Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചാനൽ ഇന്റർവ്യൂകൾ കാണുമ്പോൾ മണ്ടന്മാർ എന്തിനവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും; ദൃശ്യമാധ്യമങ്ങളിൽ അഭിമുഖം നടത്തുന്നത് പൊലീസുകാരൻ കുറ്റവാളികളോട് ചോദിക്കുന്നത് പോലെ; അത് സഹിച്ചിരിക്കാൻ പറ്റാത്തതുകൊണ്ട് ടെലിവിഷൻ ഇപ്പോൾ കാണാറില്ല': വിമർശനവുമായി എംടി

'ചാനൽ ഇന്റർവ്യൂകൾ കാണുമ്പോൾ മണ്ടന്മാർ എന്തിനവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും; ദൃശ്യമാധ്യമങ്ങളിൽ അഭിമുഖം നടത്തുന്നത് പൊലീസുകാരൻ കുറ്റവാളികളോട് ചോദിക്കുന്നത് പോലെ; അത് സഹിച്ചിരിക്കാൻ പറ്റാത്തതുകൊണ്ട് ടെലിവിഷൻ ഇപ്പോൾ കാണാറില്ല': വിമർശനവുമായി എംടി

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രസ് ക്ലബ് പരിപാടിയിൽ ദൃശ്യ മാധ്യമ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് എം ടി വാസുദേവൻ നായർ. ചാനലുകളിൽ ഇന്റർവ്യൂകളൊക്കെ കാണുമ്പോൾ ഇന്റർവ്യൂ ചെയ്യാനായി മണ്ടന്മാർ എന്തിനാണ് അവിടെ പോയി ഇരിക്കുന്നതെന്ന് തോന്നിപ്പോകും. തങ്ങളോടുള്ള ചോദ്യങ്ങൾക്കായി കാത്തിരിക്കുകയാണ് അവർ. ദൃശ്യമാധ്യമങ്ങളിൽ അഭിമുഖം നടത്തുന്നത് സബ് ഇൻസ്‌പെക്ടറുടെ റാങ്കിലുള്ള പൊലീസുകാരൻ കുറ്റവാളികളോട് ചോദിക്കുന്നതുപോലെയാണ്. അത് സഹിച്ചിരിക്കാൻ പറ്റില്ലെന്നും എം ടി പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിന്റെ ബിരുദദാനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിതവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ മറഞ്ഞിരിക്കുന്നതോ മറച്ചുവെച്ചിരിക്കുന്നതോ ആയ സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് അഭിമുഖം നടത്തുന്നയാൾ ശ്രദ്ധിക്കേണ്ടതെന്നും എം ടി വാസുദേവൻ നായർ പറഞ്ഞു. ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ കാണാറില്ലെന്നും ആ സമയം വല്ലതും വായിച്ചിരിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ പ്രവർത്തകർ മൂന്നാം കണ്ണുകൊണ്ട് സത്യത്തെ കാണണം. മാധ്യമ പ്രവർത്തകന് അവനവനോടും സമൂഹത്തോടും കാലത്തോടും തന്നെ നീതി പുലർത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തനം ഒരു സാധാരണ ജോലിയല്ല. അതിന് സാമൂഹ്യമായ ബാദ്ധ്യതയുണ്ട്. കാലത്തിനോടും സമൂഹത്തിനോടും ബാദ്ധ്യതയുണ്ട്. പുരാണത്തിൽ പറയുന്ന ദിവ്യദൃഷ്ടി പോലുള്ള മൂന്നാം കണ്ണുകൊണ്ട് കാണുകയും വായനക്കാരന്റെയോ പ്രേക്ഷകന്റെയോ മുന്നിൽ എത്തിക്കുകയും ചെയ്യുമ്പോഴാണ് ജോലി സമർത്ഥവും സാർത്ഥകവുമാകുന്നത്. ഇല്ലാത്ത വാർത്തകൊണ്ട് വലിയ കോലാഹലങ്ങൾ ഉണ്ടാക്കാനാവും. രണ്ടു കുട്ടികൾ തമ്മിൽ ചെറിയ കലഹം ഉണ്ടാകുന്നു പിന്നെ മുതിർന്നവർ ഇടപെടുന്നു പിന്നെ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ലഹളയായി മാറുന്നു. അങ്ങനെയൊന്നും സംഭവിക്കരുത്. പൂർവ്വസൂരികൾ അതെല്ലാം എഴുതിവെച്ചിട്ടുണ്ട്. മാധ്യമപ്രവർത്തനം സത്യാന്വേഷണമാണ്. സത്യം എവിടെയോ ഉണ്ട്. അത് മറഞ്ഞു കിടക്കുകയാണ്. അതു തേടുന്ന യാത്രയാണ് മാധ്യമപ്രവർത്തനമെന്ന് പറഞ്ഞ അദ്ദേഹം മാധ്യമ പ്രവർത്തകർ ഉപയോഗിക്കേണ്ട ഭാഷയെപ്പറ്റിയും സംസാരിച്ചു.

വാർത്തകൾ എഴുതുമ്പോൾ നല്ല ഭാഷ ഉപയോഗിക്കണം. 'ഭാഷകളെ വളർത്തുകയും നിലനിർത്തുകയും ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. വാർത്ത ശ്രദ്ധേയമാക്കാനാണെങ്കിലും വികൃതമായ തലക്കെട്ടുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ്, മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സി. എൽ. തോമസ്, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ, ഐസിജെ ഡയറക്ടർ വി. ഇ. ബാലകൃഷ്ണൻ, പി. എസ്. രാകേഷ്, ഇ. പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടിയ സി. ദിൽന, രോഷ്‌നി രാജൻ, സി ജി അരുണ്യ എന്നിവർക്ക് എം ടി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP