Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ' ഭർത്താവ്; ഭാര്യയെ പഞ്ചായത്തിലേക്ക് ജയിപ്പിച്ചതും ഇർഫാന്റെ കാരുണ്യ പ്രവർത്തനം; ചുവന്ന ബോർഡുള്ള കാറിൽ കറങ്ങി മോഷണം നിത്യ തൊഴിൽ; ഗൂഗിളിലെ പോഷ് ഏര്യ സെർച്ച് ചെയ്ത് ടാർഗറ്റ് ഉറപ്പിച്ചു; കൊച്ചിയിൽ എത്തിയത് കാറിൽ ഒറ്റയ്ക്ക്

ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ' ഭർത്താവ്; ഭാര്യയെ പഞ്ചായത്തിലേക്ക് ജയിപ്പിച്ചതും ഇർഫാന്റെ കാരുണ്യ പ്രവർത്തനം; ചുവന്ന ബോർഡുള്ള കാറിൽ കറങ്ങി മോഷണം നിത്യ തൊഴിൽ; ഗൂഗിളിലെ പോഷ് ഏര്യ സെർച്ച് ചെയ്ത് ടാർഗറ്റ് ഉറപ്പിച്ചു; കൊച്ചിയിൽ എത്തിയത് കാറിൽ ഒറ്റയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ 'ബിഹാർ റോബിൻഹുഡ്' മുഹമ്മദ് ഇർഫാനെ(35) കൊച്ചിയിലെത്തിയത് ചുവന്ന ബോർഡ് വച്ച സർക്കാർ വാഹനത്തിൽ. ഇയാളുടെ ഭാര്യ ബീഹാറിലെ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്. ഇവരുപയോഗിക്കുന്ന ബോർഡ് വച്ച കാറിൽ കറങ്ങിയാണ് മുഹമ്മദ് ഇർഫാന്റെ കവർച്ചകൾ.

ബിഹാറിലെ 'സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്' എന്ന ബോർഡാണ് പ്രതിയുടെ കാറിൽ ഘടിപ്പിച്ചിരുന്നത്. ഇയാളുടെ ഭാര്യ അവിടെത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. വിവിധ മോഷണക്കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാൻ ഒരുമാസം മുൻപാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ആഭരണങ്ങളെല്ലാം പ്രതിയുടെ കാറിലുണ്ടായിരുന്നു. അതെല്ലാം പൊലീസ് കണ്ടെടുത്തതായും സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ അറിയിച്ചു. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന കള്ളനാണ് ഇർഫാനും. 2009ൽ പുറത്തിറങ്ങിയ 'റോബിൻഹുഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ ജോഷിയുടെ വീട്ടിൽത്തന്നെ മോഷണം നടത്തിയാണ് അഭിനവ റോബിൻഹുഡ് ഇത്തവണ കുടുങ്ങിയത് എന്നതാണ് രസകരമായ വസ്തുത.

ഉജാല എന്നും ഇർഫാനു പേരുണ്ട്. മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ 20% വരെ നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമ്മാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു രീതി. വലിയ ജനപിന്തുണയുണ്ട്. ഈ ജനപിന്തുണയുടെ കരുത്തിലാണ് ഇയാളുടെ ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചതും പ്രസിഡന്റായതും. ഭാര്യയ്ക്ക് വേണ്ടി വോട്ടു പിടിത്തം നടത്തിയതും ഇർഫാനാണ്. ഇതിന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദേശീയ മാധ്യമങ്ങളും ഈ കള്ളന്റെ ജനോപകാര നടപടികൾ എടുത്തു കാട്ടി പലപ്പോഴും വാർത്ത നൽകിയിട്ടുണ്ട്.

ഏപ്രിൽ 20-ാം തീയതിയാണ് പ്രതി ബിഹാറിൽനിന്ന് മോഷണം നടത്താനായി കൊച്ചിയിലെത്തിയത്. ബിഹാറിൽനിന്ന് നേരിട്ട് കൊച്ചിയിലേക്ക് വരികയായിരുന്നു. കൊച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലകൾ ഇയാൾ ഗൂഗിളിൽ സെർച്ച് ചെയ്ത് മനസിലാക്കിയിരുന്നു. തുടർന്ന് കൊച്ചി പനമ്പിള്ളി നഗറിലെത്തുകയും ജോഷിയുടെ വീട്ടിൽ കയറി മോഷണം നടത്തുകയുമായിരുന്നു. ജോഷിയുടെ വീട് മാത്രം ലക്ഷ്യമിട്ടല്ല പ്രതി എത്തിയത്. അതിന് മുമ്പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളിൽ കൂടി ഇയാൾ മോഷണശ്രമം നടത്തി.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 19-ഓളം മോഷണക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഇർഫാൻ. തിരുവനന്തപുരത്ത് ഭീമ ജൂവലറി ഉടമയുടെ വീട്ടിൽമോഷണം നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. ജോഷിയുടെ വീട്ടിലെ മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിർണായകമായത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഒരു ഹോണ്ട അക്കോർഡ് കാർ സംശയാസ്പദമായി കണ്ടെത്തി. തുടർന്ന് ഈ കാറിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. കാറിലെ ബോർഡിൽ നിന്നു തന്നെ പ്രതിയെ ഉറപ്പിക്കുകയും ചെയ്തു.

ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമ്മിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആളുള്ള വീടുകളിൽ മോഷണം നടത്തുന്നതിലാണ് ഇർഫാന്റെ രീതി.

മറ്റൊരു മോഷണ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വെറും 4 മാസത്തിനുള്ളിലാണു പനമ്പിള്ളിനഗറിലെത്തി മോഷണം നടത്തിയത്. 2012ലും 2017ലും പ്രതി ഡൽഹിയിൽ മോഷണം നടത്തി പിടിയിലായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP