Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതു സഹയാത്രികനായ മമ്മുട്ടിക്ക് കിട്ടാത്ത പത്മഭൂഷൺ പുരസ്‌കാരം കൊടുത്തതോടെ മോഹൻലാൽ വീഴുമെന്ന് പ്രതീക്ഷ; തലസ്ഥാനത്തു തന്നെ ശശി തരൂരിനെതിരെ ട്രംകാർഡ് ആയി താരരാജനെ ഇറക്കി വിജയം നേടാൻ ബിജെപി; സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ച് ലാലിനെ സമീപിച്ചതായി വെളിപ്പെടുത്തി മുതിർന്ന നേതാവ് ഒ.രാജഗോപാൽ; ലോക്‌സഭയിലേക്ക് കേരളത്തിലെ താമരയുമായി എത്തുന്നത് ജനങ്ങൾ നെഞ്ചേറ്റുന്ന ലാലേട്ടൻ ആകുമോ? മോദിയെക്കൊണ്ടും പ്രിയനെക്കൊണ്ടും സമ്മർദ്ദം ചെലുത്തി ബിജെപി

ഇടതു സഹയാത്രികനായ മമ്മുട്ടിക്ക് കിട്ടാത്ത പത്മഭൂഷൺ പുരസ്‌കാരം കൊടുത്തതോടെ മോഹൻലാൽ വീഴുമെന്ന് പ്രതീക്ഷ; തലസ്ഥാനത്തു തന്നെ ശശി തരൂരിനെതിരെ ട്രംകാർഡ് ആയി താരരാജനെ ഇറക്കി വിജയം നേടാൻ ബിജെപി; സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ച് ലാലിനെ സമീപിച്ചതായി വെളിപ്പെടുത്തി മുതിർന്ന നേതാവ് ഒ.രാജഗോപാൽ; ലോക്‌സഭയിലേക്ക് കേരളത്തിലെ താമരയുമായി എത്തുന്നത് ജനങ്ങൾ നെഞ്ചേറ്റുന്ന ലാലേട്ടൻ ആകുമോ? മോദിയെക്കൊണ്ടും പ്രിയനെക്കൊണ്ടും സമ്മർദ്ദം ചെലുത്തി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഇക്കുറി ഒരു സീറ്റ് ലഭിക്കുമെന്ന സർവേ ഫലം സൂചിപ്പിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുമോ? തിരുവനന്തപുരത്ത് നടൻ മോഹൻലാൽ തന്നെ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവരുന്നു. മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം അദ്ദേഹത്തിനോട് അഭ്യർത്ഥിച്ചതായും കേരളത്തിലെ ഏക ബിജെപി എംഎൽഎ കൂടിയായ മുതിർന്ന നേതാവ് ഒ. രാജഗോപാൽ വെളിപ്പെടുത്തി. ഇത്തവണ റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് മോഹൻലാലിന് പത്മഭൂഷൺ പുരസ്‌കാരം നൽകുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ തന്നെ കുറച്ചുനാളായി ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന താരരാജാവ് പാർട്ടിയോട് കൂടുതൽ അടുക്കുകയാണെന്ന് വ്യാഖ്യാനവും ശക്തമായിരുന്നു.

ഇതിനെ സ്ഥിരീകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഒ രാജഗോപാലിന്റെ വാക്കുകൾ. തലസ്ഥാന നഗരിയിൽ തന്നെ മോഹൻലാലിനെ സ്ഥാനാർത്ഥിയായി നിർത്താൻ കഴിഞ്ഞാൽ സംസ്ഥാനത്ത് ഒട്ടാകെ അത് ബിജെപിക്കും മുന്നണിക്കും വളരെ ഗുണം ചെയ്യുമെന്നാണ് പാർട്ടിയിലും വിലയിരുത്തൽ. ഇതിനായി കുറേ നാളുകളായി ബിജെപി ശ്രമം നടത്തുന്നുണ്ട്. എന്നാൽ താരരാജാവ് ഇതുവരെ മത്സര സന്നദ്ധത അറിയിച്ചിട്ടില്ല. ഏറ്റവും ഒടുവിലും ഇതിനുള്ള സാധ്യതകൾ തള്ളി ലാൽ രംഗത്തുവന്നിരുന്നു.

പ്രേം നസീറിനും യേശുദാസിനും ശേഷം മലയാള സിനിമാ ലോകത്ത് സീനിയർ നടൻ മമ്മുട്ടിക്ക് പോലും ലഭിക്കാത്ത പത്മഭൂഷൺ പുരസ്‌കാരം മോഹൻലാലിന് നൽകിയത് അദ്ദേഹത്തെ കൂടുതൽ ബിജെപിയുമായി അടുപ്പിച്ചു എന്ന പ്രചരണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള ആഗ്രഹം പാർട്ടി അദ്ദേഹത്തെ അറിയിച്ചുവെന്ന് മുതിർന്ന നേതാവ് ഒ. രാജഗോപാൽ തന്നെ വെളിപ്പെടുത്തുന്നത്. അതേസമയം, ലാൽ ഇതിൽ താൽപര്യം അറിയിച്ചോ എന്ന കാര്യം വ്യക്തമല്ല. ഇപ്പോൾ തന്നെ എംപിയായ താരം സുരേഷ്‌ഗോപിയെയും തിരഞ്ഞെടുപ്പിന് ഇറക്കിയേക്കുമെന്ന സൂചനകളും ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്നു. എന്നാൽ ഇനിയും രാജ്യസഭാംഗമെന്ന നിലയിൽ കാലാവധിയുള്ളതിനാൽ അദ്ദേഹം അതിന് തയ്യാറായേക്കില്ലെന്നാണ് സൂചന.

അതേസമയം, അഭിനയ രംഗത്ത് തിളങ്ങിനിൽക്കുന്ന, പ്രേക്ഷകലക്ഷങ്ങളുടെ മനസ്സിൽ ഇടമുള്ള മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായാൽ അത് വലിയ വ്യത്യാസം തന്നെ തിരഞ്ഞെടുപ്പു രംഗത്ത് സൃഷ്ടിക്കും. പ്രത്യേകിച്ചും ശശി തരൂരിനെ പോലെ ശക്തനായ എതിരാളിക്കെതിരെ ലാലിനെ ഇറക്കാൻ കഴിഞ്ഞാൽ ഗുണം ചെയ്യുമെന്ന് ഏറെക്കാലമായി ബിജെപി ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിക്കുന്നുമുണ്ട്.

ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ന് ഒ. രാജഗോപാൽ. എന്നാൽ ലാൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. മാത്രമല്ല, തിരുവനന്തപുരം സ്വദേശികൂടിയായ ലാലിന് ഇവിടെ വേരുകളും സുഹൃത്ബന്ധങ്ങളും ധാരാളം. അതെല്ലാം പാർട്ടിക്കും അദ്ദേഹത്തിന്റെ വിജയത്തിനും ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.

സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചത് എൻഡിടിവിയോടാണ്. 'പൊതുകാര്യങ്ങളിൽ താൽപര്യമുള്ളയാളാണു മോഹൻലാൽ. തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടു നേതാക്കൾ ലാലിനെ സമീപിച്ചിരുന്നു. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായാണ് പ്രതികരണം്. സ്ഥാനാർത്ഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ല' - ഇതായിരുന്നു രാജഗോപാലിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ആർഎസ്എസ് നിലപാടും മോഹൻലാലിനൊപ്പമാണ്. എന്നാൽ ബിജെപി. സ്ഥാനാർത്ഥിയാകാൻ മോഹൻലാൽ ഇതുവരെ സമ്മതംമൂളിയിട്ടില്ല. പ്രധാനമന്ത്രി മോദിയെ കൊണ്ട് ലാലിൽ സമ്മർദ്ദം ചെലുത്താൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമം നടത്തിയിരുന്നു. എല്ലാ വഴികളും അടഞ്ഞാൽ മാത്രമേ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ചിന്തിക്കൂ എന്നാണ് ബിജെപി നേതാക്കൾ നൽകുന്ന സൂചനകൾ. എൻഎസ്എസിനും മോഹൻലാലിനോടുള്ള താൽപ്പര്യം തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നത്.

മാസങ്ങൾക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതുമുതലാണ് ലാൽ ബിജെപി.യുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്. തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബിജെപി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. പ്രിയദർശനാണ് കുഞ്ഞാലിമരയ്ക്കാറിന്റെ സംവിധായകൻ. ആർഎസ്എസ് ചാനലായ ജനംടിവിയുടെ ചെയർമാനാണ് പ്രിയൻ. ലാലിന്റെ അടുത്ത കൂട്ടുകാരനായ പ്രിയനെ കൊണ്ടും പരിവാറുകാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

പ്രിയനോടും രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നു നേരത്തേതന്നെ ലാൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയാകില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന് പാർട്ടിയിലുയർന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP