Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടുപൊലീസുകാരുടെ തലയ്ക്ക് അടിച്ചു; ഇവരുടെ നില ഗുരുതരം; വിഴിഞ്ഞം ഇൻസ്പക്ടർ അടക്കം ആകെ 17 പൊലീസുകാർക്ക് പരിക്ക്; നാല് ജീപ്പും, രണ്ടുവാനും, 20 ബൈക്കുകളും നശിപ്പിച്ചു; സ്‌റ്റേഷന് ഉള്ളിൽ വയർലെസ്‌ സെറ്റുകൾ തകർത്തും അതിക്രമം; കസ്റ്റഡിയിൽ എടുത്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളയലിനെ തുടർന്ന് കടുത്ത സംഘർഷാവസ്ഥ

ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടുപൊലീസുകാരുടെ തലയ്ക്ക് അടിച്ചു; ഇവരുടെ നില ഗുരുതരം; വിഴിഞ്ഞം ഇൻസ്പക്ടർ അടക്കം ആകെ 17 പൊലീസുകാർക്ക് പരിക്ക്; നാല് ജീപ്പും, രണ്ടുവാനും, 20 ബൈക്കുകളും നശിപ്പിച്ചു; സ്‌റ്റേഷന് ഉള്ളിൽ വയർലെസ്‌ സെറ്റുകൾ തകർത്തും അതിക്രമം; കസ്റ്റഡിയിൽ എടുത്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളയലിനെ തുടർന്ന് കടുത്ത സംഘർഷാവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ വളഞ്ഞതോടെ ഉണ്ടായ സംഘർഷാവസ്ഥ തുടരുന്നു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരും നിരപരാധികളെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വൈദികർ അടക്കമുള്ളവർ തടിച്ചുകൂടിയത്.

പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് നാലുതവണ കണ്ണീർ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 17 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.സമരത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിന്മാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്‌പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 17 പൊലീസുകാർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം.

.

നിലവിൽ രണ്ടായിരത്തോളം പേർ പ്രതിഷേധവുമായെത്തുന്നുണ്ടെന്നാണ് വിവരം. ഇവർ സ്റ്റേഷനിലെ ഒരു ഷെഡ് തകർത്തു. ഒരു ഫ്ളെക്സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പൊലീസുകാരുടെ തലയ്ക്ക് അടിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർ സ്റ്റേഷനുള്ളിൽ കയറി അക്രമം കാണിച്ചുവെന്നും വയർലെസ് സെറ്റുകൾ അടിച്ചു തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. പൊലീസ് സ്റ്റേഷനിൽ സമരക്കാരുമായി ചർച്ച പുരോഗമിക്കുകയാണ്.

ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെൽറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികർ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. നേരത്തെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പൊലീസും ഈ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്റ്റേഷനിൽ തുടരാൻ പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പൊലീസും ഇവരും തമ്മിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.

പ്രതിഷേധക്കാർ രണ്ട് പൊലീസ് ജീപ്പുകൾ ആക്രമിക്കുകയും വാൻ തടയുകയും ചെയ്തു. വിഴിഞ്ഞം സ്റ്റേഷനിലെയും കരമന സ്റ്റേഷനിലെയും ജീപ്പുകളാണ് പ്രതിഷേധക്കാർ അടിച്ചുതകർത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു. സംഘർഷം രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നന്ദാവനം എ.ആർ. ക്യാമ്പിൽനിന്ന് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ദിവസം മദ്യനിരോധനം

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു..

ക്രമസമാധാന പാലനത്തിൽ  സർക്കാർ പരാജയപ്പെട്ടുവെന്ന് വി.മുരളീധരൻ

വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാന വികസനത്തിലെ നാഴികക്കല്ലാകേണ്ടതാണ്. എന്നാൽ സഭാ നേതൃത്വത്തിനെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പരാജയപ്പെട്ടു. ക്രമസമാധാനപാലനമെന്നാൽ കേസെടുക്കല്ലെന്നും സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. എന്നാൽ വിഴിഞ്ഞത്ത് പൊലീസ് സംവിധാനം പൂർണമായും പരാജയപ്പെട്ടു. പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനാണ്. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്. കേന്ദ്രസേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബോധപൂർവം കലാപം സൃഷ്ടിക്കുന്നുവെന്ന് സർക്കാർ

അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരുത്. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ സമരക്കാർ തയ്യാറാകണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.പൊലീസും സർക്കാരും ഇതുപോലെ ആത്മസംയമനം പാലിച്ച സമരം വേറെയുണ്ടാകില്ല. ഇത് ദൗർബല്യമായി കാണരുത്. സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്‌തെന്നും ആന്റണി രാജു പറഞ്ഞു.

ആർച്ച് ബിഷപ്പ് അടക്കം ഉള്ളവർക്കെതിരെ കേസ്

വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെ അടക്കം 50 ഓളം വൈദികർക്കെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് അതിരൂപത രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണു നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.

ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയായി ആണ് പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. സഹായമെത്രാൻ ഡോ.ആർ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആർ. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.

കേസെടുത്തത് അംഗീകരിക്കാനാവില്ലെന്ന് വി ഡി സതീശൻ

അതേസമയം, വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടിയെന്നും സതീശൻ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP