Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ടെലികോം മേഖലയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; സമീപ ഭാവിയിൽ ഇന്ത്യയിൽ ഉണ്ടാകുക ഒന്നോ രണ്ടോ ടെലികോം സേവന ദാതാക്കൾ; എജിആർ കുടിശിക ഉടൻ ഈടാക്കണമെന്ന സുപ്രീംകോടതി നിലപാട് രാജ്യത്തെ ടെലികോം വ്യവസായത്തെ മാറ്റിമറിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും

ടെലികോം മേഖലയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; സമീപ ഭാവിയിൽ ഇന്ത്യയിൽ ഉണ്ടാകുക ഒന്നോ രണ്ടോ ടെലികോം സേവന ദാതാക്കൾ; എജിആർ കുടിശിക ഉടൻ ഈടാക്കണമെന്ന സുപ്രീംകോടതി നിലപാട് രാജ്യത്തെ ടെലികോം വ്യവസായത്തെ മാറ്റിമറിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ടെലികോം വ്യവസായം വൻപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ. സമീപ ഭാവിയിൽ തന്നെ രണ്ടോ മൂന്നോ സേവനദാതാക്കൾ മാത്രമേ രാജ്യത്ത് അവശേഷിക്കൂ എന്നും നിലവിലുള്ള താരിഫുകൾ എല്ലാം സ്വപ്‌നങ്ങൾ മാത്രമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെലികോം കമ്പനികൾ അടയ്ക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) കുടിശിക തുകയായ 1.47 ലക്ഷം കോടി രൂപ വിട്ടുവീഴ്‌ച്ച കൂടാതെ പിരിച്ചെടുക്കണം എന്ന സുപ്രീംകോടതി നിർദ്ദേശമാണ് ടെലികോം മേഖലയെ പുതിയ പ്രതിസന്ധിയിലാക്കുന്നത്.

ചെറുതും വലുതുമായ 15 കുടിശികക്കാരാണ് ഉള്ളത്. ഇവർക്കെല്ലാം ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോം കത്തുകളയച്ചെങ്കിലും രണ്ടു കമ്പനികൾ മാത്രമാണ് പ്രതികരിച്ചിരിച്ചിരിക്കുന്നത്. മറ്റു കമ്പനികളെ അപേക്ഷിച്ച് താമസിച്ചു പ്രവർത്തനം തുടങ്ങിയ റിലയൻസ് ജിയോയുടെ കുടിശിക 195 കോടി രൂപയായിരുന്നു. അവർ തുക ജനുവരിയിൽ അടച്ച് കുടിശിക തീർത്ത ഏക ഓപ്പറേറ്ററായി.

നിലവിലുള്ള നിയമങ്ങൾ പ്രകാരം ടെലികോം കമ്പനികൾ 3-5 ശതമാനം സ്പെക്ട്രം യൂസേജ് ചാർജ് ആയും 8 ശതമാനം ലൈസൻസ് ഫീ ആയും നൽകണം. ഇതെല്ലാം അടയ്ക്കാതെ കിടന്ന് വർധിച്ചാണ് 1.47 ലക്ഷം കോടി എന്ന തുകയിലേക്ക് എത്തിയത്. ഇതിൽ 92,642 കോടി രൂപ അടയ്ക്കാത്ത ലൈസൻസ് ഫീ ആണ്. 55,054 കോടി രൂപസ്പെക്ട്രം യൂസേജ് ചാർജും. ഭാർതി എയർടെൽ (35,500 കോടി രൂപ), വോഡഫോൺ-ഐഡിയ (53,000 കോടി രൂപ), ടാറ്റാ ടെലിസർവീസസ് (14,000 കോടി രൂപ) എന്നിങ്ങനെയാണ് അടയ്ക്കാതെ കിടക്കുന്ന തുക. ബിഎസ്എൻഎലിനുമുണ്ട് കുടിശിക- 4,989 കോടി രൂപ. എംടിഎൻഎൽ 3,122 കോടി രൂപ. ചില കമ്പനികൾ തങ്ങളുടെ കുടിശികയുടെ ഒരു ഭാഗം അടച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്.

കഴിഞ്ഞ 14 വർഷമായി തുടർന്നുവന്നിരുന്ന നിയമ യുദ്ധത്തിനൊടുവിവിൽ, കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി ടെലികോം ഭീമന്മാർ അടയ്ക്കാതെ കിടക്കുന്ന കുടിശിക അടയ്ക്കണമെന്ന വിധി പ്രസ്താവിച്ചത്. ഇനിയും തുക അടയ്ക്കാത്ത കാര്യത്തിൽ കോടതി ഉൽകണ്ഠയും രേഖപ്പെടുത്തിയതോടെ സർക്കാർ പണം ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതോടെയാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടെലികോം വ്യവസായം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും എന്നാണ് വിലയിരുത്തൽ. ഒരു പക്ഷേ, ഇനി ജിയോയും എയർടെലും മാത്രം ശേഷിക്കുന്ന ഒരു അവസ്ഥാവിശേഷം പോലും ഉരുത്തിരിയാമെന്നും അങ്ങനെ വന്നാൽ അത് ഉപയോക്താകവിന് ഭാവിയിൽ വലിയ തുകകൾ നൽകേണ്ടിവരും എന്നും വിലയിരുത്തപ്പെടുന്നു. കമ്പനികൾക്ക നിലനിൽക്കണമെങ്കിൽ അവർക്കു നഷ്ടമാകുന്ന തുക ഉപയോക്താക്കളിൽ നിന്നു പിടിച്ചെടുക്കുക എന്നത് മാത്രമാണ് മാർഗം. അത്തരത്തിൽ സംഭവിച്ചാൽ കോൾ, ഡേറ്റാ നിരക്കുകൾ ഉയരാം.

എയർടെൽ തങ്ങളുടെ കുടിശികയിൽ 10,000 കോടി രൂപ കെട്ടി. ബാക്കി തുക മാർച്ച് 17ന് മുൻപ് അടയ്ക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്. വോഡഫോൺ-ഐഡിയ പറയുന്നത് തങ്ങൾക്ക് ഇപ്പോൾ 2500 കോടി രൂപയെ അടയ്ക്കാനാകൂ എന്നാണ്. ആയിരം കോടി രൂപ കൂടെ പിന്നീട് അടയ്ക്കാമെന്നും അവർ പറയുന്നു. തങ്ങളുടെ അവസ്ഥ മനസ്സിലാക്കി തങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് അവർ കോടതിയോട് അഭ്യർത്ഥിച്ചത്. തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യവും അവർ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ടെലികോം മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധി രാജ്യത്തിന്റെ വിവിധ വ്യാവസായിക മേഖലകളെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്‌ബിഐ മേധാവി രജ്നിഷ് കുമാർ പറയുന്നത് ബാങ്കുകൾക്കായിരിക്കും അവസാനം അതിന്റെ ആഘാതം ഏൽക്കുക എന്നാണ്. പ്രശ്നമുണ്ടായാൽ അത് ഒതുങ്ങിത്തീരില്ല. അത് വിവിധ മേഖലകളിലേക്ക് പകരാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്ര വലിയ തുക നൽകാനാവില്ല, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടാൽ പുറമേ നിന്നുള്ള സഹായത്തോടെ മാത്രമെ ടെലികോം സെക്ടറിന് പിടിച്ചുനിൽക്കാനാകൂ. പാപ്പരാകലിനേക്കാളേറെ ചില കമ്പനികൾ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. എതിരാളികൾ കുറയും. അങ്ങനെ വരുമ്പോൾ ടെലികോം രംഗത്ത് കാര്യമായ മത്സരമില്ലാതെ വരും. ഇവിടെ നഷ്ടം ഉപയോക്താവിനായിരിക്കും. ഏതാനും കമ്പനികൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കുന്ന രീതി വരാം. ഒരു പക്ഷേ, അത്തരം സാഹചര്യം മുന്നിൽക്കണ്ട് കരുക്കൾ നീക്കിയവരും ഉണ്ടായരിക്കാം. ശേഷിക്കാൻ പോകുന്ന കമ്പനികൾ ഒരു പക്ഷേ റിലയൻസ് ജിയോയും, എയർടല്ലും മാത്രമാകാം.

ശേഷിക്കന്ന ടെലികോം ഓപ്പറേറ്റർമാർ ലാഭമുണ്ടാക്കുന്ന രീതി മാറ്റിയേക്കാം. നിരക്കു വർധന ഒരു സാധ്യതയാണ്. അതിന്റെ സൂചനകൾ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഡേറ്റയുടെയും കോളിന്റെയും നിരക്ക് ചെറുതായി ആണെങ്കിൽ പോലും വർധിപ്പിച്ചു കഴിഞ്ഞു. ടെലികോം കമ്പനികളെ സഹായിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടാൽ അതും ഉപയോക്താക്കളെ ബാധിച്ചേക്കും. നഷ്ടം നികത്തൽ ഉപയോക്താക്കളിൽ നിന്നാവില്ല എന്നൊക്കെയാണ് വാദമെങ്കിലും മറ്റൊരു വഴിയും കാണുന്നില്ലെന്നും പറയുന്നു.

രാജ്യത്തെ ടെലികോം കമ്പനികളുടെ ഇപ്പോഴത്തെ അവസ്ഥ ദുഷ്‌കരമാണ് എന്ന് എയർടെൽ ഉടമകളായ ഭാരതി എയർടെൽ സിഇഒ സുനിൽ മിത്തൽ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വോഡഫോൺ ഐഡിയ നഷ്ടത്തിലാണ്, എയർടെൽ നഷ്ടത്തിലാണ്, ബിഎസ്എൻഎൽ നഷ്ടത്തിലാണ് മിത്തൽ സൂചിപ്പിച്ചു. എന്നാൽ തങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതൽ പറയാനില്ലെങ്കിലും സ്ഥിതിഗതികൾ ഗുരുതരമാണ് എന്നായിരുന്നു ജിയോയെ പരോക്ഷമായി പരാമർശിച്ച് എയർടെൽ മേധാവി പറഞ്ഞത്.

അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയിൽ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികൾ വേണമെന്നും സുനിൽ മിത്തൽ പറഞ്ഞു. സുപ്രീംകോടതി എജിആർ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്രം അനുഭാവ പൂർവ്വമായ ആശ്വസ നടപടികൾ നൽകണം എന്നാല് മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കാൻ സാധിക്കൂ. നികുതികൾ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിലനിർത്തണം.

ടെലികോം മേഖലയിലെ പ്രശ്‌നങ്ങൾ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാൻ കഴിയാത്ത പ്രത്യാക്ഷതങ്ങൾ ഉണ്ടാക്കും. എജിആർ ഉടൻ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്‌നങ്ങൾക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ പോലും പ്രതിസന്ധിയിലാണ്.

ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാൽ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിർത്തേണ്ടത് അത്യവശ്യമാണ്. ഉടൻ തന്നെ ടെലികോം മേഖലയിൽ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP