Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭയിൽ താമര വിരിയിക്കാൻ ലാലിനെ മുന്നിൽകണ്ട് ബിജെപി നട്ട വിത്ത് മുളയ്ക്കില്ല! റഡാറിലുണ്ടെന്ന് ഒ രാജഗോപാൽ പറഞ്ഞെങ്കിലും ഇക്കുറി മോഹൻലാൽ വരില്ല; ഇപ്പോഴും ലാലിന് സിനിമ തന്നെ ലോകമെന്നും മത്സരിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞ് അടുത്ത സുഹൃത്തും ബിജെപി സഹയാത്രികനുമായ നിർമ്മാതാവ് സുരേഷ്‌കുമാർ; ബിജെപിക്ക് വേണ്ടി ഇറങ്ങിയാൽ ആരാധകർ കൂടെ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഫാൻസ് അസോസിയേഷൻ നേതാവ് വിമൽകുമാറും; തിരുവനന്തപുരം സീറ്റിനുള്ള മോദിയുടേയും അമിത്ഷായുടേയും മോഹം വെറും വ്യാമോഹം

ലോക്‌സഭയിൽ താമര വിരിയിക്കാൻ ലാലിനെ മുന്നിൽകണ്ട് ബിജെപി നട്ട വിത്ത് മുളയ്ക്കില്ല! റഡാറിലുണ്ടെന്ന് ഒ രാജഗോപാൽ പറഞ്ഞെങ്കിലും ഇക്കുറി മോഹൻലാൽ വരില്ല; ഇപ്പോഴും ലാലിന് സിനിമ തന്നെ ലോകമെന്നും മത്സരിക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞ് അടുത്ത സുഹൃത്തും ബിജെപി സഹയാത്രികനുമായ നിർമ്മാതാവ് സുരേഷ്‌കുമാർ; ബിജെപിക്ക് വേണ്ടി ഇറങ്ങിയാൽ ആരാധകർ കൂടെ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഫാൻസ് അസോസിയേഷൻ നേതാവ് വിമൽകുമാറും; തിരുവനന്തപുരം സീറ്റിനുള്ള മോദിയുടേയും അമിത്ഷായുടേയും മോഹം വെറും വ്യാമോഹം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് താമര വിരിയിക്കാൻ നട്ട വിത്ത് മുളയ്ക്കില്ല! ലാൽ തലസ്ഥാനത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ന് ചാനൽ ചർച്ചയിലാണ് മോഹൻലാലിന്റെ ഉറ്റ സുഹൃത്തു കൂടിയായ നിർമ്മാതാവ് മേനകാ സുരേഷ്‌കുമാർ ലാൽ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നത്. അതേസമയം, ലാൽ ബിജെപിക്ക് വേണ്ടി മത്സരിച്ചാൽ ഇപ്പോഴുള്ള അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിപക്ഷവും ലാലിനെ കൈവിടുമെന്ന് വ്യക്തമാക്കി മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാവ് വിമൽകുമാറും രംഗത്തെത്തി.

ഏറെക്കാലമായി ബിജെപിക്കുവേണ്ടി ഇക്കുറി മോഹൻലാൽ തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുമെന്ന നിലയിൽ പ്രചരണം സജീവമാണ്. കഴിഞ്ഞദിവസം ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ തന്നെ ലാലിനെ തലസ്ഥാനത്ത് മത്സരിക്കാൻ ക്ഷണിച്ചുവെന്ന് വ്യക്തമാക്കിയതോടെ ചർ്ച്ച കൂടുതൽ സജീവവുമായി. പ്രത്യേകിച്ചും കുറച്ചുകാലമായി ബിജെപി ആശയങ്ങളുടെ ചുവടുപിടിച്ച് ലാൽ നൽകുന്ന ബ്‌ളോഗ് പോസ്റ്റുകളും പിന്നാലെ മോദിയെ സന്ദർശിച്ചതും എല്ലാം ചേർത്തായി ലാൽ ബിജെപി പാളയത്തിൽ എന്ന പ്രചരണം. ഏറ്റവുമൊടുവിൽ പ്രേം നസീറിന് ശേഷം മറ്റൊരു മലയാള നടനും കിട്ടാത്ത പത്മഭൂഷൺ പുരസ്‌കാരം മോഹൻലാലിന് മോദി സർക്കാർ പ്രഖ്യാപിക്കുകയും കൂടെ ചെയ്തതോടെ ലാൽ സ്ഥാനാർത്ഥിയാകുമെന്ന് പലരും ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ലാലിനെ ക്ഷണിച്ചുവെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലും വന്നത്. ലാൽ ഞങ്ങളുടെ റഡാറിൽ ഉണ്ടെന്നും മത്സരിക്കാൻ വന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചതോടെയാണ് ചർച്ചകൾ കൊഴുത്തത്.

ഏന്നാൽ ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കുകയാണ് ലാലിന്റെ അടുത്ത സുഹൃത്തുകൂടിയായ സുരേഷ്‌കുമാർ. ഇതിനൊപ്പം ലാൽ ബിജെപി കൊടിയേന്തിയാൽ പിന്നെ ഫാൻസ് കൂടെ ഉണ്ടാവില്ലെന്ന് ഫാൻസ് അസോസിയേഷൻ നേതാവുകൂടെ വ്യക്തമാക്കിയതോടെ ലാൽ ബിജെപിക്ക് വേണ്ടി മത്സരിക്കാൻ ഇറങ്ങില്ലെന്നത് ഇക്കുറി ഏതാണ്ട് തീർച്ചയായിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റായിരിക്കെയാണ് ഇന്നസെന്റ് ചാലക്കുടിയിൽ നിന്ന് സിപിഎമ്മിന്റെ ബാനറിൽ മത്സരിക്കുന്നത്. ഇപ്പോഴും അത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ബിജെപി.

തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തിക്കാൻ ലാലിനെ ചൂണ്ടയിടുന്നത് അങ്ങനെയാണ്. അതും പത്മഭുഷൺ അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിന് പിന്നാലെ. ഇതിന് പിന്നാലെ ബിജെപിയുടെ കേരള നിയമസഭയിലെ ഏക എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ തന്നെ പറഞ്ഞു അദ്ദേഹം തിരുവനന്തപുരം സീറ്റിലേക്ക് വേണ്ടി തങ്ങളുടെ റഡാറിൽ ഉണ്ടെന്നും മത്സരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും. ഇത്തരമൊരു സാഹചര്യത്തിലാണ് ചാനൽ ചർച്ചയിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ നേതാവ് വിമൽ കുമാറും മോഹൻലാലിന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ മേനകാ സുരേഷ് കുമാറും പ്രതികരണവുമായി എത്തിയത്.

മത്സരരംഗത്ത് ഉണ്ടാവില്ലെന്നും അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഒരു താൽപര്യവുമില്ലെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു നിർമ്മാതാവ് സുരേഷ്‌കുമാർ. ഒരു കാരണവശാലും മോഹൻലാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് സുരേഷ്‌കുമാറും. തനിക്ക് ബിജെപിയുമായി ആഭിമുഖ്യം ഉണ്ടെങ്കിലും സുഹൃത്ത് എന്ന നിലയിൽ രാഷ്ട്രീയത്തിലേക്ക് വരാൻ മോഹൻലാലിന് യാതൊരു താൽപര്യവും ഇപ്പോഴില്ലെന്നും അത്തരം പ്രചരണങ്ങൾ ശരിയല്ലെന്നും സുരേഷ് പറഞ്ഞു.

രാജഗോപാൽ പറഞ്ഞതുകൊണ്ട് ഔദ്യോഗിക ഭാഷ്യം വന്നെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും സിനിമ തന്നെയാണ് ലോകം. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാൻ യാതൊരു സാഹചര്യവുമില്ലെന്ന് സുരേഷ് പറഞ്ഞു. ലാലിന് താൽപര്യമില്ലെന്ന് എനിക്ക് നേരിട്ട് അറിയാമെന്നും സുരേഷ് ചർച്ചയിൽ ഫോണിലൂടെ പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി. മോഹൻലാൽ മോദി ആരാധകനുമല്ല. ലാലിന് അദ്ദേഹത്തെ കാണേണ്ട സാഹചര്യമുണ്ടായതുകൊണ്ട് കണ്ടു എന്നേയുള്ളൂ.-സുരേഷ് വ്യക്തമാക്കി.

ഇതോടൊപ്പം ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ നേരിട്ട് പങ്കെടുത്ത ഫാൻസ് അസോസിയേഷൻ നേതാവ് വിമൽ കുമാർ പറഞ്ഞതും ചേർത്തവായിച്ചാൽ മോഹൻലാൽ ഇക്കുറി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങില്ലെന്ന കാര്യം ഏതാണ്ട് തീർച്ചയാവുകയാണ്. മോഹൻലാൽ മത്സരിക്കാൻ വന്നാൽ ആദ്യം സ്വീകരിക്കുന്ന പാർട്ടി ബിജെപിയാണെന്ന് ബിജെപി നേതാവ് എംടി രമേശും ഇന്ന് പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അത്തരമൊരു സാഹചര്യമേ ഇല്ലെന്നും ലാൽ ഇക്കുറി രാഷ്ട്രീയത്തിൽ ഇറങ്ങുന്ന പ്രശ്‌നമില്ലെന്നും ബിജെപി സഹയാത്രികൻ കൂടിയായ നിർമ്മാതാവ് സുരേഷ്‌കുമാർ പ്രതികരിച്ചത്. നടി മേനകയുടെ ഭർത്താവും ലാലിന്റെ അഭിനയരംഗത്തെ തുടക്കംമുതൽ കൂടെയുള്ളയാളുമാണ് സുരേഷ്‌കുമാർ. സംവിധായകൻ പ്രിയദർശന്റേയും അടുത്ത കൂട്ടുകാരൻ. ഇത്തരത്തിൽ ലാലിന്റെ മനസ്സ് അടുത്തറിയാവുന്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ലാൽ ഇക്കുറി ബിജെപിയുടെ കൊടിയേന്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

നടനെയല്ല, നയങ്ങളെ മുൻനിർത്തി തിരഞ്ഞെടുപ്പ് നേരിടൂ

ഇതോടൊപ്പം തന്നെ ചാനൽ ചർച്ചയിൽ ഫാൻസ് അസോസിയേഷൻ നേതാവ് വിമൽ കുമാർ പറഞ്ഞതും ചർച്ചയായിക്കഴിഞ്ഞു. 'ലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണമുണ്ട്. പക്ഷേ, ശരിയല്ല. വിമൽ പറഞ്ഞു. ലാൽ സാർ ഒരു ചാനലിന്റെ ഡയറക്ടറായി വന്നകാലത്ത് അദ്ദേഹത്തിന്റെ പോസ്റ്ററിൽ കരിഓയിൽ ഒഴിച്ചവരാണ് ബിജെപിക്കാരും ആർഎസ്എസ്സുകാരും. ഇപ്പോൾ അവരാണ് ലാൽ സാറിനെ തിരഞ്ഞെടുപ്പിൽ കൊണ്ടുവരാൻ നോക്കുന്നത്. അഭിനയ പ്രതിഭയായ, രാഷ്ട്രം നിരവധി ബഹുമതികൊടുത്ത ്ആദരിച്ച അദ്ദേഹത്തെ, ആ മഹാ നടനെ സമൂഹത്തിൽ ആരോപണങ്ങൾക്ക് വിധേയനാക്കാനാണ് നോക്കുന്നത്. ഒരു നടനെ മുൻനിർത്തിയല്ല നിങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. നിങ്ങളുടെ നയങ്ങൾ മുൻനിർത്തിയാണ്.

ഇന്നസെന്റും മുകേഷുമെല്ലാം ജയിച്ചിട്ടെന്തായി. മണ്ഡലത്തിൽ തിരിഞ്ഞുനോക്കുന്നില്ല. തിയേറ്ററിൽ മുഖം കണ്ടാൽ ജനം കൂവുകയാണ്. രാഷ്ട്രീയക്കാരനായ ഗണേശ് മാത്രമാണ് അപവാദം. നടന്മാർ മാത്രമായി രാഷ്ട്രീയത്തിൽ വന്നവരെ ആരും അംഗീകരിച്ചിട്ടില്ല. പക്ഷേ, ലാൽസാറിന് ചെയ്യാൻ ഇഷ്ടംപോലെ സിനിമയുണ്ട്. സുരേഷ്‌ഗോപിയാണെങ്കിൽ സ്വന്തമായി സിനിമയിൽ ഗ്യാപ്പിട്ട് നിന്നതിന് പിന്നാലെയാണ് രാഷ്ട്രീയത്തിൽ വന്നത്. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഒരു നടൻ സ്വയം തീരുമാനിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതും ഒരു നടനെ കെട്ടിത്തൂക്കി ഇറക്കുന്നതും രണ്ടും രണ്ടാണ്. ഞങ്ങൾക്ക് ലാൽ സാറിനെ സിനിമയിൽ കണ്ടാൽ മതി. പാർലമെന്റിൽ കാണണ്ട. - വിമൽ കുമാർ പറയുന്നു.

ഫാൻസ് അസോസിയേഷൻ ഒരുകാരണവശാലും ലാൽ മത്സരിക്കാൻ ഇറങ്ങാൻ സമ്മതിക്കില്ലെന്ന്ും വിമൽ വ്യക്തമാക്കി. ബിജെപി എന്നല്ല, മറ്റൊരു പാർട്ടി വിചാരിച്ചാലും ഇറങ്ങാൻ ഞങ്ങൾ ആരാധകർ സമ്മതിക്കില്ലെന്നും വിമൽ പറഞ്ഞു. ഇത്തരത്തിൽ ലാൽ അഭിനയ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെതിരെ വൻ പ്രതിഷേധം ഉണ്ട് ആരാധകർക്കിടയിൽ എന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ ലാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് അടുത്ത സുഹൃത്തുകൂടിയായ സുരേഷ്‌കുമാറും ഫാൻസ് അസോസിയേഷൻ നേതാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP