരിച്ചടിയാകുന്ന നിർദ്ദേശം മാറ്റിക്കിട്ടാൻ സംസ്ഥാന സർക്കാർ ഡൽഹിയിൽ കാര്യമായ സമ്മർദം ചെലുത്തിയില്ല എന്നാണ് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും മുഖ്യമന്ത്രി ഡൽഹി സന്ദർശനം നടത്തിയിട്ടും ടൂറിസം മേഖലക്ക് തിരിച്ചടിയായി കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടാൻ അദ്ദേഹം തയ്യാറായതായി സൂചനയൊന്നും പുറത്തു വന്നിട്ടില്ല. യൂറോപ്യൻ സഞ്ചാരികൾ സാധാരണയായി രണ്ടു മുതൽ മൂന്നു ആഴ്ച വരെ ഇന്ത്യയിൽ താങ്ങുമ്പോൾ ബ്രിട്ടീഷ് സഞ്ചാരികൾ മാസങ്ങളായി ഇന്ത്യയിൽ തങ്ങുന്നു, എന്താണ് ഇതിന്റെ കാരണം എന്നതിൽ വിദേശകാര്യ മന്ത്രാലയത്തിന് തോന്നിയ സംശയമാണ് വിസ നടപടികൾ കടുപ്പിക്കാൻ കരണമായതെന്നനാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

ഇക്കാര്യം തുറന്നു പറയാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകുന്നുമില്ല. വിസ നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്ന് അനേകായിരം ബ്രിട്ടീഷ് സഞ്ചാരികളാണ് ഇന്ത്യൻ സന്ദർശനം അവസാന നിമിഷം വേണ്ടെന്നു വച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള തിരക്കേറിയ സമയത്തും ഇതോടെ കേരളത്തിലെ മികച്ച ഹോട്ടലുകളിൽ പോലും ബ്രിട്ടീഷ് സഞ്ചാരികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണെന്ന് ഈ രംഗത്തെ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നു. സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ ഹോട്ടലുകൾക്ക് മാത്രമല്ല, ടൂറിസ്റ്റു ടാക്സി അടക്കമുള്ള സകല മേഖലക്കും തിരിച്ചടി ആയതു കാണാതെയാണ് ഇപ്പോൾ വീണ്ടും സഞ്ചാരികളെ ആകർഷിക്കാൻ എന്ന പേരിൽ മന്ത്രിയുടെ വരവ് എന്നതാണ് കൂടുതൽ പരിഹാസ്യമാകുന്നത്.

മന്ത്രി ലണ്ടനിലേക്ക് വരുന്നതിനു മുൻപ് ഡൽഹിയിലേക്ക് പോയിരുന്നെങ്കിൽ കുറച്ചുകൂടി ഫലപ്രദമായ മാറ്റം പ്രതീക്ഷിക്കാമായിരുന്നു എന്നാണ് പേര് വെളിപ്പെടുത്തരുത് എന്ന സൂചനയോടെ കൊച്ചിയിൽ നിന്നും ഓരോ വർഷവും നൂറുകണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഹോട്ടലിലെ ജനറൽ മാനേജർ വ്യക്തമാക്കിയത്. ഇ വിസ നിയന്ത്രണം കടുപ്പിച്ചത് കേരളത്തിലെ ടൂറിസം മേഖലക്ക് നൂറു കണക്കിന് ബുക്കിങ്ങുകൾ ഓരോ ദിവസവും നഷ്ടമാകാൻ കാരണമായിരിക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർ കേരള ചാപ്റ്റർ ചെയർമാൻ ജെയിംസ് കൊടിയന്ത്ര ഏതാനും ആഴ്ച മുൻപാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യുദ്ധ സാഹചര്യങ്ങൾ മൂലം റഷ്യൻ സഞ്ചാരികൾ വരാതായതും കേരള ടൂറിസത്തിനു തിരിച്ചടി തന്നെയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർ സീനിയർ വൈസ് പ്രസിഡന്റ് ഇ എം നജീബും വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചൊന്നും മന്ത്രിയുടെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ലെന്നാണ് അറിയാനാകുന്നത്.

മുഖംമൂടിയായി ടൂറിസം ക്ലബ്, ലോക കേരള സഭക്കാരൊക്കെ ഇരുട്ടിൽ തന്നെ

തെറ്റായ സമയത്തെ അനാവശ്യ യാത്രകൾ രാഷ്ട്രീയ വിവാദത്തിലേക്കും മാധ്യമ ശ്രദ്ധയിലേക്കും എത്തും എന്ന് മനസിലാക്കി തന്നെ ട്രാവൽ മാർട്ടിനൊപ്പം ലണ്ടൻ ടൂറിസം ക്ലബ് ഉദ്ഘാടനം എന്ന പരിപാടിയും കൂടി ആവിഷ്‌കരിച്ചാണ് മന്ത്രിയുടെ വരവ്. എന്നാൽ ടുറിസം ക്ലബ് ആറു മാസത്തോളമായി കേരളത്തിൽ മന്ത്രി തന്നെ പ്രൊമോട്ട് ചെയ്തു നടക്കുന്ന കാര്യം ആണല്ലോ എന്ന് പരിപാടി സംഘടിപ്പിക്കുന്ന സ്വകാര്യ ഏജൻസിയോട് തിരക്കിയപ്പോൾ വിദേശത്തെ ആദ്യ ക്ലബ് ആണെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരം എന്നാണ് മറുപടി ആയി ലഭിച്ചത്.

സാധാരണ നിലയിൽ ഇത്തരം കാര്യങ്ങൾ ചുരുങ്ങിയ പക്ഷം ലോക കേരള സഭ അംഗങ്ങൾ എങ്കിലും അറിയേണ്ടതല്ലേ എന്ന ധാരണയിൽ നിലവിലെ ലോക കേരള സഭ അംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ അവരും ഇരുട്ടിലാണെന്ന് വ്യക്തമാക്കുക ആയിരുന്നു. ആരാണ് ക്ലബിലെ അംഗങ്ങൾ, എന്താണ് ക്ലബിന്റെ പ്രവർത്തനം, എത്ര സഞ്ചാരികളെയാണ് ക്ലബ് മുഖേനെ കേരളത്തിൽ എത്തിക്കുക എന്ന ചോദ്യങ്ങൾക്കൊന്നും ഇതുവരെ പരിപാടിയുടെ സംഘാടകരായ ഏജൻസിക്ക് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനം കഴിഞ്ഞ മാസം ലണ്ടനിൽ നടന്നപ്പോൾ സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയ വിവാദം അവസാനിക്കാത്ത ഘട്ടത്തിലാണ് മറ്റൊരു സർക്കാർ പരിപാടിയും അടുത്തിടെ രൂപീതമായ സ്വകാര്യ ഏജൻസിയുടെ കൈവശം എത്തിയിരിക്കുന്നത്.

കേരളത്തെ സഹായിക്കാൻ കെൽപ്പുള്ള നിരവധി മലയാളി സംഘടനകളും ലോക കേരള സഭ എന്ന ഔദ്യോഗിക സംവിധാനം ഉണ്ടായിട്ടും അവരെയൊക്കെ നോക്കുകുത്തിയാക്കി മാറ്റുന്നത് എന്താണെന്ന ചോദ്യവും തൽക്കാലം മന്ത്രിയെ തേടി എത്തില്ല എന്നുറപ്പാണ്. കാരണം ഭാര്യ പിതാവ് മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇത്തരം പരീക്ഷണ ചോദ്യങ്ങൾ ഒന്നും റിയാസിനെ തേടി സോഷ്യൽ മീഡിയ ട്രോളർമാർക്കല്ലാതെ പാർട്ടിയിലോ മറ്റോ ഉത്തരവാദിത്തമുള്ള ആർക്കും ചോദിക്കാനാകില്ല.

കേരള സർക്കാരിന്റെ പേരിൽ ഇനിയും ലണ്ടന് കേന്ദ്രീകരിച്ചു കരാർ പ്രവർത്തനം നടത്തുക ആണെങ്കിൽ ലോക കേരള സഭ അതിനെ എതിർക്കണമെന്നൊക്കെ അവർക്കിടയിൽ ചർച്ചകൾ നടന്നിരുന്നെകിലും മന്ത്രി റിയാസിന്റെ വരവിലും കേരള ടൂറിസം വകുപ്പിന്റെ പ്രവർത്തനത്തിലും ലോക കേരള സഭ അംഗങ്ങൾക്ക് വലിയ റോൾ ഒന്നും ഇല്ലെന്നു മന്ത്രിക്കു ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങൾ തന്നെ തെളിവ്. ലോക കേരള സഭയുടെയോ സിപിഎംന്റെയോ അറിയപ്പെടുന്ന മുഖങ്ങളൊന്നും എയർ പോർട്ടിൽ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം നടത്തിയ ലണ്ടൻ സന്ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളർമാർ ആഘോഷമാക്കിയത് പോലെ ഇപ്പോൾ മന്ത്രി റിയാസിന്റെ വരവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. കേരള ടൂറിസം ഇനി വേറെ ലെവൽ എന്ന ക്യാപ്ഷനോടെയാണ് സഫാരി സ്യൂട്ടണിഞ്ഞു നിൽക്കുന്ന ചിത്രവുമായി റിയാസിനെ ട്രോളർമാർ പരിഹാസ്യ കഥാപാത്രമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP