Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ കുരങ്ങുപനി പടരുന്നു: ബേഗൂർ കോളനിയിൽ ആദിവാസി യുവാവ് മരിച്ചു; ആറുപേർ ചികിത്സയിൽ; ജില്ലയിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; കുരങ്ങുപനിയെ നേരിടാൻ ഏറ്റവും മികച്ച ഉപാധി രോഗ പ്രതിരോധം തന്നെ; പ്രതിരോധ മരുന്നും ലഭ്യം; ചെള്ളുകടിയിൽ നിന്ന് രക്ഷതേടുക ഏറ്റവും പ്രധാനം: ഡോ.സുൾഫി നൂഹു എഴുതിയ കുറിപ്പും വായിക്കാം

വയനാട്ടിൽ കുരങ്ങുപനി പടരുന്നു: ബേഗൂർ കോളനിയിൽ ആദിവാസി യുവാവ് മരിച്ചു; ആറുപേർ ചികിത്സയിൽ; ജില്ലയിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; കുരങ്ങുപനിയെ നേരിടാൻ ഏറ്റവും മികച്ച ഉപാധി  രോഗ പ്രതിരോധം തന്നെ; പ്രതിരോധ മരുന്നും ലഭ്യം; ചെള്ളുകടിയിൽ നിന്ന് രക്ഷതേടുക ഏറ്റവും പ്രധാനം: ഡോ.സുൾഫി നൂഹു എഴുതിയ കുറിപ്പും വായിക്കാം

മറുനാടൻ ഡെസ്‌ക്‌

വയനാട്ടിൽ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി ഭീതി പരത്തുന്നു. കുരങ്ങുപനി ബാധിച്ച് ചികിൽസയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണു മരിച്ചത്. 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വയനാട്ടിൽ നിലവിൽ 6 പേർ കുരങ്ങുപനിക്കു ചികിൽസയിലാണ്. ബാവലിയിൽ വനത്തിനുള്ളിലെ തടിഡിപ്പോയിൽ പണിക്കു പോയപ്പോഴാണ് സുന്ദരന് രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകൾ ചത്തുവീണിരുന്നു.

തുടർച്ചയായും ശക്തമായതുമായ പനിയും ഛർദ്ദിയും വയറിളക്കവും തലകറക്കവും കടുത്ത ക്ഷീണവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുൻ വർഷങ്ങളിൽ കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ വനാതിർത്തിയോട് ചേർന്ന മേഖലയിലാണ് കുരങ്ങുപനി ഭീഷണി നിലനിൽക്കുന്നത്. വനവുമായി സമ്പർക്കം കൂടുതലുള്ളവർക്കാണ് ഈ അസുഖം വരാൻ സാധ്യത.

ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയിൽ നിന്നുള്ളവരാണ്. കർണാടക വനമേഖലയിൽ ജോലിക്കു പോയ ആളുകളിലാണു രോഗം കണ്ടെത്തിയത്. വയനാട് അതിർത്തിയായ കർണാടക ബൈരക്കുപ്പയിൽ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. 2015-ൽ പനി ബാധിച്ച് 11 പേരാണു ജില്ലയിൽ മരിച്ചത്. അസുഖം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിൽ ഐഎംഎ സംസ്ഥാന സെക്രട്ടറിയായ ഡോ.സുൾഫി നൂഹു എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം.

കുരങ്ങ് പനി.: വയനാട്ടിൽ!

. ചെള്ളുകൾ വഴി പടരുന്ന വൈറസ് രോഗമാണ് കുരങ്ങുപനി. കൂടുതലും കുരങ്ങുകളിലാണ് ഈ പനി കണ്ട് വരുന്നതെങ്കിലും ചെള്ളുകൾ മനുഷ്യനെ കടിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഈ രോഗം പകരാം

. തുടർച്ചയായും ശക്തമായതുമായ പനിയും ഛർദ്ദിയും വയറിളക്കവും തലകറക്കവും കടുത്ത ക്ഷീണവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുൻ വർഷങ്ങളിൽ കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ വനാതിർത്തിയോട് ചേർന്ന മേഖലയിലാണ് കുരങ്ങുപനി ഭീഷണി നിലനിൽക്കുന്നത്. വനവുമായി സമ്പർക്കം കൂടുതലുള്ളവർക്കാണ് ഈ അസുഖം വരാൻ സാധ്യത.

കാട്ടിലെ എല്ലാ ജീവജാലങ്ങളേയും ഇത് ബാധിക്കുമെങ്കിലും കുരങ്ങുകളിലും മനുഷ്യരിലും മാത്രമേ രോഗ ലക്ഷണങ്ങളോടുകൂടി വൈറസ് ബാധ ഉണ്ടാകുകയുള്ളു. കുരങ്ങുകൾ ചാകുന്നുണ്ടെങ്കിൽ കുരങ്ങുപനിക്ക് സാധ്യതയുണ്ട്. കുരങ്ങുകളിൽ വളരുന്ന ചെള്ളിലൂടെയാണ് കുരങ്ങ് പനിയുടെ വൈറസ് പകരുന്നത്. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനോ ലാളിക്കാനോ വയനാട്ടിൽ വരുന്ന വിനോദസഞ്ചാരികൾ മുതിരരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

1957ൽ സലിം അലിയുടെ നേതൃത്വത്തിൽ നടത്തിയ പക്ഷി നിരീക്ഷണത്തിനിടയിലാണ് കർണ്ണാടകത്തിലെ ഷിമോഗജില്ലയിൽ പെട്ട ക്യാസന്നൂരിൽ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകൾ കൂട്ടത്തോടെ ചാകുന്നതു് ശ്രദ്ധയിൽപെട്ടതു്. തുടർന്ന് പൂനയിലെ വൈറസ് റിസർച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. ടെൽഫോർഡ് വർക്ക് ആണ് ഈ രോഗം കണ്ടെത്തുന്നത്. ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease- കെഎഫ്ഡി) എന്ന പേര് ഈ പനിക്കു ലഭിക്കാനുള്ള കാരണമിതാണ്. റഷ്യയിൽ വസന്തകാലത്തും വേനൽകാലത്തും കണ്ടുവരാറുള്ള Spring Summer Encephalitis എന്ന വൈറസുമായി സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ വൈറസുകൾ.

അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകൾ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകൾക്കിടയിൽ മരണംവിതച്ച കെഎഫ്ഡി വൈറസ് മറ്റു ജീവിവർഗ്ഗങ്ങളിലേക്കു് പടരുന്നതു്.

കുരങ്ങുകളെ കൂടാതെ മുള്ളൻപന്നി, അണ്ണാൻ, ചുണ്ടെലി തുടങ്ങിയ മൃഗങ്ങളെയും മനുഷ്യരെയുമാണു് ഈ വൈറസ് ബാധിക്കുക.

ഈ വൈറസ് ഒരു മൃഗത്തിൽ നിന്നു നേരിട്ടു മനുഷ്യരിലേക്കു പകരില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും ഈ വൈറസ് പടരില്ല.

കുരങ്ങുകളുടെ ശരീരത്തിലുള്ള ശൈശവദശയിലുള്ള ചെള്ള് മനുഷ്യരെ കടിക്കുന്നതിലൂടെ മാത്രമാണ് മനുഷ്യർക്ക് ഈ രോഗം പിടിപെടുന്നത്.

കുരങ്ങന്മാർ ധാരാളമുള്ള വനവുമായി നിരന്തര സമ്പർക്കമുള്ള ഇടങ്ങളിൽ മാത്രമേ കുരങ്ങന്റെ ശരീരത്തിലെ ചെള്ള് വഴി ഇതു മനുഷ്യരെ ബാധിക്കൂ.

ശരീരത്തിൽ കടന്ന് മൂന്നുമുതൽ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ വളർച്ചാകാലം (incubation period).

അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മൂന്ന്- നാല് ദിവസം കൂടി കഴിയുമ്പോൾ കടുത്ത പേശീവേദന, ഛർദ്ദി, ദഹനവ്യവസ്ഥയിലെ തകരാറുകൾ, മൂക്കിൽ നിന്നും തൊണ്ടക്കുഴയിൽ നിന്നും മോണകളിൽ നിന്നും വയറിനുള്ളിൽ നിന്നും രക്തസ്രാവം തുടങ്ങിയവ പ്രത്യക്ഷപ്പെടുകയും രോഗം വഷളാകുകയും ചെയ്യും

. തീരെ താഴ്ന്ന രക്തസമ്മർദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. ശ്വേത രക്താക്കണുക്കളുടെകുറവാണ് രോഗം നിർണയിക്കാനുള്ള പ്രധാന മാർഗം. പനി ബാധിക്കുന്ന രണ്ട് മുതൽ പത്ത് ശതമാനം വരെ ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് കണക്ക്.

രോഗം ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മിക്ക രോഗികളും അസുഖത്തിൽ നിന്നു കരകയറുമെങ്കിലും പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങൾ തന്നെ വേണ്ടിവരും. ഈ കാലയളവിൽ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികൾ ചെയ്യാൻ ഇവർക്ക് സാധിച്ചെന്നുവരില്ല. പത്തു മുതൽ ഇരുപത് വരെ ശതമാനം രോഗികളിൽ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പനി, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകൾ, കിടുകിടുപ്പ്, കാഴ്ചയിൽ മങ്ങൽ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങൾ.

നവംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണു് സാധാരണയായി ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷൻ (പിസിആർ) ഉപയോഗിച്ച് രക്തത്തിൽ നിന്നു് വൈറസിനെ വേർതിരിച്ച് പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനും ചികിൽസിക്കാനും സാധിക്കും.

രോഗപ്രതിരോധം തന്നെയാണ് കുരങ്ങുപനിയെ നേരിടാനുള്ള ഏറ്റവും മികച്ച ഉപാധി. ചെള്ളുകളുടെ കടിയിൽ നിന്ന് രക്ഷനേടുകയെന്നതാണ് ഇതിൽ പ്രധാനം. ചെള്ളുകടിയേൽക്കാൻ സാധ്യതയുള്ളിടത്ത് താമസിക്കുന്നവർ പ്രത്യേകതരം ലേപനങ്ങളും മറ്റും കയ്യിലും കാലിലുമൊക്കെ പുരട്ടുന്നത് ഗുണം ചെയ്യും. കുരങ്ങു പനിക്ക് പ്രതിരോധ മരുന്ന് ലഭ്യമാണ്. സാധാരണയായി രണ്ടു ഡോസ് വാക്‌സിനേഷനാണു് നിർദ്ദേശിക്കപ്പെടുന്നതു്. രോഗബാധയ്ക്കുള്ള സാധ്യത കൂടിയ ഇടങ്ങളിൽ ഡോസേജ് വ്യത്യാസപ്പെടാം. വയനാട്ടിൽ നിലവിൽ നിർദ്ദേശിക്കുന്നതു് അഞ്ചു ഡോസ് വാക്‌സിനേഷനാണു്. നാലുവർഷംകൊണ്ടു് വാക്‌സിനേഷൻ പൂർത്തിയാവുമെങ്കിലും രോഗസാധ്യത കൂടുതലുള്ള മേഖലകളിൽ വർഷം തോറും ബൂസ്റ്റർ ഡോസ് എടുക്കണം എന്നും നിർദ്ദേശമുണ്ട്.

(ഡോ. സുൽഫി നൂഹു ഫേസ്‌ബുക്കിൽ എഴുതിയത്‌)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP