Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഫോപാർക്കിൽ ജോലി കിട്ടിയ സന്തോഷത്തിൽ യാത്ര; ജോലി സ്ഥലത്തേക്ക് പോകാൻ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ബാഗ് വാങ്ങി മടങ്ങിയത് അരയ്ക്ക് കീഴെ തളർന്ന സുഹൃത്തുമായി; കാവനാട് ബൈപ്പാസിന് സമീപം കാർ കേടായപ്പോൾ പുറത്തിറങ്ങിയ ഭർത്താവിനെ കൈകാര്യം ചെയ്യാനെത്തിയത് അടിച്ചു പൂസായ അഞ്ചംഗ സംഘം; കാറിൽ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ച് മർദ്ദിച്ചത് അതിക്രൂരമായി; കേരളത്തെ നാണം കെടുത്തി കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; മൂന്ന് ശക്തികുളങ്ങരക്കാർ അറസ്റ്റിൽ

ഇൻഫോപാർക്കിൽ ജോലി കിട്ടിയ സന്തോഷത്തിൽ യാത്ര; ജോലി സ്ഥലത്തേക്ക് പോകാൻ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ബാഗ് വാങ്ങി മടങ്ങിയത് അരയ്ക്ക് കീഴെ തളർന്ന സുഹൃത്തുമായി; കാവനാട് ബൈപ്പാസിന് സമീപം കാർ കേടായപ്പോൾ പുറത്തിറങ്ങിയ ഭർത്താവിനെ കൈകാര്യം ചെയ്യാനെത്തിയത് അടിച്ചു പൂസായ അഞ്ചംഗ സംഘം; കാറിൽ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ച് മർദ്ദിച്ചത് അതിക്രൂരമായി; കേരളത്തെ നാണം കെടുത്തി കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; മൂന്ന് ശക്തികുളങ്ങരക്കാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കാവനാട്ട് ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം. കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. വഴിമധ്യേ കാർ കേടായി. ഇത് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവാവിന് നേരെ ചോദ്യങ്ങളുമായി അഞ്ചംഗ സംഘം എത്തിയതിനെ തുടർന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം.

കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണൻ, കാവനാട് സ്വദേശി വിജയലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. കാറിനുള്ളിൽ യുവതിയെ കണ്ടതോടെയാണ് സദാചാര ഗുണ്ടായിസത്തിലേക്ക് കടക്കുന്നത്. ഭർത്താവിനെ ചോദ്യം ചെയ്യുന്നത് കണ്ട യുവതി സംഭവമെല്ലാം വീഡിയോയിൽ പകർത്തി. ഇതോടെ യുവതിക്ക് നേരെയായി ആക്രമണം. തിരിച്ചും വീഡിയോ എടുത്തു. ഇതിനെ യുവതി ചോദ്യം ചെയ്തു. തെളിവിന് വേണ്ടിയാണ് താൻ വീഡിയോ പകർത്തുന്നതെന്ന് പറഞ്ഞ യുവതി മറുവിഭാഗം പടമെടുക്കുന്നതിനെ ചോദ്യം ചെയ്തതോടെ അടി പൊട്ടി.

കാറിൽ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. എല്ലാവർക്കും അടി കിട്ടി. കുണ്ടറ മുളവന സ്വദേശികളായ ദമ്പതികളും അവരുടെ സുഹൃത്തുക്കളുമാണ് ആക്രമണത്തിനിരയായത്. യുവാവിന് കൊച്ചി ഇൻഫോപാർക്കിൽ ജോലി ലഭിച്ചിരുന്നു. ഇതിനായി കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇവർ സഞ്ചരിച്ച കാർ കേടായി. കേടായ കാർ ശരിയാക്കാൻ ഇറങ്ങുമ്പോഴാണ് സദാചാര ഗുണ്ടായിസം ഉണ്ടാകുന്നത്. അക്രമിസംഘം യുവാവിനോട് തട്ടിക്കയറുന്നത് കണ്ട് ഭയന്ന യുവതി വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇത് കണ്ട സംഘം യുവതിയിൽ നിന്ന് ഫോൺ തട്ടിയെടുത്തു. പിന്നീട് യുവാവിനെയും കൂടെയുള്ള സുഹൃത്തുക്കളെയും ആക്രമിച്ചു. പിന്നാലെ വന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെയാണ് ഇവർ അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിന്നീട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതിപ്പെടുകയായിരുന്നു. ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണൻ,കാവനാട് സ്വദേശി വിജയലാൽ എന്നിവരാണ് പിടിയിലായത്.

ദമ്പതികളെ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് പൊലീസ് പറയുന്നു. പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: ഇന്നലെ രാത്രി 10.30യോടെ കാവനാട് ബൈപ്പാസിന് സമീപമാണ് സംഭവം അരങ്ങേറിയത്. ദമ്പതികൾ സഞ്ചരിച്ച കാർ കേടുവന്നതിനെ തുടർന്ന് ഇത് പരിശോധിക്കാൻ ഭർത്താവ് പുറത്തിറങ്ങി. കാറിൽ ദമ്പതികളെ കൂടാതെ അരയ്ക്ക് താഴെ തളർന്ന മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഈ സമയത്ത് മദ്യപിച്ച് ഇവിടെയെത്തിയ അഞ്ചംഗ സംഘം ഇവരെ അക്രമിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത സംഘം സ്ത്രീയെ കടന്നു പിടിച്ചതായി മൊഴിയിൽ പറയുന്നു. കാറിൽ സ്ത്രീയുമായി എത്തിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമിച്ചതെന്നും ദമ്പതികൾ നൽകിയ മൊഴിയിലുണ്ട്.

സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബാ?ഗും വാങ്ങി തിരിച്ചു വരുമ്പോഴാണ് ഇവർ ആക്രമണത്തിന് ഇരയായത്. സദാചാര ഗുണ്ടായിസമാണ് ഇവർക്ക് നേരെയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേരിൽ മൂന്ന് പേരെയാണ് പിടികൂടിയത്. രണ്ട് പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് വിശദീകരിച്ചു. ദമ്പതികൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. അത് കൂടുതൽ പ്രകോപനത്തിന് കാരണമായി. കാറിലുണ്ടായിരുന്ന അരയ്ക്ക് താഴെ സ്വാധീനമില്ലാത്ത ഇവരുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേരെയും സംഘം മർദ്ദിച്ചു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു.

നേരത്തെ സദാചാരം കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ പഠിപ്പിക്കാനെത്തിയ വ്യക്തിയെ ഒടുവിൽ പൊലീസ് പിടിച്ചത് ഈയിടെയാണ്. മദ്യലഹരിയിൽ ബസ്സിനുള്ളിൽ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്സകനെ പൊലീസ് പിടിച്ചത്. ആണും പെണ്ണും കെ.എസ്.ആർ.ടി.സി ബസ്സനുള്ളിൽ ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് സദാചാരം പഠിപ്പിക്കാൻ സഹയാത്രികനെ പ്രേരിപ്പിച്ചത്. ഒടുവിൽ കേസായി. മുണ്ടക്കയം സ്വദേശി പുത്തൻപുരയ്ക്കൽ മുരുകനെതിരെയാണ് പൊലീസ് കേസെടുത്തത്. ബസ് കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുമ്ബിൽ എത്തിയപ്പോൾ ബസ് നിർത്തിച്ചു.

പൊലീസ് ഇരുവരേയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെൺകുട്ടി വീട്ടിലേക്ക് വിളിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ബഹളം വച്ച പരാതിക്കാരൻ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP