Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

20 ലക്ഷം കോടിയെന്ന് പറഞ്ഞ് മോദി ഇന്ത്യാക്കാരെ മുഴുവൻ പറ്റിച്ചോ? ഇതുവരെ പ്രഖ്യാപിച്ചതെല്ലാം കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രം; ലോക് ഡൗണിൽ പെട്ട് വലഞ്ഞവർക്ക് സഹായം നൽകാതെ എന്തൊക്കെയോ പ്രഖ്യാപിച്ച് നിർമ്മലാ സീതാരാമൻ; ആനുകൂല്യങ്ങൾ ഒക്കെ വൻകിടക്കാർക്ക് മാത്രമെന്ന ആക്ഷേപം ശക്തം; സംഘപരിവാർ തൊഴിലാളി യൂണിയനായ ബിഎംഎസ് പോലും അതൃപ്തി മറച്ചു വയ്ക്കാതെ രംഗത്ത്; കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജ് പ്രതീക്ഷകളെ തകർക്കുമ്പോൾ

20 ലക്ഷം കോടിയെന്ന് പറഞ്ഞ് മോദി ഇന്ത്യാക്കാരെ മുഴുവൻ പറ്റിച്ചോ? ഇതുവരെ പ്രഖ്യാപിച്ചതെല്ലാം കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രം; ലോക് ഡൗണിൽ പെട്ട് വലഞ്ഞവർക്ക് സഹായം നൽകാതെ എന്തൊക്കെയോ പ്രഖ്യാപിച്ച് നിർമ്മലാ സീതാരാമൻ; ആനുകൂല്യങ്ങൾ ഒക്കെ വൻകിടക്കാർക്ക് മാത്രമെന്ന ആക്ഷേപം ശക്തം; സംഘപരിവാർ തൊഴിലാളി യൂണിയനായ ബിഎംഎസ് പോലും അതൃപ്തി മറച്ചു വയ്ക്കാതെ രംഗത്ത്; കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജ് പ്രതീക്ഷകളെ തകർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ്. ഇതായിരുന്നു കോവിഡിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ പ്രധാനമന്ത്രി മോദി മുമ്പോട്ട് വച്ച സൂത്രവാക്യം. ആളുകളുടെ കൈയിലേക്ക് പണം എത്തിക്കേണ്ട ആവശ്യകത കേന്ദ്രം തിരിച്ചറിഞ്ഞുവെന്ന് ഏവരും കരുതി. അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യ ദിനം ചെറുകിട-ഇടത്തര വ്യവസായ സ്ഥാപനങ്ങൾക്കായുള്ള പ്രഖ്യാപനം. ഇതിൽ ചില പ്രതീക്ഷയുടെ നാമ്പുകളുണ്ടായിരുന്നു. വായ്പയായി പാവപ്പെട്ടവർക്ക് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ. എന്നാൽ പ്രഖ്യാപനങ്ങൾ നാല് ദിവസങ്ങളിലൂടെ കടന്ന് പോകുമ്പോൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തികച്ചും നിരാശപ്പെടുത്തുകയാണ്. നയ പ്രഖ്യാപന പ്രസംഗമാണ് ധനമന്ത്രി നടത്തുന്നത്. അതും സ്വകാര്യവത്കരണത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന നയ വ്യതിയാനങ്ങൾ. വിമാനത്താവളങ്ങൾ പോലും വിറ്റു തുലയ്ക്കുകയാണ്. കൊറോണക്കാലത്ത് ഇത്തരമൊരു പ്രഖ്യാപനത്തിന്റെ സാഹചര്യം ആർക്കും പിടികിട്ടുന്നില്ല. പ്രതിരോധ മേഖലയും സ്വകാര്യവത്കരിക്കുന്നു. അങ്ങനെ ആഗോള കോർപ്പറേറ്റുകൾക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഇതോടെ കോവിഡിനുള്ള പാക്കേജ് 20 ലക്ഷം കോടിയെന്ന് പറഞ്ഞ് മോദി ഇന്ത്യാക്കാരെ മുഴുവൻ പറ്റിച്ചുവെന്ന സംശയം സജീവമാണ്. ഇതുവരെ പ്രഖ്യാപിച്ചതെല്ലാം കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമെന്ന പ്രതിപക്ഷ ആരോപണത്തിന് കഴമ്പ് ഏറെയാണ്. ലോക് ഡൗണിൽ പെട്ട് വലഞ്ഞവർക്ക് സഹായം നൽകാതെ എന്തൊക്കെയോ പ്രഖ്യാപിച്ച് നിർമ്മലാ സീതാരാമൻ രാജ്യത്തെ പോലും കളിയാക്കുകയാണ്. ആനുകൂല്യങ്ങൾ ഒക്കെ വൻകിടക്കാർക്ക് മാത്രമെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പ്രഖ്യാപനം. അതിനിടെ നിർമ്മലയുടെ സ്വകാര്യവത്കരണ നയത്തിലും പാക്കേജിലെ പൊള്ളത്തരത്തിലും സംഘപരിവാർ തൊഴിലാളി യൂണിയനായ ബിഎംഎസ് പോലും അതൃപ്തി മറച്ചു വയ്ക്കാതെ രംഗത്ത് വരുന്നു. അതുകൊണ്ട് കടുത്ത പ്രതിസന്ധിയിലേക്ക് കേന്ദ്ര സർക്കാർ എത്തുകയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള പദ്ധതികൾ ഇനിയെങ്കിലും എത്തിയില്ലെങ്കിൽ വലിയ ജനരോഷം സർക്കാരിനെതിരെ ഉയർന്നു വരും.

'കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം വേദനാജനകമാണ്. തൊഴിലെടുക്കുന്ന സംസ്ഥാനത്തിന്റെയും സ്വന്തം സംസ്ഥാനത്തിന്റെയും ചുമതലയാണ് കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ', മഹാരാഷ്ടയിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഇടപെടണം എന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശമാണിത്. ലോക്ക്ഡൗൺ രണ്ട് മാസത്തോട് അടുക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും നേരിടുന്ന വലിയ പ്രതിസന്ധിയായി വളരുകയാണ് കുടിയേറ്റത്തൊഴിലാളികളുടെ ജീവനും ആരോഗ്യവും. പട്ടിണി സഹിച്ച്, കിലോമീറ്ററുകൾ താണ്ടി വീടുതേടി പോകുന്നവരിൽ പലരും അപകടങ്ങളിൽ മരിക്കുന്നു. ഇത്തരം വിഷയങ്ങൾക്കൊന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ രക്ഷാ കവചങ്ങളില്ല. കർകർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരിട്ട് പണമെത്തിക്കാനുള്ള നടപടികളും ഇല്ല. ഇതാണ് വിമർശനങ്ങൾക്ക് കാരണം. സർക്കാർ പണം ചെലവാക്കാൻ മടിക്കുന്നു. മറിച്ച് ഈ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ പണം വിമാനത്താവള വിൽപ്പനയിലൂടേയും മറ്റും നേടാനും ശ്രമിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത് രാജ്യത്തിന് നഷ്ടക്കച്ചവടമായി മാറുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഇത് സ്വകാര്യ വത്കരണത്തിന്റെ സമയവുമല്ല.

ദുർബലമാകുന്ന സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കൂടുതൽ മേഖലകൾ സ്വകാര്യമേഖലയ്ക്കായി തുറന്നിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം കൂടുതൽ വിവാദത്തിലേക്ക് എത്തും. പ്രതിരോധം, വ്യോമയാനം, കൽക്കരി-ധാതു ഉത്പാദനം, ബഹിരാകാശം, ആണവോർജം തുടങ്ങിയ മേഖലകളിൽ സ്വകാര്യപങ്കാളിത്തം കൂട്ടും. ഈ മേഖലകളുമായി ബന്ധപ്പെട്ട നയങ്ങളിലും നിയമങ്ങളിലും ഘടനാപരമായ മാറ്റംവരുത്തും. കോവിഡ് കാലത്ത് ആരും പ്രതീക്ഷിക്കാത്ത നയ വ്യതിയാന പ്രഖ്യാപനങ്ങളാണ് ഇതെല്ലാം. കോവിഡ് 19-നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടത്തിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നത്. ഇത്തരം പ്രഖ്യാപനങ്ങളായിരുന്നില്ല ആരും പ്രതീക്ഷിച്ചത്.

കോവിഡിന്റെ മറവിൽ രാജ്യത്തെ കൽക്കരിയും ധാതുവിഭവവുംമുതൽ ബഹിരാകാശസാങ്കേതികവിദ്യവരെ സ്വകാര്യകോർപറേറ്റുകൾക്ക് വിൽക്കുന്നുവെന്നതാണ് ഉയരുന്ന ആരോപണം. പ്രതിരോധനിർമ്മാണം, വ്യോമയാനം, ആണവോർജം, വൈദ്യുതിവിതരണം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖല വൻതോതിൽ സ്വകാര്യവൽക്കരിക്കുമെന്ന് ആത്മനിർഭർ ഭാരത് പാക്കേജ് വിശദീകരിക്കുന്നു. പ്രതിരോധനിർമ്മാണമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. ഇതിലൂടെ പ്രത്യേക അനുമതിയില്ലാതെ നിക്ഷേപം നടത്തി കുറഞ്ഞ ചെലവിൽ ഉൽപ്പാദനം നടത്താനും നേട്ടം കൊയ്യാനും വിദേശകമ്പനികൾക്ക് വഴിയൊരുക്കുകയാണ് കേന്ദ്രം. ഉപഗ്രഹനിർമ്മാണം, വിക്ഷേപണം, ഗോളാന്തര യാത്രകൾ അടക്കമുള്ള ബഹിരാകാശ പദ്ധതികളിൽ സ്വകാര്യപങ്കാളിത്തം അനുവദിക്കും. ഐഎസ്ആർഒ സംവിധാനങ്ങൾ ഉപയോഗിക്കാൻ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകും.

അടച്ചുപൂട്ടൽ അവസരമാക്കി സമ്പന്നരുടെയും ദേശീയ--വിദേശ മൂലധനശക്തികളുടെയും അജൻഡ സർക്കാർ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വഹീനമാണെന്നാണ് ഉയരുന്ന ആക്ഷേപം. ദേശീയ ആസ്തികൾ കൊള്ളയടിക്കുന്നത് സ്വാശ്രയത്വം തകർക്കും. സ്വകാര്യ, വിദേശ കമ്പനികൾക്ക് ദേശീയ സുരക്ഷ അടിയറ വയ്ക്കാൻ കഴിയില്ല. പ്രതിരോധനിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയർത്തുന്നത് രാജ്യത്തിന്റെ തന്ത്രപ്രധാനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും വിലയിരുത്തൽ ഉയരുന്നു.

ബിഎംഎസ് ഉയർത്തുന്ന പരിവാറുകാരുടെ എതിർപ്പ്

തന്ത്രപ്രധാന മേഖലകൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ആർഎസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്. ധനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിനും ജനങ്ങൾക്കും ദുഃഖകരമായ ദിനമാണ് നൽകിയതെന്ന് ഭാരതീയ മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പ്രസ്താവനയിൽ പറഞ്ഞു. മഹാമാരി കാലത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ ഇടപെടൽ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനകളുമായും വിവിധ മേഖലയിലെ പ്രതിനിധികളുമായും കൂടിയാലോചിക്കാൻ സർക്കാറിന് ലജ്ജയാണെന്നും ആശയം മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽതന്നെ സ്വകാര്യവത്കരണത്തിൽ രാജ്യത്തെ തൊഴിലാളി സംഘടനകൾ അതൃപ്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മഹാമാരിയുടെ ഘട്ടത്തിൽ സ്വകാര്യമേഖല എല്ലാം പ്രതിസന്ധിയിലാക്കി. നിർണായകമായത് പൊതുമേഖലയുടെ ഇടപെടലാണ്. എന്ത് പ്രത്യാഘാതമുണ്ടായാലും ആദ്യം ബാധിക്കുക തൊഴിലാളികളെയാണ്. സ്വകാര്യവത്കരണമെന്ന് പറഞ്ഞാൽ വലിയ തൊഴിൽ നഷ്ടമെന്നാണ് അർത്ഥം. ഗുണനിലവാരം കുറഞ്ഞ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ചൂഷണവും ലാഭവും മാത്രമാണ് സ്വകാര്യമേഖലയുടെ ലക്ഷ്യം. സർക്കാറിന്റെ പോക്ക് തെറ്റായ ദിശയിലേക്കാണെന്നും ബിഎംഎസ് പ്രസ്താവനയിലൂടെ പറഞ്ഞു.

സ്വകാര്യവത്കരണം രാജ്യതാത്പര്യത്തിന് വിരുദ്ധമാണ്. പരാജയപ്പെട്ട ആശയങ്ങൾ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടാൻ പോകുന്നില്ല. കൽക്കരി, ധാതുക്കൾ, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, വിമാനത്താവളങ്ങൾ, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോർജം എന്നി മേഖലകളിൽ സ്വകാര്യവത്കരണം നടപ്പാക്കാതെ മറ്റുമാർഗമില്ലെന്ന നിലപാട് കേന്ദ്ര സർക്കാരിന്റെ ആശയ ദാരിദ്ര്യത്തിന്റെ തെളിവാണെന്നും ബിഎംഎസ് കുറ്റപ്പെടുത്തി.

തൊഴിൽ നഷ്ടപ്പെടുന്നതിനും തൊഴിൽ സമത്വം ഇല്ലാതാകുന്നതിനും സ്വകാര്യവത്കരണം ഇടയാക്കും. തൊഴിലാളി യൂണിയനുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ബഹിരാകാശ ഗവേഷണ മേഖലയിലെ സ്വകാര്യവത്കരണം ദേശസുരക്ഷയെപ്പോലും ബാധിക്കുമെന്നും ബിഎംഎസ് കുറ്റപ്പെടുത്തിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

പ്രതിരോധ രംഗത്തും വിദേശ നിക്ഷേപം

പ്രതിരോധോത്പാദനരംഗത്ത് വിദേശനിക്ഷേപത്തിനുള്ള പരിധി 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി. പ്രതിരോധ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള പദ്ധതികൾ ഊർജിതമാക്കും. കൽക്കരി, ഖനന മേഖലയിൽ ഇപ്പോഴുള്ള സർക്കാർ നിയന്ത്രണം എടുത്തുകളയും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്വകാര്യകമ്പനികളെ ഖനനത്തിന് അനുവദിക്കും. ആകാശയാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് എയർ സ്പേസുമായി ബന്ധപ്പെട്ട് നിലവിലെ നിയന്ത്രണങ്ങൾ ഉദാരമാക്കും. ആറു വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കും. ഇപ്പോൾ വിദേശത്തുനടത്തുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും നവീകരണവും (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) എന്നിവ ഇന്ത്യയിൽതന്നെ നടത്താൻ പ്രത്യേക ഹബ്ബ് ഉണ്ടാക്കും.

ബഹിരാകാശമേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കും. ഉപഗ്രഹം, വിക്ഷേപണം, ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ തുടങ്ങിയവയിലാണ് സ്വകാര്യമേഖലയെ പങ്കാളിയാക്കുക. കേന്ദ്രഭരണപ്രദേശങ്ങളിൽ വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കും. ആശുപത്രികളും അതുപോലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് നിലവിൽ നൽകുന്ന ധനസഹായം (വയബ്ലിറ്റി ഗ്യാപ് ഫണ്ടിങ്) 20 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കി. അർബുദചികിത്സയ്ക്കുള്ള മെഡിക്കൽ ഐസോടോപ് ഉത്പാദിപ്പിക്കുന്ന ഒരു ആണവറിയാക്ടർ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കൾ ദീർഘകാലം സൂക്ഷിച്ചുവെക്കുന്നതിന് 'ഇറേഡിയേഷൻ ടെക്നോളജി' പൊതു-സ്വകാര്യ മേഖലയിൽ നടപ്പാക്കും.

വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന് ഇതുമായി ബന്ധപ്പെട്ട നയപരിപാടികൾ പരിഷ്‌കരിക്കും. നിക്ഷേപം ആകർഷിക്കാനും നടപടികൾ വേഗത്തിലാക്കാനും സെക്രട്ടറിതല സമിതി രൂപവത്കരിച്ചു. ഓരോ മന്ത്രാലയത്തിലും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സെൽ ഉണ്ടാക്കും. വ്യവസായങ്ങൾ തുടങ്ങാനുള്ള ഭൂമിയുടെ ലഭ്യത സംബന്ധിച്ച മാപ്പിങ് നടത്തിയിട്ടുണ്ട്.

പണം നേരിട്ട് കൈമാറണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് ആവിഷ്‌കരിച്ച 'ന്യായ് പദ്ധതി' കോവിഡ്-19 കാരണമുള്ള സാമ്പത്തികാഘാതം പരിഹരിക്കാനായി താത്കാലികമായെങ്കിലും നടപ്പാക്കണമെന്ന് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റത്തൊഴിലാളികളുടെയും അക്കൗണ്ടുകളിൽ നേരിട്ടു പണം കൈമാറിയാൽ മാത്രമേ സാമ്പത്തികരംഗം ചലിപ്പിക്കാനാവൂവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ശനിയാഴ്ച വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പത്രസമ്മേളനത്തിലാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ നിർദ്ദേശം.

''കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ച് പുനർവിചിന്തനം നടത്തണം. ദരിദ്രജനങ്ങളെ ദുരിതത്തിലാക്കാതെ ബുദ്ധിപരമായും ശ്രദ്ധാപൂർവവും മാത്രമേ അടച്ചിടൽ ഒഴിവാക്കാവൂ. പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം തുടങ്ങിയവ ബാധിച്ച പ്രായമായവരെ ബുദ്ധിമുട്ടിക്കാതെവേണം അടച്ചിടൽ നിയന്ത്രണങ്ങൾ എടുത്തുകളയാൻ'' -രാഹുൽ പറഞ്ഞു.

''രാജ്യവും ജനങ്ങളും പ്രതിസന്ധിയിലാണ്. ചെറുകിട മേഖലയും കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. ദശലക്ഷക്കണക്കിനു ജനങ്ങൾ ദേശീയപാതയിലൂടെ ഭക്ഷണവും വെള്ളവും ഇല്ലാതെ നടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അതിനാൽ, സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെപ്പറ്റി പുനർവിചിന്തനം നടത്തണം. കർഷകരുടെയും തൊഴിലാളികളുടെയും സ്വന്തംനാടുകളിലേക്കു നടന്നുകൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറണം. കടത്തിന്റെ പാക്കേജാവരുത് സർക്കാരിന്റേത്. ഭാരതമാതാവ് അവരുടെ മക്കൾക്ക് പണം നേരിട്ടു നൽകുകയാണ് വേണ്ടത്. അവർക്കിപ്പോൾ പണമാണാവശ്യം. തൊഴിലാളിക്ക് വായ്പയല്ല, കീശയിൽ പണമാണാവശ്യം.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി 200 ദിവസമെങ്കിലും ആക്കണം. കർഷകരടക്കമുള്ളവർക്കു നേരിട്ടുപണം നൽകണം. അവരാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അവരാണ് രാജ്യത്തെ വളർത്തിയത്. തിരിച്ചടവ് കുറഞ്ഞതു കാരണം നമ്മുടെ അന്താരാഷ്ട്ര റേറ്റിങ് കുറഞ്ഞിരിക്കയാണ്. നമ്മുടെ കർഷകരും തൊഴിലാളികളും ചെറുകിട ബിസിനസ്സുകാരും വൻകിട ബിസിനസ്സുകാരും ആണ് നമ്മുടെ റേറ്റിങ് നിശ്ചയിക്കുന്നത്. അതിനാൽ അവർക്ക് പണം നൽകണം. അവർ ജോലി തുടങ്ങുമ്പോൾ നമ്മുടെ റേറ്റിങ്ങും ശരിയാകും''-

കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങൾ ഇങ്ങനെ

കൽക്കരിഖനനം

കൽക്കരിഖനന മേഖലയിൽ സർക്കാരിന്റെ എല്ലാ നിയന്ത്രണവും നീക്കി. 50 പാടം ഉടൻ ലേലം ചെയ്യും. പണം മുടക്കാൻ ശേഷിയുള്ള ആർക്കും ലേലം വിളിച്ചെടുക്കാം. ഇതിന് യോഗ്യതാ മാനദണ്ഡമില്ല. പാടങ്ങൾ സ്വയാവശ്യത്തിനും വിൽപ്പനയ്ക്കും എന്ന വേർതിരിവ് മാറ്റി. ഏത് പാടത്തുനിന്നുള്ള കൽക്കരിയും ഏതാവശ്യത്തിനും ഉപയോഗിക്കാം. കൽക്കരി പര്യവേക്ഷണത്തിലും സ്വകാര്യപങ്കാളിത്തം വരും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ 50,000 കോടി പ്രഖ്യാപിച്ചു.

ആരോഗ്യമേഖല

ആശുപത്രിയടക്കമുള്ളവ സ്വകാര്യമേഖലക്ക്. സാമൂഹ്യമേഖലയിലെ അടിസ്ഥാനസൗകര്യപദ്ധതികൾക്കുള്ള വിജിഎഫ് (വരുമാന വിടവ് പരിഹരിക്കൽ ഫണ്ട് ) 30ശതമാനമായി ഉയർത്തി. മൊത്തംചെലവിൽ 30 ശതമാനംവരെ കേന്ദ്രം നൽകും. ആരോഗ്യപരിരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നവർക്ക് വരുമാന വിടവ് നികത്താൻ 8,100 കോടി നീക്കിവച്ചു. മന്ത്രാലയങ്ങൾക്കും സംസ്ഥാനസർക്കാരുകൾക്കും ബോർഡുകൾക്കും പദ്ധതികൾക്കുള്ള ശുപാർശ സമർപ്പിക്കാം.

ധാതുവിഭവമേഖല

500 പാടം ഉടൻ ലേലം ചെയ്യും. ലൈസൻസുകൾ മറിച്ചുനൽകാനും മിച്ചം വരുന്ന ധാതുസമ്പത്ത് വിൽക്കാനും അനുമതി.

പ്രതിരോധനിർമ്മാണം

പ്രതിരോധ ഉപകരണ നിർമ്മാണമേഖലയിൽ സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ നേരിട്ടുള്ള വിദേശനിക്ഷേപം നടത്താനുള്ള പരിധി 49ൽനിന്ന് 74 ശതമാനമാക്കി. ആയുധസംഭരണത്തിൽ തദ്ദേശഉൽപ്പന്നങ്ങൾക്കായി പ്രത്യേക ബജറ്റ്. സർക്കാർ ഉടമയിലുള്ള ആയുധ നിർമ്മാണ ഫാക്ടറി ബോർഡ് കോർപറേറ്റുവൽക്കരിക്കും.

ബഹിരാകാശഗവേഷണം

ഐഎസ്ആർഒയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യപരിഗണന. ബഹിരാകാശയാത്ര, വിക്ഷേപണം, ഇതര സേവനങ്ങൾ എന്നിവയിൽ സ്വകാര്യപങ്കാളിത്തം. ഐഎസ്ആർഒ സംവിധാനങ്ങൾ സ്വകാര്യസ്ഥാപനങ്ങൾക്ക് ഉപയോ?ഗിക്കാം. ഭാവിയിലെ ഗോളാന്തരപര്യവേക്ഷണങ്ങളിലും സ്വകാര്യപങ്കാളിത്തം. ഉപഗ്രഹ സാങ്കേതികവിദ്യ വഴി ലഭിക്കുന്ന ഭൗമവിവരങ്ങൾ സ്വകാര്യസംരംഭകരുമായി പങ്കിടും.

ആണവോർജം

മെഡിക്കൽ ഐസോടോപ്പുകൾ വികസിപ്പിക്കാൻ പൊതു--സ്വകാര്യ പങ്കാളിത്ത പദ്ധതി. കാർഷിക ഉൽപ്പന്നങ്ങൾ കേടാകാതിരിക്കാൻ വികിരണസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ പൊതുസ്വകാര്യപങ്കാളിത്ത പദ്ധതി. സാങ്കേതികവിദ്യ കേന്ദ്രങ്ങളും സംരംഭങ്ങളും കൂട്ടിയോജിപ്പിക്കാൻ ഇൻകുബേഷൻ സെന്ററുകൾ.

വ്യോമയാനം

വ്യോമമേഖല സിവിൽ വ്യോമയാനത്തിനായി കൂടുതൽ തുറന്നുകൊടുക്കും. ഇതോടെ വിമാനകമ്പനികൾക്ക് യാത്രാസമയം കുറയ്ക്കാം, ഇന്ധനം ലാഭിക്കാം. ആറു വിമാനത്താവളംകൂടി സ്വകാര്യവൽക്കരിക്കും. 12 ഇടത്ത് സ്വകാര്യനിക്ഷേപം കൂട്ടും. ഇന്ത്യയെ വിമാനങ്ങളുടെ എംആർഒ (സൂക്ഷിപ്പ്, അറ്റകുറ്റപ്പണി, അഴിച്ചുപണിയൽ) കേന്ദ്രമായി മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP