Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോ കോളേജിലെ കേസിൽ കെ എസ് യുക്കാർക്ക് വേണ്ടി ഹാജരായതിന്റെ പക തീർക്കാൻ അഡ്വക്കേറ്റിനെ കൊല്ലാൻ ശ്രമിച്ചത് എസ് എഫ് ഐ നേതാവ്; കുട്ടി സഖാവിനെ തൊടാൻ തുടക്കത്തിൽ ഭയന്ന് പിണറായി പൊലീസ്; മഹാരാജാസിലെ യൂണിയൻ ഓഫീസിന്റെ പൂട്ടു തകർത്ത് കയറിയിട്ടും പ്രതി പൊലീസിന് പിടികിട്ടാപ്പുള്ളി; ഒടുവിൽ ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ മുഖം രക്ഷിക്കാൻ അറസ്റ്റും; മുഹമ്മദ് അമീറിനെ അഴിക്കുള്ളിലാക്കിയത് അഡ്വ നിസാം നാസറിന്റെ നിയമ പോരാട്ടം

ലോ കോളേജിലെ കേസിൽ കെ എസ് യുക്കാർക്ക് വേണ്ടി ഹാജരായതിന്റെ പക തീർക്കാൻ അഡ്വക്കേറ്റിനെ കൊല്ലാൻ ശ്രമിച്ചത് എസ് എഫ് ഐ നേതാവ്; കുട്ടി സഖാവിനെ തൊടാൻ തുടക്കത്തിൽ ഭയന്ന് പിണറായി പൊലീസ്; മഹാരാജാസിലെ യൂണിയൻ ഓഫീസിന്റെ പൂട്ടു തകർത്ത് കയറിയിട്ടും പ്രതി പൊലീസിന് പിടികിട്ടാപ്പുള്ളി; ഒടുവിൽ ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ മുഖം രക്ഷിക്കാൻ അറസ്റ്റും; മുഹമ്മദ് അമീറിനെ അഴിക്കുള്ളിലാക്കിയത് അഡ്വ നിസാം നാസറിന്റെ നിയമ പോരാട്ടം

എം.മനോജ് കുമാർ

കൊച്ചി: ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ എസ്എഫ്‌ഐക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസിന്റെ മുഖം രക്ഷിക്കൽ. അഭിഭാഷകനായ നിസാം നാസറിനെ അർദ്ധ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ ഒന്നാം പ്രതിയെയെയാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്‌ഐക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ കൊച്ചി അസിസ്റ്റന്റ്‌റ് കമ്മിഷണർ ലാൽജിയോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും ആഭ്യന്തര സെക്രട്ടറി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പത്ത് മാസമായി 'ഒളിവിൽ' തുടരുകയായിരുന്ന എസ്എഫ്‌ഐ നേതാവിന്റെ കീഴടങ്ങൽ.

കേസിലെ ഒന്നാം പ്രതിയായ എസ്എഫ്‌ഐ എറണാകുളം ഏരിയാ കമ്മറ്റി പ്രസിഡനറും ജില്ലാ കമ്മറ്റി അംഗവുമായ മുഹമ്മദ് അമീർ ആണ് ഇന്നലെ കീഴടങ്ങിയത്. കഴിഞ്ഞ നവംബർ മാസം ഏഴിന് അഭിഭാഷകനായ നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിനെ തുടർന്നാണ് പ്രതിയായ മുഹമ്മദ് അമീർ ഇന്നലെ കീഴടങ്ങിയത്. ഈ കേസിൽ പ്രതികളായ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർഷോം, എറണാകുളം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. ഇതിൽ അർഷോം രണ്ടു മാസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. പക്ഷെ മുഹമ്മദ് അമീർ കീഴടങ്ങാതെ മുങ്ങി നടക്കുകയായിരുന്നു. എസ്എഫ്‌ഐക്കാരനായ മുഹമ്മദിനെ തൊടാതെ പൊലീസ് ഒഴിഞ്ഞുമാറുകയും ചെയ്തു. തുടർന്ന് അഭിഭാഷകനായ നിസാം ഹൈക്കോടതിയിൽ നടത്തിയ നിരന്തരമായ നിയമപോരാട്ടത്തിന്റെ ഒടുവിലാണ് ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് നിർബന്ധിതമാവുകയും ചെയ്തത്. ഇതേ കേസിലെ അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണ്.

ആദ്യം കേസിൽ ശക്തമായി നീങ്ങിയ പൊലീസ് സിപിഎമ്മിൽ നിന്ന് സമ്മർദ്ദം ശക്തമായപ്പോൾ ഒളിച്ചുകളി തുടരുകയായിരുന്നു. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാതെ കുറ്റപത്രം സമർപ്പിക്കാൻ കഴിയിലെന്ന നിലപാടിൽ ഹൈക്കോടതി എത്തിയതോടെയാണ് ഒളിവിലായിരുന്ന മുഹമ്മദ് അമീർ കീഴടങ്ങിയത്. ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനും പൊലീസ് ശ്രമിക്കുന്നു എന്ന് മനസിലായതോടെയാണ് അഭിഭാഷകൻ നിസാം ഹൈക്കോടതിയിൽ നിയമപോരാട്ടത്തിനു തുടക്കമിട്ടത്. കേസ് ക്രൈംബ്രാഞ്ചിനു വിടണം എന്നാവശ്യപ്പെട്ടപ്പോഴാണ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ്‌റ് കമ്മിഷണറോട് ആവശ്യപ്പെട്ടത്.

ഗത്യന്തരമില്ലാതെ എസ്എഫ്‌ഐ നേതാവ് കീഴടങ്ങുകയായിരുന്നു. ജൂൺ ഇരുപത്തിനാലിന് ഈ കേസ് ഹൈക്കോടതി കോടതി മുൻപാകെ വന്നപ്പോൾ മുഹമ്മദ് അമീർ ഒളിവിൽ അന്നെന്നാണ് പൊലീസ് പറഞ്ഞത്. മഹാരാജാസ് ഉൾപ്പെടെ പൊതുവേദികളിലെല്ലാം അമീർ സജീവമായ സമയത്ത് തന്നെയാണ് ഹൈക്കോടതിയിൽ ഇങ്ങിനെ ഒരു റിപ്പോർട്ട് പൊലീസ് നൽകിയത്.

മുഹമ്മദ് അമീറിനുള്ളത് ഗുണ്ടാ പശ്ചാത്തലം; പത്തിലധികം കേസുകളിലെ പ്രതിയും

അഭിഭാഷകനായ നിസാമിനെ വീട്ടിൽ കയറി ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് അമീർ ഇപ്പോൾ അറസ്റ്റിലായത്. എസ്എഫ്‌ഐ നേതാവാണെങ്കിലും ഗുണ്ടാ രീതിയിലാണ് ഇയാളുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ ജൂലൈയിൽ മഹാരാജാസ് കോളെജിലെ യൂണിയൻ ഓഫീസിന്റെ പൂട്ട് തകർത്തത് മുഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പ്രിൻസിപ്പൽ അടച്ചു പൂട്ടിയ ഓഫീസാണ് അമീറിന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ട് തകർത്ത് അകത്ത് കയറിയത്.

ഇതിനെ തുടർന്ന് ഫ്രറ്റെണിറ്റി പ്രവർത്തകർ യൂണിയൻ ഓഫീസിലേക്ക് ഇരച്ചു കയറുകയും കോളേജിൽ സംഘർഷം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ മഹാരാജാസ് കോളെജ് വിദ്യാർത്ഥിയായ കെവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലും അമീർ ഉൾപ്പെട്ടതായാണ് വിവരം. പക്ഷെ ഈ പരാതിയിൽ ഇയാൾക്ക് നേരെ പൊലീസ് കേസ് എടുത്തിട്ടില്ല. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത് ഉൾപ്പെടെ പത്തിൽ അധികം കേസുകൾ അമീറിന്റെ പേരിലുണ്ട്. ഈ സംഭവത്തിൽ അമീറിനെ മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.

പൊലീസ് നീങ്ങിയത് സിപിഎം നിർദ്ദേശമനുസരിച്ചെന്നു നിസാം

കഴിഞ്ഞ നവംബർ ഏഴിനു രാത്രിയാണ് ഞാൻ താമസിച്ചിരുന്ന വീട്ടിലേക്ക് എസ്എഫ് പ്രവർത്തകർ ഇരച്ചു കയറി ആക്രമണം നടത്തുന്നത്. ഇരുമ്പുവടികൊണ്ട് തലക്കടിച്ച് എന്നെ കൊല്ലാനായിരുന്നു ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഞാൻ പരാതി നൽകിയിരുന്നു. കേസിലെ പ്രതികളായ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർഷോം, എറണാകുളം എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. പക്ഷെ കേസിലെ ഒന്നാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ മുഹമ്മദ് അമീറിനെ തൊടാൻ പൊലീസ് തയ്യാറായില്ല. ഒളിവിൽ ആണെന്ന് പൊലീസ് ഹൈക്കോടതിയിൽ വരെ റിപ്പോർട്ട് നൽകിയെങ്കിലും ഒളിവിലല്ലാ എന്നത് പകൽ പോലുള്ള സത്യമായിരുന്നു.

മഹാരാജാസ് കോളേജിന്റെ യൂണിയൻ ഓഫീസിന്റെ പൂട്ട് തകർത്ത സംഭവം നടക്കുന്നത് മുഹമ്മദ് അമീറിന്റെ നേതൃത്വത്തിലായിരുന്നു. കേസ് പൊലീസ് മുക്കുന്നു എന്ന് മനസിലായതോടെ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഞാൻ വീണ്ടും ഹർജി നൽകിയതോടെയാണ് മുഹമ്മദ് അമീറിനെ തൊടാൻ പൊലീസ് തയ്യാറായത്. ലോ കോളേജിലെ എസ്എഫ്‌ഐ കെഎസ് യു സംഘർഷത്തെ തുടർന്ന് കെഎസ് യുവിനു നിയമസഹായം നൽകാൻ അഭിഭാഷകൻ എന്ന നിലയിൽ ഞാൻ തയ്യാറായതോടെ എസ്എഫ്‌ഐക്കാർക്ക് എന്നോടുള്ള അരിശം മൂത്തു. ഇതാണ് എന്നെ തേടി എസ്എഫ്‌ഐ സംഘം എത്താൻ കാരണം. ലോ കോളേജിലെ എസ്എഫ്‌ഐ-കെഎസ് യു സംഘർഷമായിരുന്നു കാരണമായത്. ഇതിൽ കെഎസ് യുക്കാർ പ്രതികളായിരുന്നു. ഇതിനെ തുടർന്നാണ് നവംബർ ഏഴിന് രാത്രി ഞാൻ ആക്രമിക്കപ്പെട്ടത്. നോർത്ത് പൊലീസ് ആണ് അന്വേഷിച്ചത്. പക്ഷെ അതിന്നിടയിൽ സിപിഎം സമ്മർദ്ദം വന്നു.

ഞാൻ ലോ കോളേജിലെ മുൻ കെഎസ് യു നേതാവായിരുന്നു. അതിനാൽ തന്നെ എന്നോടു എസ്എഫ്‌ഐക്ക് മുൻ വിരോധവുമുണ്ട്. കെഎസ് യു കേസുകളിൽ പതിവായി ഞാൻ ഹാജരാകുന്നുണ്ട്. ശക്തമായ വകുപ്പുകൾ ഇട്ട് കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായതേയുണ്ടായിരുന്നില്ല. അതിനാൽ കോടതിയെ സമീപിച്ചാണ് ഞാൻ കേസ് ഗൗരവതരമാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് 308 വകുപ്പ് വരെ ചേർത്തത്. ഇതിൽ ആരും അറസ്റ്റിൽ ആയിരുന്നില്ല. മുൻപ് അറസ്റ്റിലായ അർഷോമിന്റെ അറസ്റ്റിനുള്ള നീക്കം വന്നതും എന്റെ ഇടപെടൽ കൊണ്ടാണ്. വേറൊരു കേസിൽ ഇയാൾ കോടതിയിൽ എത്തിയത് ഞാൻ അറിഞ്ഞു. പൊലീസിൽ വിളിച്ച് ഇൻഫോം ചെയ്തു. ചാർജുള്ള ഉദ്യോഗസ്ഥനെ അറിയിച്ചു. ഞാൻ അന്നത്തെ കമ്മിഷണർ ദിനേശിനെ സമീപിച്ചു. പ്രതിയാണെങ്കിൽ അറസ്റ്റിനു കമ്മിഷണർ ഉത്തരവിട്ടു. ഇതോടെയാണ് അർഷോം അറസ്റ്റിലായത്. മൂന്നാം പ്രതി പിന്നീട് കീഴടങ്ങുകയും ചെയ്തു.

പിന്നീട് പൊലീസ് തണുത്തപ്പോൾ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾ എല്ലാം പുറത്ത് തന്നെ. കേസ് ക്രൈംബ്രാഞ്ചിനു വിടണം എന്നാണു ആവശ്യപ്പെട്ടത്. കേസ് ഒതുക്കുന്നതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന എന്നാണ് ഞാൻ ആരോപിച്ചത്. ലോക്കൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കട്ടെ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നും നടക്കാതെയായപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെയാണ് ലാൽജിയോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. സർക്കാരിൽ നിന്നും വിശദീകരണം തേടുകയും ചെയ്തു.

ഇതോടെയാണ് മുഹമ്മദ് അമീർ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പക്ഷെ അഞ്ചാം പ്രതിയെ ഇപ്പോഴും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മുഹമ്മദ് അമീറിനെ ചോദ്യം ചെയ്താൽ മാത്രമേ അഞ്ചാം പ്രതി ആരെന്നു വ്യക്തമാകുകയുള്ളൂ-നിസാം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP