Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202422Thursday

മോദിജീ വിളികളുമായി നിന്നവർക്ക് മുമ്പിൽ 'സർപ്രൈസ് റോഡ് ഷോ'; വന്ദേ ഭാരതിൽ വെച്ച് കുട്ടികളുമായി സംവാദം; ഉദ്ഘാടന വേദിയിൽ മോദി.. ബിജെപി വിളികൾ ഉയർന്നപ്പോൾ പിണറായിയോട് എന്തോ പറഞ്ഞു ചിരിച്ചു; കേരളത്തെയും മലയാളികളെയും പുകഴ്‌ത്തിയ പ്രസംഗം; ഇന്നലെ അനന്തപുരി കണ്ട മോദി ഷോ ഇങ്ങനെ

മോദിജീ വിളികളുമായി നിന്നവർക്ക് മുമ്പിൽ 'സർപ്രൈസ് റോഡ് ഷോ'; വന്ദേ ഭാരതിൽ വെച്ച് കുട്ടികളുമായി സംവാദം; ഉദ്ഘാടന വേദിയിൽ മോദി.. ബിജെപി വിളികൾ ഉയർന്നപ്പോൾ പിണറായിയോട് എന്തോ പറഞ്ഞു ചിരിച്ചു; കേരളത്തെയും മലയാളികളെയും പുകഴ്‌ത്തിയ പ്രസംഗം; ഇന്നലെ അനന്തപുരി കണ്ട മോദി ഷോ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ കേരളത്തിന്റെ മനസ്സുകവർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത്. കസവും മുണ്ടും ധരിച്ച് കേരളീയ വേഷത്തിൽ എത്തിയ മോദി തിരുവനന്തപുരത്തുകാരുടെ മനം കവർന്നു. പൂക്കൾ വിതറി സ്വീകരിക്കാൻ കാത്തു നിന്നവരെ നിരാശരാക്കാത്ത റോഡ് ഷോയാണ് തലസ്ഥാനം കണ്ടത്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി പുറത്തിറങ്ങിയ ശേഷം പുറത്ത് 'സർപ്രൈസ് റോഡ് ഷോ'യും അദ്ദേഹത്തിന്റെ വകയുണ്ടായിരുന്നു.

ശംഖുമുഖം തീരത്തു തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തെ കണ്ട് മോദിക്ക് ആവേശമായി. വാരിവിതറിയ പൂക്കൾക്കിടയിലൂടെ നീങ്ങിയ പ്രധാനമന്ത്രിയെ നോക്കി ജനക്കൂട്ടം 'മോദിജീ...മോദിജീ' എന്നാർത്തു വിളിച്ചപ്പോൾ ഇരുകൈകളും മാറിമാറി വീശി അദ്ദേഹം തിരികെ അഭിവാദ്യം ചെയ്തു. രാവിലെ 10.20ന് വിമാനത്താവളത്തിൽ നിന്നു പുറത്തുവന്ന പ്രധാനമന്ത്രി ശംഖുമുഖത്ത് തിങ്ങിക്കൂടിയവരെ കണ്ട് കാർ നിർത്തിച്ച് ഡോർ തുറന്ന് കൈവീശി അഭിവാദ്യം ചെയ്തു. തൂവെള്ള മുണ്ടും ഷർട്ടും കസവു കരയുള്ള ഷാളുമായിരുന്നു വേഷം.

തുടർന്നു കാറിന്റെ ഡോറിൽ ചേർന്നുനിന്ന് അഭിവാദ്യം ചെയ്ത് സാവധാനം നീങ്ങി. കാഴ്ച പകർത്താൻ ആളുകൾ മൊബൈൽ ഫോണുകളുമായി തിരക്കു കൂട്ടി. പേട്ട വരെയുള്ള ദൂരം പാതയുടെ ഇരുഭാഗത്തുമായി നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് പ്രധാനമന്ത്രി നീങ്ങിയത്. ചാലയിലെ ഒരുസംഘം പൂക്കട തൊഴിലാളികൾ വട്ടി നിറയെ അരളി പൂക്കളുമായാണ് എത്തിയത്. തന്നെ നോക്കി തൊഴുത സ്ത്രീകളെ അദ്ദേഹം തിരികെ വണങ്ങി. ഓൾ സെയിന്റ്‌സ് കോളേജ് മുതൽ ശംഖുംമുഖം ക്ഷേത്രം വരെ യുവാക്കളും കുട്ടികളും സ്ത്രീകളുമടക്കം തടിച്ചുകൂടിയിരുന്നു.

നഗരത്തിലുടനീളം സ്വാഗതം ആശംസിക്കുന്ന ഫ്‌ളക്സ് ബോർഡുകൾ നിരന്നിരുന്നു. വിമാനത്താവളത്തിൽ നിന്ന് വന്ദേഭാരത് ഫ്‌ളാഗ് ഓഫിനായി റെയിൽവേ സ്റ്റേഷനിലേക്ക് 10 മിനിട്ടിൽ പ്രധാനമന്ത്രിയെ എത്തിക്കാനായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രമീകരണങ്ങൾ. പക്ഷേ 28 മിനിട്ടോളമെടുത്താണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.സാധാരണ വി.ഐ.പി എസ്‌കോർട്ടോടെ ചീറിപ്പായുന്ന പ്രധാനമന്ത്രിയുടെ വാഹനം വേഗത കുറച്ച് നഗരവീഥിയിലൂടെ പോയതും കൗതുകമായി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വന്നിറങ്ങിയ മോദിക്ക് അഭിവാദ്യം അർപ്പിച്ച് പ്ലാറ്റ്‌ഫോമിൽ നിന്നവർ ദേശീയപതാക വീശി.

തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അണിനിരന്നു. വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്ത, ആവേശം അണപൊട്ടിയ നിമിഷത്തിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. അയൽജില്ലകളിൽ നിന്നും ഒട്ടേറെ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ വരവേൽക്കാൻ തലസ്ഥാന നഗരത്തിലെത്തി. ജനാവലി 2 മണിക്കൂർ മുൻപേ ശംഖുമുഖത്തെത്തിയിരുന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത് സാവകാശം നീങ്ങിയതിനാൽ വന്ദേഭാരതിന്റെ ഉദ്ഘാടനവേദിയിലെത്താൻ അദ്ദേഹം വൈകി.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ വാഹനങ്ങൾ പ്രധാനമന്ത്രിയുടെ കാറിനു പിന്നിലായാണ് നീങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രിയുടെ കാറിൽ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചു. തെയ്യം, തിറ, കാവടി, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അണിനിരന്നു. കൊടികളും വന്ദേഭാരതിനെ വരവേറ്റു കൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും മറ്റ് അലങ്കാരങ്ങളും നഗരത്തിലെമ്പാടും നിറഞ്ഞിരുന്നു. ശംഖുമുഖം പ്രദേശത്തെ പ്രത്യേക മേഖലയാക്കി തിരിച്ച് കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് പൊലീസ് ജനങ്ങളെ പ്രവേശിപ്പിച്ചത്.

വന്ദേ ഭാരതിൽ കുട്ടികളുമായി സംവാദം, കവിത കേട്ടു മോദി

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരായ കുരുന്നുകളുമായി സംസാരിക്കാനും മോദി മറന്നില്ല. വരികൾ കൊണ്ടും വരകൾ കൊണ്ടും വന്ദേഭാരതിനെ രചിച്ച കുട്ടികൾക്കുള്ള പ്രത്യേക സമ്മാനമായിരുന്നു വന്ദേഭാരത് എക്സ്‌പ്രസിലെ കന്നി യാത്ര. വന്ദേഭാരതിന്റെ ലോക്കോ ക്യാബിനോടു ചേർന്നുള്ള ഒന്നും രണ്ടും ചെയർ കാർ കോച്ചുകളിലെ എസിയുടെ തണുപ്പിൽ രസിച്ചിരിക്കുമ്പോഴാണ് മുന്നിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. പിന്നെ പാട്ടുകളായി, കവിതകളായി, ആശയവിനിമയമായി... പ്രധാനമന്ത്രിയെ കണ്ടപ്പോൾ തന്നെ സന്തോഷമായെന്നു കുട്ടികളുടെ അഭിപ്രായം.

തിരുവനന്തപുരം നഗരത്തിലെ 9 സ്‌കൂളുകളിലെ അറുനൂറോളം വിദ്യാർത്ഥികൾക്കായി വന്ദേഭാരത് എക്സ്‌പ്രസിനെ ആസ്പദമാക്കി നടത്തിയ മത്സരങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 43 വിദ്യാർത്ഥികളാണ് കന്നിയാത്രയിലുണ്ടായിരുന്നത്. രണ്ടു കോച്ചുകളാണ് വിദ്യാർത്ഥികൾക്കു മാറ്റിവച്ചത്. രക്ഷാകർത്താക്കളും അദ്ധ്യാപകരും ഒപ്പമുണ്ടായി. രാവിലെ 10.53ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ശശി തരൂർ എംപി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഫ്‌ളാഗ് ഓഫിനു മുൻപ് ട്രെയിനിലേക്കു കയറിയ പ്രധാനമന്ത്രി സി 1 കോച്ചിൽ ഉണ്ടായിരുന്ന 43 വിദ്യാർത്ഥികളുമായി സംവദിച്ചു.

ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ 22 വയസ്സുകാരൻ രാഹുൽ വരച്ച ചിത്രം പ്രധാനമന്ത്രിക്ക് ഏറെ ഇഷ്ടമായി. പ്രധാനമന്ത്രി വന്ദേഭാരതിന് പച്ചക്കൊടി വീശുന്നതായിരുന്നു ചിത്രം. സംസാരശേഷിയില്ലാത്ത രാഹുലിന്റെ ചിത്രം പ്രധാനമന്ത്രി വാങ്ങി, പഴ്‌സനൽ സ്റ്റാഫിനു കൈമാറി. രാഹുലിനു പെരുത്ത് സന്തോഷം! മറ്റു ചിലരുടെ ചിത്രങ്ങളിൽ പ്രധാനമന്ത്രി കയ്യൊപ്പു ചാർത്തി. കുട്ടികളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എന്തെന്നു പ്രധാനമന്ത്രി ചോദിച്ചു. വിദ്യാർത്ഥികൾ കവിതയും ഗാനങ്ങളും ആലപിച്ചു. 20 മിനിറ്റോളം വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം കവിത, ചിത്രരചന മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൊല്ലം, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് അതതു ജില്ലകളിൽ മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ യാത്രയുടെ ഭാഗമാക്കി.

സി1 കംപാർട്‌മെന്റിൽ വിദ്യാർത്ഥികൾ മാത്രവും സി2 കംപാർട്‌മെന്റിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും യാത്ര ചെയ്തു. വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയ ശേഷം ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയോട്ടത്തിലെ ലോക്കോപൈലറ്റ് ആയ ആർ.നാഗേഷ് കുമാർ, സഹ ലോക്കോപൈലറ്റ് എസ്.ജയകുമാർ എന്നീ മലയാളികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

ഉദ്ഘാടന വേദിയിൽ മോദി വിളികൾ, പിണറായിയോട് സംസാരിച്ചു ചിരിച്ചു മോദി

സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ച് വിവിധ പരിപാടികളുടെ ഉദ്ഘാടന വേദിയിൽ ആവേശകരമായ സ്വീകരണാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ജയ് മോദി, ജയ് ബിജെപി വിളികൾ വലി ശബ്ധത്തിൽ തന്നെ ഉയർന്നപ്പോൾ അടുത്തിരുന്ന മുഖ്യമന്ത്രി പിണറായിയോട് എന്തോ പറഞ്ഞു. തുടർന്ന് ഇരുവരും ചിരിക്കുന്നതും കാണാമായിരുന്നു. പ്രസംഗത്തിൽ തന്റെ ഊഴം വന്നപ്പോൾ മലയാളികളെ പുകഴ്‌ത്തി കൊണ്ടാണ് മോദിസംസാരിച്ചത്.

മലയാളികൾക്ക് പ്രശംസ

മലയാളികളെ തന്റെ പ്രസംഗത്തിൽ മോദി പുകഴ്‌ത്തി. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണ്. കേരളത്തിന്റെ വികസന ഉത്സവത്തിൽ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി ജലമെട്രോ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 'കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങൾ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമർത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അറിയപ്പെടുന്നത്', മോദി പറഞ്ഞു.

3200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് തറക്കല്ലിട്ടത്. കൊച്ചി വാട്ടർ മെട്രോ നാടിനു സമർപ്പതിന് പുറമേ, വിവിധ റെയിൽ പദ്ധതികൾക്കും തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിട്ടു. നേരത്തെ, തിരുവനന്തപുരംമുതൽ കാസർഗോഡുവരെയുള്ള കേരളത്തിലെ ആദ്യവന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ഏവർക്കും വിഷു ആശംസകൾ നേർന്നു. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ്, കൊച്ചിയിലെ ആദ്യ വാട്ടർ മെട്രോ, നിരവധി റെയിൽവേ വികസനങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിന്റെ വികസനവും സമ്പർക്ക സൗകര്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് ഇന്ന് തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വികസന പദ്ധതികൾക്ക് കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവർക്ക് സവിശേഷമായ വ്യക്തിത്വം നൽകുന്നുണ്ടെന്ന് കേരളത്തിന്റെ വിദ്യാഭ്യാസ, ബോധവൽക്കരണ നിലവാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആഗോള സാഹചര്യം മനസ്സിലാക്കാൻ കഴിവുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ സമയങ്ങളിൽ ഇന്ത്യയെ വികസനത്തിന്റെ ഊർജസ്വലമായ സ്ഥലമായി കണക്കാക്കുന്നതിനെയും ഇന്ത്യയുടെ വികസനത്തിന്റെ വാഗ്ദാനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിനെയും കേരളജനതയ്ക്ക് അഭിനന്ദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി അഭൂതപൂർവമായ നിക്ഷേപം നടത്തുന്നു. യുവാക്കളുടെ നൈപുണ്യവികസനത്തിനായി നിക്ഷേപങ്ങൾ നടത്തുന്നു. ജീവിതം സുഗമമാക്കുന്നതിനും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ഫെഡറലിസത്തിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനമായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''സേവനാധിഷ്ഠിത സമീപനത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കേരളം പുരോഗമിച്ചാൽ മാത്രമേ രാഷ്ട്രത്തിന് അതിവേഗം പുരോഗതി കൈവരിക്കാനാകൂ''- പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന മലയാളികൾക്കു പ്രയോജനംചെയ്ത കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ യശസ് വർധിക്കുന്നതിന്റെ ഒരു കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വർധിച്ചുവരുന്ന ശക്തി ഇന്ത്യൻ പ്രവാസസമൂഹത്തെ വളരെയധികം സഹായിക്കുന്നു - അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം

കഴിഞ്ഞ 9 വർഷത്തിനിടയിൽ സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത്തിലും തോതിലും നടന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ''രാജ്യത്ത് പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂർണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ സുവർണകാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്'' - അദ്ദേഹം പറഞ്ഞു, 2014-ന് മുമ്പുള്ള ശരാശരി റെയിൽവേ ബജറ്റ് ഇപ്പോൾ അഞ്ചിരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവെയുമായി ബന്ധപ്പെട്ട് കേരളത്തിൽ കഴിഞ്ഞ 9 വർഷമായി നടത്തിയ വികസനങ്ങളിലേക്കു വെളിച്ചം വീശി, ഗേജ് പരിവർത്തനം, ഇരട്ടിപ്പിക്കൽ, റെയിൽവേ ട്രാക്കുകളുടെ വൈദ്യുതവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. ബഹുതല ഗതാഗത കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ''വന്ദേ ഭാരത് എക്സ്‌പ്രസ് വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്'' - ഇത്തരം അർധ അതിവേഗ ട്രെയിനുകൾ അനായാസം ഓടിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ റെയിൽ ശൃംഖലയുടെ പരിവർത്തനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്‌കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ''കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ട്രെയിനിന്റെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരം-ഷൊർണൂർ പാത അർധ അതിവേഗ ട്രെയിനുകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൂർത്തിയാകുമ്പോൾ, തിരുവനന്തപുരംമുതൽ മംഗളൂരുവരെ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് 'മെയ്ഡ് ഇൻ ഇന്ത്യ' പ്രതിവിധികൾ ലഭ്യമാക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു സെമി-ഹൈബ്രിഡ് ട്രെയിൻ, റീജണൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം, റോ-റോ ഫെറി, റോപ്വേ തുടങ്ങിയ പ്രതിവിധികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യ വന്ദേ ഭാരത് - മെട്രോ കോച്ചുകൾ എന്നിവയുടെ തദ്ദേശീയ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മെട്രോ ലൈറ്റ്, ചെറിയ നഗരങ്ങളിലെ അർബൻ റോപ്പ് വേ തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

കൊച്ചി വാട്ടർ മെട്രോ 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനായി തുറമുഖങ്ങൾ വികസിപ്പിച്ചതിന് കൊച്ചി കപ്പൽശാലയെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി വാട്ടർ മെട്രോ കൊച്ചിയുടെ സമീപ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുമെന്നും ബസ് ടെർമിനലും മെട്രോ ശൃംഖലയും തമ്മിൽ ഇന്റർമോഡൽ സമ്പർക്കസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കായൽ വിനോദസഞ്ചാരത്തിനും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭൗതിക സമ്പർക്കസൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങളും രാജ്യത്തിന്റെ മുൻഗണനയാണെന്ന് ശ്രീ മോദി ആവർത്തിച്ചു. തിരുവനന്തപുരത്തെ ഡിജിറ്റൽ ശാസ്ത്ര പാർക്ക് പോലെയുള്ള പദ്ധതികൾ ഡിജിറ്റൽ ഇന്ത്യക്ക് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനത്തിന് ആഗോളതലത്തിൽ മതിപ്പുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പർക്കസൗകര്യങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക മാത്രമല്ല, ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളം കാണാനാകുന്ന വികസനത്തിന്റെ ശരിയായ മാതൃകയാണിതെന്നും ഇത് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ''കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയിൽ അന്തർലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്'' - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികൾ കേരളത്തിന് ആഗോളതലത്തിൽ കൂടുതൽ പ്രചാരം നൽകുമെന്നും വ്യക്തമാക്കി.

റാഗി പുട്ട് പോലെയുള്ള കേരളത്തിലെ പ്രശസ്തമായ ശ്രീ അന്ന (ചെറുധാന്യം) വിഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനംചെയ്തു. 'നമ്മുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തുമ്പോൾ, വികസിത ഭാരതത്തിന്റെ പാത കൂടുതൽ ശക്തമാകും' - അദ്ദേഹം പറഞ്ഞു.

'മൻ കീ ബാത്ത്' പരിപാടിയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ നേട്ടങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, 'പ്രാദേശിതകയ്ക്കായുള്ള ആഹ്വാനം' പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്വയംസഹായ സംഘങ്ങൾ സൃഷ്ടിച്ച ഉൽപ്പന്നങ്ങളെക്കുറിച്ച് താൻ ഇടയ്ക്കിടെ പരാമർശിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മൻ കി ബാത്ത്' ഈ ഞായറാഴ്ച നൂറാം എപ്പിസോഡ് തികയ്ക്കുകയാണെന്നും രാഷ്ട്രവികസനത്തിനും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തിനും സംഭാവനകളേകിയ എല്ലാ പൗരന്മാർക്കുമായി ഇതു സമർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വികസിതഭാരതം കെട്ടിപ്പടുക്കാൻ ഏവരും സ്വയം സമർപ്പിക്കണമെന്ന് പറഞ്ഞാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

മോദി പോയത് സിൽവാസയിലേക്ക്

രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് കേന്ദ്രഭരണ പ്രദേശമായ ദാദ്ര & നഗർ ഹാവേലിയിലെ സിൽവാസ ദ്വീപിൽ. കേന്ദ്രഭരണ പ്രദേശത്തെ ആദ്യ മെഡിക്കൽ കോളേജായ നമോ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രി സിൽവാസയിൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിൽ സഹകരിച്ച തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു.

203 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇതിനുശേഷം സയേലി വില്ലേജിലേക്കാണ് നരേന്ദ്ര മോദിയെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. വൈകിട്ട് ദാമൻ നഗരത്തിലെത്തിയ പ്രധാനമന്ത്രി,? 165 കോടി രൂപ ചെലവഴിച്ച് കടൽ തീരത്ത് നിർമ്മിച്ച 16 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ റോഡ് ഷോ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP