Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇരട്ടക്കുട്ടികൾ ആറ്റിറമ്പിലേക്ക് പോകുന്നത് കണ്ട് അമല പിന്നാലെ ഓടി: അമ്മയെ കണ്ട് റിയോ തിരിഞ്ഞോടിയെങ്കിലും റിയാൻ ആറ്റിലെ ആഴമേറിയ ഭാഗത്തേക്ക് വീണു: രക്ഷിക്കാൻ ചാടിയ അമലയും റിയാനും മുങ്ങിത്താഴവേ പാഞ്ഞെത്തിയ സുബി പറന്നിറങ്ങി ഇരുവരെയും രക്ഷിച്ചു: തിരുവല്ല പൊടിയാടിയിൽ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന കഥ

ഇരട്ടക്കുട്ടികൾ ആറ്റിറമ്പിലേക്ക് പോകുന്നത് കണ്ട് അമല പിന്നാലെ ഓടി: അമ്മയെ കണ്ട് റിയോ തിരിഞ്ഞോടിയെങ്കിലും റിയാൻ ആറ്റിലെ ആഴമേറിയ ഭാഗത്തേക്ക് വീണു: രക്ഷിക്കാൻ ചാടിയ അമലയും റിയാനും മുങ്ങിത്താഴവേ പാഞ്ഞെത്തിയ സുബി പറന്നിറങ്ങി ഇരുവരെയും രക്ഷിച്ചു: തിരുവല്ല പൊടിയാടിയിൽ ഇന്നലെ നടന്നത് സിനിമയെ വെല്ലുന്ന കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ദൈവം ഇടപെട്ടുവെന്ന് പറയുന്നത് ഇതിനെയാണ്. ദൈവവിശ്വാസികളല്ലാത്തവർക്ക് അത്ഭുതമെന്നോ ഭാഗ്യമെന്നോ വിളിക്കാം. കാലു തെറ്റി ആറ്റിലെ കയത്തിൽ വീണ രണ്ടു വയസുകാരനെയും രക്ഷിക്കാൻ ചാടിയ മാതാവിനെയും സ്വന്തം ജീവൻ പണയം വച്ച് ഒരു യുവതി രക്ഷിച്ചതാണ് ഈ നിർവചനങ്ങൾക്ക് ആധാരം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിൽ പമ്പ-മണിമല നദികളുടെ സംഗമസ്ഥാനമായ ഓട്ടാഫീസ് കടവിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. ഇവിടെ ജെനുമോൻസ് കോട്ടേജിന്റെ ഔട്ട്ഹൗസിൽ വാടകയ്ക്ക് താമസിക്കുകയാണ് ജെസിബി ഓപ്പറേറ്ററായ തമിഴ്‌നാട് മണ്ണാർകുടി സ്വദേശി റീഗനും ഭാര്യ അമലയും രണ്ടു വയസുള്ള ഇരട്ടക്കുട്ടികളായ റിയോയും റിയാനും.

പതിവു പോലെ റീഗൻ ജോലിക്ക് പോയി. മടങ്ങിയെത്തുന്നതിന് മുമ്പാണ് അത് നടന്നത്. ഇരട്ടക്കുട്ടികൾ മുറ്റത്ത് നിന്ന് കളിക്കുകയാണ്. ഇവരുടെ താമസ സ്ഥലത്തിനോട് ചേർന്നാണ് പമ്പ-മണിമല നദികൾ സംഗമിക്കുന്നത്. വേനൽ കടുത്തുവെങ്കിലും ഈ ഭാഗത്ത് കയമാണ്. 90 അടിയോളം താഴ്ച. നിറയെ വെള്ളം. കളിക്കുന്നതിനിടെ കൗതുകം തോന്നിയ ഇരട്ടകൾ ആറ്റിറമ്പിലേക്ക് നടന്നു. ആറിനോട് ഇവർ അടുക്കുമ്പോഴാണ് അമല അതു കാണുന്നത്. അവിടെ നിൽക്കുവെന്ന് വിളിച്ചു കൊണ്ട് അമല പിന്നാലെ ഓടി. അമ്മ വരുന്നത് കണ്ട് റിയോ തിരിഞ്ഞു നോക്കി. പിന്നെ തിരിച്ച് വന്ന വഴിയേ വീട്ടിലേക്ക് പാഞ്ഞു.

റിയാനാവട്ടെ നേരെ ആറിന്റെ ഭാഗത്തേക്ക് പാഞ്ഞു. കാൽ തെറ്റി ആറ്റിലേക്ക് വീഴുകയും ചെയ്തു. ഒരു നിലവിളിയോടെ അമല പിന്നാലെ ചാടി. മകനെ പിടികിട്ടിയെങ്കിലും നദിയിലെ കയത്തിൽ താണു പോയി. ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു തൊട്ടടുത്ത ചെറിയാൻ എന്നയാളുടെ വീട്ടിലെ കുട്ടിയുടെ ആയയായ കോഴഞ്ചേരി സ്വദേശി സുബി സുനിൽ(34). റിയാൻ ആറ്റിലേക്ക് വീഴുന്നതും അമല പിന്നാലെ ചാടുന്നതും മുങ്ങിപ്പൊങ്ങുന്നതും സുബി കണ്ടു.

ഈ സമയം താൻ നോക്കുന്ന കുഞ്ഞും കൈയിലിരിക്കുകയാണ്. അപകടം കണ്ട സുബി തൊട്ടടുത്തു നിന്ന മുത്തച്ഛന്റെ കൈയിൽ കുട്ടിയെ ഏൽപ്പിച്ചു. പിന്നെ ഒറ്റപ്പാച്ചിലായിരുന്നു. നദിയിലേക്ക് എടുത്തു ചാടിയ സുബി ആദ്യം കുഞ്ഞിനെയാണ് രക്ഷിച്ചത്. പിന്നാലെ അമലയെയും കരയ്ക്ക് കൊണ്ടു വന്നു. ഇരുവരും അൽപ്പസ്വൽപ്പം വെള്ളമൊക്കെ അകത്താക്കിയിരുന്നു. തന്റെ ജീവൻ പോലും പണയം വച്ചാണ് സുബി ആറ്റിലേക്ക് ചാടിയത്. ആ സമയം തന്റെ മുന്നിൽ രണ്ടു മനുഷ്യജീവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സുബി പറഞ്ഞു.

അമ്മയെയും മകനെയും കരയ്ക്ക് എത്തിച്ചു. പരുക്കൊന്നുമുണ്ടായിരുന്നില്ല. വെള്ളത്തിൽ വീണതിന്റെ പേടിയും വെള്ളം കുടിച്ചതിന്റെ ക്ഷീണവും മാത്രം. പ്രഥമശുശ്രൂഷ നൽകിയപ്പോൾ തന്നെ ഇരുവരും സുഖം പ്രാപിച്ചു. തന്നെയും കുഞ്ഞിനെയും രക്ഷിച്ച സുബിയോട് നന്ദി പറയാനും അമല മറന്നില്ല. സംഭവത്തിന് ദൃക്സാക്ഷികൾ ആയവർക്കും ആ രംഗം ഉൾക്കിടിലം പകർന്നു. 90 അടി താഴ്ചയുള്ള വെള്ളത്തിൽ നിന്നും ശരിക്കും രക്ഷപ്പെട്ടത് മൂന്നു ജീവനുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP