Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനാല് ദിവസം ക്വാറന്റൈൻ; കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ്; ഏഷ്യാനെറ്റിന്റെ ഓണം ഷോയിൽ കൊറോണ പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കൽ; ഷൂട്ടിങ് കഴിഞ്ഞ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കി അമ്മയുടെ അടുത്തെത്തും; പിന്നെ ദൃശ്യം രണ്ടിലേക്കും; മലയാള സിനിമയെ തൊട്ടുണർത്താൻ മോഹൻലാൽ വീണ്ടും സജീവതയിലേക്ക്

പതിനാല് ദിവസം ക്വാറന്റൈൻ; കോവിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ്; ഏഷ്യാനെറ്റിന്റെ ഓണം ഷോയിൽ കൊറോണ പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കൽ; ഷൂട്ടിങ് കഴിഞ്ഞ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കി അമ്മയുടെ അടുത്തെത്തും; പിന്നെ ദൃശ്യം രണ്ടിലേക്കും; മലയാള സിനിമയെ തൊട്ടുണർത്താൻ മോഹൻലാൽ വീണ്ടും സജീവതയിലേക്ക്

ആർ പീയൂഷ്

കൊച്ചി: പതിനാലു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഏഷ്യാനെറ്റിന്റെ ഓണം ഷോയുടെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. കടുത്ത കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടക്കുന്ന ചിത്രീകരണത്തിൽ പുറത്തു നിന്നും ആരെയും കടത്തി വിടുന്നില്ല. ആരോഗ്യ വിഭാഗത്തിന്റെ മേൽ നോട്ടവും ഇവിടെയുണ്ട്.

കഴിഞ്ഞ 8 നാണ് നവോദയയിൽ ഏഷ്യാനെറ്റിന്റെ ഓണം പ്രത്യേക പരിപാടിയുടെ ഷൂട്ടിങ് ആരംഭിച്ചത്. ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മോഹൻലാൽ കോവിഡ് ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാണെന്നറിഞ്ഞതിനു ശേഷമാണ് ചിത്രീകരണത്തിനായെത്തിയത്. ചുരുക്കം ആളുകളുമായിട്ടാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന മറ്റു അഭിനേതാക്കളും സാങ്കേതിക വിഭാഗക്കാരും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് പങ്കെടുക്കുന്നത്. സ്റ്റുഡിയോയിൽ വേണ്ട സുരക്ഷാ മുൻകരുതലുകളും പാലിക്കുന്നുണ്ട്. കർശന സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളെ പോലും ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. രണ്ടു ദിവസമായി തുടരുന്ന ഓണം പ്രത്യേക പരിപാടിയുടെ ചിത്രീകരണം നാളെ അവസാനിക്കും. ഇതിന് ശേഷം താരം അമ്മയെ കാണാനായി തേവരയിലെ വീട്ടിലേക്ക് പോകുക. അതിന് മുൻപ് കോവിഡ് ടെസ്റ്റ് വീണ്ടും നടത്തും.

കഴിഞ്ഞ 23 ന് റോഡുമാർഗ്ഗമാണ് മോഹൻലാൽ ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയത്. ചെന്നൈയിൽ സന്തതസഹചാരിയായ ഡ്രൈവറുമൊത്തായിരുന്നു യാത്ര. മോഹൻലാലിന്റെ വരവറിഞ്ഞ് രണ്ട് ദിവസം മുൻപ് തന്നെ രണ്ട് സഹായികൾ ഹോട്ടലിൽ തങ്ങി ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കി. പൊലീസിലും ആരോഗ്യവകുപ്പിലും മുൻകൂട്ടി തന്നെ വിവരമറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ക്വാറന്റൈനിലേക്ക് പ്രവേശിച്ചത്. ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 ദിവസത്തെ സ്വയം നിരീക്ഷണത്തിലായിരുന്നു. 7 ന് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയതോടെ അടുത്ത ദിവസം നവോദയയിലേക്ക് ചിത്രീകരണത്തിനായി പോകുകയായിരുന്നു.

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം അമ്മയെ കണ്ടിട്ട് ഷൂട്ടിങ്ങിനായി പോകുമെന്നായിരുന്നു വിവരം. എന്നാൽ ഏഷ്യാനെറ്റിന്റെ ചിത്രീകരണം എത്രയും വേഗം തീർക്കണമെന്നുള്ളതു കൊണ്ട് നേരെ നവോദയയിലേക്ക് പോരുകയായിരുന്നു. ആറുമാസത്തിന് ശേഷമാണ് മോഹൻലാൽ അമ്മയെ കാണാൻ പോകുന്നത്. അമ്മയുടെ പ്രായവും വാർദ്ധക്യ സഹജമായ അസുഖങ്ങളും കണക്കിലെടുത്താണ് വീട്ടിലേക്ക് നിരീക്ഷണത്തിനായി പോകാതിരുന്നത്. അമ്മയോടൊപ്പം ഏതാനം ദിവസം ചിലവഴിച്ച ശേഷം ചിങ്ങം ഒന്നിന് ദൃശ്യം 2 ന്റെ ചിത്രീകരണത്തിനായി പോകും.

മോഹൻലാൽ തന്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം സംഭവിച്ചില്ലെങ്കിൽ ഓഗസ്റ്റ് 17ന് തന്നെ മോഹൻലാൽ ഷൂട്ടിങ്ങിനെത്തും. ദൃശ്യം രണ്ടിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കോവിഡ് 19 സാഹചര്യത്തിൽ സർക്കാരിന്റെ കർശന നിർദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടർച്ചായാകും ചിത്രം. ക്രൈം ത്രില്ലർ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിയുടെ കഥയായിരുന്നു ദൃശ്യം പറഞ്ഞത്. ചതിക്കാൻ ശ്രമിക്കുന്ന, അപമാനിക്കാൻ ശ്രമിക്കുന്ന യുവാവിനെ ജോർജുകുട്ടിയുടെ മകൾ അഞ്ജു കൊല്ലുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ അഞ്ജു കൊല്ലുന്നത്. തന്റെ കുടുംബത്തിന് നേരെ വന്ന ശത്രുവിനെ കൊന്ന കാര്യം ജോർജുകുട്ടി മറ്റാരും അറിയാതിരിക്കാൻ ശ്രമിക്കുന്നു. ബുദ്ധിമാനായ ജോർജുകുട്ടി അതിൽ വിജയിക്കുകയും ചെയ്യുന്നു. ഒരു ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ ദൃശ്യം തിയറ്ററുകളിൽ സൂപ്പർഹിറ്റായി. മോഹൻലാൽ നായകനായപ്പോൾ മീന നായികയായി. അൻസിബയും എസ്തറും മക്കളായി. ആശാ ശരത്, സിദ്ദിഖ് എന്നിവരും മികച്ച കഥാപാത്രങ്ങളുമായി. 2013ൽ പ്രദർശനത്തിന് എത്തിയ ചിത്രം ആദ്യമായി അമ്പത് കോടിയിലധികം കളക്ഷൻ നേടിയ മലയാള ചിത്രവുമായി. ജീത്തു ജോസഫ് ഏറ്റവും ശ്രദ്ധ നേടിയ സംവിധായകനുമായി. സിനിമ വീണ്ടും വരുമ്പോൾ പ്രേക്ഷകർ വലിയ ആകാംക്ഷയിലുമാണ്.

മലയാളത്തിൽ കോടി ക്ലബിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. കമൽഹാസനും വെങ്കടേഷുമൊക്കെ ഓരോ ഭാഷകളിൽ നായകരായി. കന്നഡയിലേക്ക് ദൃശ്യ എന്ന പേരിൽ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്തത്. വി രവിചന്ദ്രൻ നായകനായപ്പോൾ നവ്യ നായർ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു. ഇളയരാജയായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രം കന്നഡയിലും വൻ ഹിറ്റായി. 2014 ജൂൺ 20ന് റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് രവിചന്ദ്രനും നവ്യ നായർക്കും വലിയ അഭിനന്ദനം ലഭിച്ചു. 100 ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു.

കോടികൾ മുടക്കി നിർമ്മിച്ച മരയ്ക്കാർ അടക്കം രാജ്യാന്തരതലത്തിൽ റിലീസ് ചെയ്യണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണമെന്ന് ബോധ്യപ്പെട്ടതോടെയാണ് ദൃശ്യം രണ്ട് പ്രഖ്യാപിച്ചത്. കോവിഡ് കാല ഇളവുകളിൽ ഒടുവിലായെങ്കിലും തിയറ്റർ തുറക്കുമ്പോൾ ക്രൗഡ് പുള്ളറായുള്ള സിനിമകൾ വേണമെന്ന ചിന്ത താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കുമുണ്ട്. താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യത്തോട് ഇരുസംഘടനകൾക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകൾ പാടില്ലെന്ന നിർമ്മാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്.

മോഹൻലാൽ സിനിമ കൂടി ഷൂട്ടിങ് തുടങ്ങുന്നതോടെ വൈറസിനൊപ്പം ജീവിക്കുക എന്ന പൊതുബോധ്യത്തിലേക്ക് സിനിമാമേഖലയെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകാമെന്ന പ്രതീക്ഷയാണ് അമ്മയ്ക്കും ഫെഫ്കയ്ക്കുമുള്ളത്. ദൃശ്യം രണ്ട് കൂടി ഷൂട്ടിങ് തുടങ്ങുന്നതോടെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും സ്വീകരിക്കുന്ന നിലപാടാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP