Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചരിത്രം വക്രീകരിച്ച് വീണ്ടും മോദി; കായൽ സമ്മേളനം സംഘടിപ്പിച്ചത് അയ്യങ്കാളിയുടെ നേതൃത്വത്തിലെന്ന് പ്രധാനമന്ത്രി; പണ്ഡിറ്റ് കറുപ്പന്റെ പേര് മറയ്ക്കാൻ ശ്രമം?

ചരിത്രം വക്രീകരിച്ച് വീണ്ടും മോദി; കായൽ സമ്മേളനം സംഘടിപ്പിച്ചത് അയ്യങ്കാളിയുടെ നേതൃത്വത്തിലെന്ന് പ്രധാനമന്ത്രി; പണ്ഡിറ്റ് കറുപ്പന്റെ പേര് മറയ്ക്കാൻ ശ്രമം?

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന കായൽ സമരം അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതെന്ന് നരേന്ദ്ര മോദി. ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേരള പുലയർ മഹാസഭ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 152-ാം ജന്മദിനാഘോഷത്തിൽ സംസാരിക്കവേയാണ്, ചരിത്രത്തിലുള്ള തന്റെ അവഗാഹമില്ലായ്മ വീണ്ടും വ്യക്തമാക്കുന്ന സ്ഖലിതം പ്രധാനമന്ത്രിക്കുണ്ടായത്. നായർ സമുദായ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെയും ഈഴവ സമുദായ നേതാവായ ഡോ. പല്പുവിന്റെയും വാഗ്ഭടാനന്ദ ഗുരുവിന്റെയും പേരുകൾ എടുത്തുപറഞ്ഞ മോദി കായൽ സമരവുമായി ബന്ധപ്പെട്ട് കെ പി വള്ളോന്റെയോ കൃഷ്ണാതിയുടെയോ പേരുകൾ പരാമർശിച്ചുമില്ല. കെപിഎംഎസിന്റെയും എസ്എൻഡിപി യോഗത്തിന്റെയും പേരുകൾ എടുത്തുപറഞ്ഞ മോദി അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെയോ കായൽ സമ്മേളനം സംഘടിപ്പിച്ച കൊച്ചി പുലയമഹാസഭയുടെയോ പേരുകളും ഓർത്തില്ല. 

തിരുവിതാംകൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകനാണ് വിപ്ലവകാരിയായ അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യസ്വാതന്ത്ര്യം എന്ന ആശയവുമായി 1905ലാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്. ദളിത് പെൺകുട്ടിക്ക് പള്ളിക്കൂടത്തിൽ പഠിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ 1907ൽ നെയ്യാറ്റിൻകരയിൽ സമരം നടത്തിയതും അയ്യങ്കാളിയാണ്. ഈ കുട്ടിയെ സ്കൂളിൽ പ്രവേശിക്കാതെ കർഷകത്തൊഴിലാളികൾ പാടത്തിറങ്ങില്ല എന്ന നിലപാട്, അയ്യങ്കാളി സ്വീകരിച്ചു.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരമായി ഇതു മാറി. പാടം തരിശ്ശിട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചുകൊണ്ടാണ് മാടമ്പിമാർ ഇതിനെ നേരിട്ടത്. എന്നാൽ ഒടുവിൽ മാടമ്പിമാർക്ക് തൊഴിലവകാശങ്ങൾ വകവച്ചു കൊടുക്കേണ്ടിവന്നു. ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.

സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ വില്ലുവണ്ടിയിലേറി യാത്ര ചെയ്തുകൊണ്ട് അയ്യങ്കാളി അധികാരത്തെ വെല്ലുവിളിച്ചു. ഈ യാത്രയുടെ സ്മരണയ്ക്കായാണ്, വെള്ളയമ്പലത്ത് രാജ്ഭവനിലേക്കും കവടിയാർ കൊട്ടാരത്തിലേക്കും മറ്റും തിരിയുന്ന പാതയിലേക്ക് നോക്കിനിൽക്കുന്ന രീതിയിൽ ഈ മഹാനായ വിപ്ലവകാരിയുടെ പൂർണ്ണകായപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രതിമ ഇവിടെ നിന്നു പിഴുതുമാറ്റാൻ അടുത്തകാലത്ത് ഐഎഎസ് തലത്തിൽ നടന്ന ചില നീക്കങ്ങൾ വാർത്തയായതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

തൊഴിലാളി സ്ത്രീകൾക്ക് മേൽമുണ്ടു ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയും അയ്യങ്കാളി പോരാടി. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയ്യൻ‌കാളിയെ അനുസരിച്ച സാധുജനങ്ങളെ അയിത്താചരണത്തിന്റെ വക്താക്കൾ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻ‌കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യൻ‌കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

ഇത്രയും സംഭവബഹുലമായ ചരിത്രം പറയാനുണ്ടായിട്ടും ഇതൊന്നും അയ്യങ്കാളി അനുസ്മരണത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞില്ല. അല്ലെങ്കിൽ മാദ്ധ്യമങ്ങളൊന്നും അവ റിപ്പോർട്ട് ചെയ്തില്ല. അതേ സമയം ഇതേ കാലയളവിൽ കേരളത്തിന്റെ മറ്റുഭാഗങ്ങളിൽ നടന്ന ദളിത് മുന്നേറ്റങ്ങളെ അയ്യങ്കാളിയുടെ പേരിലാക്കി, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വികലമാക്കാനാണ്, പ്രധാനമന്ത്രിയുടെ പരാമർശം ഇടയാക്കിയിരിക്കുന്നത്.

ഇതേ കാലഘട്ടത്തിൽ തന്നെ കൊച്ചി രാജ്യത്തു നടന്ന ദളിത് മുന്നേറ്റങ്ങൾക്ക് മറ്റു നേതാക്കളും സംഘടനയും സംഘാടകരും ഉണ്ടായിരുന്നു. നരേന്ദ്ര മോദി പറയുന്നതുപോലെ 1913ലല്ല, കായൽ സമ്മേളനം നടക്കുന്നത്. കൃഷ്ണാതി, പണ്ഡിറ്റ് കെ പി കറുപ്പൻ എന്നിവർ ചേർന്നു രൂപീകരിച്ച കൊച്ചി പുലയ മഹാസഭയാണ് 1914 ഫെബ്രുവരി 14ന് കൊച്ചിയിലെ ബോൾഗാട്ടി കടലിൽ കായൽ സമ്മേളനം നടത്തുന്നത്. പുലയർക്ക് കരയിൽ യോഗം ചേരാൻ ആരും സ്ഥലം നൽകിയില്ല. അതിനാൽ മീൻപിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങൾ ഒരുമിച്ച് ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടി മുകളിൽ പലകവിരിച്ചുമാണ് കായൽ സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊച്ചിയിൽ കടലിന് ജാതിയുണ്ടായിരുന്നില്ല എന്ന വിപ്ളവകരമായ വീക്ഷണമാണ് ഈ സമ്മേളനത്തിന് പിന്നിലുള്ളത്. ധീവരസമുദായാംഗവും കൊച്ചി പുലയ മഹാസഭയുടെ സ്ഥാപകനുമായ പണ്ഡിറ്റ് കറുപ്പനും കെ പി വള്ളോനുമാണ് ഈ സമരത്തിന്റെ പ്രധാന സംഘാടകർ. പ്രമുഖ കവിയും നാടകകൃത്തും സാമൂഹ്യ പരിഷ്കരർത്താവുമായിരുന്നു, പണ്ഡിറ്റ് കണ്ടത്തിപ്പറമ്പിൽ പാപ്പു കറുപ്പൻ. എറണാകുളം മഹാരാജാസ് കോളജ് അദ്ധ്യാപകനും പിൽക്കാലത്ത് കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന ഇദ്ദേഹമാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കാവ്യത്തിന്റെ കർത്താവ്. 1905ൽ രചിക്കുകയും 1912ൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ഈ കൃതി ശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖാനാത്മകവുമായ പരിഭാഷയാണ്. ജാതി വ്യത്യാസത്തിന്റെ അർത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. ‘ജാതിക്കുമ്മി’ ഉണർത്തിയ യുക്തിബോധം കരുത്താർജിച്ചതിന്റെ ഫലമായിട്ടാണ് ‘കൊച്ചി പുലയമഹാജനസഭ’യുടെ ആദ്യസമ്മേളനം എറണാകുളം സെന്റ് ആൽബർട്ട് ഹൈസ്കൂളിൽ നടക്കാനിടയായത്. ഈ സംഘടനയിലൂടെ വളർന്നുവന്ന നേതാവാണ് പിൽക്കാലത്തെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ അമരക്കാരനായിരുന്ന ചാത്തൻ മാസ്റ്റർ.

കേരളത്തിലെ ദളിത് മുന്നേറ്റത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട ഈ പേരുകൾ പ്രധാനമന്ത്രിക്കു പ്രസംഗം എഴുതിക്കൊടുക്കുന്നവർ കേൾക്കാത്തതോ എന്നു വ്യക്തമല്ല. പുലയർക്ക് അധികം നേതാക്കളില്ലായിരുന്നുവെന്നും അയ്യങ്കാളി മാത്രമായിരുന്നു, ദളിതർക്കിടയിൽ നിന്ന് ഉയർന്നുവന്ന ഏക വിപ്ലവകാരി എന്നും വരുത്തിത്തീർക്കുന്ന നിലയിൽ ചരിത്രത്തെ ചെറുതാക്കുന്നതാണ്, നടപടി എന്നു വിമർശനം ഉയർന്നുകഴിഞ്ഞു. കെപിഎംഎസിന്റെ സംസ്ഥാനപ്രസിഡന്റ് എൻ കെ നീലകണ്ഠൻ, ജനറൽ സെക്രട്ടറി ടി വി ബാബു, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആരും പ്രധാനമന്ത്രിക്കു പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടിയതുമില്ല എന്നതാണ് വിചിത്രം. ഇന്ന് ഇതെഴുതുന്ന നിമിഷം വരെ, ഒരു വാർത്താമാദ്ധ്യമവും ഇക്കാര്യം എടുത്തെഴുതിയിട്ടില്ല എന്നത്, കേരള പത്രപ്രവർത്തക ലോകത്തെ ദളിത് അസാന്നിദ്ധ്യത്തിന്റെ ഭീകരത കൂടി വെളിവാക്കുന്നു. 

ഇതാദ്യമല്ല, നരേന്ദ്ര മോദിക്ക് ചരിത്രവും തീയതിയും മറ്റ് അടിസ്ഥാന വിവരങ്ങളും തെറ്റിപ്പോകുന്നത്. ഒരു കാലത്തും ഗംഗാ സമതലത്തിൽ പ്രവേശിച്ചിട്ടില്ലാത്ത അലക്സാണ്ടർ ചക്രവർത്തി ബീഹാറിൽ എത്തി യുദ്ധത്തിൽ പരാജയപ്പെട്ടുവെന്ന് മുമ്പു മോദി പ്രസംഗിച്ചിരുന്നു. മൗര്യവംശരാജാവായ ചന്ദരഗുപ്ത മൗര്യനെ ഗുപ്ത സാമ്രാജ്യാധിപനെന്ന് മോദി വിശേഷിപ്പിച്ചു. യഥാർത്ഥത്തിൽ പാക്കിസ്ഥാനിലുള്ള തക്ഷശില ബീഹാറിലാണെന്ന് പറഞ്ഞു. ശ്യാമാജി കൃഷ്ണ വർമ്മയെ അനുസ്മരിക്കേണ്ടിടത്ത്, ശ്യാമ പ്രസാദ് മുഖർജിയെക്കുറിച്ച് വാചാലനായി. അദ്ദേഹം 1930ൽ ലണ്ടനിൽ അന്തരിച്ചുവെന്നും സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലേക്ക്‌ കൊണ്ടുവരുംവരെ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ജനീവയിലായിരുന്നുവെന്നും പറഞ്ഞു. യഥാർത്ഥത്തിൽ 1953ൽ ഗുജറാത്തിലായിരുന്നു, അദ്ദേഹത്തിന്റെ മരണം. ചൈനയുടെ ജിഡിപിയിൽ 20% വിദ്യാഭ്യാസത്തിനാണ് ചെലവാക്കുന്നതെന്ന് ഒരിക്കൽ മോദി പ്രസംഗിച്ചു. എന്നാൽ അതിന്റെ അഞ്ചിലൊന്നു മാത്രമാണ് ചൈന വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നത് എന്നാണ് വാസ്തവം. 1947ൽ ഒരു രൂപ ഒരു ഡോളറിനു സമമായിരുന്നു എന്നു പറഞ്ഞ് മോദി സാമ്പത്തികശാസ്ത്രത്തിലെ തന്റെ അജ്ഞത വെളിവാക്കി. അന്ന് ഇന്ത്യൻ കറൻസി ബ്രിട്ടീഷ് പൗണ്ടുമായിട്ടായിരുന്നു ലിങ്ക് ചെയ്തിരുന്നത്. സർദാർ വല്ലഭായി പട്ടേൽ 1919ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ വനിതാ സംവരണത്തിനു ശുപാർശ ചെയ്തു എന്നായിരുന്നു, മറ്റൊരു സ്ഖലിതം. 1926ലായിരുന്നു ഈ സംഭവം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃ, ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ സംസ്കാരത്തിൽ പങ്കെടുത്തില്ലെന്നു പോലും മോദി പറഞ്ഞുകളഞ്ഞു. കഴിഞ്ഞ എൻഡിഎ ഭരണകാലത്ത് രാജ്യം 8% വളർച്ച നേടിയെന്ന മോദിയുടെ അവകാശവാദവും തെറ്റായിരുന്നു. 6% വളർച്ചാനിരക്കായിരുന്നു, അക്കാലത്ത് രേഖപ്പെടുത്തിയിരുന്നത് എന്ന് പി ചിദംബരം അപ്പോൾ തന്നെ അതിനെ തിരുത്തി.

(ചില വിവരങ്ങൾ മലയാളം വിക്കിപ്പീഡിയയിൽ നിന്ന്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP