Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിമാർ കൃത്യം 9.30ന് ഓഫീസിൽ എത്തണം; പാർലമെന്റ് സെഷൻ നടക്കുമ്പോൾ ഡൽഹിക്ക് പുറത്ത് ഒരു പരിപാടിയും ഏറ്റെടുക്കരുത്; എംപിമാരും മന്ത്രിമാരും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന ബോധ്യത്തോടെ എംപിമാരെ പരിഗണിക്കണം; എല്ലാ ദിവസവും വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം; ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വാരിക്കോരി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി പ്രധാനമന്ത്രി

മന്ത്രിമാർ കൃത്യം 9.30ന് ഓഫീസിൽ എത്തണം; പാർലമെന്റ് സെഷൻ നടക്കുമ്പോൾ ഡൽഹിക്ക് പുറത്ത് ഒരു പരിപാടിയും ഏറ്റെടുക്കരുത്; എംപിമാരും മന്ത്രിമാരും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന ബോധ്യത്തോടെ എംപിമാരെ പരിഗണിക്കണം; എല്ലാ ദിവസവും വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം; ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വാരിക്കോരി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ ലോകത്തുള്ള സകല മന്ത്രിസഭകൾക്കും മാതൃകയാകുമോ ഇന്നലെ നടന്ന ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് നൽകിയ നിർദ്ദേശങ്ങൾ അതേപടി പാലിക്കപ്പെടുകയാണെങ്കിൽ ഇതൊരു മാതൃകാ മന്ത്രിസഭയാകുമെന്നുറപ്പ്. മറ്റുള്ളവർക്ക് മാതൃകയായി മാറുന്ന രീതിയിലാവണം ഓരോരുത്തരും പ്രവർത്തിക്കേണ്ടതെന്ന ഉപദേശമാണ് തന്റെ സഹപ്രവർത്തകർക്ക് ആദ്യ സമ്പൂർണ യോഗത്തിൽ പ്രധാനമന്ത്രി നൽകിയത്.

എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ഫോണിലൂടെ കാര്യങ്ങൾ നിർവഹിക്കുന്ന രീതി ഒഴിവാക്കണം. പാർലമെന്റ് സെഷൻ കൂടുന്ന 40 ദിവസങ്ങളിൽ ഡൽഹിക്ക് പുറത്തുള്ള ഒരു പരിപാടിയും ഏറ്റെടുക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ പിന്തുടർന്ന ശീലം ഓർമിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ നൽകിയത്. രാവിലെ കൃത്യസമയത്ത് എത്താറുണ്ടായിരുന്ന തനിക്ക് ആ കൃത്യനിഷ്ഠയിലൂടെ അന്നന്നത്തെ ജോലികൾ കൃത്യമായി ആസൂത്രണം ചെയ്യാ്ൻ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മന്ത്രിമാരായി നിയോഗിക്കപ്പെട്ടുവെന്നതുകൊണ്ട് എംപിമാരെക്കാൾ വളരെ മുകളിലാണെന്ന് കരുതരുതെന്ന ഉപദേശവും അദ്ദേഹം നൽകി. മന്ത്രിമാരും എംപിമാരും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും എംപിമാരെ കാണുന്നതിനും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും സമയം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മന്ത്രിമാരുടെ പ്രവർത്തനം നിരീക്ഷിച്ച് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ മുതിർന്ന മന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു. ദിവസവും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് വിവരങ്ങൾ അപ്‌ഡേറ്റാക്കുകയും വേണമെന്നാണ് മറ്റൊരു ഉപദേശം.

കൃത്യമായി പ്ലാനിങ്ങോടെ മന്ത്രിസഭ മുന്നോട്ടുനീങ്ങണമെന്നും മോദി ആവശ്യപ്പെടുന്നു. ഇതിനായി എല്ലാ മന്ത്രിമാരോടും അവരരവരുടെ വകുപ്പിന് കീഴിൽ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി അഞ്ചുവർഷത്തെ അജൻഡ രൂപപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കാര്യങ്ങളേതൊക്കെയെന്ന് കണ്ടെത്തുവാനുള്ള ചുമതലയും അദ്ദേഹം മന്ത്രിമാർക്ക് നൽകി.

നരേന്ദ്ര മോദി സർക്കാർ ചുമതലയേറ്റശേഷം നടന്ന ആദ്യ സമ്പൂർണ മന്ത്രിസഭായോഗമായിരുന്നു ഇന്നലത്തേത്. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് മുതിർന്ന മന്ത്രിമാർ യോഗം ചേർന്നിരുന്നുവെങ്കിലും സഹമന്ത്രിമാരടക്കമുള്ളവർ ഉൾപ്പെടുന്ന വിപുലമായ യോഗം വിളിച്ചത് ആദ്യമായാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും വിജയം കൊയ്യാനാവശ്യമായ നടപടികൾ ഓരോ മന്ത്രാലയത്തിന് കീഴിലും ഉണ്ടാകണമെന്ന ശക്തമായ നിർദ്ദേശമാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്.

സർക്കാരിന്റെ അഞ്ച് വർഷത്തെ വികസന കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കുകയാണ് ചെയ്തത്. ഓരോ വകുപ്പ് മന്ത്രിമാരും കർമ്മ പദ്ധതികളുടെ കരട് രൂപം പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്നുണ്ട്. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് മന്ത്രിസഭ യോഗം ചേർന്ന് മോദി കാര്യങ്ങൾ അവതരിപ്പിച്ചത്. മന്ത്രിസഭ ചുമതലയേറ്റതിന് തൊട്ടടുത്ത ദിവസം തന്നെ മന്ത്രിസഭ യോഗം ചേർന്നിരുന്നെങ്കിലും സമ്പൂർണ യോഗം നടന്നിരുന്നില്ല. മെയ് 30നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാർ, 24 സഹമന്ത്രിമാർ എന്നിവരുൾപ്പെട്ട 58 അംഗ കേന്ദ്ര മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. അമിത്ഷായും ജയശങ്കറും കഴിഞ്ഞാൽ പുതിയ മന്ത്രിസഭയിൽ മിക്കവാറും പഴയ അംഗങ്ങൾ തന്നെ. നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാൻ, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.

മുഖ്താർ അബ്ബാസ് നഖ്‌വിയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്‌ലിം മന്ത്രി. രണ്ടാമൂഴത്തിൽ ഭരണചക്രത്തിന്റെ സമ്പൂർണ നിയന്ത്രണം മോദി-അമിത് ഷാമാരുടെ കൈകളിലാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെയിലും മന്ത്രിസഭയിലേകും ലോക്‌സഭയിലേയും രണ്ടാം നമ്പർ പദവി പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിങിന് നൽകിയിട്ടുണ്ട്.

കഴിഞ്ഞ സർക്കാറിലെ പ്രമുഖ മന്ത്രിമാരിൽ പലരും ഇല്ലാതെ രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റത്. അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, മനേകാ ഗാന്ധി എന്നിവരുടെ അഭാവമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ജയ്റ്റ്ലിയും സുഷമയും ആരോഗ്യ കാരണങ്ങളാൽ സ്വയം പിന്മാറുകയായിരുന്നു. സുഷമ ഇത്തവണ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. സദസ്സിലിരുന്നാണ് അവർ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിച്ചത്. ഒന്നാം മോദി സർക്കാറിൽ വിദേശകാര്യ വകുപ്പു മന്ത്രിയായിരുന്ന സുഷമ വാജ്പെയിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിലും മന്ത്രിയായിരുന്നിട്ടുണ്ട്. ഒമ്പത് തവണ പാർലിമെന്റ് അംഗമായി.

കഴിഞ്ഞ സർക്കാറിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ മന്ത്രിസഭയിലേക്കു പരിഗണിക്കേണ്ടെന്നും വ്യക്തമാക്കി മോദിക്ക് കത്തു നൽകിയിരുന്നു. വാജ്പെയ് സർക്കാറിലും വിവിധ വകുപ്പുകളുടെ ചുമതല നിർവഹിച്ചിട്ടുണ്ട്. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ്. മുൻ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടാതെ പോയി. ഇവർ മൂന്നു പേരെ കൂടാതെ ജെ പി നദ്ദ, ഉമാഭാരതി, രാജ്യവർധൻ റാത്തോഡ്, സുരേഷ് പ്രഭു, വിജയ് ഗോയൽ, രാധാ മോഹൻ സിങ്, ജയന്ത് സിൻഹ, അൽഫോൻസ് കണ്ണന്താനം എന്നിവരും പുതിയ മന്ത്രിസഭയിൽ തഴയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP