Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവിത പങ്കാളിയെ കണ്ടെത്തിയത് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി വിശുദ്ധ കേന്ദ്രങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ; വിവാഹത്തെ തുടർന്ന് അമേരിക്കയിൽ താമസമാക്കിയ ലിസ വെയ്‌സിന് രണ്ട് കുട്ടികൾ ജനിച്ചെങ്കിലും ദാമ്പത്യത്തിലെ വിള്ളൽ അകറ്റിയത് ഭർത്താവിനൊപ്പം കുട്ടികളേയും; കാണാതായ ജർമ്മൻ യുവതി കേരളത്തിലേക്കെത്തിയത് ശാന്തി തേടിയുള്ള യാത്രയുടെ ഭാഗമായി; ലിസയുടെ സഹോദരി കരോളിന്റെ വെളിപ്പെടുത്തൽ ഇല്ലീസ് സ്‌കോർമെയിനോട്

ജീവിത പങ്കാളിയെ കണ്ടെത്തിയത് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി വിശുദ്ധ കേന്ദ്രങ്ങളിലൂടെ നടത്തിയ യാത്രകൾക്കിടെ; വിവാഹത്തെ തുടർന്ന് അമേരിക്കയിൽ താമസമാക്കിയ ലിസ വെയ്‌സിന് രണ്ട് കുട്ടികൾ ജനിച്ചെങ്കിലും ദാമ്പത്യത്തിലെ വിള്ളൽ അകറ്റിയത് ഭർത്താവിനൊപ്പം കുട്ടികളേയും; കാണാതായ ജർമ്മൻ യുവതി കേരളത്തിലേക്കെത്തിയത് ശാന്തി തേടിയുള്ള യാത്രയുടെ ഭാഗമായി; ലിസയുടെ സഹോദരി കരോളിന്റെ വെളിപ്പെടുത്തൽ ഇല്ലീസ് സ്‌കോർമെയിനോട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിക്കുകയും മക്കളെ നഷ്ടപ്പെടുകയും ചെയ്തതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന ലിസ വെയ്‌സ് കേരളത്തിലേക്കെത്തിയത് ശാന്തി തേടി. കേരളത്തിൽ കാണാതായ ജർമ്മൻ വനിതയുടെ സംഘർഷപൂരിതമായ ജീവിത യാത്ര വിവരിച്ചത് യുവതിയുടെ സഹോദരിയായ കരോളിനാണ്. ഒരു വർഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ സഹോദരി ഇല്ലീസ് സ്‌കോർമെയിനുമായി നടത്തിയ സംഭാഷണത്തിലാണ് ലിസയുടെ വ്യക്തിജീവിതത്തെ കുറിച്ച് കരോളിൻ വെളിപ്പെടുത്തിയത്. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിൻ പറഞ്ഞു.

ഏകദേശം എട്ടുവർഷം മുമ്പാണ് ജർമ്മൻ സ്വദേശിനിയായ ലിസ വെയ്‌സ് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി മതം മാറുന്നത്. തുടർന്ന് മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നിൽ കയ്‌റോയിൽ വച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭർത്താവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായി കരോളിൻ പറയുന്നു. ഇക്കാലമത്രയും ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. മുസ്ലിം മതത്തിലേക്ക് ലിസ മാറുന്നതിനോട് കുടുംബാംഗങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നില്ലത്രേ.

അമേരിക്കയിൽ നിന്ന് തിരികെയെത്തിയ ശേഷം രണ്ടു വർഷത്തോളം ബെർലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭർതൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയക്കേണ്ടതായും വന്നു. ഇതൊക്കെയും ലിസയെ മാനസികമായി തകർത്തിരുന്നുവെന്നു സഹോദരി പറയുന്നു.

ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്. യു.കെ സ്വദേശിയ്‌ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇതിനിടെ കരോളിനെ വിളിച്ച് താൻ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തിൽ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞു. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോൺ സംഭാഷണം.

എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് കരോളിൻ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ലിസയുടെ പിറന്നാളിനും ഫോണെത്താതായതോടെ കൊല്ലത്തെ അമൃതാനന്തമയി ആശ്രമത്തിൽ ജർമ്മൻ എംബസി മുഖേന ബന്ധപ്പെട്ടു. എന്നാൽ അവിടെ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാതായതോടെയാണ് എംബസി മുഖാന്തിരം ഡൽഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോൺസുലേറ്റ് മുഖേന പരാതി എത്തിച്ചത്. ജൂൺ 5ന് ജർമനിയിലെ ഫ്ളെൻസ്ബർഗ് പൊലീസിൽ പരാതി നൽകി. തുടർന്ന് പരാതി ജർമൻ കോൺസുലേറ്റ് മുഖേന ഡിജിപിക്കു കൈമാറുകയായിരുന്നു.

പത്രമാധ്യമങ്ങളിൽ നിന്നും, കേരളത്തിലെ സുഹൃത്തിൽ നിന്നും ഈ വാർത്തയറിഞ്ഞ ലിഗയുടെ സഹോദരി ഇല്ലീസ് കരോളിനെ നവമാധ്യമങ്ങളുടെ സഹായത്തോടെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

കേരളത്തിലെ തന്റെ സുഹൃത്തുക്കൾ മുഖേന ലിസയ്ക്കായുള്ള തിരച്ചിൽ നടത്താനാണ് ഇല്ലീസിന്റെ നീക്കം. തന്റെ സഹോദരിക്ക് സംഭവിച്ച ദുരന്തം ഇനി മറ്റൊരാൾക്കും സംഭവിക്കരുതെന്ന് ഇല്ലീസ് പറയുന്നു. കരോളിനിൽ നിന്നും ലഭിച്ച നിർണ്ണായക വിവരങ്ങൾ പൊലീസിനും കൈമാറുമെന്ന് ഇല്ലീസ് അറിയിച്ചു. ഫേസ്‌ബുക്കിലൂടെയും ഇല്ലീസ് സഹായം അഭ്യർത്ഥിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിലാണ് ലാത്വിയ സ്വദേശിനിയായ യുവതിയെ കോവളത്തുനിന്ന് കാണാതാവുകയും പിന്നീട് തലയില്ലാത്ത നിലയിൽ ഇവരുടെ മൃതശരീരം ഏപ്രിൽ 21ന് കണ്ടെത്തുകയും ചെയ്തത്. മയക്കുമരുന്നിന് അടിമകളായ രണ്ടുപേർ ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയെന്ന് പിന്നീട് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും തന്റെ സഹോദരിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയുമായി സഹോദരി ഇല്ലീസ് സ്‌കോർമെയ്ൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ കാലതാമസം നേരിടുന്നതിൽ ഇല്ലീസ് അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് ഗവൺമെന്റിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇല്ലീസ്. ഇതിനിടയിലാണ് ലിസ വെയ്‌സിന്റെ തിരോധാനം സംബന്ധിച്ച വാർത്ത ഇല്ലീസിന്റെ ശ്രദ്ധയിൽപെടുന്നതും, സഹായിക്കാനായി രംഗത്തെത്തിയതും.

ഇതിനിടെ വിദേശ വനിതയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് പൊലീസ് രൂപം നൽകിയിട്ടുണ്ട്. ശംഖുമുഖം എ.സി.പി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖകൾ പൊലീസ് പരിശോധിച്ചു. രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ചുപോയിട്ടില്ലെന്നാണ് വിമാനത്താവള രേഖകൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായത്.

യുവതിക്കൊപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരൻ മുഹമ്മദ് അലിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എംബസി മുഖാന്തിരം ഇയാളെ ബന്ധപ്പെട്ട് യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് നീക്കം. യുവതിയുടെ അമ്മയുമായി വീഡിയോകോൺഫറൻസ് നടത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിനായി ജർമ്മൻ കോൺസുലേറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. അതോടൊപ്പം യുവതിയുടെ പേരും ഫോട്ടോയും വിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP