Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിൽ അശാന്തി വിതയ്ക്കുന്നതു വെറുപ്പിലും അക്രമത്തിലും വേരൂന്നിയ മനസുകൾ; ബുദ്ധമതദർശനങ്ങളെ പിന്താങ്ങി ശ്രീലങ്കൻ മനസുപിടിച്ച് മോദിയുടെ പ്രസംഗം; ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിരവധി വ്യാപാര കരാറുകൾ

ലോകത്തിൽ അശാന്തി വിതയ്ക്കുന്നതു വെറുപ്പിലും അക്രമത്തിലും വേരൂന്നിയ മനസുകൾ; ബുദ്ധമതദർശനങ്ങളെ പിന്താങ്ങി ശ്രീലങ്കൻ മനസുപിടിച്ച് മോദിയുടെ പ്രസംഗം; ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിരവധി വ്യാപാര കരാറുകൾ

കൊളംബോ: ബുദ്ധദർശനങ്ങൾ പങ്കുവച്ച് ശ്രീലങ്കൻ ജനതയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ എന്നിവരുമായി ചർച്ച നടത്തിയ മോദി രാജ്യത്തിനായി ഒരു പിടി കരാറുകളും നേടിയെടുത്തു. മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കു കനത്ത തിരിച്ചടിയായി ഇന്ത്യൻ പ്രധാനമന്ത്രിക്കു ലങ്ക നല്കിയ സ്വീകരണം.

കൊളംമ്പോയിൽ നടന്ന അന്താരാഷ്ട്ര ബുദ്ധപൂർണിമാ ദിനാഘോഷച്ചടങ്ങിൽ സംസാരിക്കവേയാണ് ബുദ്ധമത ദർശനങ്ങൾ പങ്കുവച്ച് ലങ്കൻ ജനതയെ മോദി കയ്യിലെടുത്തത്. ലോകത്ത് വളർന്നുവരുന്ന അക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓർമിപ്പിക്കുന്നതായി മോദിയുടെ പ്രസംഗം. വെറുപ്പിലും അക്രമത്തിലും വേരൂന്നിയ മനസ്സുകളാണ് ലോകസമാധാനത്തിനു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു.

ബുദ്ധന്റെ സന്ദേശം 21-ാം നൂറ്റാണ്ടിലും പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബുദ്ധപൂർണിമാ ദിനത്തിലെ ചിന്താവിഷയങ്ങളായി എടുത്തിരിക്കുന്ന സമൂഹനീതിയും ലോകസമാധാനവും ബുദ്ധന്റെ ദർശനങ്ങളുമായി ചേർന്നിരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീലങ്കയുടെ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. കച്ചവടം, നിക്ഷേപം, സാങ്കേതികത, ഗതാഗതം, ഊർജം, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രിങ്കോമാലി തുറമുഖത്ത് ഇരുരാജ്യങ്ങളും സംയുക്തമായി എണ്ണടാങ്കുകൾ പ്രവർത്തിപ്പിക്കുന്നതിന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി.

രണ്ടുവർഷത്തിനിടെ മോദിയുടെ രണ്ടാമത്തെ ശ്രീലങ്കൻ സന്ദർശനമാണിത്. ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച ശ്രീലങ്കയിലെത്തിയ മോദിയെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയാണ് സ്വീകരിച്ചത്.

ഓഗസ്റ്റ് മുതൽ എയർ ഇന്ത്യ കൊളംബോ-വാരാണസി വിമാനസർവീസ് ആരംഭിക്കാനും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ തീരുമാനമായി. കാശി വിശ്വനാഥന്റെ മണ്ണിൽ തമിഴ് സഹോദരങ്ങൾക്കും സന്ദർശനം നടത്താമെന്ന് മോദി പറഞ്ഞു. മോദിയുടെ മണ്ഡലം കൂടിയാണ് വാരാണസി.

മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കു തിരിച്ചടി നല്കുന്നതുകൂടിയായിരുന്നു മോദിക്ക് ലങ്കയിൽ ലഭിച്ച സ്വീകരണം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ചൈനീസ് അന്തർവാഹിനിക്കപ്പലിന് ശ്രീലങ്കൻ തീരത്ത് നങ്കൂരമിടുന്നതിന് ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു.

2014 ഒക്ടോബറിൽ കൊളംബോ തീരത്ത് ചൈനീസ് അന്തർവാഹിനിക്കപ്പൽ അവസാനമായി നങ്കൂരമിട്ടപ്പോൾ, ഇതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ശ്രീലങ്കൻ തീരത്ത് ഏതുസമയവും ചൈനീസ് അന്തർവാഹിനിക്ക് നങ്കൂരമിടാൻ അനുമതി നൽകാനാവില്ലെന്നും ഇന്ത്യയുടെ കൂടി താത്പര്യം കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നും ശ്രീലങ്കൻ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP