Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മല്യയുടെ വായ്പാ വിഷയത്തിലെ വിവാദം അടങ്ങുംമുമ്പ് അംബാനിക്ക് അനുകൂല നിലപാടുമായി മോദി സർക്കാർ; റിലയൻസ് ജിയോയ്ക്ക് സൗജന്യ വോയ്‌സ് കോൾ അനുമതി നൽകിയത് ചട്ടലംഘനമെന്ന് ആക്ഷേപം; സ്‌പെക്ട്രം ലഭിച്ചത് ഡാറ്റാ സേവനങ്ങൾക്കു മാത്രമെന്ന വാദവുമായി മറ്റു കമ്പനികൾ

മല്യയുടെ വായ്പാ വിഷയത്തിലെ വിവാദം അടങ്ങുംമുമ്പ് അംബാനിക്ക് അനുകൂല നിലപാടുമായി മോദി സർക്കാർ; റിലയൻസ് ജിയോയ്ക്ക് സൗജന്യ വോയ്‌സ് കോൾ അനുമതി നൽകിയത് ചട്ടലംഘനമെന്ന് ആക്ഷേപം; സ്‌പെക്ട്രം ലഭിച്ചത് ഡാറ്റാ സേവനങ്ങൾക്കു മാത്രമെന്ന വാദവുമായി മറ്റു കമ്പനികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിജയ് മല്യയുടെ വായ്പ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതി തള്ളിയെന്നും, ഇല്ല വകമാറ്റുക മാത്രമാണ് ചെയ്തതെന്നും വിവാദമുണ്ടായതിന് പിന്നാലെ അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് വോയ്‌സ് സൗജന്യമായി വോയസ് കോളുകൾ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ ഉത്തരവും വിവാദത്തിലേക്ക്. സാധാരണക്കാർക്ക് കറൻസി മാറ്റത്തിന് കടുത്ത നിബന്ധന ഏർപ്പെടുത്തുമ്പോൾ വൻകിടക്കാർക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.

ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോമിന് സൗജന്യമായി വോയിസ് കോളുകൾ നടത്താൻ മറ്റ് മൊബൈൽ സേവന ദാതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ അനുമതി നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

ബ്രോഡ്ബാൻഡ്, ഡാറ്റ സേവനങ്ങൾക്ക് വേണ്ടി മാത്രം സ്‌പെക്ട്രം അനുവദിച്ചുകിട്ടിയ ജിയോയ്ക്ക് ഫ്രീ വോയിസ് കോളുകൾ നൽകുന്നതിനെതിരെ മറ്റു സേവന ദാതാക്കളായ വൊഡാഫോൺ, എയർടെൽ, ഐഡിയ എന്നിവർ സമർപ്പിച്ച പരാതി തള്ളിയാണ് അംബാനിക്കനുകൂലമായി കേന്ദ്രം നിലപാടെടുത്തത്.

ഇന്നലെ മദ്യരാജാവ് വിജയ് മല്യയുടേതടക്കം വൻ തുകക്കുള്ള കിട്ടാക്കടങ്ങൾ എസ് ബി ഐ എഴുതിത്ത്തള്ളാൻ തീരുമാനിച്ച വാർത്ത വിവാദമായതിനെ തുടർന്ന് കടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ഇന്ത്യയിലെ നിലവിലുള്ള ടെലികോം താരിഫ് സംബന്ധമായ നിയമങ്ങൾ പാടെ ലംഘിച്ചാണ് ജിയോ വോയിസ് സർവീസ് തുടങ്ങുന്നതെന്ന് മറ്റു സേവനദാതാക്കൾ കഴിഞ്ഞ മാസം സമർപ്പിച്ച പരാതിയിൽ പറയുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ മന്ത്രാലയം, ഒരു കമ്പനിക്കു അവരുടെ വളർച്ചക്കനുയോജ്യമായ നയങ്ങൾ രൂപീകരിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞാണ് റിലയൻസിന് അനുകൂല നിലപാട് എടുത്തിട്ടുള്ളത്.

അതേസമയം, റിലയൻസിന് ഇന്റർ കണക്ഷൻ സേവനം നൽകാൻ വിസമ്മതിച്ച മറ്റു മൊബൈൽ ഫോൺ കമ്പനികൾക്ക് 3050 കോടി രൂപ പിഴ ഈടാക്കാനുള്ള നിർദ്ദേശം കേന്ദ്ര ടെലികോം മന്ത്രാലയം പരിഗണിക്കുന്നതായി കേന്ദ്ര മന്ത്രി മനോജ് സാഹയെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊബൈൽ മേഖല പടിപടിയായി റിലയൻസിന്റെ വരുതിയിലാക്കാനുള്ള നീക്കമാണ് മോദി സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. ലൈസൻസ് കരാറുകൾ ലംഘിച്ചു എന്ന അംബാനിയുടെ പരാതിയിലാണ് മറ്റു മൊബൈൽ ദാതാക്കളിൽ നിന്ന് പിഴയീടാക്കാൻ ഒരുങ്ങുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വ്യാവസായിക അടിസ്ഥാനത്തിൽ സേവനം തുടങ്ങിയ ജിയോ മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ്. ഏതാണ്ട് ഒന്നരലക്ഷം കോടി രൂപ അംബാനി ജിയോയ്ക്ക് വേണ്ടി ഇതുവരെ മുടക്കിയിട്ടുള്ളത്. ഇതിൽ നിന്നും ലാഭമെടുക്കാൻ ഇനിയും മൂന്നു വർഷം വരെ സമയമെടുക്കും എന്നാണ് നിരീക്ഷകർ പറയുന്നത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതോടെ പുതിയ സാഹചര്യങ്ങൾ മുതലാക്കി കച്ചവടം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് അംബാനിയെന്നാണ് മറ്റൊരു റിപ്പോർട്ട്. തങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ മാത്രമായി പുതിയ 4ജി ഫോണുകൾ ഇറക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ ഇൻഫോകോം. ആയിരം രൂപ വിലയുള്ള ഫോണുകൾ ഇറക്കാനും അതിൽ അൺലിമിറ്റഡ് വോയ്‌സ്, വീഡിയോ കോളുകൾ നൽകാനുമുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. വോയ്‌സ് ഓവർ എൽടിഇ (വോൾട്ട്) ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയുള്ള 4ജി സംവിധാനം നടപ്പാക്കി സാധാരണക്കാരെ മൊബൈൽ രംഗത്തേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ആദ്യമായി ഡാറ്റാ ഉപയോഗിച്ചു തുടങ്ങുന്നവരെയാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്നും ഫീച്ചർ ഫോണുകളുടെ വലിയൊരു വിപണി ഇന്ത്യയിൽ ഉണ്ടെന്നും കണ്ടാണിത്. മാത്രമല്ല, കറൻസിയുടെ ഉപയോഗം കുറയ്ക്കുകയെന്ന സർക്കാർ നിർദ്ദേശം നടപ്പാകുന്ന മുറയ്ക്ക് ഓൺലൈൻ ഇടപാടുകൾ കൂടുമെന്നതും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താമെന്നതുമാണ് റിലയൻസ് നേട്ടമായി കരുതുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP