Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹലോ മോഹൻലാലാണ്, ഞാൻ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ? വിളിക്കുന്നത് മദ്രാസിൽ നിന്ന്;ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ ഞങ്ങളുടെ സൂപ്പർഹീറോകൾ.... ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്; കോവിഡ് ഡ്യൂട്ടിയിലുള്ള ദുബായിലെ മലയാളി നഴ്‌സുമാരെ നേരിട്ട് വിളിച്ച് ഞെട്ടിച്ച് ലാലേട്ടൻ; കഥയിതെന്തെന്ന് അറിയാതെ അമ്പരന്ന് നഴ്‌സുമാരും; ലോക നഴ്‌സ്ദിനത്തിന് മുന്നോടിയായി സൂപ്പർതാരത്തിന്റെ വിളിയെത്തിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലോ മോഹൻലാലാണ്, ഞാൻ ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് ഓർമ്മയുണ്ടോ?,കൊവിഡിനെതിരെ പൊരുതുന്ന നഴ്സുമാർക്ക് സർപ്രൈസ് ഒരുക്കിക്കൊണ്ടാണ് ദുബായി ആശുപത്രിയിലേക്ക് ആ വിളിയെത്തിയത്. കോവിഡ് വാർഡിലെ ജോലി തുടരുന്നതിനിടെ ഫോൺകോൾ എടുത്ത ദുബായ് മെഡിയോർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അനുമോൾ ജോസഫിന് ആരെന്നും എന്തെന്നും ആദ്യം മനസിലായില്ല. ഞാൻ ആക്ടർ മോഹൻലാൽ. വിളിക്കുന്നത് മദ്രാസിൽ നിന്ന്.

ആളെ തിരിച്ചറിഞ്ഞപ്പോൾ അനുമോൾക്ക് ഒരു പോലെ അത്ഭുതവും സന്തോഷവും. വിശ്വസിക്കാൻ അര നിമിഷം ബുദ്ധിമുട്ടിയെങ്കിലും അനുമോളുടെ അടുത്ത ചോദ്യത്തിന് മുൻപേ മോഹൻലാൽ പറഞ്ഞു തുടങ്ങി. 'ഈ സർപ്രൈസ് കോളിന് കാരണം മറ്റൊന്നുമല്ല. നാളെ അന്താരാഷ്ട്ര നേഴ്‌സസ് ദിനമാണല്ലോ. കോവിഡിനെതിരെ പോരാടുന്ന പ്രവാസി നേഴ്‌സുമാർക്ക് എന്റെയും നമ്മുടെ നാടിന്റെയും പൂർണ്ണ പിന്തുണയുണ്ട്. നിങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകരാണ് ഇപ്പോൾ ഞങ്ങളുടെ സൂപ്പർഹീറോകൾ. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്.'

സൂപ്പർസ്റ്റാറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ സിസ്റ്റർ അനുമോൾ മോഹൻലാലിനോട് ഒരു കാര്യം കൂടി അഭ്യർത്ഥിച്ചു. കോവിഡ് കഴിഞ്ഞു ഇനി ദുബായിലേക്ക് വരുമ്പോൾ ഇതുവഴി വരണം. ദുരിതകാലത്ത് ഞങ്ങൾക്ക് സർപ്രൈസ് തന്നതിന് പകരമായി ഞങ്ങൾ ലാലേട്ടന് ഒരു ലഞ്ച് ഒരുക്കാം. ബുദ്ധിമുട്ടുകൾ വേഗം കടന്നു പോകട്ടെയെന്നും അടുത്തവരവിൽ കാണാൻ ശ്രമിക്കാമെന്നും സൂപ്പർതാരത്തിന്റെ ഉറപ്പ്.സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി പറഞ്ഞു ജോലിയിലേക്ക് മടങ്ങിയ അനുമോൾക്ക് ഇഷ്ടതാരത്തിന്റെ സർപ്രൈസ് കോൾ വന്നതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

അബുദാബി ബുർജീൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് പ്രിൻസി ജോർജിന് സൂപ്പർ താരത്തിന്റെ വിളിയെത്തിയത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ അവസ്ഥ വിലയിരുത്താനുള്ള നേഴ്‌സുമാരുടെ യോഗത്തിനിടെ. ഞാൻ ആക്റ്റർ മോഹൻലാൽ എന്ന ആമുഖം കേട്ടതോടെ പ്രിൻസിക്ക് സന്തോഷം അടക്കാൻ ആയില്ല. ഫോണിൽ ലൗഡ്സ്പീക്കറിലിട്ട് പ്രിൻസി സഹപ്രവർത്തകർക്കും താരവുമായി സംസാരിക്കാൻ വഴിയൊരുക്കി. ഇന്ത്യൻ സുഹൃത്തുക്കളിൽ നിന്ന് താങ്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഫിലിപ്പിനോ നേഴ്‌സുമാർ മോഹൻലാലിനോട് പറഞ്ഞു.

കോവിഡ് കാലത്ത് ജോലി സമയം പോലും നോക്കാതെ പോരാടുന്ന യുഎഇയിലെ പ്രവാസി നേഴ്‌സുമാർക്ക് ഐക്യദാർഢ്യമറിയിക്കാൻ പതിനൊന്ന് നേഴ്സുമാരെയാണ് സൂപ്പർതാരം നേരിട്ട് വിളിച്ചത്. യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ ഗ്രൂപ്പുകളിൽ ഒന്നായ വിപിഎസ് ഹെൽത്ത്കെയറിന്റെ ദുബായ്, അബുദാബി, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്‌കെയർ ആശുപത്രികളിലെ നേഴ്സുമാരുമായിട്ടായിരുന്നു ചെന്നൈയിലെ വീട്ടിലിരുന്നുള്ള മോഹൻലാലിന്റെ സംഭാഷണം.

നഴ്‌സസ് ദിനത്തോട് അനുബന്ധിച്ചു നഴ്‌സുമാർക്ക് സർപ്രൈസ് നൽകാൻ വിളിക്കേണ്ടവരുടെ പട്ടിക ആശുപത്രി മാനേജ്‌മെന്റ് നേരത്തെ തന്നെ താരത്തിന് കൈമാറിയിരുന്നു.എന്നാൽ ആരാണ് വിളിക്കാൻ പോകുന്നതെന്ന് നഴ്‌സുമാരെ അറിയിച്ചിരുന്നില്ല. രാവിലെ ഒരു സുപ്രധാന കോൾ വരുമെന്നും അത് എടുക്കാൻ വിട്ടുപോകരുതെന്നും മാത്രമേ പറഞ്ഞുള്ളൂ.കോൾ വരുന്ന സമയം മുൻകൂട്ടി അറിയാവുന്ന മാനേജ്മെന്റ് വിഭാഗത്തിലുള്ളവർ സംസാരം വീഡിയോയിൽ പകർത്തുകയും ചെയ്തു.

ഓരോരുത്തരെയും വ്യത്യസ്തമായി വിളിച്ചുകൊണ്ടുള്ള സംഭാഷണം ഒരുമണിക്കൂറിലേറെ നീണ്ടു. സംസാരത്തിനിടെ നാട് എവിടെയെന്നു ചോദിച്ചറിഞ്ഞ മോഹൻലാലിന് കേരളത്തിലുള്ളവരോട് പങ്കുവയ്ക്കാനുണ്ടായിരുന്നത് സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്നും നാടിനെക്കുറിച്ച് ആശങ്കവേണ്ടെന്നുമുള്ള സന്ദേശം. കോവിഡ് ഡ്യൂട്ടിക്കിടെയുള്ള താരവിളി നേഴ്‌സുമാർക്ക് ആശ്വാസമായി. രണ്ടു വരി പാടാമോ എന്ന നേഴ്‌സുമാരുടെ സ്നേഹനിർബദ്ധത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ:

'പാട്ടു പാടി ആഘോഷിക്കാനുള്ള കാലമാണ് വരാനിരിക്കുന്നത്. അപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടിഉറപ്പായും പാടും. ഇപ്പോൾ നിങ്ങൾക്കൊക്കെ വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകരുടെ ഒന്നടങ്കം സ്നേഹവും ആദരവും നിങ്ങളെ അറിയിക്കാനാണ് അവരിലൊരാളായ ഞാൻ നിങ്ങളെ വിളിക്കുന്നത്. നിങ്ങളുടെ ആരോഗ്യവും പ്രധാനമാണ്. ആരോഗ്യം സൂക്ഷിക്കുക. ഈ വെല്ലുവിളിയെ നമുക്ക് ഒറ്റക്കെട്ടായി നേരിട്ട് വിജയിക്കാം.'

അബുദാബി, ദുബായ്, അൽ ഐൻ തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളുമായുള്ള നാൽപ്പതു വർഷത്തോളം നീണ്ട അടുപ്പവും ബന്ധവും മോഹൻലാൽ നേഴ്‌സുമാരുമായി പങ്കുവച്ചു.യുഎഇ തനിക്ക് രണ്ടാം വീട് പോലെയാണ്. കോറോണേയെ അതിജീവിച്ച ശേഷം വീണ്ടും മലയാളികളുടെ പ്രിയ നാട്ടിലേക്ക് വരാൻ കാത്തിരിക്കുകയായെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP