Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ

രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ ചികിൽസകനാണ് ഓച്ചിറ സ്വദേശി മോഹനൻ വൈദ്യർ. കുഷ്ഠം മുതൽ കാൻസർ വരെ ഭേദമാക്കുമെന്നും വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും 'തെളിവുകൾ' നിരത്തിയുള്ള വൈദ്യരുടെ വാദങ്ങൾ ഫേസ്‌ബുക്കിലും വാട്സാപ്പിലും ഹിറ്റായതോടെയാണ് അദ്ദേഹത്തിന്റെ ചികിൽസാ മേഖലയും ശക്തിപ്പെട്ടത്.എന്നാൽ ഇന്ന് അതേ സോഷ്യൽ മീഡിയയിലൂടെ തന്നെ വൈദ്യർക്കർക്ക് പണി കിട്ടുകയാണ്. മോഹനൻ വൈദ്യരുടെ മിക്ക അവകാശവാദങ്ങളും കല്ലൂവെച്ച നുണയും അസംബന്ധവുമാണെന്ന് ജനകീയാരോഗ്യ പ്രവർത്തകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നത്. നിപ്പ ബാധിത കാലത്ത് ഇങ്ങനെയാരു വൈറസ് ഇല്ലെന്നും ഇതെല്ലാം ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രചാരണമാണെന്ന് പറഞ്ഞ്, പേരാമ്പ്രയിൽ നിന്ന് വവ്വാൽ കടിച്ച പഴം ശേഖരിച്ച് തിന്നു കാണിച്ച്ത് വൻ വിവാദമായിരുന്നു. എന്നാൽ സർക്കാർ ഇതിനെതിരെ കർശനമായി നടപടികളെടുക്കുവാൻ ശുപാർശ ചെയ്തതോടെ 'ഞാനിനി ചികിത്സിക്കാനേയില്ല' എന്ന് ആണയിട്ടു പറഞ്ഞ് തടിയൂരിയ ഇദ്ദേഹം വീണ്ടും തന്റെ ചികിത്സ നിർവിഘ്നം തുടരുകയാണ്.

കാൻസർ രോഗിയെ സുഖപ്പെടുത്തിയെന്നത് വ്യാജം

അതിനിടയിലാണ് വർഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത കാൻസർ മോഹനൻ ചികിത്സിച്ച് ഭേദമാക്കി എന്ന വാദവുമായി പുതിയ വീഡിയോ പ്രചരിച്ചത്. എറണാകുളത്ത് താമസക്കാരിയായ റീന മനോഹർ എന്ന സ്ത്രീയുടെ പേരിലാണ് വീഡിയോ പ്രചരിച്ചത്. 2016 മുതൽ കാൻസർ ബാധിതയാണെന്നും ആദ്യം ബ്രസ്റ്റ് കാൻസറായിരുന്നെന്നും എറണാകുളം വെൽ കെയർ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലായിരുന്നു എന്നു അവർ വീഡിയോയിൽ പറയുന്നുണ്ട്. ബ്രസ്റ്റ് കാൻസറിന് ആറ് കീമോ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലിന് കാൻസർ ബാധിച്ചു എന്ന് ഡോക്ടർ പറഞ്ഞു. വി പി ഗംഗാധരൻ ഡോക്ടറായിരുന്നു ചിക്തിച്ചത്. അതിന് ശേഷം 12 മാസം കൊണ്ട് 12 കീമോ തെറാപ്പി ചെയ്തു. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ഫോളോ അപ്പിന് ചെന്നപ്പോൾ ലിവറിലേക്ക് ബാധിച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്നും ഇവർ പറയുന്നു. അതിന് 12 കീമോ ചെയ്തു. അപ്പോഴേക്കും എഴുന്നേൽക്കാൻ വയ്യാതെയി. അതിനെ തുടർന്നാണ് മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയതെന്നും ഇവർ പറയുന്നു.

മൂന്നു മാസത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം വന്നു എന്ന് ഇവർ പറയുന്നു. അത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തെന്നും അത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും ഇവർ പറയുന്നു. മൊബൈൽ നമ്പർ ഉൾപ്പെടെ വീഡിയോയിൽ ഇവർ പങ്കു വെക്കുന്നുണ്ട്. ആ ഫോൺനമ്പരിൽ ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരൻ സംസാരിക്കുന്ന വോയ്സ് ക്ലിപ്പുകൂടെ ചേരുമ്പോഴാണ് മോഹനന്റെ തട്ടിപ്പ് പുറത്തു വരുന്നത്. മരുന്നു കഴിചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ടെന്നും രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും മോഹനന് ഇല്ലെന്നും റീന പറയുന്നു. ഒരാളെയും താൻ അങ്ങോട്ട് റെക്കമെൻൻഡ് ചെയ്യില്ലെന്നും ഇവർ പറയുന്നുണ്ട്. ഈ തട്ടിപ്പ് പുറത്തു പറയുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഫോൺ സംഭാഷണത്തിൽ ഇവർ പറയുന്നുണ്ട്. മോഹനൻ മാർക്കറ്റിംഗിനായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും ഇവർ തുറന്നു പറയുന്നു.

പിത്താശയ കല്ല് മാറ്റാൻ സോപ്പ് ഫോർമേഷൻ

പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. എണ്ണയും നാരാങ്ങാനീരും പിന്നൊരു പൊടിക്കയ്യും ചേർത്ത് പിത്താശയക്കല്ലിനെ മുഴുവൻ വെളിയിലെത്തിക്കുന്ന ഒറ്റമൂലി പരിപാടി സോപ്പ് ഫോർമമേഷൻ എന്ന സിമ്പിൾ ടെക്ക്നിക്കാണ്. മറ്റ് രാജ്യങ്ങളിൽ നല്ലെണ്ണക്കു പകരം ഒലീവ് എണ്ണ ഉപയോഗിക്കുന്നു എന്നു മാത്രം. എപ്‌സം സോൾട്ട് ഒലീവ് ഓയിൽ നാരാങ്ങ നീര് എന്നിവ കഴിച്ചാൽ മലശോധന വളരെ കൂടുതലാകും. ഇത് കഴുകി കല്ലുകൾ പെറുക്കിയെടുത്താൽ നൂറുകണക്കിന് വരും എന്നാണ് അനുഭവസ്ഥർ പറയുന്നത്. തട്ടിപ്പാണെങ്കിൽ പിന്നെ കല്ല് എവിടെനിന്നു വന്നു എന്ന ചോദ്യത്തിനുള്ള വിശദീകരണം കൂടിയായാലേ മോഹനന്റ ഒറ്റമൂലിയുടെ ടെക്‌നിക് പിടികിട്ടു.

ഇത്തരത്തിൽ ലഭിക്കുന്ന കല്ല് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ അതിൽ സാധാരണ കാണുന്ന കൊളസ്‌ട്രോൾ, ബിലിറുബിൻ, കാൽസ്യം തുടങ്ങി ഒരു ഘടകങ്ങളും കണ്ടെത്താനാകില്ല. 75 ശതമാനം ഫാറ്റി ആസിഡും. തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽ ഇവ സോപ്പ് സ്റ്റോൺ ആണെന്ന് ശാസ്ത്രം കണ്ടെത്തുകയായിരുന്നു. പൊട്ടാസ്യം കാർബോക്‌സിലേറ്റ്‌സുകളാണ് ഇവ. എല്ലാ എണ്ണകളിലും ഒരു ഗ്ലിസറോളും മൂന്നു ഫാറ്റി ആസിഡുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇത് വയറ്റിലെത്തുമ്പോൾ പാൻക്രിയാസിലെ ലൈറ്റ് പേയസ് എന്ന എൻസൈമുകൾ ഇതിനെ ബ്രേക്ക് ചെയ്യുന്നു. അതോടെ ഫാറ്റി ആസിഡുകൾ ഫ്രീയാകുന്നു. വയറ്റിലെത്തുന്ന നാരങ്ങാനീരിലെ പൊട്ടാസ്യം കാർബോക്‌സിലേറ്റുകളായി മാറുന്നു. സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. തികച്ചും ശാസ്ത്രീയമായ അടിത്തറയുള്ള ഒരു രാസപ്രവർത്തനത്തെ തെളിവു നൽകുന്ന ഒറ്റമൂലിപ്രയോഗമായി വ്യാജ ചികിത്സകർ ലോക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഇന്ത്യൻ പതിപ്പല്ല, വെറും പ്രാദേശിക പതിപ്പ് മാത്രമാണ് സ്വയം പ്രഖ്യാപിത വൈദ്യരായ മോഹനനെന്ന് ഡോ. വിശ്വനാഥൻ ചത്തോത്ത് പറയുന്നു. അതായത് പാൻക്രിയാസിൽ കല്ലുണ്ടെന്ന് പറഞ്ഞ് വ്രുന്ന രോഗിയുടെ കല്ല് അവിടെ തന്നെ കിടക്കുകയാണ്. പുറത്തുപോകുന്നത് സോപ്പായി രൂപം കൊണ്ട കൃത്രിമ കല്ലുകൾ മാത്രമാണ്.

രക്തം കുടിച്ച് ചികിൽസ

മോഹനൻ വൈദ്യർ പങ്കുവെച്ചിട്ടുള്ള വിവരക്കേടുകളെ പലവുരു സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. മഞ്ഞപിത്തവും ഹൈപ്പറ്റീറ്റിസും ഇല്ലെന്ന് സ്ഥാപിക്കാനുള്ള മോഹനന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അൻപതോളം ആളുകൾ പങ്കെടുത്ത ഒരു പരിപാടിയിൽ ആണ് വൈദ്യർ മഞ്ഞപ്പിത്തമുള്ള രോഗിയെന്ന് അവകാശപ്പെടുന്ന ആളുടെ കയ്യിലെ രക്തം കുത്തിയെടുത്ത് കുടിച്ചത്. ഗൾഫിൽ പോകാൻ നേരത്തെ പരിശോധിച്ചപ്പോൾ ആണ് മഞ്ഞപ്പിത്തമാണെന്ന് മനസ്സിലായത് എന്ന് വീഡിയോയിൽ പറയുന്നു.

ശേഷം കാണികളിൽ ഒരാളുടെ കയ്യിൽ നിന്ന് സേഫ്റ്റി പിൻ വാങ്ങി രോഗിയുടെ കയ്യിൽ നിന്ന് രക്തം കുത്തിയെടുത്ത് കുടിക്കുകയാണ് മോഹനൻ ചെയ്തത്. ശേഷം തന്റെ കയ്യിലും മുറിവുണ്ടാക്കി രോഗിയുടെ കയ്യിലെ മുറിവിൽ കലർത്തി. ഇതോടെ മഞ്ഞപ്പിത്തം ഇല്ലെന്ന് മനസ്സിലായല്ലോ എന്നാണ് ഇയാൾ ചോദിക്കുന്നത്. ഈ വീഡിയോ എല്ലാവരും ചിത്രീകരിച്ച് ഷെയർ ചെയ്യാനും ഇയാൾ ആവശ്യപ്പെടുന്നത്.വീഡിയോ വൈറലായതോടെ ഇൻഫോക്ലിനിക്കിലൂടെ ശ്രദ്ധേയനായ ഡോ. ജിനേഷ് പിഎസ് അടക്കമുള്ളവർ ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. അമൃത വിദ്യാലയത്തിലെ കുട്ടികൾക്ക് പാരമ്പര്യ ചികിത്സയെ കുറിച്ച് മോഹനൻ വൈദ്യർ ക്ലാസെടുക്കാൻ പോകുന്നതിനെതിരെയും ജിനേഷ് പിഎസ് പരിഹസിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയതയുടെയും അബദ്ധധാരണകളുടെയും പര്യായമായ മോഹനൻ കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും നവംബർ പന്ത്രണ്ടാം തീയതി നൽകാനിരുന്ന ക്ലാസ് റദ്ദ് ചെയ്തതായി വിശ്വസനീയമായ സോഴ്‌സിൽ നിന്നും അറിയിപ്പ് ലഭിച്ചു.

ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നു.അശാസ്ത്രീയത പടർത്തുന്ന ഇത്തരം പ്രോഗ്രാമുകൾക്ക് പകരം ഭരണഘടനയുടെ ആർട്ടിക്കിൾ 51 അ (വ) ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ ശാസ്ത്രീയത വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മോഹനൻ പറഞ്ഞ് പരത്തുന്ന അബദ്ധധാരണകൾ ശരിയാണ് എന്ന് പറഞ്ഞു തർക്കിക്കുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട് എന്നുള്ളതിൽ സന്തോഷമുണ്ട്. അതുപോലെതന്നെ അശാസ്ത്രീയതയെ എതിർക്കാൻ ധാരാളംപേർ മുന്നോട്ടു വരുന്നു എന്നുള്ളതും സന്തോഷകരമാണ്. അവർക്കേവർക്കും നന്ദി.

ഭാവി പൗരന്മാർക്കായി രണ്ടു കാര്യങ്ങൾ നമുക്ക് മറക്കാതിരിക്കാം, ശരിയായ ശാസ്ത്ര അവബോധ സൃഷ്ടിയും ചരിത്ര അവബോധ സൃഷ്ടിയും... രണ്ടും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്

നിപ്പയെ പറഞ്ഞ് മോഹനൻ പിടിച്ചു

്നിപ്പബാധയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ വൈറസ് ഇല്ലെന്ന് തെളിയിക്കാനുള്ള മോഹനൻ വൈദ്യരുടെ ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പകരുന്നതെന്ന വിലയിരുത്തലാണ് പൊതുവേ പുറത്തുവന്നത്. വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നായിരുന്നു ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെ മോഹൻ ഒരു വീഡിയോയുമായി രംഗത്തെത്തി. വവ്വാൽ ചപ്പിയ മാമ്പഴം കഴിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് മോഹൻ രംഗത്തെത്തിയത്. സൈബർ ലോകത്ത് ഭൂരിപക്ഷം പേരും പൊങ്കാലയുമായി രംഗത്തെത്തി. നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഹനൻ വൈദ്യർ ചെയ്യുന്നതെന്ന വിമർശനമാണ് കൂടുതലുമുണ്ടായത്.

പേരാമ്പ്ര മേഖലയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങൾ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനൻ വൈദ്യർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം രംഗത്തെത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ നിർദ്ദേശം നൽകി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു ഇത്. 'ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം'എന്നു പറഞ്ഞുകൊണ്ടാണ് മോഹനൻ വീഡിയോ പ്രചരിപ്പിച്ചത്.

ഇതോടെ സർക്കാർ നിലപാട് കടുപ്പിച്ചതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ മോഹനൻ ശ്രമം നടത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ, വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ സർക്കാരിനോട് മാപ്പ് ചോദിക്കുന്നുവെന്ന് മോഹനൻ വൈദ്യർ വ്യക്തമാക്കിയിരുന്നു. താൻ അലോപ്പതിക്കോ ഹോമിയോപ്പതിക്കോ ആയുർവേദത്തിനോ എതിരല്ല. പൊതുജനങ്ങളുടെ ആരോഗ്യമാണ് ലക്ഷ്യം. എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് ഇപ്പോഴത്തെ വിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നാണ് ഉദ്ദേശിച്ചത്. ആളുകൾ ഭയപ്പെടുന്ന അവസ്ഥയുണ്ടാവാതിരിക്കാനാണ് താൻ അങ്ങനെയൊക്കെ ചെയ്തത്. മന്ത്രിസഭക്കോ മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും എതിരല്ല. പാരമ്പര്യവൈദ്യത്തെ പിന്തുണച്ച സർക്കാരാണ് പിണറായി മന്ത്രിസഭ. അലോപ്പതിയും ആയുർവേദവും ഹോമിയോയും സിദ്ധയും എല്ലാം നമ്മുടെ വൈദ്യശാസ്ത്രങ്ങളാണ്. ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മോഹനൻ വൈദ്യർ പറഞ്ഞു. എന്നാൽ, സർക്കാർ നടപടി അതിൽ ഒതുങ്ങിയില്ല. മോഹനൻ ചികിത്സ നടത്തരുതെന്ന നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ഇനി സർക്കാർ ഉത്തരവ് ഉണ്ടാകുന്നതു വരെ താൻ ചിക്തിക്കുന്നത് നിർത്തുകയാണെന്ന് മോഹനൻ പറഞ്ഞിരുന്നു.

ചികിത്സ നിർത്തണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ ഫേസ്‌ബുക്കിലൂടെ വൈകാരികമായി പ്രതികരിച്ചാണ് മോഹനൻ രംഗത്തെത്തിയത്. തന്നോട് ചികിത്സ നിർത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇനി ഒരു ഉത്തരവ് ലഭിക്കുന്നതുവരെ ചികിത്സിക്കില്ലെന്നുമാണ് വിഡിയോയിൽ മോഹനൻ വൈദ്യർ പറഞ്ഞത്. ഇദ്ദേഹത്തിന്റെ ചികിത്സാ രീതികൾക്കും അശാസ്ത്രീയവുമായ അഭിപ്രായങ്ങൾക്കുമെതിരെ വ്യാപകമായ പരാതികൾ ഉയർന്നുവന്നിരുന്നു. തുടർന്നാണ് ചികിത്സ നിർത്തിവയ്ക്കണമെന്ന് സർക്കാർ ഉത്തരവിട്ടത്.

തന്നെ പുറത്താക്കാൻ ഡിഎംഒയുടെയും എസ്‌പിയുടെയും നിർദ്ദേശമുണ്ടെന്നും, ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും മോഹനൻ വൈദ്യർ പറഞ്ഞു. ജനങ്ങൾക്കിനി ആവശ്യമുണ്ടെങ്കിൽ സർക്കാർ ഉത്തരവോടു കൂടി മാത്രമേ ഇനി ചികിത്സിക്കൂ എന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഇയാളുടെ ചികിത്സാരീതി രോഗികൾക്ക് ഹാനികരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തത്. മോഹനൻ വൈദ്യരുടെ ഉടമസ്ഥതയിലുള്ള കായംകുളത്തെ നാട്ടുവൈദ്യശാലയിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ പറച്ചിൽ മോഹനന്റെ ചികിത്സപോലെ തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്തതായിരുന്നു. ഇന്നും മോഹനൻ സ്വയം ചാർത്തിയ വൈദ്യൻ പട്ടവുമായി പാവപ്പെട്ട രോഗികളെ പറ്റിക്കുന്നത് നിർബാധം തുടരുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിൽ. കണ്ണും കാതുമില്ലാത്ത ഭരണകൂടം ഇതൊന്നും കണാതെ പോകുന്നു. ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെടുന്ന ചില രോഗികൾ ഇയാൾക്കു വേണ്ടിയും സാക്ഷ്യം പറയുന്നു.

വൈദ്യരുടെ വാദം ഇങ്ങനെയാണ്

അലോപ്പതിയിൽ ഒരു മരുന്നും രോഗത്തെ തടയുകയോ പൂർണമായി ഭേദമാക്കുകയോ ചെയ്യുന്നില്ല. എന്നാണ് മോഹനൻ വാദിക്കുന്നത്. നേരത്തെ നിർണ്ണയിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. പണ്ടു കാലത്തെ വിദ്രഹി, മഹോദരം, ഗ്രന്ഥിവീക്കം, മുഴ എന്നീ രോഗങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസർ ആയി മാറിയത്. കുറുംതോട്ടി, കീഴാർനെല്ലി, നാല്പാമരം, വേപ്പ്, കറ്റാർവാഴ തുടങ്ങിയ പച്ചമരുന്നുകളാണ് ഈ രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. പുതിയ രീതിയിലെ ആഹാരക്രമമാണ് രോഗങ്ങൾക്ക് പ്രധാന കാരണം. ജീവിതശൈലി മാറ്റുന്നതോടെ ഏറെക്കുറെ രോഗങ്ങളെ നിയന്ത്രിക്കാനാകും.

പ്രതിരോധ കുത്തിവെപ്പുകൾ കുട്ടികൾക്ക് പോലും നിർബന്ധമല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ പറയുന്നു എന്ന് മോഹനൻ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോളിയോ തുള്ളിമരുന്ന് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല എന്നാണ് ഇയാൾ അതിന് പറയുന്ന ന്യായം. എന്നാൽ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങൾ മാത്രമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP