Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ

ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പരസ്യമായി ഒരു സ്റ്റുഡിയോ ഫളോറിൽ നടക്കുന്ന ചാനൽ ചർച്ചക്കിടെ ഒരാളെ മാത്രം എന്തോകൊടുത്ത് മയക്കി തലച്ചോറിനെ മന്ദിപ്പിക്കാൻ കഴിയുമോ.? എന്നാൽ തന്നെ അങ്ങനെ ചെയ്തുവെന്നും ഒരു പ്രമുഖ ചാനലിൽ ഉടൻ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലെ തന്റെ വാദങ്ങൾ സ്വബോധത്തോടെയല്ല എന്ന വാദമുയർത്തി വിവാദ ചികിൽസകൻ മോഹനൻ വൈദ്യർ രംഗത്തെത്തിയിരിക്കയാണ്. ചർച്ച പുരോഗമിക്കുന്നതിനിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നുവെന്നും അതോടെ പിന്നീട് താൻ പറയുന്നതൊന്നും സ്വബോധത്തോടെ ആയിരുന്നുമില്ലെന്നാണ് മോഹനൻ വൈദ്യർ പറയുന്നത്. പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയില്ല. അത് സംപ്രേഷണം ചെയ്യരുതെന്ന് പലതവണ പറഞ്ഞിട്ടും ചാനൽ അധികൃതർ കേട്ടില്ലെന്നും മോഹനൻ വൈദ്യർ പറയുന്നു.

ചാനലിന്റെ പേര് വൈദ്യർ പറയുന്നില്ലെങ്കിലും ഫ്ളവേഴ്സ് ടീവിയുടെ ന്യൂസ് ചാനലായ ട്വന്റിഫോർ ന്യൂസിന്റെ 'ജനകീയ കോടതി' എന്ന പരിപാടിയെയാണ് മോഹനൻ വൈദ്യർ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. ചാനൽ ഈ പരിപാടി ഈ ഞായറാഴച സംപ്രേഷണം ചെയ്യാനിരിക്കെയാണ് അതീവ ഗുരതരമായ ആരോപണവുമായി വൈദ്യർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇത് ഉത്തരം മുട്ടിയപ്പോഴുള്ള അദ്ദേഹത്തിന്റെ രക്ഷപ്പെടാനുള്ള അടവ് മാത്രമാണെന്നാണ് ചാനൽ അധികൃതരും, മോഹനന് എതിരെ സംസാരിച്ച ഡോക്ടർമാരും സ്വതന്ത്ര ചിന്തകരും പറയുന്നത്. മോഹനൻ വൈദ്യരുടെ എല്ലാ വാദങ്ങളും ചർച്ചയിൽ പൊളിഞ്ഞടങ്ങി.

ഇതു കാണുന്നയാൾക്ക് അദ്ദേഹത്തിന് ശരീരശാസ്ത്രത്തെതക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ പോലും ഇല്ല എന്ന് വ്യക്തമാവുമെന്നും അതിനാലാണ് ഈ രീതിയിൽ, ബോധക്കേട് അഭിനയിക്കുന്നതുമെന്നാണ് അവർ പറയുന്നു. മോഹൻ വൈദ്യരുടെ ആരോപണം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ ആയിക്കഴിഞ്ഞു. വൈദ്യരെ ഡൈ ഹൈഡ്രജൻ ഓക്സൈഡ് എന്ന രാസവസ്തു നൽകി ( ജലം) വധിക്കാൻ ശ്രമിച്ചുവെന്നപേരിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.

മോഹനൻ വൈദ്യരുടെ ഫേസ്‌ബുക്ക് ലൈവിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:

'ഒരു ചാനലിനകത്ത് എന്നെ വിളിച്ചിരുത്തി ഐഎംഎക്കാരും ആയുർവേദക്കാരും സ്വതന്ത്ര ചിന്തകരും കുറെ ഡോക്ടർമാരും കുറെ യുക്തിവാദികളും എല്ലാവരും ചേർന്ന് എന്നെ തേജോവധം ചെയ്യാൻ കരുതിക്കൂട്ടി ശ്രമിക്കയാണ്. എന്നെ ഒരു ഇന്റർവ്യൂവിന് വിളിക്കുന്ന മാതിരി കള്ളം പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. അതിൽ ആദ്യം രണ്ട് ഡോക്ടർമാരെ കൊണ്ടിരുത്തി.കുറച്ചുകഴിഞ്ഞപ്പോൾ ഒരു ഇന്റർവെൽ വന്നപ്പോൾ ഒരു സ്വതന്ത്രചിന്തകനെ സയിന്റിസ്റ്റാണെന്ന് പറയുന്ന ഒരുത്തനെ അതിനകത്തുകൊണ്ടിരിത്തി. അയാൾ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കാൻ തുടങ്ങുന്നതും എന്നെ ഉത്തരം മുട്ടിക്കാൻ ശ്രമിക്കയും ആയിരുന്നു. എന്നെ മൂത്രമൊഴിപ്പിച്ചു എന്നാണ് അവർ ഇപ്പോൾ പറയുന്നത്. ഇടക്കുവെച്ചിട്ട് കുടിവെള്ളം കൊണ്ടുവന്നപ്പോൾ, എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ കൊണ്ടുത്തരികയും, അതു കുടിച്ചതിനുശേഷം എനിക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ, സ്വബോധത്തിലാണെന്ന് തോനുന്നില്ല. ഞാൻ ചാനലിന്റെ പേര് പറയാത്തത് അവർക്ക് റീച്ച് കിട്ടുമെന്നതിനാലാണ്.

ഈ പരിപാടി നിങ്ങൾ കാണുമ്പോൾ ഈ രീതിയിൽ വേണം കാണാൻ. ഒരിടത്ത് ഈ സ്വതന്ത്രചിന്തകൻ ഈ റീനാമനോഹർ, എനിക്കെതിരെയിട്ട വീഡിയോ കാണിച്ചു. അതിന്റെ അപ്പുറത്തോട്ടും ഇപ്പുറത്തോട്ടും ഇട്ട് കുറശ്ശേയാണ് കാണിച്ചത്. നിങ്ങൾക്ക കാണുമ്പോൾ മനസ്സിലാവും. ആ ഗ്ലാസിലെ വെള്ളം എന്താണെന്ന് അറിയില്ല. അവിടെനിന്ന് വെളിയിൽ ഇറങ്ങി വന്ന് അരമണിക്കൂർ കഴിഞ്ഞാണ് തലക്കകത്തെ മത്ത് മാറിയത്. ആ മത്ത് മാറിയപ്പോൾ ഞാൻ അവരോട് വിളിച്ചു പറഞ്ഞു. നിങ്ങൾ അത് ഇടരുത, നിങ്ങൾ മനഃപൂർവം എന്നെ തേജോവധം ചെയ്യാൻ ശ്രമിക്കയാണ്. നിങ്ങൾ കണക്കുകൂട്ടി വന്ന് എന്നെ പറ്റിക്കയായിരുന്നു. അത് ഒരിക്കലും ശരിയായില്ല. ഇടാൻ പാടില്ല എന്നു പറഞ്ഞു. അപ്പോൾ അവർ പറയുന്നത ഞങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നല്ലോ, ഇന്നപോലാണ് എന്നാണ് പറയുന്നത്. ആ പ്രോഗ്രാമിന്റെ പേരും പറയുന്നില്ല. നിങ്ങൾ കാണൂ. ഈ ആഴ്ചതന്നെ കാണും എന്നതാണ് എന്റെ പ്രതീക്ഷ. എന്താണ് ഉണ്ടാവുക എന്ന് എനിക്ക് ഉറപ്പില്ല. അതോടൊപ്പം വേറൊരും ചാനലിലും ഞാൻ വരുന്നുണ്ട്. അതിൽ ഇത്ര കഴുപ്പമില്ല. പക്ഷേ ഇവരെല്ലാം കരുതിക്കൂട്ടിയാണ് ഇറങ്ങിയിരിക്കുന്നത്. പക്ഷേ ഇവർ ഇത് കട്ട് ചെയ്യും. എന്നെ കളിയാക്കുന്നതും, ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് മാത്രമായിരിക്കും ഇവർ കാണിക്കുന്നത്. മൊത്തം കാണിക്കില്ല. പക്ഷേ ഫുൾ വോയസ് ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.ഇവർ എന്തെങ്കിലും കട്ട് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അന്നേരം ഇടാം.

ചതിവ്. വമ്പൻ ചതിവ് എന്നെ ഇവർ ചതിച്ചിട്ടുണ്ട്. അത് വര്ട്ടെ ്നമുക്ക് കാണാം. അത് ഈ രീതിയിൽ കണ്ടോണ്ട് വേണം ആ സാധനത്തെ കാണാൻ. ചതിച്ചതാണ്. അതിനിടക്ക് അവർ ഗ്ലാസിൽ തന്ന സാധനം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവരോട് പിന്നെ ഒരുപാട്പേരെ കൊണ്ട് വിളിച്ചു പറയിപ്പിച്ചു അത് ഇടല്ലേ ഇടല്ലേന്ന്.പക്ഷേ അവർ കേട്ടില്ല.അത് വരുമ്പോൾ ഈ ഒരു കാഴ്‌ച്ചപ്പാടോടുകൂടിവേണം നിങ്ങൾ കാണാൻ.'- മോഹനൻ വൈദ്യർ വ്യക്തമാക്കി.

എന്നാൽ മോഹനൻ വൈദ്യർ പറയുന്ന എല്ലാ ആരോപണങ്ങളും തെറ്റാണെന്നും കുടിവെള്ളമാണ് എല്ലാവർക്കും കൊടുത്തപോലെ അദ്ദേഹത്തിനും നൽകിയതെന്നുമാണ് മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ട്വന്റിഫോർ ന്യൂസ് അധികൃതർ പറയുന്നത്. ഒരു വ്യക്തിയെ വിചാരണ ചെയ്യാൻ ജനങ്ങൾക്ക് അധികാരം കൊടുക്കുന്ന പരിപാടിയാണ് ജനകീയ കോടതി. അതിന്റെ മുൻ ലക്കങ്ങളും അങ്ങനെ തന്നെയാണ്. ഇക്കാര്യങ്ങൾ എല്ലാം അറിയിച്ചാണ് മോഹനൻ വൈദ്യരെ കൊണ്ടുവന്നതെന്നും ചാനൽ അധികൃതർ പറഞ്ഞു. ഫ്്ളവേഴസ് ടീവിയിലെ 'ജനകീയ കോടതി' എന്ന പരിപാടി ആങ്കർ ചെയ്യുന്നത് ്രപഭാഷകനും എഴുത്തുകാരനുമായ പ്രശസ്ത മാധ്യമ പ്രവർത്തകൻ ഡോ. അരുൺകുമാർ ആണ്. പരിപാടി അടുത്ത ഞായറാഴ്ച രാത്രി 8.30ന് സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ച് പ്രമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഫ്ളവേഴസ് ടീവി ചാനലിലെ പരിപാടിയിൽ എല്ലാവർക്കും വെള്ളം മാത്രമാണ് നൽകിയയെന്നും മോഹനന് ഉത്തരം മുട്ടിയതിലെ ജാള്യതയാന്നെുമാണ്, പരിപാടിയിൽ പങ്കെടുത്ത ശാസ്ത്രപ്രഭാഷകനും ഗവേഷകനുമായ കൃഷ്ണ പ്രസാദ് പറയുന്നത്. 'നിപ്പ വൈറസ് ഇല്ല എന്നും മറ്റും പറഞ്ഞുകൊണ്ടുള്ള വൈദ്യരുടെ വാദങ്ങൾ എല്ലാം ചർച്ചയിൽ പൊളിഞ്ഞു. വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണപോലും അദ്ദേഹത്തിന് ഇല്ലെന്നും വ്യക്തമായി. കപട വാദങ്ങൾ നിരത്തി കൂറെ പാവങ്ങളെ അന്ധകാരത്തിൽ നിർത്താനുള്ള മോഹനന്റെ വാദം ചർച്ചയിൽ ഒന്നൊന്നായി പൊളിഞ്ഞുവീണു. അദ്ദേഹത്തിന്റെ വാദങ്ങൾ മുഴുവൻ ദുർബലമായിരുന്നെന്നും ഇപ്പോൾ അദ്ദേഹത്തിന് തന്നെ ബോധ്യമാവുന്നുണ്ട്. അതിനാൽ ഇറക്കിയെ വെറും നമ്പരായെ ഇതിനെ കാണാൻ കഴിയൂ'- കൃഷ്ണപ്രസാദ് വ്യക്തമാക്കി. അതേസമയം മോഹനൻ വൈദ്യരുടെ വാദങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായും മാറിയിട്ടുണ്ട്. ഡൈ ഹൈഡ്രജൻ ഓക്സൈഡ് ( എച്ച് ടു ഒ അഥവാ ജലം ) എന്ന രാസ്വസ്തു നൽകി ്വധിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയാണെന്നും ഇദ്ദേഹത്തെ സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്.

എന്നും വിവാദപുരുഷൻ

എക്കാലവും വിവാദങ്ങളുടെ സഹയാത്രികനാണ് ഓച്ചിറ സ്വദേശി മോഹനൻ നായർ എന്ന മോഹനൻ വൈദ്യർ. നിപ്പാരോഗ ബാധയുള്ള സമയത്ത് വവ്വാലുകൾ കടിച്ചതെന്ന് പറയുന്ന മാങ്ങയും പഴങ്ങളും പച്ചക്ക് തിന്നുന്ന വീഡിയോ പുറത്തുവിട്ടായിരുന്നു, മോഹനൻ വൈദ്യർ ഇതെല്ലാം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത്തരം വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചതിനെ തുടർന്ന് മോഹനൻ വൈദ്യർ വീഡിയാ ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇദ്ദേഹം കേസ് അടക്കമുള്ള നടപടികളിൽനിന്ന് ഒഴിവായത്. എന്നാൽ ഇതുപോലെ തന്നെ കുപ്രചാരണം നടത്തിവന്ന ജേക്കബ് വടക്കൻചേരി, വീരവാദങ്ങൾ തുടരുകയാണ് ചെയ്തത്. ഇതേതുടർന്നാണ് ജേക്കബ്് വടക്കൻചേരിയെ പൊലീസ് അറസ്റ്റ്‌ചെയ്ത് റിമാൻഡ് ചെയതത്.

രോഗാണു എന്നൊരു സാധനമില്ല, വാക്‌സിൻ ആവശ്യമില്ല, പ്രമേഹം തൊട്ട് കാൻസർ വരെ എല്ലാം പച്ചമരുന്നുകൊണ്ടു മാറും തുടങ്ങിയ അശാസ്ത്രീയ ധാരണകൾ നിരന്തമായി സമൂഹത്തിലേക്ക് കടത്തിവിടാനും മോഹനൻ വൈദ്യർക്ക് കഴിഞ്ഞു. സ്‌കാനിങ്ങ് വെറും തട്ടിപ്പാണെന്ന മോഹനൻ വൈദ്യരുടെ വീഡിയോ കണ്ടാൽ പ്രബുദ്ധതയുടെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളികൾ നാണിച്ചുപോവും. നേരത്തെ തന്നെ റെക്കോർഡ് ചെയ്തുവെച്ച ഇമേജുകളാണത്രേ സ്‌കാനിങ്ങിലൂടെ ലഭിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിൽ ഒരുപേന വെച്ച് ഷർട്ടൂരാതെ സ്‌കാൻ എടുത്താൽ ആ പേന പോലും ഇമേജിൽ വരുമെന്ന് പറഞ്ഞാണ് ഇൻഫോക്ലിനിക്കിലെ ഡോക്ടർമാരൊക്കെ ഈ വാദങ്ങളെ പരിഹസിച്ച് തള്ളിയത്. പക്ഷേ ആയിരക്കണക്കന് ആളുകളാണ് അപ്പാഴേക്കും ആ വീഡിയോ കണ്ടത്.

ഹെപ്പറ്റൈറ്റിസ് ബി എന്നൊരു രോഗമേയില്ല എന്ന് തെളിയിക്കാനായി രോഗിയുടെ രക്തം കുടിച്ചും മോഹനൻ വൈദ്യർ വിവാദ പുരുഷനായി.
മോഹനൻ രോഗിയുടെ വിരൽ മുറിച്ച് രക്തം സ്വന്തം നാക്കിൽ വീഴ്‌ത്തി കൂടി നിൽക്കുന്ന എല്ലാവരെയും കാണിക്കുന്നു! അതിനുപിന്നാലെ മോഹനന്റെയും വിരൽ മുറിച്ച് രണ്ട് പേരുടെയും രക്തം കലർത്തുന്നു. ഒരു രോഗവുമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലെ എന്ന് പറഞ്ഞ് രോഗിയെ, ഇനി ഗൾഫിലൊ എവിടെ വേണമെങ്കിലും പോയ്‌ക്കോളൂ എന്ന് പറഞ്ഞ് വിടുകയാണ് ചെയ്യുന്നത്. അങ്ങേയറ്റം അശാസ്ത്രീയമായ രീതിയാണ് മോഹനൻ വൈദ്യർ അവലംബിച്ചിരിക്കുന്നതെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നുമാണ് ഇൻഫോക്ലിനിക്ക് പോലുള്ള ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അടിയന്തരമായ ചികിൽസ വേണ്ടിവരുന്ന രോഗമാണ് ഹെപ്പറ്റെറ്റിസ് ബി പോലുള്ളവ. അതിന് ഈ രീതിയിൽ കാണിക്കുന്നത് സമൂഹത്തെ പിറകോട്ട് വലിക്കുന്നതിന് തുല്യമാണെന്ന് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതാടെ മോഹൻ വൈദ്യർക്കെതിരെ ആരോഗ്യവകുപ്പ് കേസ് എടുക്കാൻ ഒരുങ്ങുകയാണ്. ഇൻഫോ ക്ലിനിക്കിലെ ഡോ ജിനേഷ് ഇത്തരം മനോഭാവമുള്ള വൈദ്യർ സ്‌കൂൾ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്നതിനെ നിശിതമായി വിമർശിച്ച് പോസ്റ്റ് ഇട്ടിട്ടിരുന്നു.

ഏറ്റവും ഒടുവിലായി വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തി. കാൻസറിന് പാരമ്പര്യ വൈദ്യ ചികിത്സതേടിയ യുവതിയാണ് കബളിപ്പിക്കപ്പെട്ട വിവരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ റീനാ മനോഹറാണ് ആക്ഷേപം ഉന്നയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. മോഹനൻ വൈദ്യരെ വിശ്വസിച്ച് കാൻസർ ചികിത്സ തേടിയ ഇവർ ആദ്യം ശമനം ലഭിച്ചു എന്നു പറഞ്ഞ് വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞ ശേഷം വീണ്ടും രോഗാവസ്ഥ വന്നപ്പോൾ തുടർ ചികിത്സക്കായി സഹായം തേടിയപ്പോൾ മോഹനൻ വൈദ്യരും അദ്ദേഹത്തിന്റെ ജീവനക്കാരും പ്രതീകരിച്ചില്ലെന്നാണ് റീന ആരോപിക്കുന്നത്.

ഇതോടെ മറ്റൊരാളുടെ ചികിത്സ തേടേണ്ടി വന്നുവെന്നും തുടർ ചികിത്സ ലഭിക്കാത്ത ചികിത്സാരീതി ആരും പിന്തുടരരുത് എന്നുമാണ് റീന അഭിപ്രായപ്പെട്ടത്. ഇതോടെ റീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. സർക്കാർ ഡോക്ടർമാർ അക്കമുള്ളവർ യുവതിയുടെ തുറന്നു പറച്ചിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തുവന്നു. അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നവർക്ക് ഇതൊരു പാഠമാകണമെന്നും തട്ടിപ്പുകളിൽ കുടുങ്ങായ യഥാർത്ഥ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും തിരുവനന്തപുരം മെഡിക്കൽ കേളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് അടക്കമുള്ളവർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP