Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിലിരിക്കാതെ പുറത്തിറങ്ങിയാൽ പിടിക്കും; രോഗ ലക്ഷണങ്ങളിൽ സംശയം തീർക്കാൻ ചാറ്റ് ബോട്ട്; നിസ്സാര രോഗങ്ങൾക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറെ ബന്ധപ്പെടാം; രോഗം സ്ഥിരീകരിച്ചാൽ റൂട്ട് മാപ്പ് തയ്യാറാക്കാം; സ്ഥിതിവിവര കണക്കുകളും വാർത്തകളും എപ്പോഴും റെഡി; കോവിഡിനെ തളയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ വള്ളിവട്ടം യൂണിവേഴ്‌സൽ എഞ്ചിനീയറിങ് കോളേജ്

ആർ പീയൂഷ്

തൃശൂർ: കോവിഡ് 19 എന്ന മഹാമാരിയെ തളയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിങ് കോളേജ്. സമ്പൂർണ്ണ ഏകാന്തവാസം ഉറപ്പുവരുത്താനും, പുറത്തിറങ്ങി സഞ്ചരിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും, സംശയ ദൂരീകരണത്തിനുമായി സി.എസ്.ഇ വിഭാഗം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് ബ്രേക്ക് കൊറോണ എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇത് സർക്കാരിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

കൊറോണ എന്ന മഹാമാരിയെ വരുതിയിലാക്കുന്നതിന് അശ്രാന്ത പരിശ്രമത്തിലാണ് ഇന്ന് ലോകം. വ്യക്തികളിൽ നിന്ന് സമൂഹത്തിലേക്ക് രോഗം പടരാതിരിക്കാൻ രാജ്യം ലോക്ക് ഡൗണിലാണ്. കൊറോണ ബാധിച്ച രോഗി അധികൃതർ അറിയാതെ നിരീക്ഷണത്തിൽ നിന്നും രക്ഷപെട്ടാൽ അവരുടെ സഞ്ചാര പാത കണ്ടെത്തി അവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ രോഗം സമൂഹത്തിലേക്ക് പടരാതിരിക്കുകയുള്ളൂ. സംസ്ഥാനത്തെ ആരോഗ്യ വിഭാഗം ഇക്കാര്യത്തിൽ തീവ്രയജ്ഞത്തിലാണ്. ഇതിന് സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനായിട്ടാണ് വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ബ്രേക്ക് കൊറോണ എന്ന മൊബൈൽ ആപ്ലിക്കേഷൻ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ഒട്ടേറെ സവിശേഷതകൾ ഉള്ള ഈ ആപ്ലിക്കേഷൻ സംസ്ഥാന സർക്കാരിന്റെ കോവിഡ് നിർമ്മാർജന യജ്ഞത്തിൽ സഹായകമാവും എന്ന കാര്യത്തിൽ സംശയമില്ലാ എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ഏകാന്ത വാസത്തിലോ, സഞ്ചാരപാതയിലോ ഉള്ള വ്യക്തിയുടെ മൊബൈലിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ വ്യക്തി നിരീക്ഷണത്തിൽ നിന്നും രക്ഷപെട്ടാൽ സഞ്ചാരപാതയുൾപ്പെടെയുള്ള വിശദാംശങ്ങൾ നിരീക്ഷണ കേന്ദ്രത്തിന് ലഭിക്കും. രോഗ ലക്ഷണങ്ങളെകുറിച്ചുള്ള സംശയങ്ങൾ തീർക്കുന്നതിനായി ചാറ്റ് ബോട്ട്, ആശുപത്രി സന്ദർശനം കൂടാതെ ഡോക്ടറുമായി ആശയ വിനിമയം നടത്താനും, തൊട്ടടുത്തുള്ള കടകൾ കണ്ടെത്തുന്നതിനും കടയുടമയുമായി ആശയ വിനിമയം നടത്തുന്നതിനും കോവിഡുമായി ബന്ധപ്പെട്ട ആധികാരിക സ്ഥിതി വിവരണക്കണക്കുകൾ, വാർത്തകൾ എന്നിവയും ഈ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

കോളേജിലെ അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും ഈ ആപ്ലിക്കേഷൻ വിജയകരമായി പരീക്ഷിച്ച് നടപ്പിലാക്കിയ സന്തോഷത്തിലാണ് കോളേജ് അധികൃതർ. വിദ്യാർത്ഥികളായ വിഷ്ണു മുരളി, ജെയ്ഫർ, അഖിൽ കുമാർ, അശ്വിൻ ബാബു, സായൂജ് സജീവ്, ഹാഷിം അദ്ധ്യാപകരായ പ്രൊഫ.സനൽ കുമാർ ടി.എസ്, പ്രൊഫ. അന്റോണിയോ ജോസഫ്, പ്രൊഫ. ദീപക് കെ.എൻ എന്നിവരാണ് ഈ മൊബൈൽ ആപ്ലിക്കേഷന്റെ ശിൽപ്പികൾ. എത്രയും വേഗം സർക്കാരിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ.

ആപ്ലിക്കേഷന്റെ പ്രത്യേകതകൾ

ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരാൾ സഞ്ചരിക്കുന്ന സ്ഥലത്ത് കോവിഡ് 19 സ്ഥിരീകരിച്ച ആളോ ഏകാന്തവാസം ചെയ്യപ്പെട്ട ആളോ ഉണ്ടെങ്കിൽ, ആപ്ലിക്കേഷൻ സൂചന നൽകും.
• കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, അയാളുടെ സഞ്ചാരപാത നിർണയിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. എന്നാൽ അയാൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഞങ്ങൾക്ക് റൂട്ട് മാപ്പ് നൽകാൻ കഴിയും. അതുകൂടാതെ സഞ്ചരിക്കുമ്പോൾ അയാളുമായി അടുത്ത് വന്നവരെയും കണ്ടെത്താൻ സാധിക്കും.
• കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഏകാന്തവാസം ചെയ്യാതെ പുറത്തിറങ്ങി സഞ്ചരിച്ചാൽ ആ വിവരം ആപ്ലിക്കേഷൻ നേരിട്ട് അധികൃതരെ അറിയിക്കും.
• കോവിഡ് 19 രോഗലക്ഷണങ്ങളെക്കുറിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഒരു ചാറ്റ് ബോട്ട് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
• അടുത്തുള്ള കടകൾ കണ്ടുപിടിക്കാനും, വിവരങ്ങൾ അറിയാനും, ആവശ്യമെന്നാൽ അയാളുമായി സംസാരിക്കാനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
• ചെറിയ രോഗങ്ങൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കാനായി ഡോക്ടറുമായി ബന്ധപ്പെടാനുള്ള സൗകര്യവും ലഭ്യമാണ്.
• ആപ്ലിക്കേഷനിലൂടെ കോവിഡ് 19 സ്ഥിതിവിവരക്കണക്കുകളും അതിനോടനുബന്ധിച്ചുള്ള വാർത്തകളും നൽകാൻ സാധിക്കും.
കോവിഡ് 19 പടർന്നു പിടിക്കുന്ന ഈ സമയത്തും ആളുകൾ വീടുകളിൽ തന്നെ കഴിയാത്തത് പ്രതിസന്ധി ആയിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഈ ആപ്ലിക്കേഷൻ വളരെയധികം ആവശ്യമാണ്..

ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യാനുള്ള ലിങ്ക്

http://zateart.com/covidapp2/breakchain.apk

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP