Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൗണ്ട് ഡൗൺ തുടങ്ങിയിട്ടും പണി ഒന്നുമാകാത്തതിനാൽ പ്രധാനമന്ത്രി വിട്ടുനിന്നേക്കും; പരാതി പറയാൻ ഇടമില്ലാത്ത സിഇഒയും വിട്ടുനിന്നു; കോടികൾ മുടക്കിയ ദേശീയ ഗെയിംസ് ആഘോഷമാകുന്നത് മനോരമയ്ക്ക് മാത്രം

കൗണ്ട് ഡൗൺ തുടങ്ങിയിട്ടും പണി ഒന്നുമാകാത്തതിനാൽ പ്രധാനമന്ത്രി വിട്ടുനിന്നേക്കും; പരാതി പറയാൻ ഇടമില്ലാത്ത സിഇഒയും വിട്ടുനിന്നു; കോടികൾ മുടക്കിയ ദേശീയ ഗെയിംസ് ആഘോഷമാകുന്നത് മനോരമയ്ക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസ് തുടങ്ങാൻ ഒരു മാസം ഇനി കഷ്ടിയില്ല. കോടികൾ നിക്ഷേപിച്ച് നടത്തിയ തയ്യാറെടുപ്പുകൾ ഒന്നും പൂർത്തിയാകാതെ വന്നതോടെ എല്ലാം കുളമാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കുഴപ്പങ്ങൾ മൂടി വയ്ക്കാൻ തലസ്ഥാനത്തെ പ്രസ് ക്ലബ്ബിനും മനോരമയ്ക്കും 'കൈക്കൂലി'യായി ഗെയിംസ് ഫണ്ട് നൽകിയിട്ടും കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയാണ്. കുറ്റങ്ങളും കുറവുകളും അവഗണിച്ച് മുന്നോട്ട് പോയ പത്രങ്ങൾ പക്ഷേ, മനോരമയ്ക്ക് മാത്രം പ്രത്യേക ഫണ്ട് കൊടുത്ത വാർത്ത പുറത്തായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്.

കായിക മന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്‌കരിച്ചായിരുന്നു തുടക്കം. ഇന്ന് മനോരമ ഒഴികെ മിക്ക ചാനലുകളും ഗെയിംസ് നടത്തിപ്പിലെ കല്ലുകടികളെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് തുടങ്ങി. ഇന്നലെ നടന്ന കൗണ്ട് ഡൗൺ റിലീസിങ്ങിൽ നിന്ന് ഗെയിംസ് സിഇഒയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസും ഒളിമ്പ്യൻ ബോബി അലോഷ്യസും അടങ്ങിയ പ്രമുഖർ വിട്ടു നിന്നത് ചർച്ചയായിട്ടുണ്ട്. ചിലരുടെ വ്യക്തി താത്പര്യങ്ങൾ അവസാന നിമിഷം മുമ്പിൽ എത്തിയതാണ് ഈ വിട്ടുനിൽക്കലിന് കാരണമായതെന്നാണ് സൂചന. സിഇഒ തന്നെ പ്രധാന ചടങ്ങിൽ നിന്ന് വിട്ടു നിന്നതോടെ ദേശീയ ഗെയിംസിലെ പ്രതിസന്ധിയുടെ ആഴവും കൂടുന്നു. അതിനിടെ മിക്ക ഇനങ്ങളുടേയും ഉപകരണങ്ങൾ ഇനിയും എത്തിയിട്ടില്ല. ജിംനാസ്റ്റിക്, ബോക്‌സിങ്ങ്, ഷൂട്ടിങ്ങ് ഇനങ്ങൾക്കുള്ള ഉപകരണങ്ങളിലാണ് പ്രധാന ആശങ്ക. ഇതിനിടെയാണ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി എത്തുമോ എന്ന സംശയവും ശക്തമാകുന്നത്.

അതിനിടെ ദേശീയ ഗെയിംസിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിറയുന്നതും ഗെയിംസ് സംഘാടകർക്ക് വെല്ലുവിളിയാണ്. മനോരമയ്ക്ക് പത്ത് കോടി നൽകിയതും ഗെയിംസിലെ കോമൺവെൽത്ത് മാതൃകയിലെ തട്ടിപ്പും വി എസ് തുറന്നു കാട്ടിക്കഴിഞ്ഞു. ദിവസങ്ങൾ മാത്രം ശേഷിക്കെ കൃത്യമായ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. കൗൺ ഡൗൺ ചടങ്ങിനെത്താത്ത ജേക്കബ്ബ് പുന്നൂസ് ഗെയിംസ് സെക്രട്ടറിയേറ്റിലെ ചിലരുടെ പ്രവർത്തികളിൽ അസംതൃപ്തനാണ്. തന്റെ തലയിലേക്ക് കുറ്റങ്ങളെല്ലാം വരാതിരിക്കാനാണ് ജേക്കബ്ബ് പുന്നൂസ് ശ്രമിക്കുന്നതെന്നും വാദമുണ്ട്. അതിനിടെ ജേക്കബ്ബ് പുന്നൂസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഗെയിംസ് സ്റ്റേഡിയങ്ങളുടെ പണി ഇനിയും പൂർത്തിയായിട്ടില്ല. തട്ടിപ്പ് മാർഗ്ഗത്തിലൂടെ പണി പൂർത്തിയാക്കി ഗെയിംസ് നടത്താനുള്ള അവസാന വട്ട ശ്രമങ്ങളാണ് നടക്കുന്നത്.

പ്രൗഡിയോടെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് കേരളം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ എതിർപ്പുകൾ മറന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചത്. ദേശീയ ഗെയിംസായതിനാൽ പ്രധാനമന്ത്രി വരാമെന്നും സമ്മതിച്ചു. സമാപനം ഗംഭീരമാക്കാൻ പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയേയും ഉറപ്പിച്ചു. എന്നാൽ ഇവർക്ക് ഗെയിംസിൽ പങ്കെടുക്കാൻ എത്താൻ വേണ്ടതൊന്നും കേരളം ചെയ്തില്ല. അതുകൊണ്ട് തന്നെ ദേശീയ ഗെയിംസിൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും സാന്നിധ്യം ഇനിയും ഉറപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല.

ജനുവരി 31നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം. ദേശീയ ഗെയിംസായതിനാൽ ഉദ്ഘാടനത്തിന് വരാൻ പ്രധാനമന്ത്രി മോദിക്കും താൽപ്പര്യമുണ്ട്. പക്ഷേ ദേശീയ സുരക്ഷാ ഗാർഡുകളുടെ അനുമതിയുണ്ടെങ്കിലേ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ വരവിന് പച്ചക്കാടി കാട്ടുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനത്തിന് മോദി എത്തുന്നത് സംശയത്തിലാണ്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമോ എന്നതിൽ ഇനിയും സ്ഥിരീകരണം സംസ്ഥാന സർക്കാരിന് ലഭിക്കാത്തതും ഈ സാഹചര്യത്തിലാണ്.

കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനസമാപന ചടങ്ങുകൾ. എന്നാൽ ഈ സ്റ്റേഡിയത്തിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. ഉദാഘാടനസമാപന ചടങ്ങുൾക്ക് വേണ്ടി മാത്രമാണ് കോടികൾ മുടക്കി ഈ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കേരളത്തിലെത്തുമ്പോൾ സുരക്ഷാ ഭീഷണി നിലവിലുണ്ട്. മണ്ഡലകാലത്തെ ശബരിമല ദർശനം പോലും സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു.

ദേശീയ ഗെയിംസിനും ദേശീയ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിൽ ശേഷമേ മോദിയുടെ വരവിൽ തീരുമാനം ഉണ്ടാകൂ. കാര്യവട്ടത്തെ പണി പൂർത്തിയാകാത്ത സ്റ്റേഡിയത്തിൽ പരിശോധനയ്ക്ക് ദേശീയ സുരക്ഷാ ഏജൻസിയും തയ്യാറല്ല. അപ്പോൾ മോദിയുടെ നാഷണൽ ഗെയിംസ് ഉദ്ഘാടനത്തിനുള്ള സുരക്ഷാ പച്ചക്കൊടി ലഭിക്കാൻ ഇടയില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കളെ സ്വാധീനിച്ച് മോദിയുടെ വരവ് ഉറപ്പിക്കാനാണ് നീക്കം. എന്നാൽ ബിജെപി നേതാക്കളുമായുള്ള ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതരുടെ ആശയ വിനിമയം പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇതും മോദിയുടെ വരവിനെ ബാധിക്കുമോ എന്ന സംശയം ഉണ്ട്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് നേരിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള കാര്യങ്ങൾ നീക്കുന്നത്. എന്നാൽ ഇനിയും പ്രധാനമന്ത്രിയുടെ വരവിൽ ഒരു സ്ഥിരീകരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ല. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ അന്തിമ തീരുമാനം വൈകുന്നതും പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനുവരി 15ന് ശേഷമേ ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയൂ. കാര്യവട്ടത്തെ പുതിയ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സമാപനത്തിന് രാഷ്ട്രപതി പ്രണബ് മുഖർജിയുമെത്തുമെന്നാണ് സംഘാടക സമിതി പറയുന്നത്.

എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനും പ്രധാനമന്ത്രിയുടേതിനേക്കാൾ കടമ്പകളുണ്ട്. നാൽപ്പത്തിയഞ്ച് ദിവസം മുമ്പ് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. പ്രോട്ടോകോൾ പ്രകാരം എല്ലാം ചിട്ടയായി തന്നെ പരിശോധിക്കണം. പണി തുടരുന്ന ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് രാഷ്ട്രപതി എത്തണമെങ്കിലും ദേശീയ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ട് അനുകൂലമാകണം. അതുകൊണ്ട് തന്നെ മോദിയുടെ വരവ് സുരക്ഷാകാരണങ്ങളാൽ മുടങ്ങിയാൽ സമാപന ചടങ്ങിലെ രാഷ്ട്രപതിയുടെ സാന്നിധ്യവും സംശയ നിഴലിലാകും.

അതിനിടെ ജനുവരി 16 ഓടെ കാര്യവട്ടം സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടക സമിതിയുടെ വാദം. അതിന് ശേഷം ദേശീയ സുരക്ഷാ ഏജൻസിക്ക് സ്‌റ്റേഡിയം പരിശോധിക്കാമെന്നാണ് വാദം. അതുകൊണ്ട് തന്നെ സംഘാടനത്തിലെ പിഴവ് മൂലം പ്രധാനമന്ത്രി വരില്ലെന്ന ആക്ഷേപം നിലനിൽക്കില്ലെന്നും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് പറയുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വവും ദേശീയ ഗെയിംസ് സംഘാടകർക്ക് എതിരാണ്. കോമൺവെൽത്ത് ഗെയിംസ് മാതൃകയിലെ അഴിമതിയാണ് ദേശീയ ഗെയിംസിന്റേ പേരിൽ നടക്കുന്നതെന്നാണ് ആക്ഷേപം. എന്നാലും ദേശീയ ഗെയിംസ് ആയതിനാൽ മോദിയുടെ കേരളത്തിലേക്കുള്ള വരവ് തടസ്സപ്പെടുത്താൻ സംസ്ഥാന നേതൃത്വം ഒന്നും ചെയ്യില്ല. പക്ഷേ കാര്യങ്ങളുടെ സത്യാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. കോമൺവെൽത്ത് ഗെയിംസ് മാതൃകയിലെ അഴിമതിയാണ് കേരളത്തിലെ ഗെയിംസിൽ നടക്കുന്നതെന്നാണ് അവരുടെ പരാതി.

ദേശീയ ഗെയിംസ് സംഘാടക സമിതികളിൽ ബിജിപിക്ക് വേണ്ടത്ര പരിഗണ നൽകിയില്ലെന്നതും ഭിന്നതയ്ക്ക് കാരണമാണ്. 450ലേറെ അംഗങ്ങളുള്ള സംഘാടക സമിതിയിലേക്ക് നേതാക്കളെ നാമനിർദ്ദേശം ചെയ്യാൻ ഗെയിംസ് സെക്രട്ടറിയേറ്റ് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്രധാനമായ ഇത്തരം സമിതികളിൽ ആരേയും നാമനിർദ്ദേശം ചെയ്യേണ്ടെന്നാണ് ബിജെപി തീരുമാനം. പ്രധാനപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതികളിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP