Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

355 കോടി ചിലവഴിച്ചുള്ള മോദിയുടെ വിദേശ യാത്രകൾ കൊണ്ട് കോളടിച്ചത് അംബാനിക്കും അദാനിക്കും; 16 രാജ്യങ്ങളുമായി ഇവർ ഒപ്പിട്ടത് 18 വമ്പൻ കരാറുകൾ; മോദി ഭരണകാലത്ത് അദാനി ഗ്രൂപ്പിന്റെ ആസ്തിയിൽ ഉണ്ടായത് 125 ശതമാനം വർധനവ്; ഫ്രാൻസ് യാത്രയിൽ കൂടെപ്പോയ അനിൽ അംബാനിക്ക് വേണ്ടി നേടിയ റഫേൽ കരാറിനൊപ്പം ചർച്ചയായി മോദിയുടേയും ബിജെപിയുടേയും മറ്റ് കോർപ്പറേറ്റ് ബന്ധങ്ങളും

355 കോടി ചിലവഴിച്ചുള്ള മോദിയുടെ വിദേശ യാത്രകൾ കൊണ്ട് കോളടിച്ചത് അംബാനിക്കും അദാനിക്കും; 16 രാജ്യങ്ങളുമായി ഇവർ ഒപ്പിട്ടത് 18 വമ്പൻ കരാറുകൾ; മോദി ഭരണകാലത്ത് അദാനി ഗ്രൂപ്പിന്റെ ആസ്തിയിൽ ഉണ്ടായത് 125 ശതമാനം വർധനവ്; ഫ്രാൻസ് യാത്രയിൽ കൂടെപ്പോയ അനിൽ അംബാനിക്ക് വേണ്ടി നേടിയ റഫേൽ കരാറിനൊപ്പം ചർച്ചയായി മോദിയുടേയും ബിജെപിയുടേയും മറ്റ് കോർപ്പറേറ്റ് ബന്ധങ്ങളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ മോദി നടത്തിയ വിദേശ സന്ദർശനങ്ങളിൽ ഒപ്പം പോയ അദാനിയും അംബാനിയും നേടിയത് കോടികളുടെ കരാർ. വിദേശ സന്ദർശനങ്ങൾക്കിടെ 18 വമ്പൻ കരാറുകളാണ് ഇരു കമ്പനികളും കരസ്ഥമാക്കിയത്. 13 കരാറുകൾ അദാനി നേടിയപ്പോൾ അഞ്ചെണ്ണം അനിൽ അംബാനിയുടെ അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന് ലഭിച്ചു. 2014ൽ ജപ്പാൻ സന്ദർശനത്തിൽ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് ജപ്പാൻ കമ്പനിയായ എൻവൈകെ ഓട്ടോ ലൊജിസ്റ്റിക്സുമായി 19,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. സുനിൽ മിത്തൽ 8000 കോടി രൂപയുടെ കരാറും കരസ്ഥമാക്കിയിരുന്നു. 2014ൽ ബ്രിസ്ബനിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ മോദിയുടെ സംഘത്തിലുണ്ടായിരുന്ന അദാനി അന്ന് നേടിയത് ക്യൂൻസ് ലാൻഡിൽ 6200 കോടി രൂപയുടെ കൽക്കരി ഖനന കരാരായിരുന്നു.

2015ൽ ഇന്ത്യൻ നേവിക്കായി യുഎവി (അൺമാൻഡ് ഏരിയൽ വെഹിക്കിൾ) നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അനിൽ അംബാനി 1000 കോടി രൂപയുടെ കരാർ സ്വീഡിഷ് കമ്പനിയായ സാബ് എബിയുമായി ഒപ്പിട്ടു. മഹാത്മാ ഗാന്ധിയുടെ പുനരവതാരമെന്നാണ് അന്നത്തെ സ്വീഡിഷ് സർക്കാർ മോദിയെ വിശേഷിപ്പിച്ചത്. 2015ൽ മോദിയുടെ ഷാങ്ഖായ് സന്ദർശനത്തിനിടെ 22 ബില്യൺ ഡോളറിന്റെ കരാറാണ് ഒപ്പിട്ടത്. ഇതിൽ ഭൂരിഭാഗവും നേടിയത് അദാനി ഗ്രൂപ്പാണ്.

2016 ഫെബ്രുവരിയിൽ സ്വീഡിഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചു. ഈ സന്ദർശനത്തിനിടെ സാബ് എബി സിംഗിൾ എൻജിൻ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് 60,000 കോടി രൂപയുടെ കരാർ അദാനിയുമായി ഒപ്പിട്ടു.2016 ജൂൺ ആറിന് മോദിക്കൊപ്പം അമേരിക്ക സന്ദർശിച്ച അനിൽ അംബാനി നേടിയത് 15,000 കോടിയുടെ യുദ്ധക്കപ്പലുകളുടെ നവീകരണ കരാറായിരുന്നു.

2017 മെയ് 31ന് ഇന്ത്യൻ പ്രധാനമന്ത്രി റഷ്യയും 2018 ഒക്ടോബർ ആറിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയും സന്ദർശിച്ചിരുന്നു. ഈ രണ്ട് സന്ദർശനങ്ങൾക്കുമിടയിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് റഷ്യൻ കമ്പനിയായ അൽമാസ് ആന്റിയുമായി 39000 കോടി രൂപയുടെ പ്രതിരോധ കരാറാണ് കരസ്ഥമാക്കിയത്. 2017 ജൂലായ് മാസത്തിൽ മോദി ഇസ്രയേൽ സന്ദർശിക്കുകയും ഇസ്രയേൽ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചു. ഈ രണ്ട് സന്ദർശനങ്ങൾക്കുമിടയിൽ കോടികളുടെ കരാർ അദാനിയും അംബാനിയും ഇസ്രയേൽ കമ്പനികളുമായി ഒപ്പിട്ടു.

65,000 കോടി രൂപയുടെ പ്രതിരോധ കരാറുകളാണ് എൽബിറ്റ്- ഇസ്തർ എന്ന ഇസ്രയേൽ കമ്പനിയുമായി ഒപ്പിട്ടത്. 2017 നവംബറിൽ മോദിയുടെ മലേഷ്യാ സന്ദർശനത്തിനിടെയാണ് അഡാനി ഗ്രൂപ്പ് മലേഷ്യയിലെ എംഎംസി പോർട്ടുമായി കരാർ ഒപ്പിടുന്നത്. 32 ബില്യൺ ഡോളറിന്റെ കരാറാണ് അദാനി അന്ന് നേടിയത്. 2018 മാർച്ചിൽ മോദിയുടെ ഫ്രാൻസ് യാത്രയിൽ അനിൽ അംബാനിയും ഒപ്പമുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് റഫാൽ യുദ്ധ വിമാന കരാർ ഒപ്പിടുന്നത്. 58,000 കോടിയുടെ ഇടപാടിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽസിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഓഫ് സെറ്റ് പങ്കാളിയാക്കിയത് വൻ വിവാദമായിരുന്നു.

മോദിയുടെ ഇറാൻ സന്ദർശനത്തിനിടെ അദാനിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യാ പോർട്സ് ഗ്ലോബൽ ഇറാൻ കമ്പനിയായ ഏരിയാ ബെനാദറുമായി കരാർ ഒപ്പിട്ടു. മൊസാമ്പിക് സന്ദർശനത്തിനിടെ ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനായുള്ള കരാർ അദാനി ഗ്രൂപ്പ് നേടിയെടുത്തു. മോദിയുടെ ഒമാൻ സന്ദർശനത്തിനിടെ അദാനി ഒമാൻ അൽ ദുക്കും പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടു.

മോദി ബംഗ്ലാദേശ് സന്ദർശിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന അദാനി പവർ ബംഗ്ലാദേശ് പവർ ഡവലെപ്പ്മെന്റ് കോർപ്പറേഷനുമായി കരാറിൽ ഒപ്പിട്ടു. 4600 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കരാറാണ് അദാനി പവർ ഒപ്പിട്ടത്. മ്യാന്മറിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട കരാറാണ് അദാനി ഒപ്പിട്ടത്. വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനി മ്യാന്മർ ഓയിൽ ആൻഡ് ഗ്യാസ് എന്റർപ്രൈസസ് എന്ന സ്ഥാപനവുമായി കരാർ ഒപ്പിട്ടതും മോദിയുടെ മ്യാന്മർ സന്ദർശനത്തിൽ കൂട്ടുപോയപ്പോഴാണ്. പാക്കിസ്ഥാനിൽ 4000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട കരാർ അദാാനി എന്റർപ്രൈസസ് ലിമിറ്റഡ് ഒപ്പിട്ടെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു.

മോദി നടത്തിയ വിദേശ സന്ദർശനങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കിത് അദാനിയാണ്. അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിയുടെ സ്വത്തിലുണ്ടായ വർദ്ധന 2017ൽ 124.6 ശതമാനമാണെന്ന് ബ്‌ളൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സ്വത്തിലുണ്ടായ വർദ്ധന 77.53 ശതമാനമാണ്. 2,270 കോടി ഡോളറിൽ നിന്ന് ആസ്തി 4,030 കോടി ഡോളറിലെത്തിയിരുന്നു.

എന്നാൽ 2018ൽ പ്രതികൂല സാമ്പത്തിക - രാഷ്ട്രീയ സാഹചര്യങ്ങളും ഓഹരി വിപണിയുടെ അസ്ഥിരതയും മൂലം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ കീശ ചോരുന്നതായി ബ്‌ളൂംബെർഗിന്റെ റിപ്പോർട്ട്പുറത്തുവന്നിരുന്നു. രാജ്യത്തെ ശതകോടീശ്വരന്മാർ സംയുക്തമായി കുറിച്ച നഷ്ടം 1,785 കോടി ഡോളറാണ് (ഏകദേശം 1.22 ലക്ഷം കോടി രൂപ) എന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൗതം അദാനി 368 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. മൊത്തം ആസ്തി 675 കോടി ഡോളറായി താഴ്ന്നു. അദാനി ഗ്രൂപ്പിന്റെ കീഴിലെ കമ്പനികളുടെ മൂല്യം ഏഴ് മുതൽ 45 ശതമാനം വരെ നഷ്ടമാണ് ഈ വർഷം കുറിച്ചിട്ടുള്ളത്. 283 കോടി ഡോളറിന്റെ നഷ്ടമാണ് റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP