Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറസ്റ്റ് 'അഭ്യൂഹങ്ങൾക്കിടെ' മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരണവുമായി ഇബ്രാഹിംകുഞ്ഞ്; നിർമ്മാണ കമ്പനിക്ക് മുൻകൂർ പണം നൽകുന്നത് സാധാരണ നടപടി മാത്രം; ഇപ്പോഴത്തെ സർക്കാരും മുൻ സർക്കാരും ഇങ്ങനെ ചെയ്തിട്ടുണ്ട്; വകുപ്പ് മന്ത്രിയെന്ന നിലയിൽ ചെയ്തത് നയപരമായ നടപടികൾ മാത്രമെന്നും കുഞ്ഞ്; സൂരജിന്റെ ആരോപണങ്ങളിൽ നിന്ന് വീണ്ടും തടിതപ്പി; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

അറസ്റ്റ് 'അഭ്യൂഹങ്ങൾക്കിടെ' മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരണവുമായി ഇബ്രാഹിംകുഞ്ഞ്; നിർമ്മാണ കമ്പനിക്ക് മുൻകൂർ പണം നൽകുന്നത് സാധാരണ നടപടി മാത്രം; ഇപ്പോഴത്തെ സർക്കാരും മുൻ സർക്കാരും ഇങ്ങനെ ചെയ്തിട്ടുണ്ട്; വകുപ്പ് മന്ത്രിയെന്ന നിലയിൽ ചെയ്തത് നയപരമായ നടപടികൾ മാത്രമെന്നും കുഞ്ഞ്; സൂരജിന്റെ ആരോപണങ്ങളിൽ നിന്ന് വീണ്ടും തടിതപ്പി; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റ് അഭ്യൂഹങ്ങൾക്കിടെ പൊതുമരാമത്ത് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ന്യായീകരണവുമായി മാധ്യമങ്ങൾക്ക് മുന്നിൽ.കരാർ ഏജൻസിക്ക് മുൻകൂർ പണം നൽകിയതിൽ അഴിമതിക്കും പണമിടപാടിനും കൃത്യമായ രേഖകൾ ഉൾപ്പടെ ലഭിച്ചെന്നും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലൻസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾക്കിടെയാണ് ഇബ്രാഹിംകുഞ്ഞ് സ്വന്തം വീട്ടിലെത്തുന്നത്.നിർമ്മാണ കമ്പനിക്ക് മുൻകൂർ പണം നൽകുന്നത് സാധാരണ നടപടിയാണെന്ന് അദ്ദേഹം ന്യായീകരിച്ചു. അതിൽ അസ്വാഭാവികതയില്ല, തീർത്തും സാധാരണ നടപടിയാണ്. ഇപ്പോഴത്തെ സർക്കാരും മുൻ സർക്കാരും അതിന് മുൻപത്തെ സർക്കാരും ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. അത്തരം തീരുമാനങ്ങൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് അവകാശപ്പെട്ടു.

അതേസമയം അറസ്റ്റിന് കളമൊരുങ്ങിയതോടെ അദ്ദേഹം നിയമോപദേശം തേടിയെന്നാണ് വിവരം. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകുന്നതിന് മുൻപ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നും വിവരമുണ്ട്.അറസ്റ്റ് ഭീഷണി ഉയർന്നതോടെ വ്യാഴാഴ്ച 11.30 ന് ശേഷം ഇബ്രാഹിം കുഞ്ഞ് ഫോണിൽ ലഭ്യമായിരുന്നില്ല. രാത്രി വരെ അദ്ദേഹം ഓഫീസിലോ വീട്ടിലോ എത്താതെ മാറിനിൽക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി ന്യായീകരിക്കുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.

മുൻകൂർ പണം കൊടുക്കണമെന്നോ കൊടുക്കേണ്ടെന്നോ കരാറിൽ പറഞ്ഞിട്ടില്ല. വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നിട്ടുമില്ല. മന്ത്രിയെന്ന നിലയിലുള്ള അവകാശം മുൻനിർത്തി മൊബിലൈസേഷൻ അഡ്വാൻസ് നൽകണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നു. വകുപ്പ് മന്ത്രിയെന്ന നിലയിൽ നയപരമായ നടപടികൾ മാത്രമാണ് നിർവഹിച്ചത്. താഴെ നിന്നുള്ള ശുപാർശകൾ അംഗീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അന്വേഷണത്തെ സ്വാഗതം ചെയ്യുകയും പൂർണമായും സഹകരിക്കുകയും ചെയ്തയാളാണ് താനെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജിന്റെ ആരോപണങ്ങളോട് പ്രതികരിക്കാതെ വീണ്ടും അദ്ദേഹം ഒഴിഞ്ഞുമാറി.

ടി ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണൽ സെക്രട്ടറിമാർക്ക് അധിക ചുമതല നൽകുകയായിരുന്നു പതിവ്. ലോകബാങ്ക് ഉൾപ്പടെയുള്ള ഏജൻസികൾ ഇതിൽ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നതും.

തലസ്ഥാനത്തെ വിജിലൻസ് ഡയറക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിന് ശേഷമാണ് പാലാരിവട്ടം പാലം അഴിമതി കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചത്. അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ മുൻ മന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലൻസിന് മേൽത്തട്ടിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ പശ്ചാത്തലത്തിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‌കോയിലെയും റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP