Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൂപ് ലൈനിൽ ആദ്യം എത്തിയത് ഗുഡ്‌സ് ട്രെയിൻ; അതിവേഗത്തിൽ എത്തിയ കോറമണ്ഡൽ എക്സ്‌പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്‌സിൽ ഇടിച്ചു; പാളം തെറ്റിയ ട്രെയിനിന്റെ ബോഗികളിൽ ഇടിച്ച് കയറി ഹൗറ എക്സ്‌പ്രസ്; അപകടത്തിന്റെ കാരണം സിഗ്‌നൽ തകരാർ? ബാലസോറിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ പരിശോധിച്ച് പ്രധാനമന്ത്രി

ലൂപ് ലൈനിൽ ആദ്യം എത്തിയത് ഗുഡ്‌സ് ട്രെയിൻ; അതിവേഗത്തിൽ എത്തിയ കോറമണ്ഡൽ എക്സ്‌പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്‌സിൽ ഇടിച്ചു; പാളം തെറ്റിയ ട്രെയിനിന്റെ ബോഗികളിൽ ഇടിച്ച് കയറി ഹൗറ എക്സ്‌പ്രസ്; അപകടത്തിന്റെ കാരണം സിഗ്‌നൽ തകരാർ? ബാലസോറിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ പരിശോധിച്ച് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം സിഗ്‌നൽ തകരാറെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. സംഭവത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥർ വിശദീകരണം നൽകിയിട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഡേറ്റ ലോഗർ ദൃശ്യങ്ങൾ ഏറെ നിർണായകമാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഓരോ സമയത്തും ട്രെയിനുകൾ വരികയും പോവുകയും ചെയ്യുമ്പോൾ, അതിനുള്ള ക്രമീകരണങ്ങൾ വ്യക്തമാക്കുന്ന വിശദമായ സംവിധാനമാണ് ഡേറ്റ ലോഗർ റിപ്പോർട്ട്.

ആദ്യം ഒരു ട്രെയിൻ പാളംതെറ്റി നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇതിന്റെ ബോഗികൾ ഇടിച്ചുകയറി. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന ട്രെയിൻ ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറിയതോടെയാണ് വളരെ വലിയ അപകടമായി മാറിയത്. 261 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

അപകടത്തിൽപ്പെട്ട കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിൽ 1039 റിസർവ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ റിസർവ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരുട്രെയിനുകളിലും ഉണ്ടായിരുന്നു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.



ഒഡീഷയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടു ട്രാക്കുകളിലും ട്രെയിനുകൾ നിർത്തിയിട്ടിരിക്കുന്നത് ഇതിൽ കാണാം. ഇതിനിടെ രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവാകാം അപകട കാരണമെന്നാണ് ഇപ്പോഴത്തെ അനുമാനം. ലൂപ് ലൈനിൽ ആദ്യം എത്തിയത് ഗുഡ്‌സ് ട്രെയിനാണ്. 130 കി.മീ. വേഗത്തിലെത്തിയ കോറമണ്ഡൽ എക്സ്‌പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്‌സിൽ ഇടിച്ചു.

ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ട്രെയിനിന്റെ ബോഗികൾ അടുത്തുള്ള പാളത്തിലേക്ക് കയറിയെന്നും അതുവഴിവന്ന യശ്വന്ത്പുർ ഹൗറ എക്സ്‌പ്രസ് ഈ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നുമാണ് ലഭ്യമാകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഹൗറ എക്സ്‌പ്രസിന്റെ ബോഗികളും പാളം തെറ്റുകയായിരുന്നു.

'കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ബഹാനഗ ബസാർ സ്റ്റേഷനിൽ വച്ചായിരുന്നു അപകടം. ഈ സ്റ്റേഷനിൽ കോറമണ്ഡൽ എക്സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിൻ അതിന്റെ പരമാവധി വേഗതയിലാണ് വന്നിരുന്നത്. ഇതിനിടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു.

കോറമണ്ഡൽ എക്സ്പ്രസിന്റെ 21 കോച്ചുകൾ പാളം തെറ്റിയിരുന്നു. ഇതിൽ മൂന്ന് കോച്ചുകൾ മറ്റൊരു ട്രാക്കിലേക്ക് തെറിച്ചെത്തി. മിനിറ്റുകൾക്കകം ഈ ട്രാക്കിൽ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് എത്തുകയും കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിൽ കൂട്ടിയിടിക്കുകയുമായിരുന്നു. യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിന്റെ പിന്നിലെ രണ്ട് കോച്ചുകളും പാളം തെറ്റി. രണ്ട് ട്രെയിനുകളും നല്ല വേഗതയിലായിരുന്നു'കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അപകടം സംബന്ധിച്ച് പല കാര്യങ്ങളിലും അവ്യക്തതകൾ നിലനിൽക്കുകയാണ്. ലോക്കോ പൈലറ്റിനോ, സ്റ്റേഷൻ മാസ്റ്റർക്കോ വീഴ്ച സംഭവിച്ചോ അതോ, സാങ്കേതികമായ മറ്റെന്തെങ്കിലും പിഴവ് സംഭവിച്ചോ എന്നതും വ്യക്തമല്ല. ഏതെങ്കിലും രീതിയിൽ തീവണ്ടി പാളം തെറ്റിയ വിവരം കൈമാറാനാൻ കഴിഞ്ഞിരുന്നെങ്കിൽ കൂട്ടിയിടി ഒഴിവാക്കാൻ സാധിച്ചേനെയെന്നാണ് വിലയിരുത്തൽ.



സാധാരണ രീതിയിൽ ഇത്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സന്ദേശം കൈമാറുകയാണ് ലോക്കോപൈലറ്റുമാരും ഗാർഡുമാരും ചെയ്യുക, എന്നാൽ ഇക്കാര്യത്തിൽ ഇവിടെ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ല. ഒരു പക്ഷേ, അതിനുള്ള സമയം ലഭിച്ചിട്ടില്ലായിരിക്കാം. പ്രദേശത്ത് റെയ്ഞ്ചില്ലെങ്കിൽ അതും കാരണമാകാം.

എന്നാൽ, ഇത്തരം അവസരങ്ങളിലും എങ്ങിനെ പ്രവർത്തിക്കണം എന്നതിന് റെയിൽവേയിൽ കൃത്യമായ രീതികളുണ്ട്. ഇത്തരം അപകട സാഹചര്യങ്ങൾ നേരിടാൻ ലോക്കോ പൈലറ്റുമാർക്ക് റെയിൽവേ ഡിറ്റണേറ്റേഴ്‌സ് നൽകിയിട്ടുണ്ട്. തൊട്ടടുത്ത റെയിൽവേ ലൈൻ സംരക്ഷിക്കാനാണ് ഈ നടപടി.

തീവണ്ടി പാളംതെറ്റുന്ന സാഹചര്യമുണ്ടായാൽ ലോക്കോ പൈലറ്റുമാർ സുരക്ഷിതരാണെങ്കിൽ അവർ തൊട്ടടുത്ത് റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്റേഴ്‌സ് സ്ഥാപിക്കും. ആദ്യത്തെ ഡിറ്റണേറ്റർ സ്ഥാപിക്കുക അപകടം നടന്ന് 500 മീറ്ററിനപ്പുറത്താണ്. തുടർന്ന് 1000 മീറ്ററിലും രണ്ടെണ്ണം സ്ഥാപിക്കും. എതിർദിശയിൽ വരുന്ന ട്രെയിൻ ഇവയുടെ മുകളിലൂടെ കയറുമ്പോൾ ഡിറ്റണേറ്റേഴ്‌സ് പൊട്ടിത്തെറിക്കുകയും ലോക്കോ പൈലറ്റുമാർ ജാഗരൂകരാവുകയും ചെയ്യും.

തുടർന്ന് അപകടസാധ്യത മുന്നിൽ കണ്ട് ട്രെയിൻ നിർത്തുന്നതാണ് രീതി. അപകടമാകുന്ന വിധം എന്ത് ശബ്ദമുണ്ടായാലും ട്രെയിൻ നിർത്തുന്നതാണ് റെയിൽവേയിൽ പതിവ് രീതി. അതിന് ശേഷം മാത്രമാണ് കാരണം അന്വേഷിക്കുക.

എന്നാൽ, ഇന്നലത്തെ സാഹചര്യത്തിൽ ലോക്കോ പൈലറ്റുമാർക്ക് ഈ രീതിയിൽ പ്രവർത്തിക്കാനാകുന്ന സാഹചര്യമുണ്ടായെന്നിരിക്കില്ല. തുടക്കത്തിൽ തന്നെ എൻജിൻ പാളം തെറ്റുന്ന സാഹചര്യമുണ്ടായാൽ ലോക്കോ പൈലറ്റുമാർ എൻജിനിടയിൽ അമർന്നു പോകാനുള്ള സാധ്യതയുണ്ട്. അവരുടെ കാലുകൾ കുടുങ്ങി പോകും. ഏതെങ്കിലും രീതിയിൽ സാധ്യമായിരുന്നെങ്കിൽ അവർ എതിർദിശയിൽ വരുന്ന ട്രെയിനിനെ സംരക്ഷിക്കാൻ ശ്രമിക്കും. സ്വന്തം ജീവനേക്കാൾ പ്രധാനമായി കണ്ട് അച് ചെയ്യാനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ട്.

സാധാരണ രീതിയിൽ സ്റ്റേഷൻ മാസ്റ്റർ അപകടവിവരം അറിഞ്ഞിരുന്നെങ്കിൽ രണ്ടാമതൊരു അപകടം ഉണ്ടാകുന്നത് തടയാമായിരുന്നു. എന്നാൽ ഇവിടെ അവർ കാര്യം അറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. ട്രെയിൻ അപകടത്തിൽ ഒരു ചരക്കുതീവണ്ടിയുടെ സാന്നിധ്യവുമുണ്ട്. ഇരു ട്രെയിനുകളിലേയും ക്രൂവിനും ഒന്നും ചെയ്യാനായില്ലെന്നതാണ് വ്യക്തമാകുന്ന വസ്തുത. ഏതെങ്കിലും രീതിയിൽ സന്ദേശം കൈമാറാൻ സാധിച്ചിരുന്നെങ്കിൽ രണ്ടാമത്തെ അപകടം തടയാമായിരുന്നു. ആദ്യത്തെ അപകടം കഴിഞ്ഞ് എത്ര സമയത്തിന് ശേഷമാണ് കൂട്ടിയിടി ഉണ്ടായതെന്നതിലും റെയിൽവേ കൃത്യമായ മറുപടി നൽകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP